വായിച്ചുവളരാം, ലോകത്തോളം
വായനയുടെ വാതിലുകളിലൂടെ അറിവിന്റെ അക്ഷയഖനിയിലേക്കു പ്രവേശിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണോ എന്ന ആശങ്ക അതീവഗൗരവത്തോടെ ഇപ്പോൾ നമുക്കു മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, വായനയുടെ നല്ലകാലത്തിനുവേണ്ടിയുള്ള നാടുണർത്തലിനായി കേരളം ഇനിയും വൈകിക്കൂടെന്ന് ഓർമിപ്പിക്കുകയാണ് ഈ വായനദിനം. പുസ്തകങ്ങളും പത്രങ്ങളുമൊക്കെച്ചേർന്ന അറിവിന്റെ മഹാശേഖരം ആരുടെയും കണ്ണിൽനിന്നു ദൂരെയായിക്കൂടാ.
കേരളത്തിൽ വായനയുടെ സംസ്‌കാരം വളർത്തുന്നതിനായി ഗ്രന്ഥശാലാപ്രസ്‌ഥാനം സംഘടിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് വായനദിനമായി ആചരിക്കുമ്പോൾ, അക്ഷരക്കൂട്ടുകൾക്കായി ജീവിതം സമർപ്പിച്ച മറ്റൊരുപാടു പേർക്കും ഓർമകൊണ്ടും വായനാമിഴികൾ കൊണ്ടുമുള്ള അഞ്‌ജലിയാണു നാം അർപ്പിക്കുന്നത്. എത്രയോ പേരുടെ നിസ്വാർഥസേവനമാണ് നമ്മുടെ ഗ്രന്ഥശാലാപ്രസ്‌ഥാനത്തെ സജീവമായി ഇപ്പോഴും നിലനിർത്തുന്നതെന്നു സ്നേഹാദരം ഓർമിക്കാം. അക്ഷരസുഗന്ധം നിറഞ്ഞുനിൽക്കുന്ന ഈ വിശിഷ്ട ദിവസത്തിൽ അവർക്കൊക്കെയും മലയാള മനോരമയുടെ ഹൃദയാഭിവാദ്യം.
വായിച്ചുവളരുക എന്ന മുദ്രാവാക്യം മുഴക്കി, കേരളമാകെ ഗ്രന്ഥശാലകളെ കൂട്ടിയിണക്കി എന്നതാണു പി.എൻ.പണിക്കരുടെ മഹത്തായ സംഭാവന. എന്നിട്ടും, നൂറു ശതമാനം സാക്ഷരത നേടിയതും ഗ്രാമങ്ങളിൽപോലും ഗ്രന്ഥശാലകളുള്ളതുമായ ഈ നാട്ടിൽ വായന കുറയുന്നുവോ എന്ന ഉത്‌കണ്‌ഠാകുലമായ ചോദ്യം ഉയരുന്നതു സങ്കടകരമാണ്. ഒരു നേരത്തെ ഊണിന്റെ തുക മതി ഒരുവർഷം നമ്മുടെ വായനശാലകളിൽനിന്നുള്ള പരിധിയില്ലാത്ത അറിവു സമ്പാദനത്തിനും വായനാനുഭവത്തിനുമെന്നിരിക്കേ പൊതുവേ കേരളത്തിലെ ഗ്രന്ഥശാലകളിൽ ആളനക്കം കുറഞ്ഞുവരുന്നത് ആശങ്കാജനകമാണ്.
സാങ്കേതിക സൗകര്യങ്ങളുടെ പുതിയകാലം നമ്മുടെ യുവതയിൽ ചിലരെയെങ്കിലും പുതുപുസ്‌തകമണത്തിൽനിന്നും പത്രവായനയിൽനിന്നുമൊക്കെ അകറ്റുന്നുണ്ടെന്നതു ശരി തന്നെ. എന്നാൽ, ഈ അകൽച്ച തങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന വലിയ നഷ്ടത്തെക്കുറിച്ച് അവർക്ക് എത്രത്തോളം ബോധ്യമുണ്ടാവും? തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെയും നാടിന്റെയും ലോകത്തിന്റെതന്നെയും എണ്ണമറ്റ ജാലകങ്ങളല്ലേ വായനയില്ലായ്മയിലൂടെ അവർക്കു മുന്നിൽ അടഞ്ഞുകിടക്കുന്നത് ?
