∙ ഡോ. എം.ലീലാവതി: ഇനിയും എത്ര നാൾ നമ്മുടെ വീരസഹോദരിമാരുടെ മാനം തെരുവിൽ വലിച്ചിഴയ്ക്കുന്നതു  കണ്ടുകൊണ്ടിരിക്കേണ്ടിവരും? ചെങ്കോലിനെക്കാളും പൊൻകിരീടത്തെക്കാളും വിലപ്പെട്ടവയാണ് നാടിന്റെ പെൺമക്കൾ വിയർപ്പൊഴുക്കി നേടിയ  പതക്കങ്ങൾ. അവ ആറ്റിൽ ഒഴുകിപ്പോയിരുന്നെങ്കിൽ അതോടൊപ്പം ഒഴുകിപ്പോകുമായിരുന്നത് ഈ നാടിന്റെ മാനമാണ്. 

∙ ഡോ.വി.പി.ഗംഗാധരൻ: പുലർച്ചെ നാലു മണിവരെ ഉറക്കമില്ലാതെ ജോലി ചെയ്യുന്നതിനിടെ ഒരു യുവഡോക്ടറെ രോഗി ദാരുണമായി കൊലപ്പെടുത്തുന്നു. അതിൽ അമ്പരന്ന് വലിയ സങ്കടത്തോടെ പ്രതികരിക്കുന്നവരെ എതിർത്ത് സോഷ്യൽ മീഡിയയിൽ ഒരാൾക്കൂട്ടമുണ്ടാകുന്നു. ഇത്തരം നീചകൃത്യങ്ങളെപ്പോലും ന്യായീകരിക്കാൻ വാദമുഖങ്ങളുയർത്തുന്ന ഒരു വിഭാഗമാളുകൾ കേരളത്തിൽത്തന്നെയാണുള്ളത്! 

∙ ബി.ആർ.പി.ഭാസ്കർ: പെൺകുട്ടികളെ തമിഴർ അമ്മ എന്നു ചേർത്താണ് വിളിക്കാറുള്ളത്. എന്നാൽ, കേരളത്തിൽ അതു പ്രതീക്ഷിക്കാനാവില്ല. ഒരു കാര്യത്തിലും തമിഴരെ വിമർശിക്കാനുള്ള ധാർമിക അവകാശം മലയാളികൾക്കില്ല. ഒരു ആശുപത്രിയിലോ ഓഫിസിലോ പോയാൽ വണക്കം എന്നു പറഞ്ഞാണ് അവർ സ്വീകരിക്കാറുള്ളത്. കേരളത്തിലെ സ്ഥിതി ഞാൻ പറയുന്നില്ല.

∙ മുല്ലക്കര രത്നാകരൻ: അളവറ്റ സ്വർണവും കാറും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും വാരിക്കോരി നൽകുന്നത് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായി കാണുന്ന ആഡംബരപ്രിയർ തങ്ങളുടെ കുട്ടികളിൽ അൽപം അഹന്തകൂടിയാണ് കൊടുത്തുവിടുന്നത്. അതിനാലാവണം വിവാഹമോചന കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത്.

∙ ഹണി റോസ്: അതിഭീകരമായ വിധത്തിൽ ബോഡി ഷെയിമിങ്ങിനു ഞാൻ ഇരയായിട്ടുണ്ട്. ഒരാളുടെ ശരീരത്തെ കളിയാക്കുക എന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല. പക്ഷേ, സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ്.

∙ ഇന്ദ്രൻസ്: പണ്ടുകാലത്ത് ശരീരം വലുതാക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നീട് ആ തീരുമാനം മാറ്റി. ശരീരം വളർന്നില്ലെങ്കിലും അതിനെ അതിജീവിച്ചു വളരാൻ പറ്റി, ഇവിടെ ഇപ്പോഴും നിൽക്കാനുള്ള സമയവും കിട്ടി. ചിലർക്കേ ആ ഭാഗ്യം കിട്ടൂ. എനിക്ക് ആ ഭാഗ്യം കിട്ടി. മറ്റു ചിലർ ആ ഭാഗ്യം കിട്ടുന്നതിനു മുൻപ് മറ്റു മേഖലയിലേക്കു മാറും. 

