കൊല്ലവർഷപ്പുതുക്കം; ഇനിയങ്ങോട്ട് എന്തൊക്കെ മാറ്റങ്ങൾ ?
ഇന്നു കാണുംപോലെയുള്ള രാഷ്ട്രീയം ഇവിടെ നാമ്പിട്ടതു കൊല്ലവർഷത്തിലെ പതിനൊന്നാം നൂറ്റാണ്ടിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ച 1099നോട് (എഡി 1923) അടുപ്പിച്ചാണ്. മലയാളികളുടെ രാഷ്ട്രീയബോധം സ്വരൂപിക്കുന്നതിന്റെ ആദ്യ നാഴികക്കല്ലായി എഡി 1891ലെ പുതുവർഷദിനത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിനു സമർപ്പിച്ച ‘മലയാളി മെമ്മോറിയൽ’ എന്ന ഭീമഹർജിയെ കാണാം. നാട്ടുകാർക്കു ജാതി-മത പരിഗണന കൂടാതെ സർക്കാർ ലാവണങ്ങളിൽ മുൻഗണന വേണമെന്നായിരുന്നു ആവശ്യം. മുന്തിയ ഉദ്യോഗങ്ങൾ കുത്തകയാക്കിയ പരദേശബ്രാഹ്മണർക്ക് എതിരായിട്ടായിരുന്നു ഈ മലയാളി സ്വത്വത്തിന്റെ ആവിർഭാവം.
ഇന്നു കാണുംപോലെയുള്ള രാഷ്ട്രീയം ഇവിടെ നാമ്പിട്ടതു കൊല്ലവർഷത്തിലെ പതിനൊന്നാം നൂറ്റാണ്ടിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ച 1099നോട് (എഡി 1923) അടുപ്പിച്ചാണ്. മലയാളികളുടെ രാഷ്ട്രീയബോധം സ്വരൂപിക്കുന്നതിന്റെ ആദ്യ നാഴികക്കല്ലായി എഡി 1891ലെ പുതുവർഷദിനത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിനു സമർപ്പിച്ച ‘മലയാളി മെമ്മോറിയൽ’ എന്ന ഭീമഹർജിയെ കാണാം. നാട്ടുകാർക്കു ജാതി-മത പരിഗണന കൂടാതെ സർക്കാർ ലാവണങ്ങളിൽ മുൻഗണന വേണമെന്നായിരുന്നു ആവശ്യം. മുന്തിയ ഉദ്യോഗങ്ങൾ കുത്തകയാക്കിയ പരദേശബ്രാഹ്മണർക്ക് എതിരായിട്ടായിരുന്നു ഈ മലയാളി സ്വത്വത്തിന്റെ ആവിർഭാവം.
ഇന്നു കാണുംപോലെയുള്ള രാഷ്ട്രീയം ഇവിടെ നാമ്പിട്ടതു കൊല്ലവർഷത്തിലെ പതിനൊന്നാം നൂറ്റാണ്ടിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ച 1099നോട് (എഡി 1923) അടുപ്പിച്ചാണ്. മലയാളികളുടെ രാഷ്ട്രീയബോധം സ്വരൂപിക്കുന്നതിന്റെ ആദ്യ നാഴികക്കല്ലായി എഡി 1891ലെ പുതുവർഷദിനത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിനു സമർപ്പിച്ച ‘മലയാളി മെമ്മോറിയൽ’ എന്ന ഭീമഹർജിയെ കാണാം. നാട്ടുകാർക്കു ജാതി-മത പരിഗണന കൂടാതെ സർക്കാർ ലാവണങ്ങളിൽ മുൻഗണന വേണമെന്നായിരുന്നു ആവശ്യം. മുന്തിയ ഉദ്യോഗങ്ങൾ കുത്തകയാക്കിയ പരദേശബ്രാഹ്മണർക്ക് എതിരായിട്ടായിരുന്നു ഈ മലയാളി സ്വത്വത്തിന്റെ ആവിർഭാവം.
ഇന്ന് 1199 ചിങ്ങം 1. കൊല്ലവർഷം 1200ലേക്ക് ഒരു വർഷം മാത്രം. നൂറുകൊല്ലം മുൻപ് കേരളം / മലയാളി എന്നിങ്ങനെയുള്ള പൊതുബോധം രൂപപ്പെട്ടു തുടങ്ങുന്ന കാലമായിരുന്നു. പിന്നീടിങ്ങോട്ട് നാടും വീടും വേഷവും ഭക്ഷണവും ജീവിതരീതിയുമെല്ലാം മാറി. ഇനിയങ്ങോട്ട് എന്തൊക്കെ മാറ്റങ്ങൾ ? വിവിധ മേഖലകളിലുള്ളവർ വിലയിരുത്തുന്നു.
