കന്നഡയോട്ടത്തിൽ കപ്പ് ആർക്ക് ?
Mail This Article
നമുക്ക് ഒന്ന് ഓടി നോക്കിയാലോ?’’ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വെല്ലുവിളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം ഓടുന്ന വിഡിയോ പങ്കുവച്ചായിരുന്നു വെല്ലുവിളി! തന്റെ വിരമിക്കലിനെ കളിയാക്കിയതിനുള്ള മറുപടി.
ആളും ആരവവുമായി 36 കിലോമീറ്റർ റോഡ് ഷോ ഓടിപ്പൂർത്തിയാക്കി നരേന്ദ്ര മോദി. സിദ്ധരാമയ്യയും കോൺഗ്രസ് പ്രചാരണത്തിന്റെ ക്യാപ്റ്റൻ ഡി.കെ.ശിവകുമാറും ബിജെപിയുടെ തിരഞ്ഞെടുപ്പു സാരഥി യെഡിയൂരപ്പയും കർണാടകയുടെ തലങ്ങും വിലങ്ങും പാഞ്ഞുകഴിഞ്ഞു
എല്ലാ ഓട്ടവും അവസാനിക്കുക അംബേദ്കർ റോഡിലെ വിധാൻ സൗധയിലാണ്. ഇന്നു പ്രചാരണം കഴിഞ്ഞ് മറ്റന്നാൾ വോട്ടിങ് പൂർത്തിയാകും. 13നു വോട്ടെണ്ണുമ്പോൾ അറിയാം ആർക്കാണു മെഡലെന്ന്. 113 സീറ്റ് എന്ന വിക്ടറി റിബൺ മുറിച്ചു കടന്ന് വിധാൻ സൗധയിലെ മുഖ്യമന്ത്രിക്കസേരയിലെത്തുന്ന ആ വിജയി ആര്?
ആദ്യ ലാപ്പിൽ ട്രാക്ക് മാറിയോട്ടം
ഒരുമാസമായി ഒരേ ദിശയിലായിരുന്നു പ്രമുഖ പാർട്ടികളുടെയെല്ലാം ഓട്ടം. ദേശീയനേതാക്കളെ കളത്തിലിറക്കി ബിജെപി പാച്ചിൽ തുടങ്ങി. എണ്ണിയാൽ തീരാത്തത്ര പ്രചാരണപരിപാടികളുമായുള്ള കാർപറ്റ് ബോംബിങ്. കേന്ദ്രത്തിലും കർണാടകയിലുമായി ഇരട്ട എൻജിൻ സർക്കാർ എന്ന ആശയം മുന്നോട്ടുവച്ചതും ഗുണം ചെയ്തു.
പ്രാദേശിക വിഷയങ്ങളിലൂന്നി, ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ മുൻനിർത്തിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണയോട്ടം. 40% കരാർ കമ്മിഷൻ അഴിമതിയാരോപണം, വിലക്കയറ്റം ഇവയൊക്കെ ജനങ്ങളുടെ മനസ്സിൽ നന്നായി പതിപ്പിച്ചു കോൺഗ്രസ്. പ്രമുഖ ലിംഗായത്ത് നേതാക്കളായ ലക്ഷ്മൺ സാവദിയും ജഗദീഷ് ഷെട്ടറും ബിജെപി ക്യാംപിൽനിന്ന് ഓടി കോൺഗ്രസ് ക്യാംപിലെത്തി ഓട്ടം തുടർന്നു. ഇഷ്ടംപോലെ നേതാക്കൾ എത്തിയതോടെ കോൺഗ്രസിന് ആവേശം കൂടി. ജനങ്ങൾക്കു നേരിട്ടു ഗുണം ചെയ്യുന്ന 5 ഗാരന്റികൾ കൂടി പ്രഖ്യാപിച്ചതോടെ ജനം കയ്യടിച്ചു. ബിജെപിയുടേത് ‘ട്രബിൾ എൻജിൻ സർക്കാർ’ ആണെന്നും തിരിച്ചടിച്ചു. നേതാക്കളുടെ കൂടുമാറ്റമൊന്നും ബാധിച്ചിട്ടില്ലെന്ന നിലപാടിൽ ബിജെപി ഉറച്ചുനിന്നു. പക്ഷേ, ആദ്യലാപ്പിൽ മികച്ച പ്രകടനം നടത്തിയത് കോൺഗ്രസാണെന്ന വിലയിരുത്തൽ കർണാടകയിലെ ജനങ്ങൾക്കുണ്ട്. ചാനലുകളുടെ സർവേകളും ഇതു ശരിവച്ചു.
