പാർട്ടിപ്പേടിയിൽ പ്രിൻസിപ്പൽമാർ
ഓരോ കലാലയത്തിന്റെയും നാഥനോ നാഥയോ ആണ് പ്രിൻസിപ്പൽ. പഠനനിലവാരവും കലാലയത്തിന്റെ സുഗമ പ്രവർത്തനവും വിദ്യാർഥിക്ഷേമവുമൊക്കെ ഉറപ്പാക്കാനുള്ള മഹനീയ ചുമതലയാണ് അവർക്കുള്ളതെങ്കിലും ഭരിക്കുന്ന പാർട്ടിയോടുമുതൽ അവരുടെ വിദ്യാർഥിസംഘടനയോടുവരെ വിധേയത്വവും പേടിയുമുള്ള പ്രിൻസിപ്പൽമാർ ചില കോളജുകളിലെങ്കിലുമുണ്ട്. അതുകൊണ്ടാണ് കോളജിൽ നടക്കുന്ന അന്യായപ്രവർത്തനങ്ങളെ അവർക്കു ന്യായീകരിക്കേണ്ടിവരുന്നത്. പാർട്ടിപ്പേടിയില്ലാത്ത പ്രിൻസിപ്പൽമാർക്കു നേരിടേണ്ടിവരുന്ന അക്രമങ്ങളും കേരളം പലവട്ടം കണ്ടു. സംസ്ഥാനത്ത് ആകെയുള്ള 66 ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒരിടത്തുപോലും സ്ഥിരം പ്രിൻസിപ്പൽ ഇല്ലെന്നതിന്റെ പ്രശ്നങ്ങൾകൂടി ഇപ്പോഴത്തെ സാഹചര്യത്തോടു ചേർത്തുവയ്ക്കേണ്ടതാണ്.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജ് തിരഞ്ഞെടുപ്പിലെ ആൾമാറാട്ടത്തിനു പിന്നാലെ എസ്എഫ്ഐ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയത് എറണാകുളം മഹാരാജാസ് കോളജ് സംഭവമാണ്. മഹാരാജാസിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ചതിനു പൂർവവിദ്യാർഥിനിയും എസ്എഫ്ഐ മുൻ നേതാവുമായ കെ.വിദ്യയ്ക്കെതിരെ കേസെടുത്തതിനൊപ്പംതന്നെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാതെ പരീക്ഷ ‘ജയിച്ച’ ആരോപണവുമുയർന്നത്. ആദ്യം ആർഷോയെ തള്ളിപ്പറഞ്ഞ മഹാരാജാസ് കോളജ് അധികൃതർ പിന്നീട് അനുകൂലിച്ചു രംഗത്തെത്തി. ബുധനാഴ്ച രാവിലെ ആർഷോയുടെ വാദം തള്ളിയ കോളജ് പ്രിൻസിപ്പൽ ഉച്ചകഴിഞ്ഞ് അഭിപ്രായം മാറ്റുകയായിരുന്നു.
കാട്ടാക്കട കോളജിലാകട്ടെ, പ്രിൻസിപ്പലിന്റെ ചുമതല വഹിച്ച അധ്യാപകന്റെ നേതൃത്വത്തിലാണ് ആൾമാറാട്ടത്തിനു കളമൊരുക്കിയത്. കുട്ടികളുടെ ഭാഗത്തു വീഴ്ച ഉണ്ടായാൽ ചൂണ്ടിക്കാട്ടി തിരുത്തേണ്ട ഉത്തരവാദിത്തം എസ്എഫ്ഐയോടുള്ള വിധേയത്വംകൊണ്ട് അവർ മറന്നു.
