ഇടമുണ്ടോ ഇവിടെ ?
എഴുത്തിലൂടെ, പ്രത്യേകിച്ചും കവിതയിലൂടെ, കാൽനൂറ്റാണ്ടുകൊണ്ട് ഞാൻ എത്തിച്ചേർന്ന ഇടം വളരെ സ്വാഭാവികമായുണ്ടായ ഒന്നായി കരുതുന്നില്ല. ഏകാന്തമായ ഒരന്വേഷണം, സാമൂഹികവും അനുഭവപരവുമായ ബോധ്യങ്ങളിൽനിന്നു പിന്തിരിയാൻ കൂട്ടാക്കാത്ത മനസ്സ്, തിരസ്കരിക്കപ്പെട്ടിട്ടും ഇകഴ്ത്തപ്പെട്ടിട്ടും വീണ്ടും വീണ്ടും എഴുതിയും പറഞ്ഞും പാരമ്പര്യഭാവുകത്വത്തെ അലോസരപ്പെടുത്താൻ (തെല്ലെങ്കിലും) അവധാനതയോടും ക്ഷമയോടും കൂടി നടത്തിയ ഇടപെടലുകൾ- ഇവയൊക്കെയാവാം എന്നെ ഇവിടെവരെയെത്തിച്ചത്.
എഴുത്തിലൂടെ, പ്രത്യേകിച്ചും കവിതയിലൂടെ, കാൽനൂറ്റാണ്ടുകൊണ്ട് ഞാൻ എത്തിച്ചേർന്ന ഇടം വളരെ സ്വാഭാവികമായുണ്ടായ ഒന്നായി കരുതുന്നില്ല. ഏകാന്തമായ ഒരന്വേഷണം, സാമൂഹികവും അനുഭവപരവുമായ ബോധ്യങ്ങളിൽനിന്നു പിന്തിരിയാൻ കൂട്ടാക്കാത്ത മനസ്സ്, തിരസ്കരിക്കപ്പെട്ടിട്ടും ഇകഴ്ത്തപ്പെട്ടിട്ടും വീണ്ടും വീണ്ടും എഴുതിയും പറഞ്ഞും പാരമ്പര്യഭാവുകത്വത്തെ അലോസരപ്പെടുത്താൻ (തെല്ലെങ്കിലും) അവധാനതയോടും ക്ഷമയോടും കൂടി നടത്തിയ ഇടപെടലുകൾ- ഇവയൊക്കെയാവാം എന്നെ ഇവിടെവരെയെത്തിച്ചത്.
എഴുത്തിലൂടെ, പ്രത്യേകിച്ചും കവിതയിലൂടെ, കാൽനൂറ്റാണ്ടുകൊണ്ട് ഞാൻ എത്തിച്ചേർന്ന ഇടം വളരെ സ്വാഭാവികമായുണ്ടായ ഒന്നായി കരുതുന്നില്ല. ഏകാന്തമായ ഒരന്വേഷണം, സാമൂഹികവും അനുഭവപരവുമായ ബോധ്യങ്ങളിൽനിന്നു പിന്തിരിയാൻ കൂട്ടാക്കാത്ത മനസ്സ്, തിരസ്കരിക്കപ്പെട്ടിട്ടും ഇകഴ്ത്തപ്പെട്ടിട്ടും വീണ്ടും വീണ്ടും എഴുതിയും പറഞ്ഞും പാരമ്പര്യഭാവുകത്വത്തെ അലോസരപ്പെടുത്താൻ (തെല്ലെങ്കിലും) അവധാനതയോടും ക്ഷമയോടും കൂടി നടത്തിയ ഇടപെടലുകൾ- ഇവയൊക്കെയാവാം എന്നെ ഇവിടെവരെയെത്തിച്ചത്.
പുരോഗമിച്ച സമൂഹമെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിൽ സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കുമുള്ള സ്ഥാനമെന്ത് ? ദലിതരും ആദിവാസികളും ഏതു കള്ളികളിലാണ് പൂരിപ്പിക്കപ്പെടുന്നത്? നാല് എഴുത്തുകാർ ഈ ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരം തേടുന്നു
പരിഗണനയുടെ തണലിലല്ല; പൊരുതി നേടിയതാണ്
∙ എം.ആർ.രേണുകുമാർ
എഴുത്തിലൂടെ, പ്രത്യേകിച്ചും കവിതയിലൂടെ, കാൽനൂറ്റാണ്ടുകൊണ്ട് ഞാൻ എത്തിച്ചേർന്ന ഇടം വളരെ സ്വാഭാവികമായുണ്ടായ ഒന്നായി കരുതുന്നില്ല. ഏകാന്തമായ ഒരന്വേഷണം, സാമൂഹികവും അനുഭവപരവുമായ ബോധ്യങ്ങളിൽനിന്നു പിന്തിരിയാൻ കൂട്ടാക്കാത്ത മനസ്സ്, തിരസ്കരിക്കപ്പെട്ടിട്ടും ഇകഴ്ത്തപ്പെട്ടിട്ടും വീണ്ടും വീണ്ടും എഴുതിയും പറഞ്ഞും പാരമ്പര്യഭാവുകത്വത്തെ അലോസരപ്പെടുത്താൻ (തെല്ലെങ്കിലും) അവധാനതയോടും ക്ഷമയോടും കൂടി നടത്തിയ ഇടപെടലുകൾ- ഇവയൊക്കെയാവാം എന്നെ ഇവിടെവരെയെത്തിച്ചത്.
