പുലികൾ പെറ്റ വീട് !
മലയോരത്ത് മിക്കയിടങ്ങളിലും കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ. ഈ കാടുകൾ തിന്നാൻ സസ്യഭോജികളും അവയെ പിടിക്കാൻ മാംസഭോജികളും എത്തുന്നു. നാട്ടിലെ രുചിപിടിച്ചാൽപ്പിന്നെ പോവില്ല. അതിന്റെ ഉദാഹരണമാണ് നാട്ടിൽ നടന്ന പുലിപ്രസവം. വന്യജീവി സംഘർഷമേഖലയിലൂടെ വനംവകുപ്പ് റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഇ.കെ. ഈശ്വരനും കാർഷിക സർവകലാശാലാ റിട്ട. പ്രഫസർ ഡോ. ജോസ് ജോസഫും ഉൾപ്പെട്ട സംഘം ‘മനോരമ’യ്ക്കുവേണ്ടി നടത്തിയ പഠനയാത്രയുടെ രണ്ടാംഭാഗം
മലയോരത്ത് മിക്കയിടങ്ങളിലും കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ. ഈ കാടുകൾ തിന്നാൻ സസ്യഭോജികളും അവയെ പിടിക്കാൻ മാംസഭോജികളും എത്തുന്നു. നാട്ടിലെ രുചിപിടിച്ചാൽപ്പിന്നെ പോവില്ല. അതിന്റെ ഉദാഹരണമാണ് നാട്ടിൽ നടന്ന പുലിപ്രസവം. വന്യജീവി സംഘർഷമേഖലയിലൂടെ വനംവകുപ്പ് റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഇ.കെ. ഈശ്വരനും കാർഷിക സർവകലാശാലാ റിട്ട. പ്രഫസർ ഡോ. ജോസ് ജോസഫും ഉൾപ്പെട്ട സംഘം ‘മനോരമ’യ്ക്കുവേണ്ടി നടത്തിയ പഠനയാത്രയുടെ രണ്ടാംഭാഗം
മലയോരത്ത് മിക്കയിടങ്ങളിലും കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ. ഈ കാടുകൾ തിന്നാൻ സസ്യഭോജികളും അവയെ പിടിക്കാൻ മാംസഭോജികളും എത്തുന്നു. നാട്ടിലെ രുചിപിടിച്ചാൽപ്പിന്നെ പോവില്ല. അതിന്റെ ഉദാഹരണമാണ് നാട്ടിൽ നടന്ന പുലിപ്രസവം. വന്യജീവി സംഘർഷമേഖലയിലൂടെ വനംവകുപ്പ് റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഇ.കെ. ഈശ്വരനും കാർഷിക സർവകലാശാലാ റിട്ട. പ്രഫസർ ഡോ. ജോസ് ജോസഫും ഉൾപ്പെട്ട സംഘം ‘മനോരമ’യ്ക്കുവേണ്ടി നടത്തിയ പഠനയാത്രയുടെ രണ്ടാംഭാഗം
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് അധികം ദൂരെയല്ല ഉമ്മിനി. ഉമ്മിനി സ്കൂൾപ്പടിയിൽനിന്നു പപ്പാടി റൂട്ടിലിറങ്ങി റോഡരികിലെ ഒരു വീട്ടിൽ ചോദിച്ചു: ‘‘ഈ പുലി പ്രസവിച്ച വീട് കാണാൻ ഏതു വഴിക്കു പോകണം..’’ വന്യമൃഗങ്ങൾ നാട് താവളമാക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ഉദാഹരണമായ ആ വീട് തേടിയായിരുന്നു ഞങ്ങളുടെ യാത്ര.
