കവിതയിൽ വിരിഞ്ഞ പെൺപൂക്കൾ
മോഹിക്കപ്പെടാനും വെറുക്കപ്പെടാനും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും മാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന സ്ത്രീയെ തന്റെ കാവ്യങ്ങളിലൂടെ കുമാരനാശാൻ മോചിപ്പിച്ചു
മോഹിക്കപ്പെടാനും വെറുക്കപ്പെടാനും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും മാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന സ്ത്രീയെ തന്റെ കാവ്യങ്ങളിലൂടെ കുമാരനാശാൻ മോചിപ്പിച്ചു
മോഹിക്കപ്പെടാനും വെറുക്കപ്പെടാനും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും മാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന സ്ത്രീയെ തന്റെ കാവ്യങ്ങളിലൂടെ കുമാരനാശാൻ മോചിപ്പിച്ചു
നീയിതു നുകർന്നാലേ അമ്മയ്ക്ക് സുഖമാവൂ’ എന്നു പറഞ്ഞുകൊണ്ട് സഹൃദയനായ ഒരു മദ്യപൻ കൂട്ടുകാരനു മതിവരുവോളം ഒഴിച്ചുകൊടുത്ത കഥ ഈ ലേഖനത്തിനു തയാറെടുക്കുമ്പോഴാണ് ഞാൻ കേട്ടത്. ചിരിച്ചതിനൊപ്പം ഞാനതിൽ ഒരു ഇക്കോ ഫെമിനിസ്റ്റ് കാലത്തെ പ്രാർഥനയും കേട്ടു. ‘അമ്മയ്ക്കു തൃപ്തിയായാലേ എന്റെ ആധികൾക്കും വ്യാധികൾക്കും ശമനമുണ്ടാവൂ’ എന്ന ദേവീപ്രാർഥന. കവിയെക്കാൾ ഓർമകളുള്ളൊരു ഭാഷയാണു കവിത. നാടിന്റെ യഥാർഥകഥ അമ്മ അറിഞ്ഞാലേ അതിനു രൂഢമൂലമായ പ്രതിവിധിയുണ്ടാവൂ എന്ന് ജോൺ ഏബ്രഹാം ‘അമ്മയറിയാനി’ലൂടെ കാട്ടി. ഇക്കോ ഫെമിനിസ്റ്റ് പൊളിറ്റീഷ്യനായ ഗാന്ധി (സ്ത്രീയുടെ ആയുധമായിരുന്ന നിരാഹാര സത്യഗ്രഹത്തെ സമരായുധമായി സ്വീകരിച്ചതിനാലും യുദ്ധത്തിൽ ചർക്കപോലെ സ്ത്രീക്കുമെടുത്തു പെരുമാറാവുന്ന ഉപകരണമുപയോഗിച്ചതിനാലും മാതൃഭാഷയുടെ പ്രാധാന്യം ഊന്നിയൂന്നിപ്പറഞ്ഞതിനാലും സ്വദേശിയിൽ വിശ്വസിച്ചതിനാലും...) അമ്മയാണ് ജീവിതത്തിലെ ആദ്യത്തെ സ്ത്രീ എന്നതു മറക്കരുതെന്നു പറഞ്ഞു. കുമാരനാശാൻ ഒരു പടികൂടി കടന്ന് അമ്മയാണ് (ആദമല്ല, ഹവ്വയാണ്) ആദ്യത്തെ മനുഷ്യനെന്നു കാവ്യങ്ങളിലൂടെ മുടങ്ങാതെ പറഞ്ഞു. സ്ത്രീക്കു മനുഷ്യപ്രാതിനിധ്യം നൽകി, തന്റെ ചിന്തയുടെ വക്താവാക്കി, കാലങ്ങളായി തുടർന്നുവന്ന ഒരു മറവിക്കു പരിഹാരം ചെയ്തു.
