ആ കോളിൽ കൊത്തരുത്: മിസ്ഡ്കോളിനു പിന്നിൽ തട്ടിപ്പുകാരുണ്ട്, സൂക്ഷിക്കുക!
ഇതു വായിക്കുന്ന താങ്കളോട് ആദ്യമേ ഒരു ചോദ്യം... ഒരു മാസത്തിനിടെ താങ്കളുടെയോ പരിചയക്കാരുടെയോ വാട്സാപ്പിൽ അജ്ഞാത വിദേശ നമ്പറിൽനിന്ന് മിസ്‍ഡ് കോൾ അല്ലെങ്കിൽ മെസേജ് ലഭിച്ചിട്ടുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കിൽ ഇതു ലഭിച്ച, രാജ്യത്തെ കോടിക്കണക്കിന് ആളുകളിൽ ഒരാളാണ് നിങ്ങൾ. മെസേജും മിസ്ഡ്കോളും വന്നിട്ടും ധനനഷ്ടമോ മാനസിക പിരിമുറുക്കമോ ഉണ്ടായിട്ടില്ലെങ്കിൽ നിങ്ങളുടെ മഹാഭാഗ്യം
ഇതു വായിക്കുന്ന താങ്കളോട് ആദ്യമേ ഒരു ചോദ്യം... ഒരു മാസത്തിനിടെ താങ്കളുടെയോ പരിചയക്കാരുടെയോ വാട്സാപ്പിൽ അജ്ഞാത വിദേശ നമ്പറിൽനിന്ന് മിസ്‍ഡ് കോൾ അല്ലെങ്കിൽ മെസേജ് ലഭിച്ചിട്ടുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കിൽ ഇതു ലഭിച്ച, രാജ്യത്തെ കോടിക്കണക്കിന് ആളുകളിൽ ഒരാളാണ് നിങ്ങൾ. മെസേജും മിസ്ഡ്കോളും വന്നിട്ടും ധനനഷ്ടമോ മാനസിക പിരിമുറുക്കമോ ഉണ്ടായിട്ടില്ലെങ്കിൽ നിങ്ങളുടെ മഹാഭാഗ്യം
ഇതു വായിക്കുന്ന താങ്കളോട് ആദ്യമേ ഒരു ചോദ്യം... ഒരു മാസത്തിനിടെ താങ്കളുടെയോ പരിചയക്കാരുടെയോ വാട്സാപ്പിൽ അജ്ഞാത വിദേശ നമ്പറിൽനിന്ന് മിസ്‍ഡ് കോൾ അല്ലെങ്കിൽ മെസേജ് ലഭിച്ചിട്ടുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കിൽ ഇതു ലഭിച്ച, രാജ്യത്തെ കോടിക്കണക്കിന് ആളുകളിൽ ഒരാളാണ് നിങ്ങൾ. മെസേജും മിസ്ഡ്കോളും വന്നിട്ടും ധനനഷ്ടമോ മാനസിക പിരിമുറുക്കമോ ഉണ്ടായിട്ടില്ലെങ്കിൽ നിങ്ങളുടെ മഹാഭാഗ്യം
ഇതു വായിക്കുന്ന താങ്കളോട് ആദ്യമേ ഒരു ചോദ്യം...
ഒരു മാസത്തിനിടെ താങ്കളുടെയോ പരിചയക്കാരുടെയോ വാട്സാപ്പിൽ അജ്ഞാത വിദേശ നമ്പറിൽനിന്ന് മിസ്‍ഡ് കോൾ അല്ലെങ്കിൽ മെസേജ് ലഭിച്ചിട്ടുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കിൽ ഇതു ലഭിച്ച, രാജ്യത്തെ കോടിക്കണക്കിന് ആളുകളിൽ ഒരാളാണ് നിങ്ങൾ. മെസേജും മിസ്ഡ്കോളും വന്നിട്ടും ധനനഷ്ടമോ മാനസിക പിരിമുറുക്കമോ ഉണ്ടായിട്ടില്ലെങ്കിൽ നിങ്ങളുടെ മഹാഭാഗ്യം
അജ്ഞാത മിസ്ഡ് കോളുകൾ പെരുകുന്നതു ശ്രദ്ധയിൽപെട്ട കേന്ദ്രസർക്കാർ വാട്സാപ്പിനു മുന്നറിയിപ്പു നൽകിയതു കഴിഞ്ഞ ദിവസമാണ്. നിരുപദ്രവകരമെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന ഇത്തരം മിസ്‍ഡ്കോളുകളുടെ പിന്നാമ്പുറം തേടി നടത്തിയ അന്വേഷണം ചെന്നെത്തിയത്, ദിവസവും കോടിക്കണക്കിനു രൂപ ഇന്ത്യയിൽനിന്ന് അപഹരിക്കുന്ന ‘ടെലഗ്രാം പ്രീപെയ്ഡ് ടാസ്ക്’ എന്ന ന്യൂജെൻ തട്ടിപ്പിലാണ്. മറ്റ് സൈബർ തട്ടിപ്പുകളിലെപ്പോലെയല്ല, ബാങ്ക് അക്കൗണ്ട് വഴി ട്രാക്ക് ചെയ്തുപോയാലും യഥാർഥ തട്ടിപ്പുകാരുടെ പൊടിപോലും കണ്ടെത്താൻ കഴിയാത്ത തരത്തിലുള്ള സങ്കീർണമായ ഘടനയാണിതിന്.
