സുരേഷ് ഗോപിയുടെ  കാറിനു സൈഡ് കൊടുക്കാതെ ടാങ്കർ ലോറി വളച്ചും പുളച്ചും ഓടിച്ച തമിഴ്നാട്ടുകാരനെ പൊലീസ് പിടിച്ചെന്ന വാർത്ത കേട്ടു മൂക്കത്തു വിരൽവച്ചുപോയി. പിടികൂടിയവന്റെ പേര് ഭരത് എന്നുതന്നെ. തടഞ്ഞതു സാക്ഷാൽ ‘ഭരത്ചന്ദ്രൻ ഐപിഎസി’നെ. കുടുങ്ങിപ്പോയ സുരേഷ് ഗോപി പൊലീസിനെ വിളിക്കുകയായിരുന്നത്രേ. ‘‘പഴയ വിജയനായിരുന്നെങ്കിൽ’’ എന്നു മുഖ്യമന്ത്രി പറയുന്നതുപോലെ ‘‘സിനിമയിലെ സുരേഷ് ഗോപിയായിരുന്നെങ്കിൽ’’ എന്നു നായകൻ മനസ്സിൽ പറഞ്ഞിട്ടുണ്ടാകണം. താൻ ആരെയാണു തടഞ്ഞതെന്നു മനസ്സിലാകാൻ അണ്ണന്റെ നാലഞ്ചു തനി ‘ബ്രഹ്മാണ്ഡ’ സിനിമകൾ പ്രതിയെ കാണിച്ചുകൊടുക്കണം. ‘‘ഓർമയുണ്ടോ ഈ മുഖം’’ എന്നും ചോദിക്കണം. മേലിൽ സൈക്കിളുകാരൻ ബെല്ലടിച്ചാലും ഓവർട‌േക്ക് ചെയ്യാൻ കക്ഷി സമ്മതിക്കും. രാജ്യത്തു പല മൂലയിൽനിന്ന് രാജ്യസഭ വഴി കേരളത്തിന്റെ കേന്ദ്രമന്ത്രിയാകാനേ ബിജെപിയിൽ പലർക്കും ഇതുവരെ യോഗമുണ്ടായിട്ടുള്ളൂ. ലോക്സഭയിൽ ജയിച്ച് കേന്ദ്രമന്ത്രിയാകണം എന്നൊരു മോഹം നമ്മുടെ നായകനുണ്ടെന്നാണു ‌ശ്രുതി. ദുരാഗ്രഹമെന്നു പറഞ്ഞുകൂടെങ്കിലും നിസ്സാരമല്ല അഗ്നിപരീക്ഷ. മുന്നിൽ വളഞ്ഞും പുളഞ്ഞും മത്സരിച്ചു വഴിതടയുകയാണു രണ്ടു മുന്നണികളും. ‘തൃശൂർ ഞാനിങ്ങെടുത്തതിന്റെ’ ക്ഷീണം മാറിവരുന്നതേയുള്ളൂ.

സൈഡ് കൊടുക്കുന്ന ശീലം ബിജെപിയിലും പതിവില്ല. ശോഭാ സുരേന്ദ്രനും എം.ടി.രമേശും തൊട്ട് സന്ദീപ് വാരിയർ വരെയുള്ളവർ ഹോണടിച്ചു തളർന്നിട്ടും വി.മുരളീധരൻ കൊടുത്ത ഹെവി ലൈസൻസിൽ വണ്ടിയോടിക്കുന്ന കെ.സുരേന്ദ്രനുണ്ടോ വല്ല കുലുക്കവും!. കയറ്റിവിടില്ലെന്നു തന്നെയല്ല, ഹോണടിയുടെ ശല്യം ഒഴിവാക്കാൻ പാർട്ടിയുടെ പൊലീസിനെ വിട്ട് പിന്നാലെ കൂടുന്നവരെ കുടുക്കാൻ നോക്കുന്നതായും കേൾവിയുണ്ട്. എടുക്കുന്നത് പലതും പെറ്റിക്കേസ് ആണെങ്കിലും യാത്ര മുടക്കാനും വൈകിക്കാനും അതു ധാരാളം.

