പണ്ട്, നമ്മുടെ നാടിനെയും ജീവിതത്തെയും പരിപോഷിപ്പിച്ച നദികളുടെ ഇന്നത്തെ സ്ഥിതി എന്ത്? നാം നദികളോടു ചെയ്യുന്നതെന്താണ്? അവയ്ക്കു തിരിച്ചുവരാൻ എന്തെങ്കിലും വഴിയുണ്ടോ? ഇന്ന്, ലോകജലദിനത്തിൽ നമുക്ക് ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം...

പണ്ട്, നമ്മുടെ നാടിനെയും ജീവിതത്തെയും പരിപോഷിപ്പിച്ച നദികളുടെ ഇന്നത്തെ സ്ഥിതി എന്ത്? നാം നദികളോടു ചെയ്യുന്നതെന്താണ്? അവയ്ക്കു തിരിച്ചുവരാൻ എന്തെങ്കിലും വഴിയുണ്ടോ? ഇന്ന്, ലോകജലദിനത്തിൽ നമുക്ക് ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ട്, നമ്മുടെ നാടിനെയും ജീവിതത്തെയും പരിപോഷിപ്പിച്ച നദികളുടെ ഇന്നത്തെ സ്ഥിതി എന്ത്? നാം നദികളോടു ചെയ്യുന്നതെന്താണ്? അവയ്ക്കു തിരിച്ചുവരാൻ എന്തെങ്കിലും വഴിയുണ്ടോ? ഇന്ന്, ലോകജലദിനത്തിൽ നമുക്ക് ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ താഴ്ന്നുകഴിഞ്ഞു. മഴക്കാലത്തു കരകവിഞ്ഞൊഴുകി പ്രളയമുണ്ടാക്കുന്ന നദികളുടെ അടിത്തട്ട് വേനൽക്കാലത്തു പൂർണമായും വറ്റി വിണ്ടുകീറുന്നു. നാടിന്റെ നാഡീഞരമ്പുകളായ നദികളുടെ ആയുസ്സും ആരോഗ്യവും തിരികെപ്പിടിക്കാൻ എന്തൊക്കെ ചെയ്യാം? കേരളത്തിലെ നദീസംരക്ഷണ പ്രവർത്തകരെയും ശാസ്ത്രജ്ഞരെയും ഒരുമിച്ചിരുത്തി മലയാള മനോരമ നടത്തിയ പാനൽ ചർച്ചയ്ക്കു കൊച്ചി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്.അഭിലാഷ് നേതൃത്വം നൽകി. ചർച്ചയിൽനിന്ന്. 

മൂന്നു വെല്ലുവിളി 

ADVERTISEMENT

1. പിടിതരാത്ത കാലാവസ്ഥ 

മൺസൂൺ മഴയുടെ പാറ്റേണിൽ കാര്യമായ മാറ്റങ്ങളുണ്ട്. വരണ്ട കാലാവസ്ഥ നീളുകയും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുകയും ചെയ്യുന്നു. ഇതുമൂലം വെള്ളപ്പൊക്കവും വരൾച്ചയും ഒരേസമയം നാടു നേരിടുന്നു. ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങൾ ഇതിന് ആക്കം കൂട്ടി. കുന്നുകൾ നിരത്തുക, ചതുപ്പുകൾ നികത്തുക, ക്വാറികൾ തുടങ്ങിയവയെല്ലാം ഭീഷണി സൃഷ്ടിക്കുന്നു. 

2. ഒഴുക്കിവിടുന്ന മാലിന്യം 

വെള്ളവും ശുചിത്വവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. കുടിക്കാൻ ശുദ്ധജലം കിട്ടണമെങ്കിൽ മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടക്കണം. ഈ അടിസ്ഥാനപാഠം മലയാളി മറക്കുന്നുവെന്നു നമ്മുടെ ജലാശയങ്ങളിലേക്കു നോക്കിയാൽ എളുപ്പം മനസ്സിലാകും. പുഴകൾ അവയുടെ ഉദ്ഭവസ്ഥാനം മുതൽ മലിനീകരിക്കപ്പെടുന്നു. പലയിടത്തും അഴുക്കുചാലുകൾ തുറന്നുവച്ചിരിക്കുന്നതുതന്നെ പുഴകളിലേക്കോ തോടുകളിലേക്കോ ആണ്. അശാസ്ത്രീയ മാലിന്യസംസ്കരണവും പ്രശ്നമാണ്. പലയിടത്തായി കൂട്ടിയിട്ട, വലിച്ചെറിഞ്ഞ മാലിന്യമെല്ലാം ഒരു മഴയിൽ പലവഴി പുഴയിലെത്തുന്നു. 

