പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലുള്ള വ്യാഖ്യാനങ്ങൾ മുഖ്യധാരാമാധ്യമങ്ങളും രാഷ്ട്രീയചിന്തകരും പങ്കുവയ്ക്കുകയുണ്ടായി. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിധ്യവും ചെങ്കോൽ പ്രതിഷ്ഠയും പൂജകളുമൊക്കെ ഭരണഘടനാധാർമികതയ്ക്കും മതനിരപേക്ഷ- ജനായത്ത- ബഹുസ്വര പാരമ്പര്യത്തിനും ചേരുന്നതല്ല എന്ന വിമർശനം ഒരുവശത്ത്. നമ്മുടെ ദീർഘകാല ചരിത്രവും സംസ്കൃതിയും പാടേ തിരസ്കരിച്ച്, യൂറോപ്യൻ ആധുനികതയെ മാത്രം അടിസ്ഥാനമാക്കി ഇന്ത്യൻ റിപ്പബ്ലിക് കെട്ടിപ്പടുത്ത നെഹ്റുവിയൻമാതൃകയെ തള്ളിക്കളഞ്ഞ് ഭാരതം അതിന്റെ സമ്പന്നമായ പൈതൃകത്തെ അഭിമാനപൂർവം വീണ്ടെടുത്ത ‘സാംസ്കാരികനവോത്ഥാനം’ എന്നാണ് ഈ ചടങ്ങിനെ അനുകൂലിക്കുന്നവർ വാദിച്ചത്. 1947 ഓഗസ്റ്റ് പതിനാലിന് അർധരാത്രിയിൽ നടന്ന ഔദ്യോഗികമായ അധികാരകൈമാറ്റച്ചടങ്ങ് ഭാരതീയ മാനങ്ങൾ ഇല്ലാത്തതും കൊളോണിയൽ അടിമത്തത്തിന്റെ അടയാളവുമായിരുന്നെന്നും അനുബന്ധമായി ആരോപിക്കപ്പെട്ടു. ചുരുക്കത്തിൽ, ‘ഭാരതീയന്റെ തനതായ സംസ്കൃതിയുടെ വീണ്ടെടുപ്പ്’ ആയിട്ടാണ് ഹൈന്ദവബിംബങ്ങളുടെ അതിപ്രസരം നിറഞ്ഞ ഇപ്പോഴത്തെ പൊതുചടങ്ങ് ന്യായീകരിക്കപ്പെട്ടത്.
എന്നാൽ, 1947ലെ അധികാരകൈമാറ്റച്ചടങ്ങിന്റെ ‘ഭാരതീയത ഇല്ലായ്മ’യെക്കുറിച്ചു പ്രചരിപ്പിക്കപ്പെടുന്ന പല ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. അന്നത്തെ ഔദ്യോഗിക ചടങ്ങ് ആരംഭിച്ചതുതന്നെ ഭാരതീയമായ ‘വന്ദേമാതരം’ ആലപിച്ചാണ്. സുചേതാ കൃപലാനിയാണ് പാടിയത്. അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ് അതിനുശേഷം ഹിന്ദുസ്ഥാനിയിൽ (ഹിന്ദിയും ഉറുദുവും കൂടിച്ചേർന്നത്) പ്രസംഗിച്ചു; ഇംഗ്ലിഷിൽ അല്ല.