പാർട്ടിയിലെ ഈ കൂട്ടപ്പാച്ചിലിനിടയിലാണ് മുന്നോട്ടു വഴി കാണാതെ രണ്ടു സിനിമക്കാർ കൂടി സിപിഎമ്മിലേക്കു റൂട്ട് മാറ്റിപ്പിടിക്കുന്നത്. സിനിമയിൽ ഉണ്ടുറങ്ങി ഭേദപ്പെട്ടു കഴിഞ്ഞ സംവിധായകൻ രാജസേനൻ പെട്ടെന്നൊരു വിളി തോന്നി ബിജെപിയിൽ എത്തിയതാണ്. തിരുവനന്തപുരത്ത് അരുവിക്കരയിൽ സ്ഥാനാർഥിയുമായി. പണ്ടു കുറെ ഹിറ്റ് സിനിമകൾ തന്നു ചിരിപ്പിച്ചെന്ന സൗമനസ്യം പോലും കാട്ടിയില്ല ദുഷ്ടൻമാരായ വോട്ടർമാർ. ഇപ്പോൾ സിപിഎമ്മിലേക്കു ക്ലാപ്പടിക്കുകയാണ്. ജോലി തേടി കോയമ്പത്തൂരിൽ എത്തിയ മലയാളിയോട് ‘‘നല്ല ഒന്നാന്തരം തല്ല് നാട്ടിൽ കിട്ടില്ലേ, ഇവിടെനിന്നുതന്നെ വേണമെന്നുണ്ടോ?’’എന്ന ഡയലോഗ് രാജസേനന്റെ തന്നെ സിനിമയിലുണ്ട്.

അറം പറ്റുന്നത് പലർക്കും പല രീതിയിലാണ്. രാജസേനന്റെ വഴിയിലാണ് നടൻ ഭീമൻ രഘുവും. പണ്ട് ഗണേഷ് കുമാറിനെതിരെ കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ബിജെപിയുടെ സ്ഥാനാർഥിയായിരുന്നു. വെള്ളം കയറിയ നിലയമിട്ടു പോലെയായി. ചീറ്റിയതു പോലുമില്ല. തിരുവനന്തപുരത്ത് പടക്കക്കടയുടെ ബ്രാൻഡ് അംബാസഡറാണ് രഘു. ‘ഭീമൻ പടക്ക് കട’ എന്നാണു ബോർഡുകൾ. പടക്കം എന്ന് എഴുതിത്തീരുംമുൻപ് പൊട്ടിത്തെറിച്ചപോലാണ് ‘പടക്ക്’ എന്ന തെക്കൻ പ്രയോഗം. എത്രയെണ്ണം ചീറ്റിയാലും അടുത്തതു പൊട്ടാതിരിക്കില്ല എന്ന പ്രതീക്ഷയാണ് പടക്കക്കച്ചവടത്തിന്റെ ആണിക്കല്ല്. ഭീമന്റേതു രണ്ടാമൂഴമാണെന്ന് സാക്ഷാൽ എംടി പോലും പറഞ്ഞിട്ടുണ്ട്.

പല്ലി‌ട കുത്താം, മണപ്പിക്കണോ?

എറണാകുളം മഹാരാജാസിൽ പഠിപ്പിച്ചതായി വ്യാജരേഖയുണ്ടാക്കി മറ്റൊരു കോളജിൽ ജോലിക്കു ശ്രമിച്ചെന്ന നിസ്സാര പരാതിയേ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയുടെ പേരിലുള്ളൂ. അത് കക്ഷി ഒറ്റയ്ക്കു ചെയ്തതാണെന്നും എസ്എഫ്ഐയിൽനിന്നോ സിപിഎമ്മിൽനിന്നോ പിന്തുണ കിട്ടിയിട്ടില്ലെന്നും ഇ.പി.ജയരാജന് ഉറപ്പാണ്. കേരളത്തിന്റെ തനതുകല എന്ന നിലയിൽ ‘കെ–വിദ്യ’ എന്നും വിളിക്കാമോ എന്നു പറഞ്ഞില്ലെന്നേയുള്ളൂ. ഇതെല്ലാം ഒരു പെൺകുട്ടിക്ക് ഒറ്റയ്ക്കു ചെയ്യാൻ പറ്റുമോ എന്ന സംശയത്തിന് ‘‘പറ്റും, രാജീവ് ഗാന്ധിയെ കൊന്നത് ഒരു പെൺകുട്ടി ഒറ്റയ്ക്ക് ബോംബുമാല ധരിച്ചു വന്നല്ലേ’’ എന്നാണു ജയരാജൻ ചോദിച്ചത്. ‘എന്നാലും എന്റെ വിദ്യേ’ എന്നേ സിപിഎം നേതാവ് പി.കെ.ശ്രീമതി ഫെയ്സ്ബുക്കിലൂടെ പറഞ്ഞുള്ളൂ. ജയരാജന്റെ അടി തിരിച്ചറിയാൻ സാധാരണ വിദ്യ മതിയാകില്ല.