‘‘എങ്ങും പോകണ്ട, ദാ ഒന്നു തിരിഞ്ഞു നോക്കിയാൽ മതി’’. ഞെട്ടലോടെയാണ് അതുകേട്ടത്. ടാറിട്ട റോഡിന് ഇരുവശത്തും വീടുകളുണ്ട്. തൊട്ടുപിന്നിൽ അടഞ്ഞുകിടക്കുന്ന ഒരു ഗേറ്റ്. അവിടേക്കു നടക്കുമ്പോൾ അയൽക്കാരൻ ഹനീഫയെയും ഒപ്പം കൂട്ടി. ഗേറ്റിനുള്ളിലൂടെ നോക്കുമ്പോൾ വീട് കാണാനില്ല. പൊളിച്ചുമാറ്റിയ വീടിന്റെ അവശിഷ്ടങ്ങൾ മാത്രം.!
പുലിക്കുട്ടികളെ എടുത്തുമാറ്റിയപ്പോൾ, പ്രസവിച്ച പുലി സ്ഥലം വിട്ടെങ്കിലും നാട്ടുകാരുടെ പേടി മാറിയിട്ടില്ല. തെരുവുവിളക്കിന്റെ വെട്ടത്തിൽ തെരുവുനായയെ കണ്ടാലും ചിലർ ‘പുലി വരുന്നേ പുലി’ എന്നു നിലവിളിച്ചു തുടങ്ങി.
‘‘പുലിക്കുട്ടികളെ എടുക്കാൻ വന്ന ഡോക്ടറും പറഞ്ഞു, ലക്ഷണം കണ്ടിട്ട് മുൻപും ഇവിടെ പുലി പ്രസവിച്ചിട്ടുണ്ടെന്ന്. ഈ വീടും പരിസരത്തെ കാടും ഇങ്ങനെ കിടന്നാൽ വീണ്ടും പുലി വന്നേക്കാം. നാട്ടുകാരുടെ ആശങ്ക കൂടിവന്നപ്പോൾ പഞ്ചായത്ത് ഇടപെട്ടു വീട് പൊളിപ്പിച്ചു. ’’ പഞ്ചായത്തംഗം രേഖ ശിവദാസ് പറഞ്ഞു. ആ വീടിന്റെ അവശിഷ്ടങ്ങളാണു മുന്നിൽ.
അടഞ്ഞുകിടന്ന വീടും കാടുപിടിച്ച പരിസരവും. തേങ്ങയിടാൻ ഏൽപിച്ചിരുന്നയാൾ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ അനക്കം കണ്ടത്. പട്ടി പ്രസവിച്ചതാവുമെന്നാണ് കരുതിയത്. അടുത്തുചെന്നു നോക്കിയപ്പോൾ പുലിക്കുഞ്ഞുങ്ങൾ. തള്ളപ്പുലി ഉണ്ടായിരുന്ന സമയത്താണ് ചെന്നുപെട്ടതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? പുലി മാത്രമല്ല, ഇവിടെ ആനയുമുണ്ട്. ഇതിനു 100 മീറ്റർ മാത്രം അകലെയാണു രാവിലെ നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടിക്കൊന്നത്; ഹനീഫയുടെ വാക്കുകൾ.
ഒരിടത്ത് ആന, മറുവശത്ത് പുലി. ധോണി വനമേഖലയ്ക്കു സമീപം നാട്ടുകാർക്കു മനസ്സമാധാനമില്ല. തൊട്ടടുത്ത് പാപ്പറമ്പ് ഭാഗത്ത് പുലിയിറങ്ങി പശുക്കളെയും ആടുകളെയുമൊക്കെ പിടികൂടുന്നുണ്ട്. ചീക്കുഴി– ഉമ്മിനി ഭാഗത്ത് പുലികൾ തള്ളയും കുട്ടികളുമായി സഞ്ചരിക്കുന്നതും കാണാം. നെൽപാടമാണ് ആനയുടെ വിഹാരകേന്ദ്രം. കതിരിടാറാകുന്ന നെൽച്ചെടിക്കു നല്ല രുചിയുണ്ടാവും. ഈ സമയമാകുമ്പോൾ ആനയെത്തി നെൽക്കതിരുകൾ വലിച്ചൂരിയെടുത്തു തിന്നും. കൂട്ടമായെത്തുന്നതിനാൽ നെൽച്ചെടികൾ ഉഴുതുമറിച്ചതുപോലെ നശിക്കും.