∙ രാഷ്ട്രീയം
ജനാധിപത്യം പക്വമാകും; അസമത്വം അകലെയാകാം
എൻ.എസ്.മാധവൻ
ഇന്നു കാണുംപോലെയുള്ള രാഷ്ട്രീയം ഇവിടെ നാമ്പിട്ടതു കൊല്ലവർഷത്തിലെ പതിനൊന്നാം നൂറ്റാണ്ടിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ച 1099നോട് (എഡി 1923) അടുപ്പിച്ചാണ്. മലയാളികളുടെ രാഷ്ട്രീയബോധം സ്വരൂപിക്കുന്നതിന്റെ ആദ്യ നാഴികക്കല്ലായി എഡി 1891ലെ പുതുവർഷദിനത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിനു സമർപ്പിച്ച ‘മലയാളി മെമ്മോറിയൽ’ എന്ന ഭീമഹർജിയെ കാണാം. നാട്ടുകാർക്കു ജാതി-മത പരിഗണന കൂടാതെ സർക്കാർ ലാവണങ്ങളിൽ മുൻഗണന വേണമെന്നായിരുന്നു ആവശ്യം. മുന്തിയ ഉദ്യോഗങ്ങൾ കുത്തകയാക്കിയ പരദേശബ്രാഹ്മണർക്ക് എതിരായിട്ടായിരുന്നു ഈ മലയാളി സ്വത്വത്തിന്റെ ആവിർഭാവം.
കൊല്ലവർഷം 1099 പിറന്നു മാസങ്ങൾക്കകം, അവർണർക്കു വൈക്കത്തെ ക്ഷേത്രനിരത്തുകളിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന പ്രമേയം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കാക്കിനഡ സമ്മേളനത്തിൽ പാസായി.
ഇന്ത്യയിലെ ആദ്യത്തെ നിയമനിർമാണസഭയായ ശ്രീമൂലം അസംബ്ലി ആരംഭിച്ചത് 1888ൽ ആണ്. നമ്മുടെ ഭീകരമായ ജാതിവ്യവസ്ഥ ബ്രിട്ടിഷ് പാർലമെന്റിൽ വരെ ചർച്ചയായതുകൊണ്ടാണോ എന്നറിയില്ല, അവർണരായ അയ്യങ്കാളി, കുമാരനാശാൻ തുടങ്ങിയവരെ രാജാവ് അസംബ്ലിയിലേക്കു നാമനിർദേശം ചെയ്തു. കരം അടയ്ക്കുന്നവരിൽനിന്നു കുറച്ചുപേരെ നേരിട്ടു തിരഞ്ഞെടുക്കാം എന്ന വ്യവസ്ഥ 1919ൽ വന്നപ്പോൾ നമ്മുടെ നാട്ടിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം തുടങ്ങി.
കൊച്ചിയിലും താമസിയാതെ നിയമസഭ വന്നു. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയ കോൺഗ്രസ് സജീവമായിരുന്ന മലബാർ രാഷ്ട്രീയം പ്രക്ഷുബ്ധമായിരുന്നു. 1099 പിറക്കുമ്പോൾ മലബാർ കലാപത്തിന്റെ ഓർമകൾ സജീവമായിരുന്നു. പലയിടങ്ങളിലും മതസൗഹാർദം തകർന്നിരുന്നു. ഒരു നൂറ്റാണ്ട് മുൻപു നിലനിന്നിരുന്ന രാഷ്ട്രീയം മറ്റൊരു രൂപത്തിൽ ഇന്നും കേരളത്തിൽ തുടരുന്നു.
