ജെ. പ്രഭാഷ്: ജനാധിപത്യം തകർച്ചയെ നേരിടുകയും ഭരണകൂടങ്ങൾ ദുശ്ശാസനരൂപംപൂണ്ട് നിൽക്കുകയും ചെയ്യുമ്പോൾ ഭാവനയുടെ മേഘവിസ്ഫോടനമല്ല, ഭയത്തിന്റെ പെയ്തിറങ്ങലാണ് സംഭവിക്കുന്നത്. ഭരണകൂടം ശക്തമാകുമ്പോൾ കവിത നിശ്ചലാവസ്ഥയിലാകുമെന്ന് ഉമ്പർട്ടോ എക്കോ പറഞ്ഞത് അതുകൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ നാം നീങ്ങുന്നത് അതിലേക്കാണ്.

ബി. സന്ധ്യ: പൊലീസിലെ സ്ത്രീകൾക്ക് ‘നെറ്റ്​വർക്കിങ്’ ഒന്നുമില്ല. അവർക്കു ‘ഗ്ലാസ്മേറ്റ്സ്’ ഇല്ലല്ലോ. അതുകൊണ്ടുതന്നെ മത്സരം ഉള്ളിടത്ത് നെറ്റ്​വർക്കിങ്ങിന്റെ അഭാവംകൊണ്ട് നമ്മൾ പിന്നിലായേക്കാം. അതു ബാക്കിയുള്ളവരെ സഹായിക്കും. ചില പദവിയിലെത്താൻ ഇത്തരം കാര്യങ്ങൾ സഹായിക്കുന്നു എന്നതു തെറ്റായ പ്രവണതയാണ്.

ടി.പത്മനാഭൻ: കോൺഗ്രസിന്റെ പോക്കുകണ്ട് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. കോൺഗ്രസിനെ തോൽപിക്കാൻ കോൺഗ്രസുകാർക്കേ കഴിയുകയുള്ളൂ. അതിന് അവർ പരമാവധി ശ്രമിക്കുന്നുമുണ്ട്. ആ ശ്രമം വിജയിക്കാതിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.

എം.മുകുന്ദൻ: വായനക്കാരിൽ ചിലർ കുസൃതിക്കാരാണ്. ചിലർ ദോഷൈകദ‍ൃക്കുകളാണ്. പക്ഷേ, ഭൂരിഭാഗം പേരും വിവേകശാലികളായ നല്ല വായനക്കാരാണ്. അവർ ആർദ്രമനസ്കരും ആണ്. അതുകൊണ്ടാണ് എഴുത്തുകാരെ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സമൂഹമായി നമ്മൾ മാറിയത്.

സച്ചിദാനന്ദൻ: പലരും ഓഫിസിൽ വന്ന് എന്നെ ‘ആദരി’ക്കാറുണ്ട്. സാമാന്യമര്യാദകൊണ്ട് ഞാൻ അതു സ്വീകരിക്കാറുമുണ്ട്; ആ ‘ആദര’ചിഹ്നങ്ങൾ ഒന്നും വീട്ടിൽ കൊണ്ടുപോവുക പതിവില്ലെങ്കിലും. മനുഷ്യരോട് എനിക്കു വഴക്കില്ല; പക്ഷേ, ചില സമീപനങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും സന്ധിയില്ല. പുറത്തുപോകൂ എന്ന് പറയാതിരിക്കുന്നതിന് അകത്തു വരൂ എന്ന് അർഥമില്ല എന്നു മാത്രം പറയട്ടെ.

ദാമോദർ പ്രസാദ്: രാഷ്ട്രീയാധികാരത്തോട് വലിയ വിനീതവിധേയത്വം പുലർത്തുന്ന സമൂഹം കൂടിയാണ് കേരളം. എഴുത്തുകാരന്റെ ഷഷ്ഠിപൂർത്തി മുതൽ ശതാബ്ദി പിറന്നാൾ ആഘോഷത്തിന് അധ്യക്ഷത വഹിക്കാൻ വരെ ഭരണാധികാരികൾ വേണം. അറിയുന്നവർ ആരെങ്കിലും എഴുതിക്കൊടുക്കുന്ന പ്രസംഗം വായിക്കുന്ന ഭരണാധികാരിയുടെ പ്രശംസ എഴുത്തുകാരനു സാർഥകമായ അനുഭവമായിത്തീരുന്നു. മറ്റു സമൂഹങ്ങളിൽ ഇങ്ങനെയാണോ എന്നതിൽ സംശയമുണ്ട്.