ADVERTISEMENT

3. അശാസ്ത്രീയ സംരക്ഷണം 

രാജ്യത്തെ നദികളിൽ സ്വാഭാവിക നീരൊഴുക്ക് ഉറപ്പാക്കാൻ സർക്കാരുകൾ ഇടപെടണമെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. ഇതു നടപ്പാക്കാൻ ശ്രമമില്ലെന്നു മാത്രമല്ല, പുഴകളും അവ കേന്ദ്രീകരിച്ചുള്ള ആവാസവ്യവസ്ഥയും നശിപ്പിക്കുന്ന അശാസ്ത്രീയ ‘വികസനവും സംരക്ഷണവും’ വെല്ലുവിളിയാണ്. മണൽ അടിഞ്ഞുകൂടിയാൽ പ്രളയമുണ്ടാകുമെന്നു വരുത്തിത്തീർത്തു വ്യാപകമായ മണലൂറ്റിനു നീക്കം നടക്കുന്നു. തീരത്തെ മുളങ്കാടുകളും കണ്ടലുമെല്ലാം വെട്ടിമാറ്റി ഭിത്തികെട്ടുന്നതും കയർ ഭൂവസ്ത്രം വിരിക്കുന്നതുമെല്ലാം ‘പുഴ സംരക്ഷണമായി’ പ്രചരിപ്പിക്കുന്നു. 

ജലസേചനവും ശുദ്ധജലപദ്ധതികളും ലക്ഷ്യമിട്ടു നിർമിച്ച പല തടയണകളും റഗുലേറ്റർ കം ബ്രിജുകളും ചിലയിടത്തെങ്കിലും ഗുണത്തെക്കാളേറെ ദോഷമായി മാറിയെന്നു പ്രളയം കേരളത്തെ ബോധ്യപ്പെടുത്തി. ഒഴുക്കു തടയുകയും വെള്ളം മലിനമാവുകയും ചെയ്തതു മാത്രമല്ല, വെള്ളപ്പൊക്കത്തിനും ഇവ കാരണമായി. സർക്കാർ സംവിധാനങ്ങളുടെ അംഗീകാരത്തോടെ തന്നെ ടൂറിസത്തിന്റെയും മറ്റും പേരിൽ പുഴ കയ്യേറി നിർമാണം നടക്കുന്നു. ഇത് ഒഴുക്കിടങ്ങളുടെയും വൃഷ്ടിപ്രദേശത്തിന്റെയും നാശത്തിനു കാരണമാകുന്നു. 

മൂന്നു പരിഹാരം 

ADVERTISEMENT

1 ജനങ്ങൾ പുഴകളുടെ കാവൽക്കാരാകട്ടെ

ഗ്രാമങ്ങളിൽ ഉൾപ്പെടെ ജനങ്ങൾക്കു ‘നദീബന്ധം’ കുറഞ്ഞതു നമ്മുടെ പുഴകളെ കൂടുതൽ ‘ഒറ്റപ്പെടുത്തുന്നു’. മലിനീകരണവും മണലെടുപ്പും കയ്യേറ്റവും കാരണം ആൾക്കാർക്കു പുഴ തന്നെ അപ്രാപ്യമായി. ഈ അവസ്ഥ മാറി ജനങ്ങൾക്ക് ഇടപഴകാൻ കഴിയുന്ന രീതിയിൽ പുഴയും പുഴയോരവും രൂപപ്പെടുത്തണം. ജനങ്ങളുടെ ഇടപഴകൽ കൂടുമ്പോൾ മാലിന്യം തള്ളുന്നതു കുറയും. ജനങ്ങൾ തന്നെ പുഴകളുടെ കാവൽക്കാരായി മാറും. ഇത്തരത്തിൽ ജനകീയ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങൾക്കു ചെയ്യാവുന്ന ചില കാര്യങ്ങൾ ചുവടെ: 

∙ കുളിക്കടവുകൾ നവീകരിക്കുകയും പുതിയവ സ്ഥാപിക്കുകയും വേണം. നീന്തൽ പരിശീലനത്തിനും പദ്ധതി വേണം. 