ഇന്ത്യയുടെ മഹത്തായ അഹിംസാപാരമ്പര്യത്തെക്കുറിച്ചും ബഹുസ്വര സംസ്കാരത്തെക്കുറിച്ചും അധ്യക്ഷപ്രസംഗത്തിൽ വാചാലനായ രാജേന്ദ്രപ്രസാദ്, ഭൂരിപക്ഷ- ന്യൂനപക്ഷ സംസ്കാരങ്ങളും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും നൽകി. അതിനു ശേഷമാണ് അദ്ദേഹം സ്വാതന്ത്ര്യപ്രമേയം വായിക്കാൻ നെഹ്റുവിനെ ക്ഷണിച്ചത്. ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്നു തുടങ്ങുന്ന സ്വാതന്ത്ര്യപ്രമേയം നെഹ്റു വായിച്ചത് വിദേശഭാഷയായ ‘ഇംഗ്ലിഷിൽ’ ആയിരുന്നു എന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്താറുണ്ട്. പക്ഷേ, നെഹ്റു ആദ്യം പ്രസംഗിച്ചത് മനോഹരമായ ഹിന്ദുസ്ഥാനിയിൽ ആയിരുന്നു. അതിന്റെ ഇംഗ്ലിഷ് പരിഭാഷയാണ് അതിനുശേഷം പ്രമേയമായി വായിച്ചത്. ഇതു വളരെ വ്യക്തമായി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി പ്രൊസീഡിങ്സ് വാല്യം അഞ്ചിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇംഗ്ലിഷിലെ അവതരണം പിന്നീട് ലോകപ്രശസ്തമായതിനാൽ, അതേ പ്രസംഗത്തിന്റെ ലളിതസുന്ദരമായ ഹിന്ദുസ്ഥാനിരൂപം പാടേ വിസ്മരിക്കപ്പെട്ടു. പകരം, സ്വാതന്ത്ര്യമുഹൂർത്തത്തിൽവരെ ‘കൊളോണിയൽ ഭാഷയിൽ’ പ്രസംഗിച്ച പൈതൃകനിഷേധിയായി നെഹ്റു വിമർശിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, ആ പ്രസംഗത്തിന്റെ ഉള്ളടക്കം തികച്ചും ഭാരതീയമായിരുന്നു.
ചരിത്രം പിറവിയെടുത്തപ്പോൾ മുതൽ സ്വന്തം സ്വത്വം കണ്ടെത്താൻ ‘ഇന്ത്യ’ നടത്തിയ അനന്തമായ അന്വേഷണങ്ങളെ അതിൽ നെഹ്റു പ്രകീർത്തിക്കുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും നേട്ടങ്ങൾക്കിടയിലും ഇന്ത്യ ഒരിക്കലും ദിശാബോധം നഷ്ടപ്പെടുത്തുകയോ നമ്മുടെ ശക്തിസ്രോതസ്സായ മൂല്യങ്ങളെ വിസ്മരിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിമാനത്തോടെയാണ് അദ്ദേഹം ഓർമപ്പെടുത്തിയത്.
നെഹ്റുവിന്റെ സ്വാതന്ത്ര്യപ്രമേയത്തെ സർവാത്മനാ പിന്തുണച്ച് ആദ്യം സംസാരിച്ചത് ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയും മുസ്‌ലിംലീഗിന്റെ സമുന്നതനേതാവുമായിരുന്ന ചൗധരി ഖാലിക്കുസമാൻ ആയിരുന്നു. പിന്നീടു പ്രസംഗിച്ച ഡോ.രാധാകൃഷ്ണൻ, ഭഗവദ്ഗീതയിലെ ‘സർവഭൂതസ്ഥമാത്മാനം സർവഭൂതാനി ചാത്മനി’ (അധ്യായം 6.29) എന്നു തുടങ്ങുന്ന ശ്ലോകം ചൊല്ലി ‘സർവചരാചരങ്ങളിലും ദൈവത്തെ ദർശിക്കാൻ കഴിയുന്ന സഹിഷ്ണുതയും സാഹോദര്യവുമായി’ ‘സ്വരാജി’നെ നിർവചിച്ചു. അതിനുശേഷം, കൃത്യം പന്ത്രണ്ടുമണിക്ക് ഭരണഘടനാനിർമാണസഭ ഇന്ത്യയുടെ അധികാരം ഏറ്റെടുക്കുന്നതായി ഡോ.രാജേന്ദ്രപ്രസാദ്, മൗണ്ട്ബാറ്റണെ പ്രമേയത്തിലൂടെ അറിയിച്ചു. നെഹ്റുവല്ല, അറിയിച്ചത് എന്നും ഓർക്കണം.
സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടനാ അസംബ്ലി അംഗവുമായ ഹാൻസ ജിവ്‌രാജ് മേത്ത തുടർന്ന് അധ്യക്ഷനു ദേശീയപതാക സമർപ്പിച്ചു. പുരാതനകാലം മുതൽ ഇന്ത്യ പ്രതിനിധീകരിക്കുന്ന ഉദാത്തമായ പൈതൃകത്തെ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ച ഹാൻസ, ആ ആത്മീയസംസ്കൃതി ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനും ഉണ്ടെന്ന് ഓർമപ്പെടുത്തി. ഈ ത്രിവർണപതാക ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായും ലോകത്തെ ചൂഴ്ന്നുനിൽക്കുന്ന ഇരുട്ടിൽ വെളിച്ചമായും ഉയർന്നു പറക്കട്ടെ എന്ന അഭിവാദ്യങ്ങളോടെ ഇന്ത്യൻ സ്ത്രീകളുടെ സമ്മാനമായി ദേശീയപതാക രാഷ്ട്രത്തിനു സമർപ്പിക്കുന്നതായി അവർ പ്രഖ്യാപിച്ചപ്പോൾ നിറഞ്ഞ കരഘോഷങ്ങൾ സഭയിൽ മുഴങ്ങി. അതിനുശേഷം സുചേതാ കൃപലാനി സാരെ ജഹാം സെ അച്ഛാ എന്ന മുഹമ്മദ് ഇക്ബാലിന്റെ മനോഹരമായ ഗാനം ആലപിച്ചു. ഒടുവിൽ, ദേശീയഗാനമായ ജനഗണമന ചൊല്ലിയശേഷം സഭ പിരിഞ്ഞു.
‘സ്വാതന്ത്ര്യമുഹൂർത്തത്തിൽ’ നിറഞ്ഞുതുളുമ്പിയത് ബഹുസ്വരമായ ‘ഭാരതീയത’ തന്നെയാണ്, കൊളോണിയൽ അടിമത്തമല്ല എന്ന് ഇതിൽക്കൂടുതൽ വ്യക്തമാക്കാനുണ്ടോ? ഹിന്ദുവിനും മുസ്‌ലിമിനും സ്ത്രീകൾക്കും കൃത്യമായ പ്രാതിനിധ്യം നൽകി അടയാളപ്പെടുത്തിയ ആ ലളിതമായ ചടങ്ങിൽ സംസാരിച്ചവരെല്ലാം അയ്യായിരം വർഷത്തെ പഴക്കമുള്ള ഭാരതീയസംസ്കൃതിയുടെ മൂല്യം എടുത്തു പറഞ്ഞിരുന്നു. അതേസമയം, ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ‘ചിഹ്നങ്ങളുടെ’ ധാരാളിത്തം ഒഴിവാക്കുന്നതിൽ അന്നത്തെ നേതാക്കൾ അതീവജാഗ്രത കാണിച്ചു. ഇന്ത്യ എല്ലാവരുടേതുമാണ് എന്ന സന്ദേശം നൽകാനാണ് ആദ്യദിവസംതന്നെ അവർ ശ്രമിച്ചത്. അതുകൊണ്ടാണ് ചെങ്കോൽ മ്യൂസിയത്തിൽ ഒതുങ്ങിയതും. നേരെമറിച്ച്, ഹൈന്ദവആചാരങ്ങളെ മാത്രം ഇന്ത്യയുടെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കാനുള്ള അവസരമായി പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിക്കപ്പെട്ട ചടങ്ങ് മാറി.
ഇക്കാരണംകൊണ്ടുതന്നെ, ഈ ഉദ്ഘാടനച്ചടങ്ങ് ഭാരതീയ സാംസ്കാരിക നവോത്ഥാനത്തിന്റെ വീണ്ടെടുപ്പോ തിരിച്ചുവരവോ ആയി അടയാളപ്പെടുത്തുന്നതു ചരിത്രനിഷേധമാണ്. കാരണം, ഭാരതീയതയെ ഒരുകാലത്തും നമ്മുടെ ദേശീയപ്രസ്ഥാനവും ഭരണഘടനയും തള്ളിക്കളഞ്ഞിട്ടില്ല. പക്ഷേ, അവർ ഭാരതീയതയെ നിർവചിച്ചത് ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും കലയിലും എല്ലാം ലയിച്ചു ചേർന്നിരിക്കുന്ന വൈവിധ്യങ്ങളും ആ വൈവിധ്യങ്ങളെ അതിലംഘിച്ചു നിൽക്കുന്ന ഏകത്വവുമായിട്ടാണ്. ഭൂരിപക്ഷമതവുമായി മാത്രം ചേർന്നു പോകുന്ന ഒന്നായി ഭാരതീയതയെ അടയാളപ്പെടുത്താതിരിക്കാൻ അവർ ശ്രദ്ധിച്ചു. ഒരു ബഹുസ്വരസമൂഹത്തിൽ ജനായത്തവും മതനിരപേക്ഷതയും ദേശജീവിതത്തിന്റെ ആത്മാവാക്കി മാറ്റണമെങ്കിൽ ഇത്തരം സമീപനം അനിവാര്യമാണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു.
English Summary : New Parliament building inauguration ceremony analysis