ആർ.എസ്.ശശികുമാർ: നമ്മുടെ ക്യാംപസുകളിൽനിന്നു കുട്ടികൾ അകന്നുതുടങ്ങിക്കഴിഞ്ഞു. രക്ഷിതാക്കൾ കുട്ടികളെ സംസ്ഥാനത്തിനു പുറത്തേക്ക് അയയ്ക്കുകയാണ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് മറ്റു പോംവഴിയില്ലാതെ ഇന്നു നമ്മുടെ ക്യാംപസുകളെ ആശ്രയിക്കുന്നത്. അവരുടെ ഭാവിയുടെ കടയ്ക്കലാണ് സിപിഎമ്മും അവർക്കു വിധേയമായി പ്രവർത്തിക്കുന്ന സംഘടനകളും കത്തിവയ്ക്കുന്നത്.

പ്രഫ.എം. കുഞ്ഞാമൻ: ഇന്ത്യയിലും കേരളത്തിലും പബ്ലിക് സ്പേയ്സ് കുറഞ്ഞുവരികയാണ്. സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് നടക്കുന്നത്. ജനങ്ങൾക്കു സ്വതന്ത്രമായി അഭിപ്രായം പറയാൻ പറ്റുന്നില്ല. ഇക്കാര്യത്തിൽ കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണകൂടങ്ങളുടെ സമീപനവും ലക്ഷ്യവും ഒന്നുതന്നെയാണ്. മാധ്യമങ്ങളോടുള്ള സമീപനത്തിൽ ഈ ലക്ഷ്യം പ്രകടമാണ്. ബിജെപിയെ സഹായിക്കാൻ സിപിഎം ചെയ്യുന്നതാണിത്. കേന്ദ്രത്തെ പ്രീതിപ്പെടുത്തിയാലേ, അവർക്ക് ഇവിടെ നിൽക്കാൻ പറ്റൂ. ഫെഡറലിസത്തിന്റെ ഒരു ഡൈനാമിക്‌സാണിത്.

പി.എൻ. ഗോപീകൃഷ്ണൻ: ഗാന്ധിവധത്തിന് ഉത്തരവാദികൾ എന്ന സംശയത്തിൽ അറസ്റ്റിലായ ഉടമയുടെയും പത്രാധിപരുടെയും കീഴിലുള്ള ഗീതാ പ്രസ്​ ഗാന്ധിയുടെ പേരിലുള്ള സമാധാന സമ്മാനത്തിന് അർഹമാകുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ മുന്നിലാണ് ചരിത്രം തിരുത്തപ്പെടുന്നത്. ആ തിരുത്തപ്പെട്ട ചരിത്രത്തിലെ പ്രജകളായി ജീവിക്കേണ്ടിവരുന്നു എന്ന വെല്ലുവിളിയാണ് ഓരോരുത്തരും നേരിടുന്നത്. 

കെ.ജയകുമാർ: ആദ്യം പാട്ടെഴുതുന്നത് അച്ഛന്റെ (എം.കൃഷ്ണൻനായർ) ‘ഭദ്രദീപം’ സിനിമയ്ക്കു വേണ്ടിയാണ്– ‘മന്ദാരമണമുള്ള കാറ്റേ...’. മറ്റു പാട്ടുകളെല്ലാം വയലാറിന്റേതാണ്. എല്ലാ പാട്ടും എഴുതാമെന്ന് അച്ഛനോടു പറഞ്ഞതാണ്. അപ്പോൾ അച്ഛൻ പറഞ്ഞു: നീ അത്രയ്ക്കൊന്നും ആയിട്ടില്ല. ഒരെണ്ണമെഴുത്, ഞാനതു വയലാറിനെ കാണിക്കട്ടെ. അങ്ങേരു കൊള്ളാമെന്നു പറഞ്ഞാൽ എടുക്കും, അല്ലെങ്കിൽ ദൂരെക്കളയും. മാറ്റണമെന്നു പറഞ്ഞാൽ മാറ്റും. പക്ഷേ, വയലാർ ഒന്നും മാറ്റിയില്ല.