∙ നദികൾക്കു ചുറ്റുമുള്ള ആവാസവ്യവസ്ഥ നിലനിർത്തേണ്ടതു നദീസംരക്ഷണത്തിൽ നിർണായകമാണ്. ജലജന്യ സസ്യങ്ങൾ വച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും പദ്ധതി വേണം. കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിലെ മാലിക്കടവിൽ ഒരുക്കിയ ഗ്രാമവനം പദ്ധതി ഉദാഹരണം. കോളജ് വിദ്യാർഥികളുടെ സഹായത്തോടെ തയാറാക്കിയ ഗ്രാമവനം പരിപാലിക്കുന്നത് പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനാണ്. 

∙ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ‘സിറ്റിസൻ സയൻസ് നെറ്റ്‌വർക്കുകൾക്കു’ രൂപം നൽകാം. കോട്ടയം മീനച്ചിൽ റിവർ വാട്ടർ മോണിറ്ററിങ് നെറ്റ്‌വർക് ഇതിനു മാതൃകയാണ്. മഴ–പുഴ നിരീക്ഷണത്തിന് അംഗങ്ങൾക്കു ശാസ്ത്രീയ പരിശീലനം നൽകി രൂപപ്പെടുത്തിയ നെറ്റ‌്‌വർക് മീനച്ചിലാറ്റിലെ ജലനിരപ്പ് അളക്കുന്നതിനും വ‍ൃഷ്ടിപ്രദേശത്തെ മഴയളവ് അറിയുന്നതിനും സൗകര്യമൊരുക്കി. പ്രളയകാലത്തു മുന്നറിയിപ്പു നൽകാനും മാറ്റിപ്പാർപ്പിക്കാനും ഈ സംവിധാനം പ്രയോജനപ്പെട്ടു. 

∙ ജനകീയമായ നിരീക്ഷണ സംവിധാനം രൂപപ്പെടണം. മീനച്ചിൽ നദീസംരക്ഷണ സമിതി ആരംഭിച്ച മീനച്ചിലാർ കാവൽമാടം എന്ന കൂട്ടായ്മ ഉദാഹരണം. മണലെടുപ്പിനും കയ്യേറ്റങ്ങൾക്കുമെതിരെ പ്രതികരിക്കാനും ബോധവൽക്കരിക്കാനും ഇതു സഹായകമായി. 

2. കുട്ടികൾ പുഴയെ അറിയട്ടെ

എൽപി മുതൽ കോളജ് വരെയുള്ള വിദ്യാർഥികളെയും സ്ഥാപനങ്ങളെയും നദീസംരക്ഷണ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനാകും. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു സർക്കാർതലത്തിൽ ആക്‌ഷൻ പ്ലാൻ വേണം. 

∙ കുട്ടികളെ പുഴകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ മുൻകരുതലെടുത്തു നീന്തൽ പരിശീലനം, പുഴയറിവ് ക്യാംപുകൾ തുടങ്ങിയ സംഘടിപ്പിക്കാം. നദികളുടെ മലിനീകരണം കാണിച്ചു കൊടുക്കാനുള്ള ‘പൊല്യൂഷൻ ട്രിപ്’, മലിനീകരണം തടയാൻ ‘സ്റ്റുഡന്റ്സ് ചാല​​ഞ്ച്’ പോലുള്ള പരിപാടികൾ നടത്താം. 

∙ പ്രാദേശിക നദീസംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് മറ്റൊരു വഴി. മീനച്ചിൽ നദീസംരക്ഷണ സമിതി താലൂക്കിലെ സ്കൂളുകളിലും കോളജുകളിലും ആരംഭിച്ച ക്ലൈമറ്റ് ആക്‌ഷൻ ഗ്രൂപ്പ് മാതൃകയാണ്. ജലാശയങ്ങളിലെ ജലനിരപ്പ്, മഴയളവ് എന്നിവ വിലയിരുത്തൽ, ബോധവൽക്കരണം, ശുചീകരണം എന്നിവയ്ക്ക് ഇതുവഴി സാധിക്കുന്നു. ജലാശയ കയ്യേറ്റം, മലിനീകരണം പോലുള്ള പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അവയ്ക്കെതിരെ അധികൃതരെ സമീപിക്കുന്നതിനും കുട്ടികൾ മുന്നിട്ടിറങ്ങുന്നു. 

