ഈ കേരളപ്പിറവി ഓർമിപ്പിക്കുന്നത്
കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികദിനമാണിന്ന്; മലയാളമെന്ന കസവുകൊടിക്കു കീഴിൽ നമ്മൾ കേരളീയരായതിന്റെ സുന്ദര ജന്മദിനം. ഒറ്റ നാളിന്റെയോ ഒരു വാരത്തിന്റെയോ ആഘോഷത്തിനപ്പുറത്ത്, ആത്മപരിശോധനയ്ക്കും സ്വയംപുതുക്കലിനുമല്ലേ ഈ ദിനം കാരണമാകേണ്ടത്? നിറവോടെയുള്ള നവകേരള നിർമിതിയാണ് ഈ സുദിനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം.
കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികദിനമാണിന്ന്; മലയാളമെന്ന കസവുകൊടിക്കു കീഴിൽ നമ്മൾ കേരളീയരായതിന്റെ സുന്ദര ജന്മദിനം. ഒറ്റ നാളിന്റെയോ ഒരു വാരത്തിന്റെയോ ആഘോഷത്തിനപ്പുറത്ത്, ആത്മപരിശോധനയ്ക്കും സ്വയംപുതുക്കലിനുമല്ലേ ഈ ദിനം കാരണമാകേണ്ടത്? നിറവോടെയുള്ള നവകേരള നിർമിതിയാണ് ഈ സുദിനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം.
കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികദിനമാണിന്ന്; മലയാളമെന്ന കസവുകൊടിക്കു കീഴിൽ നമ്മൾ കേരളീയരായതിന്റെ സുന്ദര ജന്മദിനം. ഒറ്റ നാളിന്റെയോ ഒരു വാരത്തിന്റെയോ ആഘോഷത്തിനപ്പുറത്ത്, ആത്മപരിശോധനയ്ക്കും സ്വയംപുതുക്കലിനുമല്ലേ ഈ ദിനം കാരണമാകേണ്ടത്? നിറവോടെയുള്ള നവകേരള നിർമിതിയാണ് ഈ സുദിനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം.
കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികദിനമാണിന്ന്; മലയാളമെന്ന കസവുകൊടിക്കു കീഴിൽ നമ്മൾ കേരളീയരായതിന്റെ സുന്ദര ജന്മദിനം. ഒറ്റ നാളിന്റെയോ ഒരു വാരത്തിന്റെയോ ആഘോഷത്തിനപ്പുറത്ത്, ആത്മപരിശോധനയ്ക്കും സ്വയംപുതുക്കലിനുമല്ലേ ഈ ദിനം കാരണമാകേണ്ടത്?
നിറവോടെയുള്ള നവകേരള നിർമിതിയാണ് ഈ സുദിനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം. ആ നിർമാണവഴിയിൽ കഠിനശ്രമവും സമർപ്പണവും പങ്കാളിത്തവും ഉണ്ടായേതീരൂ. വിവിധ രാജ്യങ്ങളിലെ നല്ല മാതൃകകളിൽനിന്നു മികവിന്റെ പാഠങ്ങൾ പഠിച്ചും പുതിയ കാലത്തിന്റെ സാധ്യതകൾ കണ്ടറിഞ്ഞുമാണു കേരളം മുന്നോട്ടുപോകേണ്ടത്. ലോകത്ത് കൃഷി, വ്യവസായ രംഗങ്ങളിലും ടൂറിസം അടക്കമുള്ള മേഖലകളിലുമുണ്ടായ മാറ്റങ്ങൾ നാം ഉൾക്കൊള്ളുകയും വേണം. അടിസ്‌ഥാനപ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ ജനജീവിതത്തിനു നിലവാരം കൈവരികയുള്ളൂ എന്ന തിരിച്ചറിവു ഭരണാധികാരികൾക്ക് അത്യാവശ്യം തന്നെ.
നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച സാമൂഹികമൂല്യങ്ങൾ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജാതിഭ്രാന്തും അനാചാരങ്ങളും ഇനിയൊരിക്കലും ഈ മണ്ണിൽ വേരുപടർത്താൻ പാടില്ല. ത്യാഗപൂർണമായ സമരങ്ങളിലൂടെ നമ്മുടെ സമൂഹം നേടിയെടുത്ത ജനാധിപത്യജീവിതരീതി ഒരിക്കലും നഷ്ടമാകരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും നേരെ സംഘടിതമായി ഉയരുന്ന വെല്ലുവിളികൾ മുളയിലേ നുള്ളിക്കളയുകയും വേണം.
സാമ്പത്തിക അഴിമതിയും അധികാരദുർവിനിയോഗവും ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ അനുവദിച്ചുകൂടാ. ഈ നാട്ടിലെ തൊഴിലില്ലാത്ത ലക്ഷക്കണക്കിനു ചെറുപ്പക്കാരെ മറന്ന്, നിയമനങ്ങൾക്കായി ഒരിക്കലും പിൻവാതിൽ തുറന്നുവയ്ക്കാനും പാടില്ല. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളും അരികുജീവിതങ്ങളുടെ ആശങ്കകളും പരിസ്ഥിതി പ്രശ്നങ്ങളുമൊക്കെ പരിഹരിക്കപ്പെടുമ്പോഴാണു കേരളം സമഗ്രക്ഷേമത്തിലെത്തുക എന്ന ബോധ്യവും സർക്കാരിന് അത്യാവശ്യം. ന്യായമായ ജനകീയ പ്രശ്നങ്ങളെ ഒരിക്കലും ചുവപ്പുനാടകൾ വലിച്ചുമുറുക്കിക്കൂടാ.