100 വർഷം കഴിഞ്ഞാൽ കേരളത്തിലെ രാഷ്ട്രീയം ആവർത്തിക്കാതിരിക്കുമോ? ജാതിവ്യവസ്ഥ അദൃശ്യരും മൂകരുമാക്കി മാറ്റിയ പിന്നാക്കജാതികൾക്കു വിവരസാങ്കേതികവിദ്യ കൂടുതൽ സംവേദനക്ഷമത നൽകിയിരിക്കുന്നു. അവരുടെ പ്രക്ഷോഭങ്ങൾക്ക് ആക്കവും കൂടി. രാഷ്ട്രീയവും സാമ്പത്തികവുമായ അസമത്വം അടുത്ത നൂറ്റാണ്ടിൽ ആവർത്തിക്കില്ലെന്നു കരുതുന്നു. നാടിന്റെ ജനാധിപത്യ വ്യവസ്ഥിതി കൂടുതൽ പക്വമാകുന്നതിനൊപ്പം സങ്കേതികവിദ്യയിലെ പ്രവചനാതീതമായ മുന്നേറ്റങ്ങൾ കൂടിയായിരിക്കും അതിനു കാരണം.
(എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)
...................
∙ ഭാഷ
ആയിരം ആണ്ട് തൊടുമ്പോഴും ഇളയ മൊഴി
പി.രാമൻ
നമ്മുടെ അക്ഷരമാലയിൽ എത്ര അക്ഷരങ്ങളുണ്ടെന്ന ചോദ്യത്തിനു തർക്കസാധ്യതയില്ലാത്ത ഒരുത്തരം പറയുക ഇപ്പോഴും പ്രയാസമാണ്. അമ്പത്തൊന്നക്ഷരാളീ എന്ന് പഴമക്കാർ നീട്ടും. വ്യാകരണം പഠിച്ച ചിലർ 48 എന്നു ചുരുക്കിയേക്കും. ഇത് ഒരു കുറവായല്ല ഞാൻ കാണുന്നത്. മറിച്ച്, മലയാളത്തിന്റെ ഇളപ്പത്തിന്റെ ലക്ഷണമായാണ്. ആയിരം കൊല്ലത്തിൽ താഴെയെന്നതു ഭാഷയെ സംബന്ധിച്ച് അത്ര മുതിർന്ന പ്രായമല്ല. അക്ഷരമാല ഇനിയും ഉറച്ചിട്ടില്ല. സംസ്കൃത സമ്പർക്കത്തിലൂടെ കൈവന്ന അതിഖര, മൃദു, ഘോഷ അക്ഷരങ്ങളുമായി നാം പൊരുത്തപ്പെട്ടിട്ടില്ല.
മലയാളത്തിന്റെ വളർച്ചയിൽ സംസ്കൃതത്തിന്റെ പങ്ക് കൗതുകകരമാണ്. ഭാഷാശാസ്ത്രപരമായി രണ്ടും രണ്ടു കുടുംബമാണ്. മലയാളവും സ്പാനിഷും തമ്മിൽ ചേർന്നാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. അതുപോലെ തന്നെയാണ് മലയാളവും സംസ്കൃതവും കലരുന്നതും. എന്നാൽ ചരിത്രപരവും സാംസ്കാരികവുമായ അടുപ്പം കൊണ്ട് നമുക്ക് അസ്വാഭാവികത തോന്നുന്നില്ല. ലയിക്കാവുന്നേടത്തോളം സംസ്കൃതം ആറേഴു നൂറ്റാണ്ടുകൊണ്ട് മലയാളത്തിൽ കലർന്നു. ലയിക്കാത്ത, ദഹിക്കാത്ത സംസ്കൃതത്തെ ഒഴിവാക്കുന്ന പണിയാണ് നമ്മുടെ ഭാഷ ഇപ്പോൾ ചെയ്യുന്നത്. നിത്യോപയോഗത്തിൽ സംസ്കൃതപദ ഉപയോഗം കുറഞ്ഞു. നൂറു കൊല്ലത്തിനിടയിലാണ് ഈ മാറ്റം ശക്തമായത്. പദകോശം ശുഷ്കിക്കലായി ഇതിനെ കാണുന്നവരുണ്ട്. സാംസ്കാരികവും ഭാഷാപരവുമായ അനിവാര്യതയാണ് ഈ ഒഴിവാക്കലെന്നാണ് എനിക്കു തോന്നുന്നത്. പോർച്ചുഗീസ്, ഡച്ച്, പേർഷ്യൻ, അറബി, ഇംഗ്ലിഷ് വാക്കുകൾ മലയാളത്തിലേക്കു വന്നു. ഇംഗ്ലിഷിൽനിന്ന് ഇപ്പോഴും വരുന്നു. വിദേശവാക്കുകൾ മലയാളീകരിക്കുന്ന ‘മെക്കാനിസം ഈയിടെ വേണ്ടത്ര വർക്കു ചെയ്യുന്നില്ല’ എന്നാണനുഭവം. പെൻ (Pen) നാം പേനയാക്കി. അത്രത്തോളമില്ലെങ്കിലും പെന്ന് എന്നു പറയുമ്പോൾ പോലും മലയാളമാക്കലുണ്ട്. മലയാളി ഇല്ലാത്ത നാടില്ല ഇന്ന്. അവിടുന്നൊക്കെ വാക്കുകൾ കൊണ്ടുവന്ന് മലയാളീകരിച്ചാൽ ഭാഷ വിപുലപ്പെടും! Bus ‘ബസ്സ്’ എന്നും School ‘ഉസ്കൂൾ’ എന്നും ഉച്ചരിച്ചതു പോലുള്ള പണിയേ വേണ്ടൂ.