ജീവിതത്തിൽ കൃത്യമായ നിലപാടുകളെടുക്കാനും പ്രതിസന്ധികളെ നേരിടാനും വായന തരുന്ന ആത്മധൈര്യവും ആത്മവിശ്വാസവും വലുതാണ്. പത്രങ്ങളിലൂടെ ലഭിക്കുന്ന സാമൂഹിക അവബോധം വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ഏറെ നിർണായകമാകുന്നു. വിശദാംശങ്ങളോടെ, അപഗ്രഥനസ്വഭാവത്തോടെ പത്രങ്ങൾ ഓരോ പ്രഭാതത്തിലും കണ്ണിലെത്തിക്കുന്ന വാർത്തകളിലൂടെ ലോകത്തെത്തന്നെയാണു നാം കാണുന്നത്. മാറുന്ന ലോകത്തിനും കാലത്തിനുമനുസരിച്ച് ഓരോ ദിവസവും നമുക്കു നമ്മെത്തന്നെ പുതുക്കാനുമാകുന്നു.
നമ്മുടെ കുട്ടികളെ അക്ഷരങ്ങളുടെ അനന്തതയും ആനന്ദവുമറിയിക്കാനും വായനയിൽനിന്ന് അകന്നുപോയവരെ വീട്ടിലേക്കെന്നപോലെ തിരിച്ചുകൊണ്ടുവരാനും ഇപ്പോൾതന്നെ വൈകിക്കഴിഞ്ഞു. സാക്ഷരകേരളം സുന്ദരകേരളം എന്നാണു തൊണ്ണൂറുകൾ മുതൽ നാം ഉറക്കെപ്പറയുന്നത്. എന്നാൽ, അക്ഷരജ്‌ഞാനം മാത്രമല്ല സാക്ഷരത എന്നതു സമൂഹം തിരിച്ചറിയേണ്ട സത്യം തന്നെയല്ലേ? സാക്ഷരതയ്‌ക്കു ശക്‌തിപകരേണ്ടതു വായനയാണ്.
ഈ വായനദിനത്തെ വായനാവാരാചരണത്തിലേക്കും പക്ഷാചരണത്തിലേക്കും കേരളം ഇപ്പോൾ വലുതാക്കിത്തുടങ്ങിയിരിക്കുന്നു. വായനയുടെ നല്ലകാലത്തെ തിരിച്ചുകൊണ്ടുവരാൻ അക്ഷര ചൈതന്യമുള്ള നാടുണർത്തലുകൾക്കേ കഴിയൂ. സ്‌കൂൾ ലൈബ്രറികളുടെയും ഗ്രാമീണ ഗ്രന്ഥശാലകളുടെയും മറ്റു പബ്ലിക് ലൈബ്രറികളുടെയും പ്രവർത്തനങ്ങൾ കാലോചിതമായി നവീകരിക്കേണ്ടതുണ്ട്. വായനശാലകളില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകരുതെന്ന് ആത്മാർഥതയോടെ കൊതിക്കുകയും ആ സ്വപ്നത്തിനായി അതിതീവ്രമായി യത്നിക്കുകയും ചെയ്ത വ്യക്തിയാണ് പി.എൻ.പണിക്കർ. നമ്മുടെ പുതുതലമുറയ്ക്കു വായനയുടെയും അതുവഴി അറിവിന്റെയും ലോകം സമ്മാനിക്കുക എന്നതുതന്നെയാണ് ആ മഹനീയ വ്യക്തിത്വത്തിനു കേരളം നൽകേണ്ട ശ്രദ്ധാഞ്ജലി.
പുസ്തകങ്ങളും പത്രങ്ങളുമൊക്കെ സമ്മാനിക്കുന്ന വായനയുടെ അനന്തവും അമൂല്യവുമായ ലോകത്തേക്കു രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളെ ആനയിക്കട്ടെ.
English Summary: Editorial about This reading day reminds