ഭാഷ ഒരുമിപ്പിച്ച സംസ്‌കാരവും സംസ്ഥാനവുമാണു നമ്മുടെ കേരളം. വൈകിയെങ്കിലും, മലയാളത്തിനു ശ്രേഷ്‌ഠഭാഷാ പദവി കൈവരികയും ചെയ്തു. മലയാളത്തിന്റെ പ്രൗഢിയും അന്തസ്സും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നാം തുടരുന്നുണ്ടെങ്കിലും അതിലെത്രത്തോളം മുന്നോട്ടുപോകാനായിട്ടുണ്ട് ? നവകാലത്തെ അഭിമുഖീകരിക്കാൻ നമ്മുടെ ഭാഷ കാതലുറപ്പു കൈവരിക്കേണ്ടതുണ്ടെന്നതു മറന്നുകൂടാ.
നോക്കുകൂലിപോലെ, വികസനത്തിനും നിക്ഷേപത്തിനും ഇടങ്കോലിടുന്ന പിന്തിരിപ്പൻരീതികൾ എന്നേക്കുമായി ഈ നാടൊഴിയുമ്പോഴേ കേരളമൊരു പരിഷ്കൃതസമൂഹമാവൂ. കാര്യങ്ങൾ പ്രശ്നരഹിതമായും സുഗമമായും നടത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്നതാണു നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രഥമഘടകമെന്നിരിക്കെ, അക്കാര്യത്തിലെ നിഷേധാത്മക സമീപനം തുടർച്ചയായി വിളംബരം ചെയ്തുകൊണ്ടിരിക്കുകയാണു കേരളം. നിക്ഷേപകർ മറ്റുസംസ്ഥാനങ്ങളിൽ ചേക്കേറുന്നതിൽ അതുകൊണ്ടുതന്നെ കേരളത്തിനുള്ള പാഠം വ്യക്തം.
പുതുതലമുറയ്ക്കു ദിശാബോധം നൽകേണ്ട സർവകലാശാലകളും സാംസ്കാരിക കേന്ദ്രങ്ങളും വരെ കക്ഷിരാഷ്ട്രീയ താൽപര്യ സംരക്ഷണത്തിനുള്ള കസേരകളിയിൽ സ്വധർമം മറന്നുപോകുന്നു. ധിഷണയും നൈപുണ്യവുമുള്ള യുവതലമുറയാകട്ടെ മനംമടുത്ത് നാടുവിടാൻ കാത്തുനിൽക്കുന്നു. ഐടി പോലെ പുനരുജ്ജീവനം തേടുന്ന നമ്മുടെ ഓരോ മേഖലയ്ക്കും ആവശ്യമായ മാർഗനിർദേശങ്ങൾ അതതു രംഗത്തെ വിദഗ്ധരിൽനിന്നു സർക്കാർ ശേഖരിക്കുകയും അതിൽ തുടരാലോചനകൾ നടത്തുകയും വേണം.
ഒരു പ്രാണിയെപ്പോലും അകാരണമായി കൊല്ലരുതെന്നു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുപോന്ന സാമൂഹികവ്യവസ്‌ഥിതി നിലനിന്നിരുന്ന നാടാണിത്. എന്നിട്ടും, മാതൃ– പിതൃഹത്യകളും ശിശുഹത്യയുംവരെ ഇവിടെ പതിവാകുകയാണ്. ലഹരിയുടെ ചതിവഴികളിൽ നമ്മുടെ ചെറുപ്പക്കാർ ഈയാംപാറ്റകളെപ്പോലെ വീണടിയുന്നതും നമ്മൾ കാണുന്നു. ആത്മഹത്യകൾ പെരുകുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണുകയുംവേണം.
ആദ്യത്തെ കേരളപ്പിറവിദിനത്തിൽ മലയാള മനോരമ എഴുതിയ മുഖപ്രസംഗത്തിൽ ഒരു ഓർമപ്പെടുത്തൽ ഉണ്ടായിരുന്നു. സംസ്‌ഥാനത്തിന്റെ താൽപര്യങ്ങൾ എല്ലാറ്റിനും ഉപരിയായി കാണാനുള്ള കഴിവും പൊതുക്ഷേമതാൽപര്യങ്ങൾക്കു സ്വയം കീഴടങ്ങിക്കൊടുക്കാനുള്ള സന്നദ്ധതയും മലയാളിക്ക് ഉണ്ടായാൽ മാത്രമേ സംസ്‌ഥാനവും സമൂഹവും പുരോഗമിക്കുകയുള്ളൂ എന്നായിരുന്നു ആ ചിന്ത. ഐക്യകേരളത്തിനായി നാം ഒത്തുചേർന്നതുപോലെ, ഐശ്വര്യപൂർണമായ നവകേരളത്തിനുവേണ്ടിയും ഇനിയൊരു ഒത്തൊരുമിക്കൽ വേണം. കേരളത്തിന്റെ ഈ പവിത്ര ജന്മദിനം കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള ആ കൈകോർക്കലിനും പാരസ്പര്യത്തിനും കാരണമാകട്ടെ.