വിവിധ ജാതി,മത സമൂഹങ്ങൾ ഇടകലർന്നുള്ള ആവാസരീതി കേരളം നൂറു കൊല്ലം കൊണ്ട് അഭിമാനകരമാംവിധം വളർത്തിയെടുത്തു. ലോകത്തിനു കേരളം നൽകുന്ന മാതൃക ഇടകലർന്നുള്ള ജീവിതം തന്നെയാണ്. ഈ ജീവിതത്തിന് ഉതകുന്ന തരത്തിൽ ഒരു മാനകഭാഷ വളർത്തിയെടുക്കുന്നതിൽ നാം കൂടുതൽ ശ്രദ്ധിച്ചുവെന്നതാണ് കൊല്ലവർഷം 1100-1200 നൂറ്റാണ്ടിനുള്ള മെച്ചമെന്നു പറയാം.
അക്ഷരമാല പോലെ ഇപ്പോഴും തീർച്ചപ്പെടാത്തവയാണ് നമ്മുടെ അച്ചടി ലിപികൾ. നൂറാണ്ടിനിടയിൽ പല പരിഷ്കാരങ്ങൾ വന്നു. പഴയ ലിപി, പുതിയ ലിപി, രണ്ടും കൂടിക്കലർന്ന ലിപി എല്ലാം പ്രചരിച്ചു. ഇതിന്റെയെല്ലാം ഫലമായി സംഭവിച്ചത് വ്യവസ്ഥാരാഹിത്യവും.
ചെല്ലുന്നിടത്തുനിന്നെല്ലാം വാക്കെടുത്തു കൊണ്ടുവന്ന് മലയാളീകരിച്ചു പ്രയോഗിച്ചേ മലയാളം തെളിഞ്ഞിട്ടുള്ളൂ, ഇനിയും തെളിയൂ.
(കവിയും അധ്യാപകനുമാണു ലേഖകൻ)
...................
∙ പ്രവാസം
ലോകത്തെവിടെയും ഇത്തിരി കേരളമുണ്ട്
ഷീല ടോമി
കഴിഞ്ഞുപോയ നൂറ്റാണ്ടിൽ മലയാളി ചെന്നെത്താത്ത ഇടങ്ങളില്ല. ഈയിടെ ഭൂട്ടാൻ എന്ന കൊച്ചുരാജ്യത്തിന്റെ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അവിടെ പരിചയപ്പെട്ട പല ഭൂട്ടാൻ സ്വദേശികൾക്കും മലയാളി എന്നു കേൾക്കുമ്പോൾ വലിയ സ്നേഹം. ഒരു കാലത്ത് അവരുടെ അധ്യാപകർ പലരും മലയാളികളായിരുന്നത്രേ! അതിലേറെയും വനിതകൾ.
പത്തേമാരിക്കാലം തൊട്ടുള്ള ആൺയാത്രകളെക്കുറിച്ചു നമ്മൾ വാചാലരാകുമ്പോഴും അതിനൊക്കെ മുൻപു കുടുംബഭാരവും ചുമന്ന് ലോകത്തിന്റെ പല കോണിലും എത്തിപ്പെട്ട ആരോഗ്യപ്രവർത്തകരും അധ്യാപികമാരും വീട്ടുജോലിക്കാരും അടക്കമുള്ള സ്ത്രീലോകത്തെ പലപ്പോഴും അത്ര ഗൗനിക്കാറില്ല. ഒരുപാടു നല്ല മാറ്റങ്ങൾ കേരളീയ സമൂഹത്തിൽ എത്തിച്ചതിൽ സ്ത്രീപ്രവാസത്തിനും പങ്കുണ്ട്.
