‘ഞാൻ ഉറങ്ങില്ല; ബിജെപിക്കെതിരെ ഈ വിജയം എനിക്ക് ആവശ്യമായിരുന്നു’: ഇനി ഡികെ തേരോട്ടം
? നാലുവർഷംകൊണ്ട് കർണാടക കോൺഗ്രസിനെ കേഡർ സ്വഭാവമുള്ള പാർട്ടിയായി താങ്കൾ മാറ്റിയെടുത്തു. ഇതെങ്ങനെ സാധിച്ചു.
കോവിഡ്കാലത്താണ് ഞാൻ പാർട്ടിയുടെ ചുമതല ഏറ്റെടുക്കുന്നത്. എനിക്കു സത്യപ്രതിജ്ഞാച്ചടങ്ങ് നടത്താൻ അനുമതി കിട്ടിയില്ല. ആ പോരായ്മ ഒരവസരമാക്കി മാറ്റാൻ തീരുമാനിച്ചു. എല്ലാ വാർഡുകളിലും 2 ടിവി വീതം നൽകി. അതിലൊന്ന് ‘സൂം ആപ്പു’മായി കണക്ട് ചെയ്തു. എന്റെ പ്രതിജ്ഞ അതിലൂടെ കർണാടകയിലെ മുഴുവൻ ജനങ്ങളെയും അറിയിച്ചു. അവരോടു ഞാൻ പറഞ്ഞു: ഞാൻ ഉറങ്ങില്ല. നിങ്ങളെ ഉറക്കാൻ സമ്മതിക്കുകയുമില്ല. പാർട്ടിക്കൊപ്പം നിൽക്കുമെന്ന ഉറപ്പ് അവരിൽനിന്നു നേടി. ഞാൻ ഇപ്പോഴും തൃപ്തനല്ല. എല്ലാ ബൂത്തും ഡിജിറ്റൽ യൂണിറ്റായി മാറണം.
? കർണാടക വിജയം കോൺഗ്രസിനു വലിയ ആത്മവിശ്വാസം സമ്മാനിച്ചിരിക്കുന്നു. എന്തു തോന്നുന്നു ഇപ്പോൾ.
എനിക്കെതിരെ വ്യാജ കേസ് ചമച്ച് തിഹാർ ജയിലിൽ അടച്ചു. അവിടെനിന്നു പുറത്തിറങ്ങിയ എന്നെ സോണിയാ ഗാന്ധി കർണാടക കോൺഗ്രസിന്റെ ചുമതല ഏൽപിച്ചു. എന്നെ വിശ്വസിക്കുന്നു എന്നായിരുന്നു അതിനർഥം. ഇതിനു പകരമായി കർണാടകയിലെ വിജയം സമ്മാനം തരുമെന്നു ഞാൻ സോണിയാജിയോടു പറഞ്ഞു. ഞാൻ താങ്കളെ വിശ്വസിക്കുന്നു എന്നായിരുന്നു മറുപടി. സ്ഥാനാർഥി നിർണയമടക്കം എല്ലാ തീരുമാനങ്ങളിലും സോണിയാജിയും രാഹുൽ ഗാന്ധിയും എന്നെ വിശ്വസിച്ചു. അതിന്റെ ഫലമാണ് ഈ വിജയം.
? ബിജെപി സർക്കാരിനെതിരെയുള്ള വികാരം ആയിരുന്നോ പ്രധാന ആയുധം.
തീർച്ചയായും. കഴിഞ്ഞതവണ ഭരണം പിടിക്കാൻ ‘ഓപ്പറേഷൻ താമര’ വഴി ശതകോടികൾ ബിജെപി ചെലവിട്ടു. അതു തിരിച്ചുപിടിക്കാൻ അഴിമതി മാത്രമായിരുന്നു പോംവഴി. ജോലിയുടെയും ശമ്പളത്തിന്റെയും നിലവാരമനുസരിച്ച് കൈക്കൂലി വാങ്ങാൻ അവർ ‘റേറ്റ് കാർഡ്’ ഉണ്ടാക്കി. ഐപിഎസ്, ഐഎഎസ് മുതൽ സാധാരണ ഉദ്യോഗസ്ഥരുടെവരെ നിയമനത്തിൽ ഇങ്ങനെ പിരിവുനടത്തി. ബിജെപി പ്രവർത്തകനായിരുന്ന ഒരു കോൺട്രാക്ടർ 40% കമ്മിഷൻ കൊടുത്തു പൊറുതിമുട്ടി ആത്മഹത്യ ചെയ്തു. ഇതൊക്കെ വോട്ടിൽ പ്രതിഫലിച്ചു.
? കർണാടകയിൽ ബിജെപിയെ എതിരിടാൻ ശക്തനായ നേതാവ് താങ്കൾ മാത്രമാണെന്നു പലരും വിലയിരുത്തുന്നു.