പുലിയും കടുവയും കൊന്നൊടുക്കിയ വളർത്തുമൃഗങ്ങൾ 1000
നാലുവർഷത്തിനിടെ കടുവയും പുലിയും ചേർന്നുമാത്രം മലയോരമേഖലയിലെ വീടുകളിൽ നിന്നു കൊന്നൊടുക്കിയ വളർത്തുമൃഗങ്ങളുടെ എണ്ണം 1000 കടന്നു. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാത്തവരുടെ കണക്കുകൂടി വരുമ്പോൾ ഇതിലും കൂടും. ഇതെല്ലാം ആൾപ്പാർപ്പുള്ള വീടിനോടു ചേർന്ന കൂട്ടിലെത്തി പിടികൂടുന്നതാണെന്നതു ഭീതി വർധിപ്പിക്കുന്നു. കണക്ക് ഇങ്ങനെ:
വർഷം കടുവ പുലി
2017–18 97 192
2018–19 125 104
2019–20 84 96
2020–21 141 164
ആകെ 447 556
(അവലംബം: വനംവകുപ്പ് വെബ്സൈറ്റ്)
മരം, മരണം തടഞ്ഞ നേരം
∙ കാട്ടാന ആക്രമണത്തിൽ പാലപ്പിള്ളിയിൽ മരിച്ചത് 14 പേർ
തൃശൂർ ജില്ലയിലെ പാലപ്പിള്ളി എസ്റ്റേറ്റിലെ സൂപ്പർവൈസർ ലത്തീഫ് റബർ വെട്ടുന്നവരുടെ അടുത്ത് ആനക്കൂട്ടമെത്തിയതറിഞ്ഞു ചെന്നതാണ്. ഒപ്പം ടാപ്പിങ് തൊഴിലാളികളായ നൗഷാദും അജയകുമാറും. ആനകൾ കാലുകൾക്കു നടുവിൽ ഒളിപ്പിച്ചു നിർത്തിയിരുന്ന കുട്ടിയാനയെ കണ്ടില്ല, അല്ലെങ്കിൽ ഓടിക്കാൻ ശ്രമിക്കില്ലായിരുന്നെന്നു ലത്തീഫ് പറയുന്നു. കൂട്ടത്തിലെ വലിയൊരാന തുമ്പിയുയർത്തി ചിന്നം വിളിച്ചു പാഞ്ഞടുത്തു. മൂന്നാളും മൂന്നുവഴിക്കു ചിതറി. കല്ലുകളിൽ ചവിട്ടി മറിഞ്ഞുവീണ തനിക്കുനേരെ ആന പാഞ്ഞുവന്നതും ചവിട്ടാൻ കാൽ ഉയർത്തിയതും കണ്ടു ലത്തീഫ് കണ്ണടച്ചു. ആഞ്ഞുചവിട്ടുന്ന ശബ്ദംകേട്ടു കണ്ണു തുറക്കുമ്പോഴാണ് താൻ വീണുകിടക്കുന്നത് ഒരു മരത്തിനടിയിലാണെന്നും ആനയുടെ ചവിട്ട് കൊള്ളുന്നതു മരത്തിലാണെന്നും മനസ്സിലായത്.
രക്ഷപ്പെട്ടെങ്കിലും കുറെക്കാലത്തേക്കു മൂന്നുപേരുടെയും ജീവിതം കഠിനമായിരുന്നു. കണ്ണടച്ചാൽ ഉറക്കമല്ല; കാട്ടാനയാണു മുന്നിൽ വരുന്നത്. ചിന്നംവിളിച്ച്, കൊലവിളിയോടെ ഓടിയെത്തുന്ന കാട്ടാന. കാലൊടിഞ്ഞ് അജയകുമാർ ആറുമാസം കിടന്നു. ലത്തീഫും നൗഷാദും രണ്ടുമാസത്തിലേറെ ജോലിയിൽനിന്നു വിട്ടുനിന്നു. തിരികെ കിട്ടിയ ജീവനെക്കാൾ വലുതല്ല ആ നഷ്ടങ്ങൾ. പാലപ്പിള്ളിമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം മരിച്ചത് 14 പേരാണ്. പുലികൾ രാത്രി വന്ന് വീടുകളിലെ പട്ടിയെയും ആടുകളെയും പിടിച്ചുകൊണ്ടുപോകുന്നതും പതിവ്. പാലപ്പിള്ളി ചിമ്മിനി കാട്ടിൽ 4 കടുവ ഉണ്ടെന്നാണു കണക്ക്.