വലിയ വീടുകളോടുള്ള ഭ്രമം പോലുള്ള ചില മോശം പ്രവണതകൾ ഒപ്പംവന്നെങ്കിലും, ഗൾഫ് നാടുകൾ ഇന്നും കേരളത്തിന്റെ അന്നദാതാക്കൾ തന്നെ. ഗൾഫ് പ്രവാസത്തിന്റെ ഗ്രാഫ് ഇന്നു താഴോട്ടാണ്. 20 കൊല്ലം കഴിഞ്ഞുള്ള ഗൾഫിനെക്കുറിച്ചുപോലും നമുക്കിപ്പോൾ പറയാൻ സാധിക്കില്ല.
മലയാളിയുവത പുതിയ മേച്ചിൽപ്പുറങ്ങളിലേക്കു കുടിയേറുന്നു. കാനഡ, ഓസ്ട്രേലിയ, യൂറോപ്പിലെ പുതിയ ഇടങ്ങൾ തുടങ്ങിയവ അവരുടെ താവളങ്ങളാകുന്നു. നാട്ടിൽ ഒറ്റയ്ക്കാവുന്ന മാതാപിതാക്കളെക്കുറിച്ച് ആകുലപ്പെട്ടിട്ടു കാര്യമില്ല. അതിജീവനമാണല്ലോ പ്രഹേളിക. ലോകത്ത് എവിടെയും എനിക്കൊരു വീടുണ്ടെന്നു കവി പാടിയതുപോലെ ലോകത്ത് എവിടെയും ഒരിത്തിരി കേരളമുണ്ട്; നിശ്ചയം.
(എഴുത്തുകാരിയാണ് ലേഖിക)
...................
∙ വസ്ത്രം
ജാതിയുടെ വേഷം; ലോകത്തിനൊപ്പം മാറ്റം
വിനിൽ പോൾ
മലയാളികളുടെ വസ്ത്രധാരണ ചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സംഘകാല സാഹിത്യം മുതലേ തെളിവുണ്ട്. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1694ൽ അഞ്ചുതെങ്ങിൽ കച്ചവടശാല ആരംഭിച്ചതിന്റെ പ്രധാനകാരണം കൈത്തറി തുണിത്തരങ്ങൾ സുലഭമാണെന്നതായിരുന്നു. മലയാളിയുടെ വസ്ത്രധാരണം നാണം മറയ്ക്കുന്നതിനോ കാലാവസ്ഥയ്ക്കു പ്രതിരോധം തീർക്കുന്നതിനോ ആയിരുന്നില്ല. വസ്ത്രം അയാൾ ഏതു ജാതിക്കാരനാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്നതിനുള്ള സൂചകമായിരുന്നു. കീഴാള ജാതികൾക്കു പുല്ലും ഇലയും അണിയേണ്ടി വന്നു. എല്ലാ വിഭാഗത്തിനും മേൽവസ്ത്രം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നു. കൊളോണിയൽ- മിഷനറി ആധുനികതയുടെ പശ്ചാത്തലത്തിൽ മലയാളികളുടെ വസ്ത്ര സങ്കൽപം മാറി. എല്ലാ വിഭാഗങ്ങളും ആധുനിക വസ്ത്രത്തിലേക്കു കടന്നു എന്ന് ഇതിനർഥമില്ല. കോണകവും പട്ടുകോണകവും കമുകിൻപോള, വാഴപ്പോള എന്നിവകൊണ്ടുള്ള കൂമ്പാളകളും ഇതേകാലത്ത് ഉപയോഗിച്ചിരുന്നു. മേൽവസ്ത്രം ധരിക്കാൻ സമരം ചെയ്ത സ്ത്രീകളുടെ നാടായ മലയാളമണ്ണിൽ അയ്യങ്കാളി ധരിച്ച ആധുനികവസ്ത്രത്തിനും തലപ്പാവിനും വിമോചന രാഷ്ട്രീയം കൂടി പറയാനുണ്ട്.