∙ ജലാശയങ്ങൾ, കാലാവസ്ഥ, പരിസ്ഥിതിസംരക്ഷണം തുടങ്ങിയവയിൽ ശാസ്ത്രീയ വിവരശേഖരണം, വിശകലനം, പൊതുജനങ്ങൾക്കു വിവരക്കൈമാറ്റം എന്നിവ പ്രാദേശിക തലത്തിൽ ഫലപ്രദമായി ചെയ്യാൻ അതതു പ്രദേശത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കഴിയും. മീനച്ചിൽ നദീസംരക്ഷണ സമിതി തന്നെ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആരംഭിച്ച ആർ.വേണുഗോപാൽ റിസർച് ഫണ്ട് ഫോർ കോളജ് ഉദാഹരണം. ഈ ഫണ്ട് ഉപയോഗിച്ചു കോളജ് രൂപപ്പെടുത്തിയ വെബ് ആപ്ലിക്കേഷൻ വഴി, പ്രാദേശികമായി ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തു സാധാരണക്കാർക്കു കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പു നൽകാൻ കഴിയുന്നു. 

3 നദിക്കുവേണം നാഥൻ 

നദികളുടെയും അതിനു ചുറ്റുമുള്ള ആവാസവ്യവസ്ഥയുടെയും സംരക്ഷണം ലക്ഷ്യമിട്ടു സംസ്ഥാന നദീതട അതോറിറ്റി രൂപീകരിക്കണം. നിലവിൽ നദികൾക്കു നാഥനില്ലാത്ത അവസ്ഥയാണ്. മലിനീകരണം, കയ്യേറ്റം, മണലെടുപ്പ്, ജലചൂഷണം തുടങ്ങി നദിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആരെ സമീപിക്കണമെന്ന കാര്യത്തിൽ വ്യക്തതയില്ല. തദ്ദേശസ്ഥാപന പരിധിയിൽ പൊതുജനങ്ങളും അധികൃതരും അടങ്ങുന്ന മോണിറ്ററിങ് അതോറിറ്റിയും വേണം. എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് ഓഡിറ്റ് ചെയ്യാനും കഴിയണം.

പ്രകൃതിയെ അടിസ്ഥാനമാക്കി പരിഹാരം വേണം

ഡോ.എസ്.അഭിലാഷ്

‘മഴയില്ലാത്ത സമയത്തു നദികളിലേക്കു വെള്ളമെത്തുന്നത് അതിനു ചുറ്റുമുള്ള ആവാസവ്യവസ്ഥയിൽ നിന്നാണ്. തണ്ണീർത്തടങ്ങളും നെൽവയലുകളുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇവയുടെ നാശം നദികളുടെ നാശത്തിനു വഴിവയ്ക്കുന്നു. നിയമങ്ങളെക്കാളുപരി പ്രകൃതിയെ തന്നെ അടിസ്ഥാനമാക്കിയുള്ള പരിഹാരമാർഗങ്ങളാണു വേണ്ടത്. ഇടവേളകളിൽ ലഭിക്കുന്ന മഴവെള്ളം മണ്ണിൽ സംരക്ഷിച്ചു നിർത്താൻ കഴിയണം.’ – ഡോ.എസ്.അഭിലാഷ് (മോഡറേറ്റർ)

പരിഹാരം പ്രാദേശികമായി കണ്ടെത്തണം

ഡോ. റോക്സി മാത്യു കോൾ

കാലാവസ്ഥാ വ്യതിയാനം ആഗോളമാണെങ്കിലും അതിന്റെ ആഘാതം പ്രാദേശികമായാണു സംഭവിക്കുന്നത്. അതിനാൽ പരിഹാരവും പ്രാദേശികമായി കണ്ടെത്തണം. ഇക്കാര്യത്തിൽ എന്തൊക്കെ ചെയ്യാനാകും? പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ ഡോ. റോക്സി മാത്യു കോൾ പറയുന്നതു ശ്രദ്ധിക്കൂ.. 

∙ അഡോപ്റ്റ് എ സ്ട്രെച്ച്: നദി മൊത്തമായി ഏറ്റെടുത്തു സംരക്ഷിക്കുകയെന്നതു പ്രായോഗികമല്ല. അതിനാൽ നദിയുടെ ഒരു പ്രത്യേക ഭാഗം (ഒരു കിലോമീറ്ററെങ്കിൽ അത്ര) ദത്തെടുക്കുക. ആ മേഖലയിലെ മാലിന്യ സംസ്കരണം, തീരസംരക്ഷണം, ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ദത്തെടുക്കുന്നവരുടെ ചുമതലയാണ്. കുട്ടികളെയും സ്ത്രീകളെയുമെല്ലാം ഇതിൽ പങ്കാളികളാക്കാം. മഹാരാഷ്ട്രയിലെ പുണെയിൽ ജീവനാഡി എന്ന പേരിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. 

∙ സംസ്ഥാനത്തു നടപ്പാക്കിയ വിജയിച്ച മാതൃകകൾ കൂടുതൽ ശക്തമായി നടപ്പാക്കാം. മഴപ്പൊലിമ, ജലവർഷിണി, പുഴപുനർജനി തുടങ്ങിയ പദ്ധതികൾ ഉദാഹരണം. 

∙ ശാസ്ത്രീയമായി പുഴ സംരക്ഷണത്തിനുള്ള പദ്ധതികൾ സ്കൂൾ, കോളജ് വിദ്യാർഥികളുടെ സഹായത്തോടെ നടപ്പാക്കണം. ഈ മേഖലയിൽ ഗവേഷണ സ്കോളർഷിപ്പുകൾ നൽകി വിദ്യാർഥികളെ ആകർഷിക്കണം. നിരീക്ഷണത്തിലൂടെ ലഭ്യമാകുന്ന ഡേറ്റകൾ നമുക്കു പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കാനും സംവിധാനം വേണം. 

പുരുഷൻ ഏലൂർ

∙ ‘സംസ്ഥാനത്തെ ഏറ്റവും വലിയ നദിയായ പെരിയാർ ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ വ്യവസായ മലിനീകരണം നേരിടുന്ന നദി കൂടിയാണ്. നദികളിലേക്കു മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ആർക്കും തെല്ലും കുറ്റബോധമില്ല. വ്യവസായശാലകളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിച്ചശേഷം മാത്രമേ പുഴകളിലേക്കു തുറന്നുവിടാവൂ.’ – പുരുഷൻ ഏലൂർ (റിസർച് കോഓർഡിനേറ്റർ, പെരിയാർ മലിനീകരണ വിരുദ്ധസമിതി)

ഡോ. രാജൻ കെ.ചുങ്കത്ത്

∙ ‘പഴയ കണക്കുകൾപ്രകാരം ഭാരതപ്പുഴയ്ക്ക് 250 കിലോമീറ്റർ നീളമുണ്ട്. 209 കിലോമീറ്റർ നീളമേയുള്ളൂവെന്നാണ് ഇപ്പോൾ പറയുന്നത്. ഈയിടെ വിദ്യാർഥികളുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഇരുനൂറിൽ താഴെ കിലോമീറ്റർ നീളത്തിൽ മാത്രമേ ഭാരതപ്പുഴ ഒഴുകുന്നുള്ളൂവെന്നാണ്. കയ്യേറ്റം മൂലം പുഴയുടെ വീതി കുറയുന്നതു മനസ്സിലാക്കാം. പക്ഷേ, എങ്ങനെയാണു നീളം കുറയുന്നത്?’ – ഡോ. രാജൻ കെ.ചുങ്കത്ത് (വൈസ് പ്രസിഡന്റ്, ഫ്രൻഡ്സ് ഓഫ് ഭാരതപ്പുഴ)

ഹാമിദലി വാഴക്കാട്

∙ ‘കേരളത്തിൽ വേനൽകാലത്ത് ഏറ്റവും കൂടുതൽ വെള്ളം കിട്ടുന്ന പുഴയാണു ചാലിയാർ. നദിയുടെ ഉദ്ഭവസ്ഥാനം മുതൽ മലിനീകരിക്കപ്പെടുന്നു. മലകളും വനങ്ങളും കേന്ദ്രീകരിച്ചു ടൂറിസം പദ്ധതികൾ വർധിച്ചതിന്റെ ദോഷഫലങ്ങളിൽ ഒന്നാണിത്.’ – ഹാമിദലി വാഴക്കാട് (ജില്ലാ കോഓർഡിനേറ്റർ, ദേശീയ ഹരിതസേന, മലപ്പുറം)