മുഖ്യമന്ത്രിക്കുനേരെ ആരോപണമുണ്ടാകുമ്പോൾ പ്രതിഛായയുടെ തടവറയിൽ നിൽക്കാതെ മന്ത്രിമാർ കവചം തീർക്കണമെന്ന് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് പറഞ്ഞതിൽ പന്തികേടു കാണുന്നവരുണ്ട്. മറ്റു മന്ത്രിമാരെക്കാൾ ഉത്തരവാദിത്തം റിയാസിനുണ്ടാകുന്നതു സ്വാഭാവികമാണെങ്കിലും ‘മുഖ്യമന്ത്രിയെ പിന്തുണച്ചാൽ പ്രതിഛായ മോശമാകും’ എന്നൊരു ധ്വനി വന്നോ എന്നു സംശയം. ഏതായാലും മറ്റു മന്ത്രിമാർ റിയാസ് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നു കണ്ടില്ല. എന്തോ ചീഞ്ഞുതുടങ്ങി എന്നൊരു തോന്നൽ പരക്കുകയും ചെയ്തു.

സമാന അവസ്ഥയാണു കോൺഗ്രസിലും. 282 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക കൽപാന്തകാലത്തിനു മുൻപായി പ്രസിദ്ധീകരിക്കാൻ പറ്റുമെന്നു കെ.സുധാകരൻ പോലും പ്രതീക്ഷിച്ചതല്ല. ഇപ്പോൾ സർവത്ര കുഴപ്പമാണ് എന്നാണു ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. എന്താണു പ്രശ്നമെന്ന് കൃത്യമായി പരാതിക്കാർക്കുപോലും പിടിയുണ്ടോ എന്നു സംശയം. ഹൈക്കമാൻഡിനെ സമീപിക്കുമെന്ന് രമേശും ഹസനും പറയുന്നു. ഏതൊക്കെ നേതാക്കൾ ഏതൊക്കെ ഗ്രൂപ്പിലാണ് എന്ന് അവർക്കും അണികൾക്കും പോലും തിട്ടമില്ലാത്ത അവസ്ഥയാണ് എന്നത് ആശ്വാസമാണ്; എല്ലാ ഗ്രൂപ്പുകളും കോൺഗ്രസിനുള്ളിൽത്തന്നെയുണ്ട് എന്നത് കോൺഗ്രസിന്റെ വിജയവും.

‘പല്ലിട കുത്തി മണപ്പിക്കരുത്’ എന്ന് സിപി എമ്മിന്റെ ഹൈക്കമാൻഡ് പിണറായി വിജയൻ ന്യൂയോർക്കിലെ യോഗത്തിലും കോൺഗ്രസിന്റെ കെ–ഹൈക്കമാൻ‍ഡായ കെ.സി.വേണുഗോപാൽ വയനാട്ടിൽ നടന്ന പാർട്ടി ലീഡേഴ്സ് മീറ്റിലും പറ‍ഞ്ഞതിലുമുണ്ട് ഈ സമാനത. വേണുഗോപാലിന്റെ ഉന്നം പാർട്ടിയിലുള്ളവർ തന്നെ. പിണറായി റിയാസിനെയും ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. പല്ലിൽ കുടുങ്ങിയത് കുത്തിക്കളയുന്നതു സഹിക്കാം. മണപ്പിക്കൽ പക്ഷേ, മാനസികരോഗമാണ്.