മലയാളികളെ സംബന്ധിച്ചു വസ്ത്രങ്ങൾ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിൽ അണിനിരന്ന കഥാപാത്രമായിരുന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തര കേരളത്തിലാകട്ടെ മലയാളികളുമായി ബന്ധമില്ലാത്ത സെറ്റ് മുണ്ടും സെറ്റ് സാരിയും തനതായ വസ്ത്രമായി പ്രഖ്യാപിക്കപ്പെട്ടു. ആഗോള മാറ്റങ്ങൾക്കൊപ്പം മലയാളികളുടെ വസ്ത്ര സങ്കൽപങ്ങളും സഞ്ചരിച്ചു. ചുരിദാറും ജീൻസും അടക്കം ആളുകൾ ധരിച്ചുതുടങ്ങി. ജീൻസും ചുരിദാറും ലഗിൻസും എതിർലിംഗ വസ്ത്രധാരണകളുമെല്ലാം ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ മലയാളികൾക്കു ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അർഥം വ്യക്തമാകൂ. ഒരുപക്ഷേ, നൂറുവർഷങ്ങൾക്കപ്പുറം സാരിയും മുണ്ടും ഇല്ലാതായേക്കാം.
(ചരിത്ര ഗവേഷകനാണ് ലേഖകൻ)
...................
∙ യാത്ര
അന്ന് ജീവിക്കാൻ യാത്ര; ഇന്ന് യാത്രചെയ്യാൻ ജീവിതം
ലാൽ ജോസ്
മലയാളിയുടെ യാത്രാചരിത്രം ജോലിതേടിയുള്ള അന്വേഷണങ്ങളിലാണ് തുടങ്ങുന്നത്. ഒറ്റപ്പാലത്ത് ഞങ്ങളുടെ നാട്ടിൽനിന്നു പ്രീഡിഗ്രി കഴിഞ്ഞ് ബോംബെയ്ക്കും ഡൽഹിക്കും സ്റ്റാഫ് സിലക്‌ഷൻ പരീക്ഷ എഴുതാൻ ചെന്നൈയിലേക്കും യുവാക്കൾ പോയത് എന്റെ ബാല്യകാല ഓർമയിലുണ്ട്. മലേഷ്യയിലും ബർമയിലും ജീവിതം നട്ടുപിടിപ്പിക്കാൻ പോയവർ രണ്ടാം ലോകയുദ്ധകാലത്ത് എല്ലാം നഷ്ടപ്പെട്ട് കാടുകളിലൂടെ നടന്നലഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ കഥകളും കേട്ടിട്ടുണ്ട്. ആ യാത്രകളെല്ലാം ജീവിതം അന്വേഷിച്ചുള്ളതായിരുന്നു. ബർമയിലും കൊളംബോയിലും പോയവർ എഴുപതുകളിൽ ഗൾഫിലേക്ക് ഉരുകയറി കടൽച്ചൊരുക്കിൽ ആടിയുലഞ്ഞ് മരുഭൂമിയിൽ അറബിപ്പൊന്ന് തേടിയെത്തി. യാത്രകൾക്കു വേണ്ടിയായിരുന്നില്ല അവരും യാത്ര ചെയ്തത്.
ഈയിടെ ഞാനും മോളും ജപ്പാനിലേക്കു യാത്ര പോയി. അവളുടെ ഹൗസ് സർജൻസി കഴിഞ്ഞപ്പോൾ ദീർഘകാലത്തെ ഹോസ്റ്റൽ ജീവിതത്തിന്റെ മുഷിപ്പു മാറ്റാൻ ഞാൻ കൊടുത്ത വാക്കായിരുന്നു ആ ട്രിപ്പ്. ഞങ്ങൾക്കൊപ്പം ഗ്രൂപ്പിലുണ്ടായിരുന്ന 36 മലയാളികൾ പെൻഷൻ പറ്റിയ മുതിർന്ന പൗരന്മാരായിരുന്നു. സമ്പാദിച്ചതെല്ലാം മക്കൾക്കും പേരക്കുട്ടികൾക്കും നൽകി ശിഷ്ടകാലം കഞ്ഞികുടിച്ചു കഴിയുന്ന പരിപാടി പലരും നിർത്തി. ജീവിതത്തിനു വലിയ ഗാരന്റിയൊന്നുമില്ലെന്ന തിരിച്ചറിവു പലർക്കുമുണ്ട്. കാൻസർ ബാധിച്ച് രണ്ടു കീമോ കഴിഞ്ഞവരും ആ ട്രിപ്പിലുണ്ടായിരുന്നു. ജീവിതത്തോടുള്ള വീക്ഷണംതന്നെ യാത്രകൾ മാറ്റുന്നു. രണ്ടു പ്രളയവും കോവിഡും കൂടുതൽ യാത്രചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