അധ്യാപകരോടു കാണിക്കേണ്ട ആദരം എസ്എഫ്ഐ മറക്കുമ്പോഴോ? പാലക്കാട് വിക്ടോറിയ കോളജിൽ 2016ൽ കോളജ് പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരുസംഘം വിദ്യാർഥികൾ അവർക്കു കുഴിമാടം ഒരുക്കിയ സംഭവം കേരളത്തിലുടനീളം ചർച്ചചെയ്യപ്പെട്ടതാണ്. വിരമിച്ച പ്രിൻസിപ്പലിനു വിദ്യാർഥികൾ ഒരുക്കിയതു കുഴിമാടമല്ലെന്നും അത് ‘ആർട് ഇൻസ്റ്റലേഷനായി’ (പ്രതിഷ്ഠാപന കല) കാണണമെന്നുമാണ് മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ പാർട്ടിയുടെ സമുന്നത നേതാവ് പറഞ്ഞത്. വിദ്യാഭ്യാസം, സാക്ഷരത, സംസ്കാരം എന്നിവയുടെയൊക്കെ പേരിൽ പെരുമകൊള്ളുന്ന കേരളത്തിനാകെത്തന്നെ അപമാനകരമായ ഇത്തരം നിർഭാഗ്യസംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപനമുണ്ടാകാറുണ്ടെങ്കിലും പുതിയ അധ്യയന വർഷം തുടങ്ങിയപ്പോഴും നമ്മുടെ സർക്കാർ കോളജുകളും സർവകലാശാലകളും നാഥനില്ലാക്കളരികളാണ്. ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിലെവിടെയും സ്ഥിരം പ്രിൻസിപ്പൽ ഇല്ലെന്നതിനോടൊപ്പം 9 സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരുമില്ല. ഗവ. കോളജുകളിൽ വർഷങ്ങളായി ഇൻചാർജ് ഭരണമാണ്. 66 കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ, പരാതിക്കാരെക്കൂടി ഉൾപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വീണ്ടും സിലക്‌ഷൻ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. ഇത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്നും പുതിയ സിലക്‌ഷൻ കമ്മിറ്റിയിലെ സബ്ജക്ട് എക്സ്പർട്ടുകളിൽ ഭൂരിപക്ഷവും ഭരണകക്ഷി ചായ്‌വുള്ളവരാണെന്നും ആരോപണമുണ്ട്.
എസ്എഫ്ഐ പ്രതിസ്ഥാനത്തു വരുന്ന കേസുകളുടെ എണ്ണം പെരുകുമ്പോൾ അവയിലെ പൊലീസ്– നിയമനടപടികൾക്കു വേഗം പോരെന്ന പരാതിയും ഗൗരവമുള്ളതാണ്. പിഎസ്‌സി ചോദ്യക്കടലാസ് ചോർത്തൽ, പൊലീസിനെ കയ്യേറ്റം ചെയ്യൽ മുതൽ വ്യാജരേഖ ചമയ്ക്കൽ വരെയുള്ള കേസുകളിലും ഭരണബന്ധം തണൽ വിരിച്ചുനിൽക്കുന്നതു കാണാം. പല കേസുകളിലും പൊലീസ് ‘കിണഞ്ഞു ശ്രമിച്ചാലും’ പ്രതികളെ കിട്ടാറുമില്ല.
നവസമൂഹത്തിനു ചേർന്ന പ്രവർത്തനശൈലി സ്വീകരിക്കുക എന്ന സാർവലൗകിക നിയമം വിദ്യാർഥി സംഘടനകൾക്കും ബാധകമാണ്. ഭീഷണിയുടെയും സമ്മർദത്തിന്റെയും സ്വരമല്ല അവയിൽനിന്നു പ്രതീക്ഷിക്കുന്നത്. വിദ്യാർഥിനേതാക്കൾ അനുചിതവും അന്യായവുമായ ആവശ്യങ്ങൾ കൽപിച്ചാൽ, ‘എനിക്കു നിങ്ങളോ നിങ്ങളുടെ പാർട്ടിയോ അല്ല ശമ്പളം തരുന്നത്’ എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞ് തള്ളിക്കളയാൻ നമ്മുടെ പ്രിൻസിപ്പൽമാർക്ക് എന്നാണിനി കഴിയുക?
English Summary : Editorial about prinicipals fearing ruling parties