അവസാനലാപ്പിൽ ബജ്റങ്ദളും മണിപ്പുരും
പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ പ്രചാരണരീതികളിൽ വലിയമാറ്റമുണ്ടായി. ബജ്റങ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ബിജെപിക്കു കൃത്യമായ ദിശാബോധം നൽകിയെന്നുവേണം പറയാൻ. ബജ്റങ്ദൾ അണികൾ കോൺഗ്രസ് ക്യാംപുകളിലേക്കു നടത്തിയ മാർച്ചുകൾ, ബിജെപി നേതാക്കൾ പെട്ടെന്നു തുടങ്ങിയ ‘ഹനുമാൻ ചാലിസെ’ സൂക്താലാപനങ്ങൾ, ഹനുമാൻ ക്ഷേത്രങ്ങളിലെ പൂജകൾ ഇങ്ങനെ തീരെ പ്രതീക്ഷിക്കാത്ത പ്രചാരണ രീതികളിലേക്കു കർണാടക രാഷ്ട്രീയം മാറി.
ദക്ഷിണ കന്നഡയിലും തീരദേശ കർണാടകയിലുമുള്ള ന്യൂനപക്ഷ വോട്ടുകൾ ഒപ്പം ചേർത്തുനിർത്താൻ ലക്ഷ്യമിട്ട് എടുത്ത തീരുമാനം ബിജെപി രാഷ്ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസും ജാഗരൂകരായി. കർണാടകയിൽ കൂറ്റൻ ഹനുമാൻ ക്ഷേത്രം നിർമിക്കുമെന്നു ഡി.കെ.ശിവകുമാർ പ്രഖ്യാപിച്ചു. നേതാക്കൾ ഹനുമാൻ ക്ഷേത്രങ്ങളിൽ സന്ദർശനം തുടങ്ങി. സമൂഹത്തിൽ ബജ്റങ്ദൾ അരക്ഷിതാവസ്ഥയുണ്ടാക്കുന്നതിനാലാണു നിരോധനനീക്കമെന്നു വ്യക്തമാക്കിയ കോൺഗ്രസ്, അതിവേഗം ഒരു സർവേ നടത്തി ഈ വിഷയം പാർട്ടിയുടെ മുന്നേറ്റത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കി. മണിപ്പുരിലെ കലാപസംഭവങ്ങൾ കർണാടകയിൽ ആവർത്തിക്കാതിരിക്കാൻ ബിജെപിയെ മാറ്റിനിർത്തണമെന്ന പ്രചാരണത്തിലേക്കു കോൺഗ്രസ് ശ്രദ്ധ മാറ്റി.
അതേസമയം, രണ്ടുദിവസമായി നടന്ന മോദി റാലികളിലടക്കം ബജ്റങ്ദൾ പ്രശ്നം ബിജെപി സജീവമാക്കി നിർത്തി. റോഡ് ഷോ കടന്നുപോയ വഴികളിൽ ഹനുമാൻ സ്വാമിയുടെ പ്രതിമകൾ സ്ഥാപിച്ചു. പ്രതിമകൾ വണങ്ങി പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി.
പരക്കംപാച്ചിലിനിടെ ദളിന്റെ ആമയോട്ടം
കോൺഗ്രസും ബിജെപിയും പരക്കം പായുമ്പോൾ, ജനതാദൾ എസിന്റെ പ്രചാരണം കണ്ടാൽ ആമയും മുയലും ഓട്ടമാണ് ഓർമവരിക. ദളിന്റെ ക്യാപ്റ്റൻ മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സജീവമായി പ്രചാരണരംഗത്തുണ്ടായില്ല. പനി ബാധിച്ച് രണ്ടുനാൾ ആശുപത്രിവാസത്തിലായിരുന്നു. പുറത്തിറങ്ങിയിട്ടും പ്രചാരണവേദികളിൽ സജീവമല്ല. പ്രായത്തിന്റെ അവശതയുള്ള മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ചില യോഗങ്ങളിൽ പ്രസംഗിക്കാനെത്തി. അതു മാറ്റിനിർത്തിയാൽ ഒട്ടും ആവേശകരമല്ല ദളിന്റെ മുന്നേറ്റം. എന്നാൽ, 35 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വീടുകയറിയുള്ള പ്രചാരണരീതി ദൾ നടത്തുന്നുമുണ്ട്. മുയലോട്ടത്തിന്റെ ആവേശമല്ല; പതിയെ, എന്നാൽ ഉറങ്ങാതെ നടന്നുകയറുന്ന ആമയോട്ടമാണ് ദളിന്റെ ശൈലി.
ഫിനിഷിങ് പോയിന്റിനോട് അടുക്കുമ്പോൾ ദൾ നിർണായകമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
ചെറുപാർട്ടികളുടെ കൂട്ടയോട്ടം
ഈയിടെ പിറന്ന കെആർപിപി (ബെല്ലാരിയിലെ ഖനി രാജാവ് ജനാർദനൻ റെഡ്ഡിയുടെ കല്യാണ രാജ്യ പ്രജാപക്ഷ പാർട്ടി) മുതൽ സിപിഐ വരെയുള്ള പാർട്ടികളും ഈ തിരഞ്ഞെടുപ്പ് ഓട്ടത്തിൽ സജീവം. സിപിഎം ബാഗേപ്പള്ളി മണ്ഡലത്തിൽ വിജയം പ്രതീക്ഷിക്കുന്നു. കെആർപിപി റെഡ്ഡിയുടെ ഭാര്യ അരുണ മത്സരിക്കുന്ന ബെല്ലാരിയിലും റെഡ്ഡി മത്സരിക്കുന്ന ഗംഗാവതിയിലും മുന്നേറ്റം നടത്തുന്നുണ്ട്. ഇതു ബിജെപിക്കു തലവേദനയാണ്. ആം ആദ്മിയുടെ പ്രചാരണം സീറ്റ് നേട്ടത്തിലേക്ക് എത്തില്ലെന്ന കണക്കുകൂട്ടലിലാണു മറ്റു പാർട്ടികൾ. പക്ഷേ, വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ഇവർ ഘടകമാകും. ബിഎസ്പി, കർണാടക രാഷ്ട്ര സമിതി തുടങ്ങി ഒരുപറ്റം ചെറിയ ഓട്ടക്കാർ കൂടി സജീവമാണ് അവസാനലാപ്പിൽ. എസ്ഡിപിഐ, അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം തുടങ്ങിയവയും മത്സരരംഗത്തുണ്ടെങ്കിലും പ്രചാരണഘട്ടത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയിട്ടില്ല.
മുസ്‌ലിം സംവരണ വിഷയത്തിന്റെ ആനുകൂല്യം കോൺഗ്രസിനാണോ ജെഡിഎസിനാണോ ലഭിക്കുകയെന്നതു നിർണായകമാണ്. ഇരുകൂട്ടരും പ്രചാരണത്തിൽ സംവരണപ്രശ്നത്തിന് ഊന്നൽ നൽകുന്നുണ്ട്.