ഓൺലൈൻ ‘സ്ക്വിഡ് ഗെയിം’
നെറ്റ്‍ഫ്ലിക്സിലെ ‘സ്ക്വിഡ് ഗെയിം’ എന്ന വെബ്സീരീസ് ഓർമിക്കുന്നുണ്ടാകും. കടുത്ത സാമ്പത്തികപ്രതിസന്ധിയിൽപെട്ട 456 പേർക്ക് 3.5 കോടി ഡോളർ സമ്മാനത്തുകയുള്ള ഗെയിമിലേക്കു ക്ഷണം ലഭിക്കുന്നു. സ്വന്തം ജീവൻപോലും പണയപ്പെടുത്തി ഇവർ കുട്ടികളുടേതിനു സമാനമായ ഗെയിമുകൾ കളിക്കുന്നു. കളിയിൽ തോറ്റാൽ മരണം ഉറപ്പ്! കളിക്കാരെ നിയന്ത്രിക്കാനായി പരസ്പരം അറിയാത്ത, കറുത്ത മുഖംമൂടി ധരിച്ച ഗാർഡുകൾ. മേൽനോട്ടത്തിനായി എല്ലാം കാണുന്ന ‘ഫ്രണ്ട് മാൻ’ എന്ന അജ്ഞാതൻ.
സ്ക്വിഡ് ഗെയിമുമായി ഏറെ സമാനതകളുണ്ട് ‘ടെലഗ്രാം പ്രീപെയ്ഡ് ടാസ്ക്’ തട്ടിപ്പിനും. ചതിക്കപ്പെട്ടവരിൽ സോഫ്റ്റ്‍വെയർ എൻജിനീയർമാർ മുതൽ ജില്ലാ ജഡ്ജി വരെയുണ്ട്. 52 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. സഹോദരിയുടെ വിവാഹത്തിനു വച്ചിരുന്ന 12 ലക്ഷം രൂപ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തെലങ്കാന സ്വദേശിയായ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തത് രണ്ടാഴ്ച മുൻപ്.
മിസ്ഡ്കോൾ മുതൽ ക്രിപ്റ്റോ വരെ!
(തട്ടിപ്പിൽ ഇരയായ നൂറുക്കണക്കിനാളുകൾ നൽകിയ വിവരങ്ങൾവച്ച് തയാറാക്കിയത്. തട്ടിപ്പിന്റെ അടിസ്ഥാനഘടന ഒന്നാണെങ്കിലും രീതികളിൽ വ്യത്യാസങ്ങളുണ്ടാകും)
∙ സ്റ്റെപ് 1; വാട്സാപ്പിൽ ഒരു ‘Hi’
ആദ്യം പാർട് ടൈം ജോലി ഓഫറുമായി മാർക്കറ്റിങ്, എച്ച്ആർ കമ്പനിയിൽ നിന്നെന്ന മട്ടിൽ അജ്ഞാത വിദേശ നമ്പറിൽ (ഉദാ: +880 1762-631452)) നിന്ന് വാട്സാപ് മെസേജ് അല്ലെങ്കിൽ മിസ്ഡ‍് കോൾ. പ്രതികരിച്ചാൽ 4,000 മുതൽ 8,000 രൂപ വരെ ദിവസവും നൽകാമെന്നു വാഗ്ദാനം.
യുട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുക, വിഡിയോ ലൈക്ക് ചെയ്യുക, ഹോട്ടലുകൾ റിവ്യു ചെയ്യുക തുടങ്ങിയവയാണ് ജോലി. യുട്യൂബ് ചാനലിന്റെ പേര് അയയ്ക്കും. ഇതു സബ്സ്ക്രൈബ് ചെയ്ത് സ്ക്രീൻഷോട്ട് അയയ്ക്കണം. 3 ടാസ്ക്കിന് 150 രൂപയാണു പ്രതിഫലം. പണം ലഭിക്കണമെങ്കിൽ ടെലഗ്രാം മെസേജിങ് ആപ്പിൽ ഇവരുടെ റിസപ്ഷനിസ്റ്റിനെ പ്രത്യേക കോഡുമായി സമീപിക്കണം.
