എളുപ്പത്തിൽ പിഎച്ച്ഡി സ്വന്തമാക്കാമെന്ന വാഗ്ദാനവുമായി ചില ഉത്തരേന്ത്യൻ സർവകലാശാലകളുടെ ഏജന്റുമാർ സംസ്ഥാനത്തു വ്യാപകമായി വലവിരിച്ചെന്ന വിവരം ലഭിച്ചതനുസരിച്ചാണ് രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയുമായി ഞങ്ങൾ ബന്ധപ്പെട്ടത്.

എളുപ്പത്തിൽ പിഎച്ച്ഡി സ്വന്തമാക്കാമെന്ന വാഗ്ദാനവുമായി ചില ഉത്തരേന്ത്യൻ സർവകലാശാലകളുടെ ഏജന്റുമാർ സംസ്ഥാനത്തു വ്യാപകമായി വലവിരിച്ചെന്ന വിവരം ലഭിച്ചതനുസരിച്ചാണ് രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയുമായി ഞങ്ങൾ ബന്ധപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ പിഎച്ച്ഡി സ്വന്തമാക്കാമെന്ന വാഗ്ദാനവുമായി ചില ഉത്തരേന്ത്യൻ സർവകലാശാലകളുടെ ഏജന്റുമാർ സംസ്ഥാനത്തു വ്യാപകമായി വലവിരിച്ചെന്ന വിവരം ലഭിച്ചതനുസരിച്ചാണ് രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയുമായി ഞങ്ങൾ ബന്ധപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ പിഎച്ച്ഡി സ്വന്തമാക്കാമെന്ന വാഗ്ദാനവുമായി ചില ഉത്തരേന്ത്യൻ സർവകലാശാലകളുടെ ഏജന്റുമാർ സംസ്ഥാനത്തു വ്യാപകമായി വലവിരിച്ചെന്ന വിവരം ലഭിച്ചതനുസരിച്ചാണ് രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയുമായി ഞങ്ങൾ ബന്ധപ്പെട്ടത്. സർവകലാശാലയുടെ അക്കാദമിക് കൗൺസിലറെന്നു പരിചയപ്പെടുത്തിയ ദിനേഷ് എന്ന വ്യക്തിയുമായാണു സംസാരിച്ചത്. യുജിസിയുടെയും രാജസ്ഥാൻ സർക്കാരിന്റെയും അംഗീകാരമുള്ള സർവകലാശാലയാണെന്നു പരസ്യത്തിലുണ്ട്. കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച ഫുൾ ടൈം, പാർട്‌ ടൈം പിഎച്ച്ഡി കോഴ്സുകളിലേക്കാണ് പ്രവേശനം. ഇരുപത്തഞ്ചോളം വിഷയങ്ങളിലാണ് ഈ സർവകലാശാല പിഎച്ച്ഡി വാഗ്ദാനം ചെയ്യുന്നത്. 

ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, നിയമം, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാസ് കമ്യൂണിക്കേഷൻ, സോഷ്യോളജി, സൈക്കോളജി, ഹിസ്റ്ററി, എജ്യുക്കേഷൻ, ഹിന്ദി, ഇംഗ്ലിഷ്, വിവിധ എൻജിനീയറിങ് ശാഖകൾ എന്നിവയിലെല്ലാം പിഎച്ച്ഡി ലഭ്യം. മൂന്നര വർഷമാണു കാലാവധി. എൻട്രൻസ് എഴുതി പ്രവേശനം നേടിയാൽ മൂന്നര വർഷത്തിനുള്ളിൽ പിഎച്ച്ഡി കിട്ടുമെന്ന് ഉറപ്പ്. 2.95 ലക്ഷമാണ് ഫീസ്. യുജിസി നെറ്റ്, ജെആർഎഫ്, ഗേറ്റ് യോഗ്യതയുണ്ടെങ്കിൽ എൻട്രൻസ് എഴുതാതെതന്നെ അഡ്മിഷൻ കിട്ടും. 