ഞാൻ സുഹൃത്തുക്കൾക്കൊപ്പം 2014ൽ ലണ്ടൻ കാർ യാത്ര പ്ലാൻ ചെയ്തപ്പോൾ അന്നതു വലിയ വാർത്തയായി. ഇന്നു ലണ്ടനിൽനിന്നു കാറിൽ വരുന്ന പലരുടെയും കഥകൾ കേട്ടു. ഒക്ടോബർ 15ന് ബ്രസീൽ, അർജന്റീന, ചിലെ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് ഒരു ടൂർ കമ്പനി യാത്ര ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്. ആമസോൺ കാടൊക്കെ കണ്ട് അർജന്റീനയിലെ കൗബോയ് വില്ലേജിൽ താമസിക്കുന്ന പാക്കേജാണ്. 10 ലക്ഷം രൂപയാണു ചെലവ്. ഇത്രയും തുക മുടക്കാൻ ആളുണ്ടാകുമോ, 40 പേരില്ലെങ്കിൽ പരിപാടി ഉണ്ടാകില്ല എന്നൊക്കെ കേട്ടിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച കമ്പനി അധികൃതർ വിളിച്ചു. കേരളത്തിൽനിന്നു മാത്രം 61 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. എന്തൊരു മാറ്റമാണീ മലയാളിക്ക്. മലയാളിയെ യാത്ര ചെയ്യാൻ നിരന്തരം പ്രേരിപ്പിക്കുന്നതിന് ഞാൻ ആദ്യം അഭിനന്ദിക്കുന്നത് സന്തോഷ് ജോർജ് കുളങ്ങരെയെയാണ്. അത്രമാത്രം ഊർജം സന്തോഷ് യാത്രാപ്രേമികൾക്കായി ചെലവഴിക്കുന്നുണ്ട്. കൂടുതൽ ദേശങ്ങളും കാഴ്ചകളും തേടിയുള്ള മലയാളിയുടെ യാത്ര ഇനി കൂടുതൽ സജീവമാകാനാണ് എല്ലാ സാധ്യതയും.
(ചലച്ചിത്ര സംവിധായകനാണ് ലേഖകൻ)
...................
∙ ഭക്ഷണം
കൊടുത്തുവാങ്ങി, കേരളരുചി
ഡോ.ജി.ദീപ
നൂറു കൊല്ലം മുൻപത്തെ മലയാളികളുടെ ഭക്ഷണത്തെക്കുറിച്ചു ചിന്തിച്ചാൽ നാം എത്തിച്ചേരുന്നതു പലവിധ സാമൂഹിക-സാംസ്കാരിക ധാരകളുടെ ചരിത്രത്തിലേക്കാണ്. അതിൽ ഏറ്റവും പ്രധാനം നമ്മുടെ നാടിന് അറബികളും ചൈനക്കാരുമായി ഉണ്ടായിരുന്ന വ്യാപാരബന്ധങ്ങളാണ്. പുതിയ വിഭവങ്ങളുടെ കടന്നുവരവ് അടയാളപ്പെടുത്തപ്പെട്ടത് 19–ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ്.
ബിസ്കറ്റ്, കേക്ക്, കാപ്പി, ചായ തുടങ്ങി പലതും നമ്മുടെ ഭാഗമായത് ഈ കാലഘട്ടത്തിലാണ്. പോർച്ചുഗീസുകാർ പരിചയപ്പെടുത്തിയ വറ്റൽമുളക് നമ്മുടെ രുചിയുടെ ചരിത്രത്തെത്തന്നെ പുനർനിർമിച്ചു. മലയാളിയുടെ സ്വന്തമെന്ന് ഇന്നു നാം അവകാശപ്പെടുന്ന പുട്ട്, കപ്പ, മീൻകറി തുടങ്ങി പലതിനും പറയാനുള്ളത് കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമാണ്. നമ്മുടെ ഭക്ഷണ സംസ്കാരത്തിൽ ഇത്തരം കൈമാറ്റങ്ങൾ തുടരുന്നു എന്നതിനുള്ള മികച്ച ഉദാഹരണമാണ് കുഴിമന്തിയും അൽഫാമും ഷവർമയുമെല്ലാം.