പപ്പടം പൊടിയുന്ന ക്ലസ്റ്റർ കാലം

തിരുവനന്തപുരം കൊച്ചുവേളിയിൽ അഞ്ചരക്കോടി രൂപ ചെലവിൽ സർക്കാർ സ്ഥാപിക്കുന്ന ‘പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററിന്റെ’ ശിലാസ്ഥാപനം മന്ത്രി പി.രാജീവ് നിർവഹിച്ചതു കേട്ടപ്പോഴാണ് വാസ്തവത്തിൽ പപ്പടം ഇത്ര ഭീകരനാണെന്നു തിരിച്ചറിഞ്ഞത്. ‘ദാൽ മിൽ പ്ലാന്റ്’, ‘റൈസ് ക്ലീനിങ് ആൻഡ് വാഷിങ് പ്ലാന്റ്’ തുടങ്ങിയവയുമുണ്ടത്രേ. ഇംഗ്ലിഷ് കേട്ടു നടുങ്ങിയെങ്കിലും ‘ഇമ്മിണി വലിയ പപ്പടം യൂണിറ്റിനു കല്ലിട്ടു’ എന്നേയുള്ളൂ എന്നു തിരിച്ചറിഞ്ഞപ്പോൾ തെല്ല് ആശ്വാസമായി. നിർമാണം പൂർത്തിയായാലും ഉണ്ടാക്കുന്നത് കാച്ചാത്ത പപ്പടം ആയതുകൊണ്ട് സ്ഥാപനത്തിന്റെ പേരു മാറ്റേണ്ടി വരില്ല. വറുത്ത പപ്പടത്തിന്റെ യൂണിറ്റ് ആയിരുന്നു എന്നു വയ്ക്കുക. ‘പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്റർ ഉദ്ഘാടനം ചെയ്യുന്നു’ എന്ന് ഉദ്ഘാടകൻ ഉച്ചരിക്കുന്ന മാത്രയിൽത്തന്നെ ഉൽപന്നം പൊടിഞ്ഞു ഭസ്മമാകുമായിരുന്നു. അതു വേണ്ടിവന്നില്ല എന്നിടത്താണ് വ്യാവസായിക ദീർഘദൃഷ്ടി.

പപ്പടം പൊടിച്ചു രുചിച്ചാണ് നല്ല ശാപ്പാട്ടുരാമൻമാർ സദ്യ സ്റ്റാർട്ട് ചെയ്യാറുള്ളത്. അതു പരിഗണിക്കുമ്പോൾ സ്ഥാപനത്തെ ‘സ്റ്റാർട്ടപ്’ ആയി പരിഗണിക്കാവുന്നതാണ്. കെ–ഫോൺ രീതി വച്ച് കെ–പപ്പടം എന്നാണോ ഉൽപന്നത്തിന്റെ പേര് എന്നു പറഞ്ഞിട്ടില്ല. ‘കെ–പപ്പടമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം’ എന്നൊരു പരസ്യഗാനത്തിന്റെ സാധ്യതയും കാണാതിരിക്കേണ്ടതില്ല. പപ്പടം കാച്ചുമ്പോൾ വീർക്കുന്നതുപോലെ വ്യവസായ വകുപ്പിന്റെ പുത്തൻ സംരംഭങ്ങളുടെ പട്ടികയും വീർത്തുവരാറുണ്ട്. 64 വിഭവങ്ങളാണ് ആറന്മുള വള്ളസദ്യയ്ക്ക് എന്നാണു കേട്ടിട്ടുള്ളത്. പപ്പടം ഒരെണ്ണം മാത്രമേ ആയിട്ടുള്ളൂ. 63 ക്ലസ്റ്ററുകളുടെ സാധ്യത ബാക്കിയാണ്. പരത്തിപ്പറഞ്ഞാൽ ‘പർപ്പടകം’, ചുട്ടെടുത്തു പൊട്ടിച്ചാലോ ‘പ്ടം’ എന്നാണു കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുള്ളത്. തുടക്കം പരമാവധി പരത്തിയിട്ടുണ്ട്. സമാപനം ‘പ്ടം’ എന്ന് ആകാതിരുന്നാൽ ഭാഗ്യം.

സ്റ്റോപ് പ്രസ്

ഗ്രൂപ്പ് കളിച്ച് അനുകൂല അന്തരീക്ഷം നശിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാക്കളോട് ചെറിയാൻ ഫിലിപ്

മലർന്നുകിടന്നു തുപ്പുന്നതിന്റെ സുഖം എങ്ങനെ മറക്കും?

English Summary: Aazhchakurippukal by vimathan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT