ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തു വൻനാശനഷ്ടമുണ്ടാക്കി ആഞ്ഞുവീശുന്നതിന്റെ വാർത്തകളിലൂടെയാണല്ലോ നമ്മൾ കടന്നു പോകുന്നത്. ഈ ഭീമൻകാറ്റു വരാൻ പോകുന്നുവെന്നു ദിവസങ്ങൾക്കു മുൻപേ നമുക്കറിയാമായിരുന്നു. എന്നാൽ, ബിപോർജോയ് തീരം തൊടുംമുൻപേ എത്തിയ ഒന്നുണ്ട് – അതെക്കുറിച്ചുള്ള വ്യാജവിവരങ്ങൾ!
എണ്ണമറ്റ വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ബിപോർജോയ് എന്ന പേരിൽ പ്രചരിക്കുന്നത്. അക്കൂട്ടത്തിൽ, മുൻപുണ്ടായ ചുഴലിക്കാറ്റുകളുടെയും കൊടുംമഴയുടെയുമൊക്കെ ദൃശ്യങ്ങളുണ്ട്. മറ്റു രാജ്യങ്ങളിൽ ഉണ്ടായതിന്റെ ദൃശ്യങ്ങളുണ്ട്. എന്തിനേറെപ്പറയുന്നു, വിഡിയോ ഗെയിമുകളിൽനിന്നുള്ള ദൃശ്യങ്ങൾ വരെയുണ്ട്!
പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ ഒരു പ്രത്യേകത ഇതാണ്. എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോൺ എത്തിയതോടെ, എവിടെ എന്തു സംഭവിച്ചാലും അതിന്റെ ആയിരക്കണക്കിനു ദൃശ്യങ്ങൾ രേഖപ്പെടുത്തപ്പെടുമെന്ന സ്ഥിതി വന്നു. അതു കാലാകാലങ്ങളോളം സമൂഹമാധ്യമങ്ങളിൽ മായാതെ കിടക്കും. ഈ ദൃശ്യങ്ങൾ എപ്പോൾ വേണമെങ്കിലും ആർക്കു വേണമെങ്കിലുമെടുത്ത്, ഏത് അടിക്കുറിപ്പോടെ വേണമെങ്കിലും ഷെയർ ചെയ്യാം. യഥാർഥത്തിൽ ഈ ദൃശ്യം എവിടെ, എന്നുണ്ടായതാണെന്നു തിരിച്ചറിയുക വളരെ പ്രയാസകരമാണ്.
2018ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ പ്രചരിച്ച ഒരു വിഡിയോയെക്കുറിച്ചു മുൻപ് ഈ പംക്തിയിൽതന്നെ എഴുതിയിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറിയപ്പോൾ എന്ന പേരിൽ നമ്മുടെയെല്ലാം വാട്സാപ്പിൽ എത്തിയിരുന്നു ആ വിഡിയോ. അതെക്കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ, മുൻപു പലകാലങ്ങളിൽ മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങി പല വിമാനത്താവളങ്ങളുടെ പേരിൽ ഇതേ വിഡിയോ പ്രചരിച്ചിട്ടുണ്ടെന്നു കണ്ടെത്തി. അവിടെയും തീർന്നില്ല; ആ വിഡിയോ യഥാർഥത്തിൽ മെക്സിക്കോയിലെ ഒരു വിമാനത്താവളത്തിൽനിന്നുള്ളതായിരുന്നു!
ബിപോർജോയിയുടെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ചില വിഡിയോകളുടെ യാഥാർഥ്യം നോക്കൂ
∙ ഗുജറാത്തിലെ സോമനാഥ്, ദ്വാരക തീരത്ത് ബിപോർജോയ് കാരണം ഉയരുന്ന വൻതിരകൾ എന്ന പേരിൽ പലരും ഷെയർ ചെയ്ത ഈ വിഡിയോയുടെ കഥ തിരഞ്ഞുപോയാൽ 2021ൽ മുംബൈയിൽ ടൗട്ടെ ചുഴലിക്കാറ്റിന്റെ ദൃശ്യമാണെന്നു ചിലയിടങ്ങളിൽ കാണാം. എന്നാൽ, കൂടുതൽ പരിശോധിക്കുമ്പോഴാണ് യാഥാർഥ്യം പിടികിട്ടുക: സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ എന്ന നഗരതീരത്തുനിന്ന് 2022 നവംബർ 22 ന് എടുത്ത വിഡിയോയാണിത്.
∙ കൂറ്റൻ തിരമാലകൾക്കിടയിൽപ്പെട്ട ബോട്ടിന്റെ വിഡിയോ ആണിത്. പല സമൂഹമാധ്യമങ്ങളും ഇതു ബിപോർജോയ് എന്ന പേരിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, 2018 മുതൽ ഇന്റർനെറ്റിലുള്ളതാണ് ഈ വിഡിയോ. കടലിൽ രക്ഷാപ്രവർത്തനം നടത്തുന്ന ബ്രിട്ടനിലെ റോയൽ നാഷനൽ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷന്റെ ബോട്ടാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബിപോർജോയിയുമായി ഒരു ബന്ധവുമില്ല.
∙ അറബിക്കടലിൽ എവിടെയോ ബിപോർജോയ് തിരമാലയിൽപ്പെട്ടു മറിയുന്ന ബോട്ട് എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഇൗ വിഡിയോ യഥാർഥത്തിൽ ഇൗ വർഷം ഫെബ്രുവരിയിൽ അമേരിക്കയിലുണ്ടായ സംഭവമാണ്. യുഎസ് കോസ്റ്റ് ഗാർഡ് കപ്പൽ പസിഫിക് സമുദ്രത്തിൽ വാഷിങ്ടൻ തീരത്തു തിരമാലയിൽ മുങ്ങിയ ബോട്ടിനെ രക്ഷിക്കുന്നതിന്റെ ദൃശ്യമാണ്. കപ്പലിൽനിന്നു ചിത്രീകരിച്ച ഇൗ ദൃശ്യങ്ങൾ ആ സമയത്തുതന്നെ രാജ്യാന്തരമാധ്യമങ്ങളിൽ വന്നതാണ്.
∙ ബിപോർജോയ് ഗുജറാത്തിലെ കച്ചിൽ കരതൊടുന്നതിന്റെ വിഡിയോ എന്ന പേരിലാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. എന്നാൽ, 4 വർഷമായി ഇന്റർനെറ്റിലുള്ള ഇത് @orphicframer എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് അനിമേഷനിലൂടെ തയാറാക്കിയതാണ്! യഥാർഥ സംഭവമേ അല്ലെന്നർഥം.
ബിപോർജോയിയുമായി ബന്ധപ്പെട്ട ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ എടുത്തുകാട്ടിയത്. വിവിധ ഫാക്ട്ചെക്കിങ് ഏജൻസികൾ ഇതിനകം തന്നെ ഇവയുടെ യാഥാർഥ്യം കണ്ടെത്തിയതാണ്. ബിപോർജോയിയുടെ പേരിൽ വേറെയുമെത്രയോ വ്യാജദൃശ്യങ്ങളും വിവരങ്ങളും പലവിധ മാധ്യമങ്ങളിൽ വന്നുകൊണ്ടേയിരിക്കുന്നുണ്ടാകും.
കാണുന്നതെല്ലാം കയ്യോടെ വിശ്വസിക്കാതിരിക്കുക, വിവരങ്ങൾക്കു വിശ്വാസ്യതയുള്ള മാധ്യമങ്ങളെയും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക സൈറ്റുകളെയും ആശ്രയിക്കുക എന്നതാണു നമുക്കു ചെയ്യാവുന്നത്.
English Summary: Not all that blows is biporjoy