∙ സ്റ്റെപ് 2; ‘റിസപ്ഷനിസ്റ്റ് ഹിയർ’
ടെലഗ്രാമിലുള്ള റിസപ്ഷനിസ്റ്റിന്റെ അക്കൗണ്ടിൽ കോഡ് അയയ്ക്കണം. നമ്മൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ മിനിറ്റുകൾക്കുള്ളിൽ 150 രൂപ എത്തും. ലക്ഷങ്ങൾ തട്ടാനുള്ള ചൂണ്ടയാണിത്. ഒരു നിക്ഷേപവും നടത്താതെ പ്രതിഫലം ലഭിക്കുന്നതോടെ സംശയാലുകൾക്കുപോലും വിശ്വാസമാകും. തുടർന്ന് ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കു ചേർക്കും. ദിവസവും 25 മുതൽ 30 വരെ ടാസ്ക്. ഒന്നിന് 50 മുതൽ 200 രൂപ വരെ പ്രതിഫലം. ഒരുമണിക്കൂർ ഇടവിട്ട് യുട്യൂബ് ചാനലുകളെത്തും. 3 ടാസ്ക് വീതം പൂർത്തിയാക്കുമ്പോൾ 200, 250 രൂപ എന്ന മട്ടിൽ പണം അക്കൗണ്ടിലെത്തും. നമ്മൾ പോലുമറിയാതെ പണത്തോടുള്ള ആർത്തി കൂടും.
∙ സ്റ്റെപ് 3; ‘പ്രീപെയ്ഡ് ടാസ്ക്’
അടുത്തത് പ്രീപെയ്ഡ് ടാസ്ക് ആണ്. 1,500 രൂപ ഓൺലൈൻ ബാങ്കിങ് വഴി അയച്ചാൽ ഉടനടി 1,901 രൂപ (40% വർധന) തിരികെ ലഭിക്കും. തട്ടിപ്പെന്നു തോന്നി നമ്മൾ പണം ഇടില്ല. എന്നാൽ, ഗ്രൂപ്പിലുള്ളവർ പലരും പണമിട്ട്, പണം വാരുന്നതിന്റെ തെളിവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. നമ്മളാകട്ടെ പണമിടാത്ത യുട്യൂബ് ടാസ്കുകൾക്കായി കാത്തിരിക്കും. അടുപ്പിച്ചുള്ള 3 ടാസ്കുകൾ പൂർത്തിയാക്കിയാലേ പണം ലഭിക്കൂ എന്നാണു വ്യവസ്ഥ. ക്രമേണ, അടുപ്പിച്ചുള്ള 3 യുട്യൂബ് ടാസ്ക് നമുക്ക് ലഭിക്കാതാവും. പ്രീപെയ്ഡ് ടാസ്ക് വെറുതേ ഒന്നു ട്രൈ ചെയ്യാനായി റിസപ്ഷനിസ്റ്റിനെ നമ്മൾ സമീപിക്കും. അവർ നൽകുന്ന അക്കൗണ്ടിലേക്ക് 1,500 രൂപ ഇടുന്നതോടെ മിനിറ്റുകൾക്കുള്ളിൽ 1,901 രൂപ എത്തും! ഇതോടെ നിങ്ങൾക്കു പൂർണവിശ്വാസമാകും.
20 പേരുള്ള ആ ഗ്രൂപ്പിൽ യഥാർഥ വ്യക്തി നിങ്ങൾ മാത്രമാണെന്ന സത്യം നിങ്ങളറിയുന്നില്ല. ബാക്കി 19 പേരും തട്ടിപ്പു സംഘത്തിന്റെ വ്യാജ പ്രൊഫൈലുകളാണ്. നിങ്ങളെ പണമിടാൻ പ്രേരിപ്പിക്കുകയാണ് ഇവരുടെ ജോലി. ഗ്രൂപ്പിനൊരു നമ്പറുണ്ടാകും. അതു സത്യത്തിൽ നിങ്ങളെ അടയാളപ്പെടുത്തുന്ന നമ്പറാണ്.