ADVERTISEMENT

ഗവേഷണ പ്രബന്ധവും എഴുതിത്തരുമെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നെന്നു പറഞ്ഞപ്പോൾ ആ ഓഫർ കൂടി അദ്ദേഹം വ്യക്തമാക്കി. ‘‘നിങ്ങൾക്കായി ഒരു കോ ഗൈഡിനെ സർവകലാശാല ചുമതലപ്പെടുത്തും. സിനോപ്സിസ് മുതൽ ഗവേഷണ പ്രബന്ധം വരെ ആ ഗൈഡ് തയാറാക്കി നൽകും. അതും കൂടി വേണമെങ്കിൽ ആകെ ഫീസ് 3.7 ലക്ഷം. ഗവേഷണകാലത്തു തയാറാക്കേണ്ട 2 പബ്ലിക്കേഷനുകളുടെ ഫീസ് ഉൾപ്പെടെയാണിത്. പ്രവേശനം നേടാനും പ്രബന്ധം സമർപ്പിക്കാനും ഉൾപ്പെടെ മൂന്നോ നാലോ തവണ സർവകലാശാലയിൽ വരേണ്ടിവരും. മൂന്നരവർഷം കാത്തിരിക്കാൻ പറ്റില്ലെങ്കിൽ അതിനുമുണ്ട് പ്രതിവിധി. കോവിഡ്കാലത്ത് ഒട്ടേറെ ഗവേഷക വിദ്യാർഥികൾ കോഴ്സ് നിർത്തിപ്പോയിട്ടുണ്ട്. അവരുടെ ഒഴിവിൽ നിങ്ങളെ ചേർക്കാം. 2023 അവസാനമാകുമ്പോഴേക്കും പ്രബന്ധം സമർപ്പിച്ചു പിഎച്ച്ഡി നേടാം. പ്രബന്ധം തയാറാക്കാനുള്ള ആളെ നിങ്ങൾ തന്നെ കണ്ടെത്തിയാൽ ഫീസായി 2.95 ലക്ഷം അടച്ചാൽ മതി’’. കേരളത്തിലെ ഒട്ടേറെ വിദ്യാർഥികൾ ഇവിടെ ഗവേഷണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം സന്തോഷത്തോടെ  പറഞ്ഞു.

ഒരു രാജ്യം, പല വില !

വ്യാജ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിൽ പല സംസ്ഥാനത്തും സുലഭമാണെങ്കിലും ഈടാക്കുന്ന നിരക്ക് വ്യത്യസ്തം

∙ ഹിമാചൽ: 1,00,000 – 1,50,000
ഡിഗ്രി സർട്ടിഫിക്കറ്റിന് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണു ഹിമാചലിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ഈടാക്കുന്നത്. ഇതിൽ ആർനി സർവകലാശാലയിലെ ജീവനക്കാർ ഉൾപ്പെടുന്ന രണ്ടു പ്രതികളെ ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ 39 വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും പിടികൂടിയിരുന്നു. കർണാടകയിലെ പൂട്ടിപ്പോയ ഒരു സർവകലാശാലയുടെ പേരിലും ഈ സംഘം സർട്ടിഫിക്കറ്റ് അച്ചടിച്ചു നൽകുന്നു.

ADVERTISEMENT

∙ മഹാരാഷ്ട്ര: 60,000 – 1,00,000
പത്താം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള സർട്ടിഫിക്കറ്റ് അച്ചടിച്ചു വിറ്റതിന് 11 അംഗ സംഘത്തെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയതു രണ്ടു മാസം മുൻപാണ്. പത്താം ക്ലാസ് വ്യാജ സർട്ടിഫിക്കറ്റിന് 60,000 രൂപയായിരുന്നു ഇവരുടെ നിരക്ക്. ഡിഗ്രിക്ക് ഒരു ലക്ഷം രൂപ വരെ ഉയരാം. പുണെയിൽനിന്നു പിടിയിലായ മറ്റൊരു സംഘം ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒന്നര ലക്ഷം രൂപയ്ക്കാണു വിറ്റിരുന്നത്.

∙ കർണാടക: 1,00,000 – 2,00,000
വിദേശ പഠനത്തിനുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ, മറ്റു സംസ്ഥാനങ്ങളിൽ പഠനാവസരം ലഭിക്കാനുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെ പല സ്വഭാവത്തിലുള്ള സർട്ടിഫിക്കറ്റ് മാഫിയകൾ കർണാടകയിൽ സജീവം. ബെംഗളൂരു ആണ് പല സംഘങ്ങളുടെയും ആസ്ഥാനം. ഈയിടെ അറസ്റ്റിലായ പ്രതിയിൽനിന്നു മാത്രം ലഭ്യമായ വിവരമനുസരിച്ച് 6800 വ്യാജ സർട്ടിഫിക്കറ്റുകൾ ഇയ‍ാളുടെ സംഘം വിറ്റഴിച്ചു. ഏതാനും മാസം മുൻപു പിടിയിലായ മറ്റൊരു സംഘം ആയിരത്തോളം സർട്ടിഫിക്കറ്റുകളും അച്ചടിച്ചു വിറ്റു.

∙ ഹരിയാന: 5,00,000 – 10,00,000
യഥാർഥ മെഡിക്കൽ ബിരുദം 10 ലക്ഷം രൂപയ്ക്കു വിൽക്കുന്ന സംഘത്തെ ഹരിയാനയിൽ അറസ്റ്റ് ചെയ്തത് ഒന്നരമാസം മുൻപാണ്. കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിനിലെ 2 ഡോക്ടർമാര‍ും ജീവനക്കാരുമടക്കമാണ് അറസ്റ്റിലായത്. ഒട്ടേറെപ്പേർക്ക് 10 ലക്ഷം രൂപ വീതം ഈടാക്കി എംബിബിഎസ് സർട്ടിഫിക്കറ്റ് വിറ്റെന്നും ചെക്കായി പണം സ്വീകരിച്ചെന്നുമാണു കണ്ടെത്തിയത്.

∙ ഒഡീഷ: 3,00,000 – 5,00,000
ഒഡ‍ീഷയിലെ ബൊലംഗീറിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയിലെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കണ്ടെത്തിയത് 41 സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ. ഇവർ 5000 വ്യാജ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചു വിറ്റെന്നാണു കണ്ടെത്തൽ. ബികോം, ബ‍ിടെക് സർട്ടിഫിക്കറ്റുകൾക്ക് 5 ലക്ഷം വരെ ഈടാക്കി. സർട്ടിഫിക്കറ്റുകളിലെ ഹോളോഗ്രാമും ലോഗോയും അതിശയിപ്പിക്കുന്ന ‘ഒറിജിനാലിറ്റി’ ഉള്ളതായും കണ്ടെത്തി.

ADVERTISEMENT

വെറുതേ ഇരുന്നാൽ മതി, പരീക്ഷ ഞങ്ങളെഴുതാം

ആറു മാസംകൊണ്ടു ബിരുദാനന്തര ബിരുദം (പിജി) എന്ന പരസ്യം കണ്ടാണ് ഷൊർണൂരിലെ വിദൂര വിദ്യാഭ്യാസ സ്ഥാപനത്തിൽ വിളിച്ചത്. ആറു മാസംകൊണ്ട് എങ്ങനെ പിജി പൂർത്തിയാക്കും എന്നായിരുന്നു ആദ്യത്തെ ചോദ്യം. ‘‘പഴയ തീയതിവച്ച് അഡ്മിഷൻ എടുക്കും. എന്നിട്ട് അവസാന സെമസ്റ്ററിൽ എല്ലാ വിഷയങ്ങളും ഒരുമിച്ച് എഴുതുന്ന രീതിയിൽ പരീക്ഷയ്ക്കു ഹാജരാകണം. ഡിഗ്രി പൂർത്തിയാക്കിയിട്ട് രണ്ടു വർഷത്തിൽ കൂടുതൽ ആയിട്ടുണ്ടെങ്കിലേ ഇതു നടക്കൂ’’. ഡിഗ്രി കഴിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞെന്ന മറുപടി നൽകിയതോടെ ഏജൻസി ഉടമ ബിസിനസിലേക്കു കടന്നു. ‘‘പെരിയാർ, അണ്ണാമലൈ, ഭാരതിയാർ തുടങ്ങിയ സർവകലാശാലകളുടെ പിജിയാണു നൽകുന്നത്. സർട്ടിഫിക്കറ്റ്, 4 സെമസ്റ്ററുകളിലെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി മുഴുവൻ രേഖകളും നൽകും. ഫീസ് 65,000 രൂപ’’.

ആറു മാസം കൊണ്ട് 4 സെമസ്റ്ററിലെ പേപ്പറുകൾ പഠിച്ച് എഴുതാൻ പറ്റുമോ എന്ന ചോദിച്ചപ്പോൾ ആ മറുപടിയെത്തി. ‘‘അതു പേടിക്കേണ്ട, ‍ഞങ്ങൾ  ആളെ വച്ചു പരീക്ഷയെഴുതിക്കൊള്ളാം’’. അപ്പോൾ ഓൺലൈൻ പരീക്ഷയാണോ? ‘‘അല്ല ഓഫ്‌ലൈൻ പരീക്ഷ തന്നെയാണ്. പക്ഷേ, പരീക്ഷാസെന്റർ നമ്മുടെ സ്ഥാപനത്തിൽ തന്നെയാണ്. കാര്യമായ പരിശോധനയൊന്നുമുണ്ടാവില്ല. പിന്നെ വേറെയാളെ വച്ച് പരീക്ഷ എഴുതുന്നതിന് 1000 രൂപ അധികം തരണം.’’ ഒരു പേപ്പറിന് 1000 രൂപ വച്ചാണോ? ‘‘അല്ല, ആകെ ആയിരം രൂപ.’’ എല്ലാവരും പറഞ്ഞ അതേകാര്യം അയാളും ആവർത്തിച്ചു. ‘‘ഇതു സർവകലാശാലതന്നെ നേരിട്ടു നൽകുന്ന നല്ല ഒറിജിനൽ സർട്ടിഫിക്കറ്റ് ആണ്’’.