ടി.വി.രാജൻ

∙ ‘അശാസ്ത്രീയ വികസനത്തിന്റെ ഇരയാണു കല്ലായിപ്പുഴ. പുഴയുടെ ഉദ്ഭവസ്ഥാനംതന്നെ ഇല്ലാതായി. പുഴയുടെ പുറമ്പോക്കു കയ്യേറി സർക്കാർതന്നെ കെട്ടിടങ്ങൾ‌ പണിയുന്നു. കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് വില്ലേജ് ഓഫിസ് കെട്ടിടം ഉദാഹരണം. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പദ്ധതി മറ്റൊരു ഉദാഹരണം.’ – ടി.വി.രാജൻ (മുൻ സെക്രട്ടറി, കേരള നദീസംരക്ഷണ സമിതി)

എബി ഇമ്മാനുവൽ

∙ ‘മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ചില ചെക്ഡാമുകൾ എത്ര അശാസ്ത്രീയമാണെന്നു കഴിഞ്ഞ പ്രളയങ്ങൾ ബോധ്യപ്പെടുത്തി. ഇത്തരം ചെക്ഡാമുകൾ പൊളിച്ചുകളയണമെന്നു നാട്ടുകാർതന്നെ ആവശ്യപ്പെടുമ്പോൾ പുതിയവ നിർമിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.’ – എബി ഇമ്മാനുവൽ (സെക്രട്ടറി, മീനച്ചിൽ നദീസംരക്ഷണ സമിതി)

ജി.മഞ്ജുക്കുട്ടൻ

∙ ‘ആറു മാസം ഉപ്പുവെള്ളം, ആറു മാസം ശുദ്ധജലം – ഇതായിരുന്നു പള്ളിക്കലാറിന്റെ പ്രത്യേകത. കല്ലട ജലവൈദ്യുത പദ്ധതിയിൽനിന്നു പുറന്തള്ളുന്ന വെള്ളം പള്ളിക്കലാറ്റിലേക്ക് ഒഴുക്കാൻ തുടങ്ങിയതോടെ ഉപ്പിന്റെ അംശം കുറഞ്ഞു. കായലിലാകെ പായൽ നിറഞ്ഞു. ചെളി അ‍‍‍ടിഞ്ഞുകൂടി. ഇതോടെ മീൻലഭ്യതയും കുറഞ്ഞു. ഉൾനാടൻ മീൻപിടിത്തക്കാരെ ഇതു പ്രതികൂലമായി ബാധിച്ചു.’ – ജി.മഞ്ജുക്കുട്ടൻ (സെക്രട്ടറി, കൊല്ലം പള്ളിക്കലാർ സംരക്ഷണ സമിതി)

സി.കെ.രാജലക്ഷ്മി

∙ ‘നദീസംരക്ഷണത്തിനുള്ള നിയമം നടപ്പാക്കുകയും നേതൃത്വം വഹിക്കുകയും ചെയ്യേണ്ടവർതന്നെ അതു ലംഘിക്കുന്നതു വെല്ലുവിളിയാണ്. കുടുംബശ്രീ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ബോധവൽക്കരണം നടത്താൻ തദ്ദേശസ്ഥാപനങ്ങൾ തയാറാകണം.’ – സി.കെ.രാജലക്ഷ്മി (സെക്രട്ടറി, മയ്യഴിപ്പുഴ സംരക്ഷണ സമിതി)

വി.എൻ.ഗോപിനാഥപ്പിള്ള

∙ ‘വനങ്ങൾ, മലകൾ എന്നിവ നശിപ്പിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളും മണലെടുപ്പും ഭീഷണിയാണ്. മണൽവാരിയാൽ പ്രളയം ഒഴിവാകുമെന്നു പറഞ്ഞു പലയിടത്തും വലിയരീതിയിൽ മണൽകടത്തു നടക്കുന്നു. അധികൃതർ നോക്കിനിൽക്കുന്നു.’ –വി.എൻ.ഗോപിനാഥപ്പിള്ള (പ്രസിഡന്റ്, മണിമലയാർ സംരക്ഷണ സമിതി)

English Summary : Writeup about water sources