ആശാന്റെ മാനിഫെസ്റ്റോ ‘ഒരനുതാപം’ എന്ന കവിതയാവാം. താൻ കാണിച്ച അവഗണനയുടെ ഇരുട്ടിൽ മരിച്ച അമ്മയെക്കുറിച്ചുള്ള വേദനയും പശ്ചാത്താപവുംകൊണ്ട് നെയ്തതാണ് ആ കവിത. സ്വസ്ഥത നിത്യമായി നഷ്ടപ്പെട്ടെന്നും ഇനിമേൽ ‘സുഖമല്ല താൻ സുഖവു’മെന്നും ഏകാന്തത ദുർവഹമായെന്നും താനിതാ ഇനിമേൽ ദുഃഖത്തെ ഉപാസിക്കുകയാണെന്നും ‘ഒരനുതാപം’ പറയുന്നു. പ്രായശ്ചിത്തമായി വീണപൂവ് മുതൽ കരുണ വരെയുള്ള എല്ലാ കാവ്യങ്ങളിലും ആശാൻ പദംപ്രതി സ്ത്രീയെ പരിചരിച്ചു. ഒറ്റ മാനം മാത്രമുണ്ടായിരുന്ന സ്ത്രീക്ക് ബഹുമാനങ്ങൾ നൽകി. ‘ഒന്നിനുമില്ല നില’ എന്ന അവസ്ഥയുടെ പ്രതിരൂപത്തിനു പാത്രമാവാൻ വീണപൂവിനു സ്ത്രീത്വം നൽകി. അലസാംഗിയായിരുന്ന സ്ത്രീ ആശാനിൽ ‘നിവർന്നിരുന്നു.’ പിന്തുടർന്നിരുന്ന സീത മുൻപേ നടന്നു. ‘പ്രിയ രാഘവ വന്ദനം ഭവാനുയരുന്നു ഭുജശാഖ വിട്ടു ഞാൻ’ എന്ന് ഭുജജാതനായ പുരുഷന്റെ ശിഖരം വിട്ടുയർന്നു. പുരുഷേച്ഛ പ്രകാശിപ്പിക്കാൻ മാത്രം മതിയായ, തനിക്കു മതിയല്ലാത്ത ഭാഷയുടെ പരിമിതി പറഞ്ഞു നളിനി. ദാമ്പത്യത്തിൽ ഒതുങ്ങാനാവാത്ത സ്ത്രീയെ ലീലയിലൂടെ, ജാതിക്കതീതമായ സാഹോദര്യത്തിലേക്കു മുന്നിട്ടിറങ്ങിയ സ്ത്രീയെ മാതംഗിയിലൂടെ, സാവിത്രിയിലൂടെ, ആവിഷ്കരിച്ചു. ഭോഗസുഖത്തിന്റെ മാത്രം ഉറവിടമായ ഉടലല്ല സ്ത്രീ എന്നിടത്തേക്ക് വാസവദത്തയെ നയിച്ചു. ‘പറയാവതല്ലാത്തോരു പരമാനന്ദരസത്തി/ ന്നുറവായവൾക്ക് തോന്നീയവളെത്തന്നെ.’
പ്രരോദനത്തിൽപോലും കൈരളി എന്ന സ്ത്രീയുടെ രോദനമുണ്ട്.
മനുഷ്യൻ പുരുഷനാണ് എന്നു രണ്ടു പുല്ലിംഗ പ്രത്യയാന്തപദങ്ങളും പരസ്പരം അഭിവാദ്യം ചെയ്യുന്നുണ്ട്. ആത്മാനുരാഗിയായ പുരുഷന്റെയും അവനെ അനുവർത്തിക്കുന്ന നിഴലായ സ്ത്രീയുടെയും കഥ ചരിത്രാരംഭം മുതൽ ആവർത്തിച്ചുകൊണ്ടിരുന്നു. (അവൻ അവന്റെ ഇച്ഛ, അവൾ അവന്റെ ഇച്ഛ എന്നു നീത്ഷെ). ഈ തുടരുന്ന നാർസിസിസ് - ഇക്കോ മിത്തിൽനിന്നു ജീവിതയാത്ര തീരുംമുൻപേ സീതയെ മോചിപ്പിച്ചു ആശാൻ. ‘തെളിയുന്നു മനോനഭസ്സെനിക്കൊളി വീശുന്നിതുബുദ്ധി മേൽക്കുമേൽ.’