ഹമീദ് ചേന്ദമംഗലൂർ: സോഷ്യൽ മീഡിയയിൽ ആർക്കും എന്തും എഴുതിവിടാം എന്ന സ്ഥിതിയാണ്. മതപ്രഭാഷണങ്ങൾ എന്നുപറഞ്ഞ് കേൾക്കുന്നത് അതിഭീകരമായ വർഗീയ പ്രഭാഷണങ്ങളാണ്. ജനാധിപത്യവിരുദ്ധമായ, സ്ത്രീവിരുദ്ധമായ, ലിംഗനീതി വിരുദ്ധമായ ആശയങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ഒഴുകുകയാണ്. ഒരു എഡിറ്റിങ്ങും ഇല്ലാത്ത മേഖലയാണത്. അച്ചടിമാധ്യമങ്ങളുടെ സ്ഥിതി അതല്ല, മോശം ആശയങ്ങളുണ്ടെങ്കിൽ പത്രാധിപർ അത് എഡിറ്റ് ചെയ്യും, അല്ലെങ്കിൽ പ്രസിദ്ധീകരിക്കില്ല.

ജയപ്രകാശ് കുളൂർ: സി.എൽ. ജോസുമുതൽ ഏറ്റവും പുതിയ നാടകകൃത്തുക്കൾ വരെ എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തുന്നു. എനിക്കെന്തുകൊണ്ടാണ് ഇത് എഴുതാനും ചെയ്യാനും പറ്റാത്തത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഒരു പക്ഷേ, ആ ചിന്ത എന്നിൽ പോസിറ്റീവായി പ്രവർത്തിക്കുന്നതുകൊണ്ടായിരിക്കും ഞാനെഴുതിയതൊക്കെ വ്യത്യസ്തമാണെന്ന് ആളുകൾ പറയാനിടയായത്. 

എസ്.ഗോപാലകൃഷ്ണൻ: തീവണ്ടി ഇന്ത്യയിൽ നേരത്തേ വന്നുവെങ്കിലും റേഡിയോ ജനകീയമായത് പിന്നീടാണ്. വിവിധ ഘരാനകളിലെയും ബാണികളിലെയും സംഗീതജ്ഞർ യാത്ര ചെയ്യുകയും സംഗീത പരിപാടികൾ നടത്തുകയും ചെയ്തിരുന്നെങ്കിലും റേഡിയോയിൽ വെള്ളിയാഴ്ച രാത്രികളിലെ തെന്നിന്ത്യൻ ശാസ്ത്രീയ സംഗീതപരിപാടിയും ശനിയാഴ്ച രാത്രികളിലെ ദേശീയ സംഗീത പരിപാടികളുമാണ് ആസ്വാദകരിൽ അതിർത്തികൾ അലിയിക്കുന്ന സംവേദനക്ഷമത ഉണ്ടാക്കിയത്.

ഡോ. അരുൺ സഖറിയ: അരിക്കൊമ്പനു കുടുംബമുണ്ട്, അമ്മയുണ്ട്, കാമുകിയുണ്ട്, ഭാര്യയും കുട്ടിയുമുണ്ട് എന്നൊക്കെ പറയുന്നവർക്കു മറുപടിപോലും നൽകാനില്ല. അത്തരം അതികാൽപനികമായ ഭാവനകൾക്കൊന്നും കാട്ടിൽ സ്ഥാനമില്ല. പിടികൂടാനായി എത്തുമ്പോൾ കാട്ടിൽ അരിക്കൊമ്പനും ചക്കക്കൊമ്പനും തമ്മിൽ പൊരിഞ്ഞ അടിയായിരുന്നു. ആളുകൾ വ്യാഖ്യാനിച്ചത് ചക്കക്കൊമ്പൻ വിടവാങ്ങൽ നൽകാനെത്തി എന്നാണ്! ആ അടിപിടിക്കിടെയാണ് അരിക്കൊമ്പനു തുമ്പിക്കൈയിൽ പരുക്കേറ്റത്. പക്ഷേ, അതിനൊക്കെ പഴികേട്ടതു ഞങ്ങളും.

English Summary: vachaka mela