നോർക്കയുടെ പേരിലും വ്യാജൻ

വിദേശത്തു ജോലി ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് മാത്രമല്ല, ഈ സർട്ടിഫിക്കറ്റുകളിൽ നോർക്കയുടെ അറ്റസ്റ്റേഷൻപോലും വ്യാജമായി നിർമിക്കുന്നുണ്ട്. അഞ്ചു വർഷത്തോളം ഒരു ഗൾഫ് രാജ്യത്തു വ്യാജ സർട്ടിഫിക്കറ്റും വ്യാജ അറ്റസ്റ്റേഷനും ഉപയോഗപ്പെടുത്തി ജോലി ചെയ്ത കൊല്ലം സ്വദേശി ജോലി പോയി നാട്ടിലെത്തിയപ്പോഴാണു പിടിക്കപ്പെട്ടത്. 

മറ്റൊരു രാജ്യത്തു ജോലി ശരിയായി. ഇതിനു വീണ്ടും സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യണം. ചില കാരണങ്ങളാൽ വ്യാജ അറ്റസ്റ്റേഷൻ ശരിയായില്ല. അങ്ങനെ രേഖകളുമായി നോർക്കയിൽ തന്നെയെത്തി. പരിശോധിച്ചയുടൻ നോർക്കയ്ക്കു സ്വന്തം വ്യാജനെ പിടികിട്ടി. ഉദ്യോഗാർഥിയെ അവിടെ ഇരുത്തിത്തന്നെ പൊലീസിൽ വിവരമറിയിച്ചു. രണ്ട് അഭിഭാഷകരിലേക്കാണു കേസെത്തിയത്. വീടുകളിൽ പരിശോധന നടത്തിയതോടെ അവർ ഒളിവിൽ പോയി. കേസ് തുടരുന്നു.

നല്ല നാലാംക്ലാസ് ഡോക്ടർ!

പൈൽസ് ചികിത്സയ്ക്കായി അനേകരെത്തുന്ന തൃശൂരിലെ സ്വകാര്യ ക്ലിനിക്കിൽ കുറച്ചുകാലം മുൻപ് ആരോഗ്യവകുപ്പ് പരിശോധനയ്ക്കെത്തി. ഡോക്ടറുടെ വിദ്യാഭ്യാസയോഗ്യതയിൽ സംശയം തോന്നി ആരോ നൽകിയ പരാതിയെത്തുടർന്നായിരുന്നു ഇത്. രോഗികൾക്കിടയിൽ കർമനിരതനായിരുന്ന ഡോക്ടറെ പിടിച്ചിരുത്തി വിദ്യാഭ്യാസ യോഗ്യത തിരക്കിയപ്പോൾ നിഷ്കളങ്കമായ മറുപടി വന്നു, ‘നാലാം ക്ലാസ്’! 

ഇംഗ്ലിഷ് എഴുതാനോ വായിക്കാനോ അറിയാത്ത കക്ഷി ആരോ പ്രിന്റ് ചെയ്തു നൽകിയൊരു സർട്ടിഫിക്കറ്റുമായി ഇതര സംസ്ഥാനത്തു നിന്നെത്തി രോഗികളെ ചികിത്സിക്കുകയായിരുന്നു. ഇയാൾക്കൊപ്പം മറ്റൊരു ഡോക്ടറെയും പിടികൂടി. ഒൻപതാം ക്ലാസ് ആയിരുന്നു അദ്ദേഹത്തിന്റെ യോഗ്യത. ഇല്ലാത്ത സർവകലാശാലകളുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണ് ഇവരെല്ലാം രോഗികൾക്ക് എളുപ്പത്തിൽ വായിക്കാനാകാത്തത്ര ഉയരത്തിൽ ഭിത്തിയിൽ ഫ്രെയിം ചെയ്തു തൂക്കിയിരുന്നത്.

റിപ്പോർട്ടുകൾ: ജോജി സൈമൺ, ജിതിൻ ജോസ്, എസ്.പി.ശരത്.
സങ്കലനം: അജീഷ് മുരളീധരൻ.

നാളെ: വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ജോലി

English Summary: Editorial Series on Fake Certificate Racket