അതുവരെയും, ഒരുപക്ഷേ അക്കാലത്തെയും കാവ്യങ്ങളിലെ ക്രമത്തെയാണ് (paradigm) ആശാൻ തകർത്തത്. മോഹിക്കപ്പെടാനും വെറുക്കപ്പെടാനും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും ഉള്ള സ്വാതന്ത്ര്യമേ അവൾക്കുണ്ടായിരുന്നുള്ളൂ." ശരി, പാവയോയിവൾ.’’ ആശാന്റെ കാവ്യലോകത്താകട്ടെ അവൾ സ്നേഹിക്കുന്നു, അവൾ തീരുമാനിക്കുന്നു, ‘ഗേഹവും സുഖവുമൊക്കെ വിട്ട്’ അവൾ ഇറങ്ങിത്തിരിക്കുന്നു. അവൾ, അവളുടെ ഇച്ഛ.
സ്വേച്ഛാചാരികളാണ് സീതയും നളിനിയും ലീലയും സാവിത്രിയും മാതംഗിയും. സാവിത്രി കൂട്ടിലെ കിളിയോടു പറയുന്നു: ‘പൊട്ടിയ വാക്കും മുറിവാക്യവും മേലിൽ പറ്റില്ലെനിക്ക് മുഷിഞ്ഞു മൈനേ.’ മാറ്റൊലിജീവിതം മതിയാക്കുകയാണ് താൻ എന്നർഥം. ‘നിഴലിൻ വഴി പൈതൽപോലെ പോയുഴറാ ഭോഗമിരന്നു ഞാനിനി’ എന്നു തന്നെ ഇവിടെയും ധ്വനി.
മൃഗം, പക്ഷി, മത്സ്യം, മരം എന്നിവയ്ക്കു മർത്യജാതിയോടുള്ളിടത്തോളം അകൽച്ച മനുഷ്യസമുദായങ്ങൾക്കു തമ്മിൽത്തമ്മിൽ ഉണ്ടെന്നല്ലേ ജാതി എന്ന പദത്തിന്റെ പ്രയോഗം സൂചിപ്പിക്കുന്നത്?
മനുഷ്യർക്കിടയിലെ ആദ്യ ജാതിവ്യത്യാസം ആൺ –പെൺ വ്യത്യാസമാണ്. അതാണ് എല്ലാ ജാതിവ്യത്യാസങ്ങളുടെയും പ്രഭവകേന്ദ്രമെന്നും അത് എല്ലാ ജാതികൾക്കകത്തും തുടരുന്നുവെന്നും ആശാനറിഞ്ഞു. എല്ലാ ജാതികളിലെയും പിന്നാക്ക ജാതിയാണ് സ്ത്രീ. അധ്വാനിക്കുന്ന വർഗം മോചിതമാവുമ്പോൾ അതിലെ സ്ത്രീ മോചിതയാവുകയില്ല. സവർണ –അവർണ വ്യത്യാസം ഇല്ലാതാവുമ്പോൾ സ്ത്രീ അനുഭവിക്കുന്ന താഴ്ച ഇല്ലാതാകില്ല. തുല്യവേതനംകൊണ്ടോ തുല്യപദവികൊണ്ടോ സമ്പത്തുകൊണ്ടോ വസ്ത്രങ്ങൾകൊണ്ടോ ആഭരണങ്ങൾകൊണ്ടോ അതു നികത്തപ്പെടുകയില്ല. അതിനാൽ അവഗണിക്കപ്പെട്ടവരെ, ഉപേക്ഷിക്കപ്പെട്ടവരെ, പുറന്തള്ളപ്പെട്ടവരെ പ്രതിനിധീകരിക്കാൻ ‘നരകം സർവമറിഞ്ഞ’ അവൾക്കുള്ള അർഹത സമഗ്രമായ ഒരു സാമൂഹികവിപ്ലവംവരെ അവസാനിക്കില്ല.