∙ സ്റ്റെപ് 4; ‘വിഐപി ഗ്രൂപ്പിലെ ടീച്ചർ’
കളിയിൽ ഹരം പിടിച്ച് നിങ്ങൾ പല അക്കൗണ്ടുകളിലേക്ക് 30,000 രൂപ വരെയൊക്കെ നിക്ഷേപിക്കും. യഥാർഥത്തിൽ പണമയയ്ക്കാനായി തട്ടിപ്പുകാർ നൽകുന്നത് അവരുടെ അക്കൗണ്ടല്ല. പകരം നിങ്ങളെപ്പോലെ മറ്റു ഗ്രൂപ്പുകളിൽ കളിക്കുന്നവരുടെ അക്കൗണ്ടുകളാണ്. നിങ്ങൾക്കു തിരികെ പണം ലഭിക്കുന്നതും ഇതുപോലെ തന്നെ. ആദ്യത്തെ ഇത്തരം ഇടപാടുകളെല്ലാം നിങ്ങളുടെ വിശ്വാസമാർജിക്കാൻ അവർതന്നെ കളിക്കാരിൽനിന്ന് പരസ്പരം ചെയിൻ രീതിയിൽ റൂട്ട് ചെയ്യുന്നതാണ്. തുടർന്ന് 4 പേരുള്ള വിഐപി ഗ്രൂപ്പിൽ നിങ്ങളെ ചേർക്കും. തുടർന്നങ്ങോട്ട് ഒരു ‘ടീച്ചർ’ക്കാണ് നിങ്ങളുടെ ചുമതല. ഗ്രൂപ്പിൽ നിങ്ങളൊഴികെയുള്ള മൂവരും വ്യാജന്മാർ.
ഇവിടെ പ്രതിഫലം കൂടുതലാണ്. ടാസ്കുകൾ 4 പേരും ഒരുപോലെ ചെയ്താൽ മാത്രമേ എല്ലാവർക്കും അവസാനം പണം ലഭിക്കൂ. ഇടയ്ക്കു വച്ച് നിർത്തിയാൽ അതുവരെയിട്ട പണവും നഷ്ടമാകും. ഒരു വ്യാജ ക്രിപ്റ്റോ സൈറ്റിൽ റജിസ്റ്റർ ചെയ്യുകയും വേണം. ഇനി മുതൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക ഈ സൈറ്റിൽ ദൃശ്യമാകും.
∙ സ്റ്റെപ് 5; ' നിങ്ങൾക്ക് തെറ്റുപറ്റി
60,000 രൂപ നിക്ഷേപിക്കാനായിരിക്കും ആദ്യ ടാസ്ക്. ഒപ്പം വ്യാജ ക്രിപ്റ്റോ സൈറ്റിൽനിന്ന് ചില കാര്യങ്ങളും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ചെയ്യണം. അതുവരെ സേവിങ്സ് അക്കൗണ്ടുകളാണ് നിങ്ങൾക്കു ലഭിച്ചിരുന്നതെങ്കിൽ ഇനി ലഭിക്കുക കറന്റ് അക്കൗണ്ടുകളാണ്.
ഉയർന്ന തുക സ്വീകരിക്കാനായി വ്യാജ കറന്റ് അക്കൗണ്ടുകൾ വിലയ്ക്കെടുത്തും വാടകയ്ക്കെടുത്തുമാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ട്രേസ് ചെയ്തെത്തിയാൽ കുടുങ്ങുക വാടകയ്ക്കു നൽകിയവർ മാത്രം. രണ്ടാം ടാസ്ക്കിൽ ടീച്ചർ പറയും–‘ആർക്കോ തെറ്റുപറ്റി. പണം നൽകുന്ന മർച്ചന്റ് കലിപ്പിലാണ്’. ഗ്രൂപ്പിലെ ബാക്കി 3 വ്യാജന്മാരും തങ്ങൾക്കു തെറ്റുപറ്റിയില്ലെന്നു വ്യക്തമാക്കും. പ്രതി നിങ്ങളാകും. യഥാർഥത്തിൽ അവർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ബാക്കിയുള്ളവർ നിങ്ങളോടു ദേഷ്യപ്പെടും. നമ്മൾ കാരണം അവരുടെകൂടി പണം പോകുമല്ലോ എന്ന കുറ്റബോധം നിങ്ങളെ അടിമയാക്കി മാറ്റും. പ്രായശ്ചിത്തമായി ‘റീപേയർ ടാസ്ക്കി’ൽ ഒരു ലക്ഷമിട്ടാൽ ബോണസ് സഹിതം മൊത്തം തുക തിരികെ കിട്ടുമെന്നു ടീച്ചർ പറയും. നിങ്ങൾ കടം വാങ്ങിവരെ പണമിടും. സൈറ്റിൽ കാണിക്കുന്ന തുകയിൽ ഇവ കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നതിനാൽ നിങ്ങൾക്കു സംശയമുണ്ടാകില്ല.