ഇതൊരു ടീം വർക്കാണ്. ഞാൻ ശക്തമായി മുന്നിൽ നിന്നു എന്നതു ശരിതന്നെ. കാരണം ഈ വിജയം എനിക്കും ആവശ്യമായിരുന്നു. എനിക്ക് ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നു; കോൺഗ്രസിനും. ഈ പോരാട്ടം കോൺഗ്രസിന്റെ ഇന്ത്യയിലെ തേരോട്ടത്തിനു കാരണമാകുമെന്നു ഞാൻ കരുതുന്നു.
? ജെഡിഎസിൽനിന്ന് 4–5 % വോട്ട് കോൺഗ്രസിലേക്കു മാറി. താങ്കൾ പ്രതിനിധാനം ചെയ്യുന്ന വൊക്കലിഗ വിഭാഗത്തിന്റെ വോട്ടാണോ അത്.
അങ്ങനെയല്ല. കഴിഞ്ഞതവണ വൊക്കലിഗ മേഖലയിൽ നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. ലിംഗായത്ത് സമുദായവും ഒപ്പം നിന്നു. ഒബിസി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നെല്ലാം വോട്ടെത്തി. സംസ്ഥാനത്തെ സാമുദായികമായി കീറിമുറിച്ചു കാണാനില്ല. സാമുദായിക ഘടകങ്ങളെക്കാൾ രാജ്യത്തിന്റെ ഒരുമയാണു കാണുന്നത്.
? കോൺഗ്രസ് നൽകിയ 5 ഗാരന്റി നടപ്പാക്കണമെങ്കിൽ 56,000 കോടി രൂപയെങ്കിലും വേണം. നടക്കുമെന്നു കരുതുന്നുണ്ടോ.
വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ്. 26,000 കോടി രൂപ നീക്കിവയ്ക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ബാക്കി 30,000 കോടി കണ്ടെത്താൻ വ്യക്തമായ പദ്ധതി ഈ ആഴ്ചതന്നെ അവതരിപ്പിക്കും. ഉദ്യോഗസ്ഥരോട് ഇക്കാര്യത്തിൽ ജോലി തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. അവർ നേരിട്ടു വീടുകളിലെത്തും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. നേരിട്ട് അതിലേക്കു നിക്ഷേപിക്കും.
? ഇത്ര വലിയ തുക ക്ഷേമകാര്യത്തിനു ചെലവഴിച്ചാൽ നാടിന്റെ വികസനത്തിന് എംഎൽഎമാർക്ക് എവിടെനിന്നു പണം നൽകും.
ക്ഷേമപദ്ധതികളിൽ വിതരണം ചെയ്യുന്ന തുക സമൂഹത്തിലേക്കുതന്നെ ഒഴുകിയെത്തുമല്ലോ. പിന്നെ, വികസനത്തിനു വളരെ സാധ്യതകളുണ്ട്. ജോലി നൽകാൻ കഴിയുന്ന സംരംഭകർക്കു വലിയ പ്രോത്സാഹനം നൽകും. സംരംഭകർ ശക്തരാകുമ്പോൾ തൊഴിലവസരം വർധിക്കും. സർക്കാർ 5 ലക്ഷം ജോലി നൽകുമ്പോൾ സ്വകാര്യ സംരംഭകർവഴി 50 ലക്ഷം പേർക്കു തൊഴിൽ നൽകാനാകും.
? ഭാരത് ജോഡോ യാത്ര ഈ വിജയത്തിനു കാരണമായെന്നു കരുതുന്നുണ്ടോ.
തീർച്ചയായും. 21 ദിവസം രാഹുൽ ഗാന്ധി കർണാടകയിൽ ചെലവിട്ടു. 10 നിയമസഭാ മണ്ഡലങ്ങൾക്ക് ഒരു ദിവസം എന്ന രീതിയിൽ വീതിച്ചു നൽകി. അതനുസരിച്ചു പ്രവർത്തകരെത്തി ഒപ്പം നടന്നു. കുറച്ചു ദിവസംകൂടി നീട്ടണമെന്നും യാത്രയുടെ വേഗം കുറയ്ക്കണമെന്നും രാഹുൽ ഗാന്ധിയോട് ഞാൻ ആവശ്യപ്പെടുകപോലും ചെയ്തു.
? ഈ വിജയത്തിൽ സിദ്ധരാമയ്യയുടെ പങ്കിനെക്കുറിച്ച് എന്താണു പറയാനുള്ളത്.