വേഗം കൂട്ടാൻ താരങ്ങളും
കാണികളുടെ കയ്യടിയും ആവേശവും ഏറ്റുവാങ്ങാൻ സിനിമാതാരങ്ങളും രംഗത്തെത്തി. അന്തരിച്ച നടൻ പുനീതിന്റെ സഹോദരനും രാജ്കുമാറിന്റെ മകനുമായ ശിവരാജ്കുമാർ കോൺഗ്രസിനൊപ്പം ചേർന്നു പ്രചാരണത്തിനിറങ്ങി. ഈച്ച സിനിമയിലൂടെ പ്രശസ്തനായ കിച്ച സുദീപ് ബിജെപി വേദികളിൽ ആദ്യം മുതലേയുണ്ട്. ബിജെപിക്കു വേണ്ടി സുമലത, കോൺഗ്രസിനുവേണ്ടി നടി ദിവ്യസ്പന്ദന ഇവരൊക്കെ രംഗത്തുണ്ട്. തമിഴ് രാഷ്ട്രീയംപോലെ സിനിമാതാരങ്ങൾക്കു സ്വാധീനം ചെലുത്താൻ കഴിയുന്ന മണ്ണല്ല കർണാടക എന്നതാണു സത്യം. ജഗദീഷ് ഷെട്ടർക്കുവേണ്ടി സോണിയാ ഗാന്ധി പ്രചാരണത്തിനിറങ്ങിയതും അവസാന ആഴ്ചയിലെ കാഴ്ചയായി.
ബൂത്തുതല പ്രവർത്തനത്തിൽ ബിജെപിയുടെ കരുത്ത് പ്രകടമാണ്. കോൺഗ്രസിനു ബൂത്തുതല ഓട്ടത്തിൽ അത്ര വേഗംപോരാ. അതേസമയം, ഓരോ കുടുംബത്തിന്റെയും ബജറ്റിനെ നേരിട്ടു ബാധിക്കുന്ന 5 ഗാരന്റികൾ പ്രഖ്യാപിച്ച കോൺഗ്രസിന്റെ നീക്കം ഗ്രാമീണ മേഖലയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ജയിച്ചാൽ അരിയും ജോലിയും നൽകുമെന്നും ഗ്യാസ് സിലിണ്ടറിന്റെയും വൈദ്യുതിയുടെയുമൊക്കെ വിലകുറയ്ക്കുമെന്നുമുള്ള പ്രഖ്യാപനം നൽകുന്ന പ്രതീക്ഷ ചെറുതല്ല.
വോട്ടർമാരുടെ മാരത്തൺ
റാലികളും പ്രചാരണ ഓട്ടങ്ങളുമൊക്കെ ഇന്നു തീരും. ഇനിയുള്ളത് പത്താം തീയതിയിലെ വോട്ടർമാരുടെ മാരത്തൺ ആണ്.
പണക്കൊഴുപ്പിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളൊന്നും അറിയാതെ നിശ്ശബ്ദം പാടങ്ങളിൽ പണിയെടുക്കുകയാണു കർണാടകയിലെ കർഷകസമൂഹം. ഖനി മുതലാളിമാരും പഞ്ചസാര ഫാക്ടറി ഉടമകളും അതിസമ്പന്നരും ഫലം നിശ്ചയിക്കുന്ന ‘കന്നഡ തിരഞ്ഞെടുപ്പ്’ സ്ട്രാറ്റജികളിലൊന്നും ഇവർക്ക് ഇടപെടാനേ കഴിയുന്നില്ല. ചുനാവനെ (തിരഞ്ഞെടുപ്പ്) വന്നാലും പോയാലും തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് അവർക്കറിയാം. ബാഗേപ്പള്ളിയിൽ സൂര്യകാന്തിപ്പൂക്കൾക്കിടയിൽ ജോലി ചെയ്യുന്ന കർഷകസ്ത്രീ പറഞ്ഞത് ഇങ്ങനെ: ‘‘നേതാക്കളൊക്കെ പോകും. ഇതു കഴിഞ്ഞാലും ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും. പണിയെടുത്താൽ ഞങ്ങൾക്കു ജീവിക്കാം. മക്കളെ പോറ്റാം.’’ വലിയൊരുവിഭാഗം അങ്ങനെ ചിതറിയോടുന്നുണ്ട് കർണാടക രാഷ്ട്രീയത്തിൽ. അവരെ കൂടെക്കൂട്ടി ആര് ഓടുന്നുവോ, അവർ വിധാൻ സൗധയുടെ കവാടം കടക്കും.
English Summary: writeup about Karnataka assembly election