നശിപ്പിക്കാതിരിക്കാം നാടിന്റെ നന്മ
വിദ്വേഷം വളർത്തുന്ന വാക്കുകളും വ്യാജവാർത്തകളും പെരുകുന്നത് അങ്ങേയറ്റം ആശങ്കയോടെയേ കാണാനാവൂ. സമൂഹത്തിന്റെ പാരസ്പര്യവും സമാധാനവും കളയുന്ന സാഹചര്യംവരെ ഉണ്ടാക്കാനാവുന്ന നശീകരണശേഷിയോടെയാണ് ഈ അധമവിളയാട്ടം. കളമശേരി സ്ഫോടനത്തിന്റെ വ്യക്തമായ ചിത്രം കിട്ടുംമുൻപുതന്നെ, സ്വാർഥത വമിക്കുന്ന നാവുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ച വിഷലിപ്തമായ കിംവദന്തികളാണ് ഏറ്റവും ഒടുവിലായി കേരളത്തിനു കേൾക്കേണ്ടിവന്നത്.

മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന സാമൂഹികനായകരും രാഷ്‌ട്രീയനേതാക്കളും സമ്പന്നമാക്കിയ നാടാണു കേരളം. വ്യത്യസ്‌ത മതങ്ങളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. നാം കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്‌ഥാനമൂല്യങ്ങളും വൈവിധ്യസമന്വയവും ബഹുസ്വരതയും ഏതു സാഹചര്യത്തിലും കൈമോശം വന്നുകൂടാ.
കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങൾ അങ്ങേയറ്റം അപലപനീയവും കേരളത്തെ ഞെട്ടിക്കുന്നതുമാണ്. അവിടെ കൊടുംക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ നാടിന്റെ ദുഃഖമാവുന്നു. മതനിരപേക്ഷ കേരളത്തിന്റെ സ്വസ്ഥതയ്ക്കു വലിയ ഭംഗംവരുത്താതെ ഈ സംഭവം മറ്റൊരു ദിശയിലേക്കു തിരിഞ്ഞെങ്കിലും ഇതിനിടെ നടന്ന ‘കിംവദന്തിവ്യവസായ’ത്തിലുള്ള മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. കേരളം ഏതാണ്ട് ഒറ്റക്കെട്ടായിത്തന്നെ ഇക്കാര്യത്തിൽ സമചിത്തതയും വിവേകവും പാലിച്ചെങ്കിലും അങ്ങനെയല്ലാത്തവരും ഇവിടെയുണ്ടെന്നു വീണ്ടും വ്യക്തമാക്കുകകൂടിയായിരുന്നു ഈ നിർഭാഗ്യസംഭവം. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർപോലും വ്യാജപ്രചാരണത്തിനിറങ്ങിത്തിരിച്ചതാണ് ഏറ്റവും അപലപനീയം.
സ്ഫോടനത്തിനു വർഗീയനിറം നൽകാൻ ശ്രമിക്കുന്ന ഒട്ടേറെ സന്ദേശങ്ങൾ പ്രചരിക്കുകയുണ്ടായി. ചില ചാനലുകളുടെ പേരിലുള്ള വ്യാജ സ്ക്രീൻ ഷോട്ടുകൾ വരെ ഉപയോഗിച്ചായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തിയാൽ കർശന നടപടിയുണ്ടാകുമെന്നു സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് വ്യക്തമാക്കിയതിനു പിന്നാലെ അറസ്റ്റ് അടക്കമുള്ള നടപടികളെടുത്തു തുടങ്ങിയിട്ടുണ്ട്.
അടിസ്ഥാനരഹിത ആക്ഷേപങ്ങളിലും വ്യാജപ്രചാരണങ്ങളിലും കിംവദന്തികളിലും പെട്ടുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന്, കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന സർവകക്ഷി യോഗം അഭ്യർഥിക്കുകയുണ്ടായി. കിംവദന്തികൾ പടർത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്കു തിരിച്ചറിയാനുള്ള ജാഗ്രത എല്ലാവർക്കും ഉണ്ടാവണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. പരസ്പരവിശ്വാസത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്നു പ്രമേയം ഉറപ്പിച്ചുപറയുമ്പോൾ അതു മതനിരപേക്ഷ കേരളത്തിന്റെ ദൃഢവിളംബരംതന്നെയായി മാറുന്നു.
യുട്യൂബിൽ നോക്കി പഠിച്ച് ബോംബ് സ്വയം നിർമിക്കുകയായിരുന്നുവെന്ന്, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തയാൾ നൽകിയ മൊഴി വലിയ ആപൽശങ്ക ഉയർത്തുന്നുണ്ട്. ബോംബ് പോലെ വിനാശം വിതയ്ക്കുന്ന കാര്യങ്ങൾ യുട്യൂബ്‍വഴി പഠിപ്പിക്കുന്നുവെങ്കിൽ അതുയർത്തുന്ന ആശങ്കകൾക്കു നമ്മുടെ ജീവനോളംതന്നെ വിലയുണ്ടാകുന്നു. എത്രയുംവേഗം ഇത്തരം ‘വിനാശപാഠങ്ങൾ’ യുട്യൂബ് അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങളിൽനിന്നു നീക്കംചെയ്യാൻ സർക്കാർ ഗൗരവശ്രദ്ധ നൽകേണ്ടതുണ്ട്. സൈബർ ലോകത്തുനിന്നുള്ള നിന്ദ്യസന്ദേശങ്ങളും വ്യാജവാർത്തകളും തിരിച്ചറിയാനും അതിനെതിരെ പ്രതിരോധം തീർക്കാനുമുള്ള ജാഗ്രത നാം നേടുകയും വേണം.
ചെറുതും വലുതുമായ ഏതു പ്രശ്‌നവും വർഗീയമാക്കാൻ ശ്രമിക്കുന്നതു പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമെന്ന് അഭിമാനിക്കുന്ന കേരള സമൂഹത്തിനു നാണക്കേടു തന്നെയല്ലേ? സമത്വബോധവും സാഹോദര്യമനോഭാവവുമാണ് നവോത്ഥാനത്തിലൂടെ കേരളം കൈവരിച്ച കരുത്ത്. പുരോഗമനാശയങ്ങളാണ് നമ്മുടെ സമുദായ, സാമൂഹിക നേതാക്കൾ ജനങ്ങളിൽ വളർത്തിയതും. ഈ പൈതൃകം പോറലേൽക്കാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ഓരോ മലയാളിയും ജീവിതംകൊണ്ടു സ്വീകരിക്കേണ്ട മഹാദൗത്യം. അതിനുവേണ്ടിയാവണം നമ്മുടെ നാവുണർത്തലും നാടുണർത്തലും.
കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിപ്പിക്കപ്പെട്ട, വിഷലിപ്തമായ കിംവദന്തികളിൽനിന്ന് എല്ലാ കാലത്തേക്കുമുള്ള പാഠം കേരളം കണ്ടെടുക്കേണ്ടതുണ്ട്. ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ലാത്തത്; തുടക്കത്തിലേ കർശനനടപടികളിലൂടെ തടയിടേണ്ടത്.