വിളനാശം ‘100 കോടി’ ?
വന്യമൃഗങ്ങൾ സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ ഒരു വർഷം വരുത്തുന്ന നാശനഷ്ടത്തിന്റെ യഥാർഥ കണക്ക് നൂറുകോടി രൂപയെങ്കിലും വരുമെന്നു പഠനം. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ സർവേ പ്രകാരം 10% കർഷകർ മാത്രമാണ് കൃത്യമായി അപേക്ഷിച്ചു നഷ്ടപരിഹാരം നേടുന്നത്. ശരാശരി 10 കോടി രൂപയാണ് ഓരോ വർഷവും നഷ്ടപരിഹാരം നൽകുന്നതെന്നു വനംവകുപ്പ് വെബ്സൈറ്റ് വ്യക്തമാക്കുന്നു. 2017ൽ 9.6 കോടി രൂപയും 2018ൽ 10.18 കോടി രൂപയും 2019ൽ 11.15 കോടി രൂപയും 2020ൽ 9.3 കോടി രൂപയുമാണു നൽകിയത്. ഇതുപ്രകാരം കണക്കാക്കിയാൽ യഥാർഥ വിളനാശം പ്രതിവർഷം 100 കോടി രൂപയെങ്കിലും വരാമെന്നു കർഷകസംഘടനകൾ പറയുന്നു.
കൃഷിയിടത്തിൽ കാടുകയറി; ആനയും കടുവയും കാടിറങ്ങി
ഡോ. ഇ.കെ.ഈശ്വരൻ (റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ, വനംവകുപ്പ്)
∙ കൃഷിയിടങ്ങളിലേക്കു മൃഗങ്ങളെ ആകർഷിക്കുന്നതിൽ കർഷകർക്കും പങ്കുണ്ട്. കർഷകർ പഴയതുപോലെ അടിക്കാട് തെളിക്കാറില്ല. വനമേഖലയോടു ചേർന്ന് ഉപേക്ഷിച്ചിട്ടിരിക്കുന്ന ഒട്ടേറെ കൃഷിയിടങ്ങളുമുണ്ട്. ഈ പ്രദേശമൊക്കെ മൃഗങ്ങളുടെ കണ്ണിൽ കാടാണ്. അവ അവിടെയെത്തും.
∙ കോവിഡ് ലോക്ഡൗൺ കാലത്ത് ആൾസഞ്ചാരം കുറഞ്ഞതും വന്യമൃഗങ്ങൾക്കു നാട്ടിൽ ഒളിത്താവളങ്ങൾ സൃഷ്ടിച്ചു.
∙ എസ്റ്റേറ്റുകളിലും ഫാമുകളിലും കാടിനോടു ചേർന്ന് റീപ്ലാന്റേഷൻ നടത്താതെ ഉപേക്ഷിച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ വനം പോലെയാണ്. അതു തെളിച്ചു കൃഷി ചെയ്യണം.
∙ കാടുകളിൽ പെരുകുന്ന കടുവസാന്നിധ്യം ആനകൾ ജനവാസമേഖലയിലേക്കെത്തുന്നതിന് ഒരുകാരണമാണ്. ആന പ്രസവിച്ചാൽ കടുവ ആനക്കുഞ്ഞിനെ വേട്ടയാടാനെത്താറുണ്ട്. കൂടുതൽ സുരക്ഷിതത്വം തേടി ആന മനുഷ്യവാസമുള്ള മേഖലയുടെ പരിസരത്തു പ്രസവിക്കും. അതിനാലാണ് ജനവാസമേഖലയിലെത്തുന്ന ആനക്കൂട്ടത്തിനൊപ്പം കുട്ടിയാന ഉണ്ടാവുന്നത്.