∙  കെ.വേണു: എന്റേതു മുഖ്യമായും ഒരു ബൗദ്ധിക ജീവിതമായിരുന്നു. എന്റെ ബൗദ്ധിക ജീവിതം ഏറക്കുറെ അവസാനിച്ചിരിക്കുകയാണെന്നും ഇനി കാര്യമായൊന്നും ചെയ്യാനില്ലെന്നുമുള്ള തോന്നൽ ശക്തമാണ്. എങ്കിലും എന്നെപ്പോലൊരാൾ സ്വയം ജീവിതമവസാനിപ്പിക്കുന്നതു പലതരം വ്യാഖ്യാനങ്ങൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കുമെന്നും എന്നെ സ്നേഹിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും തിരിച്ചറിഞ്ഞതുകൊണ്ട് അത്തരം ചിന്തകളെ മുന്നോട്ടുപോകാൻ അനുവദിക്കാറില്ല.

∙ അഭിലാഷ് ടോമി: ചെറുപ്പത്തിൽ കടൽ കാണുമ്പോൾ അതിലേക്കു പോകാൻ അടങ്ങാത്ത ആഗ്രഹമായിരുന്നു. അന്നു കടലിലിറങ്ങാൻ സമ്മതിക്കില്ല. ഇപ്പോൾ കടലായ കടലൊക്കെ രണ്ടുതവണ കണ്ടതുകൊണ്ട് ഉള്ളിൽ കടൽ നിറഞ്ഞ അവസ്ഥയാണ്. ഒരു തരത്തിൽ പറഞ്ഞാൽ സ്വപ്ന സാക്ഷാത്കാരം.

∙ ജെറി അമൽദേവ്: ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസ് ചെയ്ത് ആദ്യ 35 ദിവസം ആരും സിനിമ കാണാൻ തിയറ്ററിൽ വന്നില്ല. നവോദയ അപ്പച്ചൻ പാട്ടുകളുടെ ഫൈനൽ റെക്കോർഡ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ കോളാമ്പിക്കാർക്കും കൊടുത്തു. അങ്ങനെ കേരളം മുഴുവൻ ഈ പാട്ടുകൾ കേട്ടു. അതൊരു പുതിയ തരംഗമായി. 35–ാം ദിവസം മുതൽ സിനിമ പിടിച്ചാൽ കിട്ടാത്തതുപോലെ മുന്നോട്ടുപോയി.

∙ ചെറുവയൽ രാമൻ: ആദിവാസികൾക്കു വേണ്ടിയുള്ള സംവരണവും നിയമനിർമാണവും നയങ്ങളുമെല്ലാം ഫലത്തിൽ അവർക്കെതിരായി വരികയോ അവർക്കു പ്രയോജനമില്ലാത്ത തരത്തിൽ നടപ്പാക്കുകയോ ആണ്. ഇതിന്റെ അനന്തരഫലങ്ങളാണ് ഇന്ന് ആദിവാസികൾ അനുഭവിക്കുന്നത്.

∙ ആർട്ടിസ്റ്റ് സുജാതൻ: പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന രംഗപട സങ്കൽപം കലാകാരൻ എന്ന നിലയിൽ മടുപ്പിച്ചു. മലയാളത്തിലെ മുഖ്യധാര നാടകവേദി മാറ്റത്തിനു മുതിരാത്തതാണ് രംഗപടം എഴുത്ത് അവസാനിപ്പിക്കാൻ എന്നെ നിർബന്ധിതനാക്കിയത്. നാടകങ്ങളുടെ ഘടനയിൽ സമീപകാലത്ത് വലിയമാറ്റം ഉണ്ടായെങ്കിലും രംഗപടത്തിൽ പതിവു ചട്ടക്കൂട് ഉപേക്ഷിക്കാൻ പലരും ധൈര്യം കാട്ടുന്നില്ല.

English Summary: vachaka mela