അവളുടെ കയ്യിലെ വിലങ്ങ് അദൃശ്യവും പൊട്ടിക്കാനാവാത്തതുമാണ്. കറുത്ത വർഗത്തിലെ സ്ത്രീക്കു കറുത്ത വർഗത്തിലെ പുരുഷനെക്കാൾ കറുപ്പുണ്ട്. താഴ്ന്ന ജാതിക്കാരനായ പുരുഷനിലാണ് ഉന്നതകുലജാതയായ സാവിത്രി തുല്യതയുള്ള പുരുഷനെ കാണുന്നത്. എത്രയോ കാലംകൊണ്ടെത്തിച്ചേരേണ്ട, എത്രയോ ജന്മംകൊണ്ടെത്തിച്ചേരേണ്ട, ഇടത്തെത്തിയ ധന്യത സാവിത്രി അനുഭവിക്കുന്നുണ്ട്. ‘ജാതി ചോദിച്ചതില്ല ഞാൻ സോദരീ’ എന്ന വാക്യാർധത്തിലൂടെ മാതംഗി ഉയർത്തപ്പെട്ടത് ദളിതാവസ്ഥയിൽനിന്നു മാത്രമല്ല; സ്ത്രീയവസ്ഥയിൽ നിന്നുമാണ്. സമത്വത്തിന്റെ ആ (പ്ര)ബുദ്ധമന്ദിരത്തിലെത്തുംവരെ അവൾ പിന്നെ ഉറങ്ങിയുമില്ല. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ ആരെയും അവൾ ആ മഹാപരിത്യാഗത്തിൽ പങ്കെടുപ്പിച്ചതുമില്ല.
എത്ര സങ്കോചിച്ചാലേ മനുഷ്യനു സ്ത്രീയിൽ കഴിയാനാവൂ എന്ന അവസ്ഥയെ ഭേദിച്ച്, എത്ര വികസിച്ചാലേ മനുഷ്യനു സ്ത്രീയിൽ കഴിയാനാവൂ എന്ന അവസ്ഥ പ്രബുദ്ധകളായ നളിനിയും ലീലയും സാവിത്രിയും മാതംഗിയും സ്വജീവിതങ്ങളിലൂടെ, വാക്കുകളിലുടെ സാക്ഷ്യപ്പെടുത്തി. ‘കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ/ വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം’ എന്ന വ്യാപ്തിയുള്ള അസ്വാതന്ത്ര്യം സ്ത്രീയെ മുൻനിർത്തിപ്പറയുമ്പോൾ കൂടുതൽ സാധുവാവുന്നു എന്ന് ആശാനും കണ്ടു. തന്റെ അസ്വാതന്ത്ര്യത്തെ ആഴത്തിലാവിഷ്കരിക്കാൻ ‘തീയ്യക്കുട്ടിയുടെ വിചാരത്തേ’ക്കാൾ സീതാവിചാരങ്ങളാണ് ഉതകിയതെന്നു തനിക്കു ബോധ്യമായതുമാണല്ലോ.
സ്ത്രീകൾ ഒന്നുകൂടി മനുഷ്യരാണ്, മർത്യസങ്കീർണതയെ പ്രതിനിധീകരിക്കാൻ ഒന്നുകൂടി യോഗ്യരാണ് എന്നതിന്റെ സാക്ഷ്യങ്ങളാണ് ആശാന്റെ കവിതകൾ. താനവഗണിച്ച അമ്മയ്ക്കുള്ള ശ്രാദ്ധങ്ങളായിരുന്നു അവ.
English Summary : Write up about poem's of Kumaranasan