തോൽപിക്കാം, പ്ലാസ്റ്റിക്കിനെ
മണ്ണിൽ അലിയാത്തതും നശിപ്പിക്കാനാവാത്തതുമായ വസ്തുക്കൾ മിക്കതും പ്രകൃതിക്കെതിരാണ്. കീടനാശിനിയായ ഡിഡിടി നമ്മുടെ മുലപ്പാലിൽവരെ കലർന്നു. ശീതീകരണികളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ ശോഷിപ്പിച്ചു. പെട്രോൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ പിടിച്ചാൽകിട്ടാത്ത വിധം അന്തരീക്ഷതാപനം വർധിപ്പിക്കുന്നു.
നാശമില്ലാതെ ഭൂമിക്കു ഭാരമായി മാറുന്ന മറ്റൊരു വസ്തുവിന്റെ ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റി ഈ വർഷത്തെ പരിസ്ഥിതിദിനം ഓർമപ്പെടുത്തുന്നു– തോൽപിക്കാം, പ്ലാസ്റ്റിക് കൊണ്ടുള്ള മലിനീകരണത്തെ. എന്തിനും ഏതിനും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഭൂമിയെയും സമുദ്രങ്ങളെയും ശ്വാസംമുട്ടിച്ച് ജീവജാലങ്ങൾക്കെല്ലാം ഭീഷണി ഉയർത്തുന്നു. പ്ലാസ്റ്റിക് വ്യാപനത്തിന്റെ ഉത്തരവാദിത്തം മനുഷ്യനു മാത്രമുള്ളതാണ്. പ്ലാസ്റ്റിക് കൂനകളാണ് ഈ കാലഘട്ടത്തിന്റെ അടയാളംതന്നെ. കടലിൽ കലരുന്ന ചെറുതരി പ്ലാസ്റ്റിക് മത്സ്യങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്കും കയറുന്നു.
കമ്പനികൾ പ്ലാസ്റ്റിക് തിരിച്ചെടുക്കണം
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന 19 തരം പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാമാറ്റ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. ഉൽപാദക കമ്പനികളും കടകളും പാക്കിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തിരിച്ചെടുക്കണമെന്നതാണ് മറ്റൊരു നിർദേശം. എന്നാൽ, Extended Producer Responsibility (EPR) എന്ന ഈ ഉത്തരവാദിത്തം ഫലപ്രദമായി നിർവഹിക്കാൻ ഇവർ തയാറാകുന്നില്ല. ഉൽപാദകരുടെ കടമ സംബന്ധിച്ച അവ്യക്തതമൂലം ഇതു കർശനമായി നടപ്പാക്കാനായിട്ടില്ല.
ഒരു കമ്പനി ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക് എത്രയെന്നോ അതിൽ മാലിന്യമാകുന്നത് എത്രയെന്നോ ഉള്ള കണക്കുകൾ സർക്കാർതലത്തിൽ ലഭ്യമല്ല. സ്വയം പ്രഖ്യാപിക്കാമെന്നു നിയമം പറയുന്നുണ്ടെങ്കിലും എത്ര കമ്പനികൾ ഇതു ചെയ്യുന്നുവെന്നോ അവർ പറയുന്ന കണക്ക് കൃത്യമാണെന്നോ പരിശോധിക്കാനും സംവിധാനമില്ല.
പ്ലാസ്റ്റിക് ശേഖരിക്കുന്ന കമ്പനികൾ 2024 മുതൽ അവ പുനഃചംക്രമണം ചെയ്തു തുടങ്ങിയാൽ മതിയെന്നും പറയുന്നു. ഇതിനു മുൻപ് ഉൽപാദിപ്പിച്ച പ്ലാസ്റ്റിക്കിന്റെ കാര്യം എങ്ങനെ? ശേഖരിക്കുന്നുണ്ടോ ? അതോ, വെള്ളത്തിലേക്കും മണ്ണിലേക്കും വലിച്ചെറിയുകയാണോ ? കത്തിക്കുകയാണോ?
രാജ്യത്തെ പല തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് ഭീഷണിക്കു സ്വന്തം നിലയിൽ പരിഹാരം കാണുന്നുണ്ട് എന്നതു ശുഭപ്രതീക്ഷ നൽകുന്നു. കനം 120 മൈക്രോണിൽ കുറയരുതെന്ന വ്യവസ്ഥയൊന്നും പരിഗണിക്കാതെ രാജ്യത്തെ 25 സംസ്ഥാനങ്ങൾ എല്ലാത്തരം പ്ലാസ്റ്റിക് ബാഗുകളും നിരോധിച്ചു. പലയിടത്തും ഇവ പിടിച്ചെടുത്തു പിഴയീടാക്കുന്നു. നല്ല രീതിയിൽ ഉണക്കിയെടുത്ത പ്ലാസ്റ്റിക് പലയിടത്തും വീടുകളിൽനിന്നു ശേഖരിച്ചു തുടങ്ങി.
