പത്രം തുറക്കുന്ന ജാലകങ്ങൾ
മലയാളി നെഞ്ചേറ്റുന്ന മഹത്തായ വായനാസംസ്‌കാരത്തിനു നവോർജം പകരുകയാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടാൻ പുസ്തകവായനയോടൊപ്പം പത്രവായനയും അനിവാര്യമാക്കുന്ന തീരുമാനം. തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെയും നാടിന്റെയും ലോകത്തിന്റെതന്നെയും എണ്ണമറ്റ ജാലകങ്ങൾ പത്രവായനയിലൂടെ വിദ്യാർഥികൾക്കെല്ലാം പ്രാപ്തമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര–പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചതായി മന്ത്രി വി.ശിവൻകുട്ടിയാണ് അറിയിച്ചത്. പത്രവായനയിലൂടെയും പുസ്തകവായനയിലൂടെയും സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി പറയുമ്പോൾ അതിൽ പുതിയകാലത്തിന്റെ വിളിയൊച്ച കേൾക്കാനാവും. മാർക്ക് കിട്ടുമെന്നുവരുമ്പോൾ വായനാശീലമില്ലാത്ത കുട്ടികൾപോലും പത്രവായനയിലേക്കു തിരിയുമെന്നു തീർച്ച. അവരുടെ ഭാവിജീവിതത്തെത്തന്നെ നിർണയിക്കുന്ന ആധാരശിലയായി ആ ശീലം മാറുകയും ചെയ്യും.
നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കുമാണു തുടർമൂല്യനിർണയത്തിലൂടെ സ്കൂൾതലത്തിൽ നൽകുന്നത്. പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ചാണ് ഈ മാർക്ക് നിശ്ചയിക്കുന്നത്. ഇതിൽ 10 മാർക്കാണു പത്ര–പുസ്തക വായനയിലുള്ള താൽപര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ നൽകുക.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കു പത്രവായനയിലൂടെ ഗ്രേസ് മാർക്കു നേടാനും അവസരമുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വാർത്തവായന മത്സരത്തിലൂടെയാണിത്. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയാണു മത്സരം. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കി നിശ്ചിതസമയത്തിനുള്ളിൽ വാർത്തയും അവലോകനവും തയാറാക്കി അവതരിപ്പിക്കുന്നതാണു മത്സരം. സംസ്ഥാനതലത്തിൽ ആദ്യ 3 സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 മാർക്ക് വീതം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഗ്രേസ് മാർക്കായി ലഭിക്കും.
പത്രം ജീവിതത്തിന്റെതന്നെ മിത്രമാണെന്നു സ്കൂൾകാലത്തുതന്നെ കുട്ടികൾ തിരിച്ചറിയുന്നത് ഏറെ ഗുണം ചെയ്യും. പാഠപുസ്തകങ്ങളിൽനിന്നു ലഭിക്കാത്ത എത്രയോ കാര്യങ്ങളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതാവബോധവും വിവേചനശേഷിയുമൊക്കെ നിർണയിക്കാനാവുന്നതുകൊണ്ടാണ് മികച്ച അധ്യാപകർകൂടിയാണു പത്രങ്ങളെന്നു പറയാറുള്ളത്. വാർത്തകൾക്കൊപ്പം അറിവിന്റെ അനന്തഖനികൾകൂടിയാണു പത്രങ്ങളെന്നു തിരിച്ചറിയാത്തവർ ജീവിതത്തിന്റെ പരീക്ഷകൾക്കുമുന്നിൽ പതറിപ്പോവുന്നു. മത്സരപ്പരീക്ഷകൾ ജയിച്ചിട്ടും ജോലിക്കുള്ള അഭിമുഖങ്ങളെ വേണ്ടവിധം നേരിടാനാവാത്ത എത്രയോ പേരുണ്ട്. അടിസ്ഥാന പൊതുവിജ്ഞാനംപോലുമില്ലാതെയാണു നമ്മുടെ പുതുതലമുറ വളരുന്നതെന്ന ആകുലത പരക്കെ പങ്കുവയ്ക്കപ്പെടുന്നു. സിവിൽ സർവീസസ് പരീക്ഷകളിൽ വിജയിക്കുന്നവരെല്ലാം പത്രവായനയുടെ പ്രാധാന്യം എടുത്തുപറയാറുമുണ്ട്.
വായനയിൽനിന്ന് അകലുന്ന, അതുവഴി ലോകബോധത്തിൽനിന്നും സാമൂഹികബോധത്തിൽനിന്നുകൂടി ദൂരെയാവുന്ന നമ്മുടെ പുതുതലമുറയെ അക്ഷരങ്ങളുടെ സുന്ദരലോകത്തേക്ക് എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്ന ആലോചനയിൽനിന്നാണ് സംസ്ഥാന സർക്കാർ ഈ തീരുമാനത്തിലെത്തിയത്. രാഷ്‌ട്രം സ്വയം സംസാരിക്കുന്നതാണു നല്ല ദിനപത്രം എന്നു പറഞ്ഞത് പ്രശസ്‌ത നാടകകൃത്ത് ആർതർ മില്ലറാണ്. അതുകൊണ്ടാണ് പുസ്തകവായനയ്ക്കൊപ്പം പത്രവായനയ്ക്കും മാർക്ക് നൽകാനുള്ള തീരുമാനം ചരിത്രപരമാകുന്നത്.
കേരളത്തിൽ വായനയുടെ സംസ്‌കാരം വളർത്തുന്നതിനായി ഗ്രന്ഥശാലാപ്രസ്‌ഥാനം കെട്ടിപ്പടുത്ത പി.എൻ.പണിക്കരുടെ ചരമദിനമാണു നമ്മുടെ വായനദിനം. ഇക്കഴിഞ്ഞ തിങ്കളാഴ്ച, വായനദിനത്തിലുണ്ടായ ഈ പ്രഖ്യാപനം തീർച്ചയായും അദ്ദേഹത്തിനുള്ള ഉചിതമായ ശ്രദ്ധാഞ്ജലിയായിമാറുന്നു. അക്ഷരങ്ങളോടുള്ള ആദരവും സ്‌നേഹവും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണു നമ്മുടെ കുട്ടികൾ വളരേണ്ടത്. കേരളം നേടിയെടുത്ത സമ്പൂർണ സാക്ഷരതയ്‌ക്കു ശക്‌തിപകരേണ്ടതു വായനയാണെന്നതിൽ സംശയമില്ല.
English Summary : Editorial about implementing news paper reading in education