സിദ്ധരാമയ്യ അദ്ദേഹത്തിനു സാധ്യമായ രീതിയിൽ എല്ലാം ചെയ്തു. സംസ്ഥാനം മുഴുവൻ സഞ്ചരിച്ചുള്ള പ്രചാരണമായിരുന്നു അദ്ദേഹത്തിന്റെ ചുമതല. പാർട്ടി സംവിധാനം ഞാൻ ഏറ്റെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മുതിർന്ന നേതാക്കൾ മുതൽ ബൂത്തുതലം വരെ ഏകോപിപ്പിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രൺദീപ് സുർജേവാല, കെ.സി.വേണുഗോപാൽ ഇവരെല്ലാം ഇതിൽ ഒപ്പം നിന്നു. ആ പദ്ധതി വിജയിച്ചു.
? ഈയിടെ ഹിന്ദു പെൺകുട്ടിയോടു സംസാരിച്ചു എന്ന കുറ്റത്തിന് ഒരു മുസ്‌ലിം യുവാവ് ആക്രമിക്കപ്പെട്ടല്ലോ.
തികച്ചും വ്യക്തിപരമായ അത്തരം കാര്യങ്ങളിൽ ഇടപെടാൻ മറ്റുള്ളവർ ആരാണ്. ബിജെപിക്കാർ ഭരണഘടന കണ്ടിട്ടുമില്ല, വായിച്ചിട്ടുമില്ല. അതിന്റെ കുഴപ്പമാണ്. പുതിയ കാലത്ത് വർഗീയതയ്ക്ക് ആയുസ്സില്ലെന്ന് ഇനി എന്നാണ് അവർ തിരിച്ചറിയുക.
? ഇത്തവണ ഓപ്പറേഷൻ താമര ഉണ്ടാകുമോ.
ഒരിക്കലുമില്ല. ബിജെപി തോൽവിയുടെ ആഘാതത്തിൽനിന്ന് ആദ്യം പുറത്തുവരട്ടെ. പാർട്ടിയെ ചതിച്ചുപോകില്ല എന്നുറപ്പുള്ളവർക്കാണ് ഇത്തവണ സീറ്റ് നൽകിയത്.
? താങ്കൾക്കെതിരെയും കേസുകൾ വരാം. മുഖ്യമന്ത്രിപദത്തിലെത്തിയാൽ കേന്ദ്ര ഏജൻസികൾ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോ.
കഴിഞ്ഞദിവസവും എനിക്കു നോട്ടിസ് കിട്ടി. എന്താണെന്നു വെളിപ്പെടുത്തുന്നില്ല. തെറ്റായതൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. അതിനാൽ ഭയമില്ല.
ഞാൻ സന്തോഷവാൻ; സിദ്ധരാമയ്യ ഭാഗ്യവാൻ
? ഉപമുഖ്യമന്ത്രി പദത്തിൽ തൃപ്തനാണോ.
ഞാൻ തൃപ്തനാണോ അല്ലയോ എന്നതിനു പ്രസക്തിയില്ല. സർക്കാർ നല്ല ഭരണം കാഴ്ചവയ്ക്കുന്നതാണ് എന്റെ സന്തോഷം. എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടുമ്പോൾ കൂടുതൽ സന്തോഷവാനാകും.
? പക്ഷേ, താങ്കൾ മുഖ്യമന്ത്രി ആകാത്തതിൽ വൊക്കലിഗ സമുദായം നിരാശയിലാണല്ലോ.
അതു സ്വാഭാവികമാണ്. രക്തബന്ധം അങ്ങനെയാണല്ലോ എപ്പോഴും. പക്ഷേ നമ്മൾ ത്യജിക്കാൻ തയാറാവണം. രാഷ്ട്രീയം ചിലപ്പോഴൊക്കെ ത്യാഗത്തിന്റേതും കരുതലിന്റേതുമാണ്.
? ഈ ത്യാഗവും കരുതലും എല്ലാക്കാലത്തും കർണാടകയിൽ കണ്ടിട്ടില്ലല്ലോ. മുൻകാലത്തെ താങ്കളുടെ അനുഭവം വച്ചു ചോദിച്ചതാണ്.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളിൽ ഞാനും ഹൈക്കമാൻഡും സിദ്ധരാമയ്യയും തമ്മിലുണ്ടായ ധാരണകളെക്കുറിച്ചു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഒത്തുതീർപ്പിലെത്തി എന്നതു തന്നെയാണു പ്രധാനം.
? സിദ്ധരാമയ്യ പാർട്ടിയിലെത്തി എട്ടാം വർഷം മുഖ്യമന്ത്രിയായി. അദ്ദേഹം ഭാഗ്യവാനാണെന്നു പലരും പറയുന്നു. എന്തു തോന്നുന്നു.
അതെ, അദ്ദേഹം ഉറപ്പായും ഭാഗ്യവാനാണ്.
(അഭിമുഖത്തിന്റെ പൂർണരൂപം ദ് വീക്കിന്റെ പുതിയ ലക്കത്തിൽ)
English Summary : Karnataka congress political analysis