നനവില്ലാതെ കിട്ടിയാൽ പ്ലാസ്റ്റിക് പുനരുപയോഗം എളുപ്പമാണ്. ഖരമാലിന്യ പുനഃചംക്രമണ സംവിധാനങ്ങൾ (MRFs), പലയിടങ്ങളിലും വന്നുകഴിഞ്ഞു. പ്ലാസ്റ്റിക്കിലെയും മറ്റും മൂല്യവത്തായ ഭാഗങ്ങൾ പ്രത്യേകം വേർതിരിച്ച് പുനഃചംക്രമണത്തിന് അയയ്ക്കുന്നതു വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി ചില തദ്ദേശ സ്ഥാപനങ്ങളെങ്കിലും നടപ്പാക്കി. സിമന്റ് ചൂളകളിലേക്കും റോഡ് ടാർ ചെയ്യാനും പലയിടത്തും പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. ഇതെല്ലാം ശുഭസൂചനകളാണ്.
ഒഴിവാക്കാം, ഇരട്ടപ്ലാസ്റ്റിക്
ഗുഡ്കയും ഉപ്പേരിയും മറ്റു ചില ഭക്ഷ്യവസ്തുക്കളും നിറയ്ക്കുന്നത് ഇരട്ട ആവരണമുള്ള പ്ലാസ്റ്റിക് കൂടുകളിലാണ്. പുനരുപയോഗത്തിനു പറ്റാത്ത ഇവയ്ക്കു ബദൽ വസ്തുക്കൾ കണ്ടെത്തണം. 2016ലെ പ്ലാസ്റ്റിക് മാനേജ്മെന്റ് നിയമത്തിലും മൾട്ടി ലെയർ പ്ലാസ്റ്റിക് പുനരുപയോഗത്തിനു പറ്റിയതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ശേഖരിക്കാനും പുനരുപയോഗിക്കാനും പറ്റാത്ത ഇവയാണ് മിക്ക പ്ലാസ്റ്റിക് മാലിന്യക്കൂനകളിലും ഏറ്റവുമധികം കാണപ്പെടുന്നത്. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം. പാക്കിങ് സമ്പ്രദായങ്ങളും പ്രകൃതി സൗഹൃദമാകണം. ആൾശേഷിയും ഇച്ഛാശക്തിയും ഇല്ലാത്ത ദുർബല ഭരണസംവിധാനങ്ങളെ ഏൽപിച്ചാൽ പ്ലാസ്റ്റിക് നിരോധനം നടപ്പാവില്ല.
ആദരിക്കണം ഹരിതസേനയെ
നമ്മൾ വലിച്ചെറിയുന്ന മാലിന്യം ശേഖരിച്ച് അവയിൽനിന്നു മൂല്യവസ്തുക്കൾ കണ്ടെത്തുന്ന ഹരിതസേനാംഗങ്ങളെ അംഗീകരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഔദ്യോഗിക പിന്തുണയില്ലാതെ ജോലി ചെയ്യുന്ന ഇവർ ഭൂമിയുടെയും പരിസ്ഥിതിയുടെയും കാവലാളുകളാണ്. നിരോധിച്ച പ്ലാസ്റ്റിക്കിൽ ഇട്ടുതരുന്ന വസ്തുക്കളും പാക്ക് ചെയ്ത ഉൽപന്നങ്ങളും വാങ്ങാതിരിക്കാം. മറ്റ് അനാവശ്യ പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഭാവിയിൽ നിരോധിക്കുന്നതിനെ സ്വാഗതം ചെയ്ത് അതിനായി നമ്മുടെ സ്വഭാവരീതികൾ സ്വയം തിരുത്താം. മാലിന്യത്തിന് ഉത്തരവാദികൾ നമ്മളാണ് എന്ന് തിരിച്ചറിയുക. നാളെകളിൽ പ്ലാസ്റ്റിക് ഇല്ലാതെയും ജീവിക്കാൻ ഇപ്പോഴേ പഠിക്കുക.
(ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് മേധാവിയും പരിസ്ഥിതി വിദഗ്ധയുമാണ് ലേഖിക)
Content Highlight: Plastic Waste Management