മുൻപു നിക്ഷേപിച്ച തുക രക്ഷിച്ചെടുക്കാൻ അവർ പറയുന്ന ടാസ്കുകളിൽ കൂടുതൽ പണം നിക്ഷേപിക്കും. ഒരു ഘട്ടം കഴിയുമ്പോൾ ഈ പണം തിരികെ കിട്ടില്ലെന്നു ബോധ്യമാകും. ഒടുവിൽ ടെലഗ്രാം ഗ്രൂപ്പിൽനിന്നു നിങ്ങളെ പുറത്താക്കും. ഇരുവശത്തെയും ചാറ്റും ഡിലീറ്റ് ചെയ്യും. ഒരു തെളിവു പോലുമുണ്ടാകില്ല.
∙ സ്റ്റെപ് 6; രൂപ to ക്രിപ്റ്റോ
കറന്റ് അക്കൗണ്ടിലെത്തിയ പണം ബാങ്കിങ് ശൃംഖലയിൽനിന്നു പുറത്തെത്തിക്കുകയാണ് തട്ടിപ്പുകാരുടെ അടുത്ത ശ്രമം. പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റുന്ന ധാരാളം പേരെ പാർട് ടൈം ജോലിയെന്ന പേരിൽ എടുക്കും. തട്ടിപ്പിലൂടെ കറന്റ് അക്കൗണ്ടുകളിൽ ലഭിച്ച പണം ചെറുതുകകളാക്കി ഇത്തരം നൂറുകണക്കിന് ആളുകളുടെ സേവിങ്സ് അക്കൗണ്ടിലേക്ക് അയയ്ക്കും. ബൈനാൻസ് പോലെയുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ അക്കൗണ്ടുള്ള ഇവർ ഈ പണം ബിറ്റ്കോയിൻ ആക്കി മാറ്റും. ഇതിനാണ് ഇവർക്കു കമ്മിഷൻ. ഒടുവിൽ ഇതു തട്ടിപ്പുകാരുടെ ക്രിപ്റ്റോ വോലറ്റിലേക്ക് അയയ്ക്കുന്നതോടെ പണം ഇന്ത്യ കടക്കും. ഇതുവരെയുള്ള ഇടപാടുകളെല്ലാം തട്ടിപ്പുകാർ അതിവിദഗ്ധമായി നിയന്ത്രിച്ചത് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണെന്നോർക്കണം. അന്വേഷണം നടന്നാൽതന്നെ പലപ്പോഴും വഴിമുട്ടും.
ദിവസവും 200 ഇര; അക്കൗണ്ട് ബ്ലോക്ക് ആകും
‘‘ഒരു ദിവസം ഏകദേശം 200 ഇരകളാണ് ജീവിതം വഴിമുട്ടിയെന്നു പറഞ്ഞ് ബന്ധപ്പെടുന്നത്. ചിലർ മറുതലയ്ക്കൽ അലറിക്കരയുകയാണ്. എന്റെയടുത്തെത്തിയ ഒരു വ്യക്തിക്ക് 150 രൂപ കിട്ടിയതിനു പിന്നാലെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി. കേരള പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നമ്പർ വെളിപ്പെടുത്താതെയുള്ള ചാറ്റ്, ഇരുസൈഡിലെയും ചാറ്റ് ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ എന്നിവയാണ് ടെലഗ്രാമിനെ തട്ടിപ്പുകാർക്കു പ്രിയമുള്ളതാക്കുന്നത്.’’
- അജയ് സിങ് (യുട്യൂബർ. ടെലഗ്രാം പ്രീപെയ്ഡ് തട്ടിപ്പിൽ സ്വതന്ത്ര ഗവേഷണം നടത്തുന്നു)
(തുടരും: വിൽപനയ്ക്ക് വ്യാജ സിം മുതൽ വ്യാജ ബാങ്ക് അക്കൗണ്ട് വരെ)
ഇത്തരം തട്ടിപ്പുകൾക്ക് നിങ്ങളോ പരിചയക്കാരോ വിധേയരായിട്ടുണ്ടോ? അത്തരം അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം customersupport@mm.co.in എന്ന ഇമെയിലിൽ Online Fraud Series എന്ന സബ്ജക്റ്റ് ലൈനിൽ വിവരങ്ങൾ അയയ്ക്കാം. അയച്ചു തരുന്നവരുടെ വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കും.
English Summary : Special series on Online Frauds - Telegram Prepaid Task Scam