അരികിലെത്തുന്നു ഡിജിറ്റൽ സമത്വം
പുതിയ കാലത്തിൽ ആത്മവിശ്വാസത്തിന്റെ മറ്റൊരു കയ്യൊപ്പുകൂടി ചാർത്തിയിരിക്കുകയാണു കേരളം. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പ്രവൃത്തിപഥത്തിലെത്തിയിരിക്കുന്നു. ഡിജിറ്റൽ വേർതിരിവില്ലാത്ത കേരളം അരികിലെത്തുന്നത് അഭിമാനകരംതന്നെ. ആദിവാസി ഊരുകളിലേക്കുവരെ സുഗമമായ ഇന്റർനെറ്റ് സൗകര്യമെത്തുന്നതു സാമൂഹിക നവോത്ഥാനത്തിന്റെ പുതുകാല വിളംബരമായിക്കാണാം.
സാങ്കേതിക സാധ്യതകളുടെ വളക്കൂറുള്ള മണ്ണായി നമ്മുടെ സംസ്ഥാനം വളരുന്നതിന്റെ ശുഭമുദ്രകൾ ആഹ്ലാദജനകമാണ്. ആശയങ്ങളുടെയും സാങ്കേതികതയുടെയും കണക്‌ടിവിറ്റിയുടെയുമൊക്കെ ലയനമാണു ഡിജിറ്റൽ ലോകം. ആ നവലോകത്ത് ഏറ്റവും മികച്ച രീതിയിൽ, എത്രയും വേഗം കരുത്താർജിക്കേണ്ടതു കേരളത്തിന്റെ മുഖ്യ ആവശ്യംതന്നെയാണ്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ നിർണായക നാഴികക്കല്ലാവുകയാണ് കെ ഫോൺ.
വലിയ സാധ്യതകളും പ്രതീക്ഷകളുമാണ് നവകേരളത്തിനായി കെ ഫോൺ പദ്ധതി മുന്നിൽവയ്ക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നാണു സർക്കാരിന്റെ വാഗ്ദാനം. ഇതോടൊപ്പം സ്‌കൂളുകൾ, ആശുപത്രികൾ, ഓഫിസുകൾ തുടങ്ങി മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ വഴി ഇന്റർനെറ്റ് എത്തുന്നു. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്‌ഷനുകൾ നൽകാൻ പര്യാപ്തമായ കണക്ടിവിറ്റി ശൃംഖല കെ ഫോണിനുണ്ടെന്നത് സാധ്യതകളുടെ പുതിയ ലോകമാണു തുറന്നിടുന്നത്. ഈ സാധ്യതകൾ പൂർണമായി ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇന്റർനെറ്റ് പദ്ധതിയാണിത്.
ഡിജിറ്റൽ ആകാശത്ത്, പല കാര്യങ്ങളിലും മുൻപേ പറക്കുന്ന പക്ഷിയാണു കേരളം. ഇൻഫർമേഷൻ ടെക്നോളജിയുടെയും വ്യവസായമേഖലയുടെയും ചരിത്രത്തിൽ മാത്രമല്ല, കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തിലും പുതിയ അധ്യായം രചിച്ച തിരുവനന്തപുരം ടെക്‌നോപാർക്കിന് 1990ൽ രൂപം നൽകിയപ്പോൾ ഇന്ത്യയിൽതന്നെ ഇത്തരത്തിലുള്ള ആദ്യ സ്‌ഥാപനമായിരുന്നു അത്. പൊതുവിദ്യാഭ്യാസ മേഖലയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം, ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ ആദ്യ സംസ്ഥാനം തുടങ്ങി നമ്മുടെ പെരുമകളേറെയാണ്. കേരളത്തെ ആദ്യ സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചത് ഈയിടെയാണ്. അടുത്ത വർഷം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കാനും നാം ലക്ഷ്യമിടുന്നു.
നാലു വർഷംമുൻപ് ആരംഭിച്ച കെ ഫോൺ പദ്ധതി കോവിഡ് കാരണമാണു വൈകിയതെന്നു സർക്കാർ പറയുന്നുണ്ട്. ഇനിയും സമയം പാഴാക്കാനില്ലെന്ന തിരിച്ചറിവോടെ വേണം തുടർനടപടികൾ. 20 ലക്ഷത്തോളം വീടുകളിൽ സൗജന്യ കണക്‌ഷൻ എന്ന വാഗ്ദാനത്തോടെയാണു പദ്ധതി തുടങ്ങിയതെങ്കിലും പിന്നീട് ഈ ലക്ഷ്യം ആദ്യഘട്ടത്തിൽ 14,000 വീട് എന്നാക്കി; ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടു വീതം. ഇതിൽ 7000 വീടുകളിലാണ് ഇതിനകം കേബിൾ സ്ഥാപിച്ചത്. കണക്‌ഷൻ നൽകിയത് ആയിരത്തോളം വീടുകളിൽ മാത്രം. സംസ്ഥാനം മുഴുവനെത്തുമെന്ന പ്രഖ്യാപനത്തോടെ ഏഴു വർഷംമുൻപു തുടങ്ങി ഇപ്പോഴുമിഴയുന്ന സിറ്റി ഗ്യാസ് പദ്ധതിയെപ്പോലെയാവാതെ, കെ ഫോണിന്റെ കാര്യത്തിൽ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രയുംവേഗം കൈവരിക്കണം. നടപടിക്രമങ്ങളിൽ സുതാര്യത പാലിക്കുകയും വേണം.
സാങ്കേതികവിദ്യയും അതിലധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിലെ എല്ലാവർക്കും പ്രയോജനപ്പെടണമെന്നതു നവകാലത്തിന്റെ ആവശ്യംതന്നെയാണ്. മികച്ച ഭാവി സ്വപ്നം കാണുന്ന നമ്മുടെ യുവതയുടെ പഠനത്തിനും തൊഴിൽസാധ്യതകൾക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും കെ ഫോൺ തുണയാകണം. സ്‌റ്റാർട്ടപ് സംരംഭകർമുതൽ കർഷകർവരെ ഡിജിറ്റൽകേരളത്തിന്റെ ഗുണഭോക്‌താക്കളാകുകയും വേണം. കേരളം കൈവരിച്ച സാങ്കേതികനേട്ടങ്ങളുടെ ഗുണം സമൂഹത്തിന്റെ താഴെത്തട്ടിൽവരെയെത്തിക്കുമ്പോഴേ ഈ സാമൂഹികദൗത്യം ഫലശ്രുതി നേടൂ. എത്രയുംപെട്ടെന്നു ഡിജിറ്റൽ സമത്വത്തിലേക്കുള്ള പുതുവഴി വെട്ടാൻ കെ ഫോണിനു കഴിയട്ടെ.
English Summary : Editorial about Kfon