∙ ആനകൾ മനുഷ്യനോടു ചേർന്നുനിൽക്കാൻ ശ്രമിക്കുന്ന ആന്ത്രപ്പോമോർഫിക് സ്വഭാവമുള്ള ജീവിയാണ്.
∙ കുട്ടിയാനയുള്ള ആനക്കൂട്ടത്തെ ഓടിക്കാൻ ചെല്ലരുത്. കുഞ്ഞിനെ പിടികൂടാൻ വരുന്നതാണെന്നു കരുതുന്ന ആന കൂടുതൽ വന്യമായി ആക്രമിക്കും.
∙ ചിമ്മിനി വനമേഖലയിൽനിന്നു കുറുമാലിപ്പുഴയിലേക്ക് ആനകൾ വെള്ളം കുടിക്കാനെത്തുന്ന വഴിത്താരകളുണ്ടായിരുന്നു. ഇപ്പോൾ എസ്റ്റേറ്റിലെ പുതിയ പ്ലാന്റേഷൻ മേഖലകൾ ചുറ്റും വൈദ്യുതി വേലി കെട്ടി അടച്ചതോടെ പുഴയിലേക്കുള്ള വഴി മുടങ്ങി. അതിനാൽ വെള്ളം തേടി കിട്ടുന്നവഴിക്കെല്ലാം ആനയിറങ്ങുന്നു.
ജീവിതം ദുരിതത്തിലാക്കി പ്ലാന്റേഷനുകൾ
ഡോ. ജോസ് ജോസഫ് (റിട്ട. പ്രഫസർ, കാർഷിക സർവകലാശാല)
∙ സർക്കാരിന്റെയോ സ്വകാര്യകമ്പനികളുടെയോ കൈവശമുള്ള എസ്റ്റേറ്റുകളിലും ഫാമുകളിലുമുള്ള അനാസ്ഥ കർഷകരുടെ ജീവനും സ്വത്തിനുംകൂടി ഭീഷണിയാവുന്നു.
∙ ഇത്തരം പ്ലാന്റേഷനുകളിൽ കൃഷി ചെയ്യാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഥലം കിടക്കാൻ ഇടയാക്കരുത്. അങ്ങനെ കണ്ടാൽ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണം.
∙ ഇതുവഴി സാധാരണ കർഷകരുടെ കൃഷിയിടത്തിലേക്കും മൃഗങ്ങളെത്തുന്നു. പാലപ്പിള്ളിയിൽ ഒരു കർഷകന്റെ 200 തെങ്ങ് ആനക്കൂട്ടം നശിപ്പിച്ചു. എത്രകാലത്തെ അധ്വാനമാണു പാഴാവുന്നത്.
∙ പാലപ്പിള്ളി പ്ലാന്റേഷനിലെ തൊഴിലാളികൾ അതിരാവിലെ ടാപ്പിങ് കഴിഞ്ഞശേഷം മറ്റു ജോലികൾക്കു പോയാണു വരുമാനം കണ്ടെത്തിയിരുന്നത്. ഇപ്പോൾ ആനശല്യം കാരണം നല്ലതുപോലെ വെളിച്ചമായ ശേഷമേ ടാപ്പിങ് ഉള്ളൂ. മറ്റു ജോലികൾക്കു പോകാനുമാവുന്നില്ല.
∙ കണ്ണൂരിലെ ആറളം ഫാം ആനകൾക്കു വിഹരിക്കാൻ വിട്ടുനൽകിയിരിക്കുകയാണ് സർക്കാർ. അതിനകത്ത് നൂറുകണക്കിനു കുടുംബങ്ങളെ പുനരധിവസിപ്പിച്ച് ആനകളുടെ ആക്രമണത്തിനു വിട്ടുകൊടുത്തിരിക്കുന്നു.
അടുത്ത ഭാഗം: അരിക്കൊമ്പന്റെ നാട്ടിലേക്ക്
English Summary: Series on Human–wildlife conflict