മുൻപു ജാതിയുടെ കോളങ്ങളിൽ മാത്രം അടയാളപ്പെടുത്തപ്പെട്ട പല വിഭവങ്ങളും പൊതുരുചിയുടെ ഭാഗമായത് വിവേചനങ്ങളില്ലാത്ത പൊതുഭക്ഷണ ശാലകളും തട്ടുകടകളും വ്യാപകമായതോടെയാണ്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ കേരളീയ ഗ്രാമങ്ങളിലും എത്തിത്തുടങ്ങി. ന്യൂഡിൽസ്, സൂപ്പ് തുടങ്ങിയ ചൈനീസ്, രാജ്യാന്തര വിഭവങ്ങളും കേരളീയ ‘തനതുഭക്ഷണ’ങ്ങളായി അടയാളപ്പെടുത്തപ്പെടുന്ന കാലം നമുക്കു പ്രതീക്ഷിക്കാം.
(മാടായി സിഎഎസ് കോളജ് ചരിത്ര വിഭാഗം അസി. പ്രഫസറാണ് ലേഖിക)
...................
∙ വീട്
അണുകുടുംബത്തിലേക്കുള്ള മാറ്റം വീടിന്റെ ഘടനയിലും
ഡോ.ജി.ശങ്കർ
നമ്മുടെ തനതു വീടുനിർമാണ ശൈലിയുടെ പെരുമ ലോകോത്തരമാണ്. മണ്ണിനോടും മനുഷ്യനോടും കരുതലോടെ പ്രതികരിക്കുന്നു എന്നതാണ് അതിന്റെ മേന്മ. ചെരിഞ്ഞ കൂരയും നാലുകെട്ടും തിണ്ണയും എല്ലാം ചേർന്നതായിരുന്നു മലയാളിയുടെ ഭവനസങ്കൽപം. അതിൽ നിന്ന് ഫ്ലാറ്റ് അടക്കമുള്ള ആധുനികരീതികളിലേക്കു മലയാളി മാറി എന്നതാണ് പിന്തിരിഞ്ഞു നോക്കുമ്പോഴത്തെ വലിയ വ്യത്യാസം.
കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കും വ്യക്തികളിലേക്കുമുള്ള ഘടനാവ്യത്യാസം രൂപകൽപനയിൽ പ്രതിഫലിക്കുന്നു. കോവിഡ് അനന്തരകാലത്ത് ഓരോ മുറിയും വീടിന്റെ രൂപം പ്രാപിച്ചു. പണിതീരാത്ത വലിയ വീടുകളുടെ സ്ഥാനത്ത് സ്വയം പരിപാലിക്കാൻ കഴിയുന്ന ചെറിയ വീടുകൾ നിർമിക്കാൻ മലയാളി പഠിച്ചുതുടങ്ങി. ചെലവും പരിസ്ഥിതി പരിഗണനകളും വീടുകളുടെ രൂപകൽപനയിലും സാക്ഷാൽക്കാരത്തിലും പ്രധാന ഘടകമായി.
പുത്തൻ നിർമാണവസ്തുക്കളുടെ വ്യാപനം വിസ്മയകരമായ കമ്പോളസാധ്യത തുറന്നിട്ടു. രൂപകൽപനയിലും നിർമിതിയിലും അവ നിർണായക സ്വാധീനമായി. നാടൻ തൊഴിൽ വൈദഗ്ധ്യം അസ്തമിക്കുകയും ആ ഇടങ്ങളിലേക്ക് അതിഥിത്തൊഴിലാളികൾ കടന്നു വരികയും ചെയ്തു. ഇപ്പോൾ പലതരം പ്രീ ഫാബ് രീതികൾ മലയാളി പരിചയപ്പെട്ടു വരുന്നു. വേഗം മാത്രമല്ല, ചാരുതയും തണുപ്പും നമുക്കു വേണം. അതുകൊണ്ട് ഈ സങ്കേതങ്ങളുടെ വ്യാപനം കാലം തെളിയിക്കേണ്ടി വരും. നാട്ടിലെ വാസ്തുശിൽപ മാതൃകകൾ ഒരു ചട്ടക്കൂടിലും ഒതുങ്ങില്ല. അതിവിസ്മയകരമായ സർഗാത്മക സൃഷ്ടികളായി അവ അവതരിക്കും.
(വാസ്തുവിദ്യാ ഗുരുകുലം ചെയർമാനാണ് ലേഖകൻ)
English Summary: Kerala changes over a hundred years