പുറമേ നിന്നുള്ളതല്ല, അകമേ നിന്നുള്ള കരുതലുകളും ചേർത്തുപിടിക്കലുകളും പിന്തുണയും ആത്മബോധവും ‘സ്വതന്ത്ര’ചിന്തയുമാണ് എന്നെ ഇന്നിലേക്ക് എത്തിച്ചതെന്നു തോന്നുന്നു. ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ പ്രസ്ഥാനമോ എന്റെ എത്തിച്ചേരലുകളിൽ അതീവ നിർണായകമായിരുന്നെന്നു തോന്നിയിട്ടില്ല. ഞാനങ്ങനെ, സ്വയമുണ്ടായി എന്നല്ല ഇതിനർഥം.
സാമൂഹികനീതിക്കും തുല്യതയ്ക്കും മാനാഭിമാനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള, നവോത്ഥാനകാലം തൊട്ടുള്ള ദലിതരുടെ ഇടപെടലുകളുടെ തുടർച്ചയായാണ് ഞാനെന്റെ ജീവിതത്തെയും എഴുത്തുകളെയും അടയാളപ്പെടുത്തുന്നത്. എന്റെ കവിതകളും എഴുത്തുകളും വരയും സംസാരങ്ങളും സൗഹൃദങ്ങളും പ്രണയങ്ങളും പരിമിതമായ ഇടപെടലുകളും ഒക്കെ അതിന്റെ ഭാഗമാണ്. എഴുത്തിലും ജീവിതത്തിലും ചില്ലറ നേട്ടങ്ങൾ കൈവരിക്കാനായെങ്കിലും അവയൊന്നും അനുകൂലസാഹചര്യങ്ങളുടെ അഥവാ പ്രിവിലേജുകളുടെ തണലിൽ ഉണ്ടായവയല്ല. മറിച്ച്, തികച്ചും പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ നിരന്തരം നേരിട്ടും പ്രതിരോധിച്ചും എത്തിപ്പിടിച്ചവയാണ്.
ദലിതരുടെ വിവിധ മേഖലകളിലുള്ള സ്വതന്ത്ര ഇടപെടലുകളും ഇതര സാമൂഹികവിഭാഗങ്ങളിൽനിന്നുള്ള ജനാധിപത്യവിശ്വാസികളുടെ ഐക്യദാർഢ്യങ്ങളും സമകാലിക കേരളത്തിന്റെ ജാതിമനസ്സിനെ പരിമിതമായെങ്കിലും പരുക്കേൽപിച്ചിട്ടുണ്ട്. പരമ്പരാഗത ജാതിബോധത്തെ ഈ വിധം അഴിച്ചുപണിയാൻ ഇടയാക്കിയെങ്കിലും, പുതിയതലമുറയിൽ ജാതിബോധം സംവരണവിരുദ്ധതയിലും പുനരുദ്ധാരണവാദങ്ങളിലും കുഴഞ്ഞു ദൃഢപ്പെടുന്നതിനും ഇക്കാലം സാക്ഷ്യം വഹിക്കുന്നുണ്ട്. ഫലത്തിൽ മലയാളിയുടെ ജാതി(മേധാവിത്വ)ബോധം ഇല്ലാതാകുകയോ മയപ്പെടുകയോ അല്ല ചെയ്തത്, മറിച്ച് അത് ഉൾവലിയുകയോ കാലാനുസൃതമായി നിലനിൽക്കുകയോ ആയിരുന്നെന്നു കാണാൻ കഴിയും. ദലിതർ ദാസ്യശരീരഭാഷയും ഭാവങ്ങളുമായി, വിനീതവിധേയരും അനുസരണശീലരും സവർണജാതി മേധാവിത്വത്തിനു കീഴ്പ്പെടുന്നവരുമായിരുന്നാൽ ‘ഒരുവിധം കഴിഞ്ഞുപോകാം’ എന്ന അവസ്ഥയിലേക്കു കേരളം ‘പുരോഗമിച്ചി’ട്ടുണ്ടെന്നു പൊതുവിൽ പറയാം. ദലിതർ വിനീതരായാൽ മലയാളിയുടെ ജാതിബോധം ഉള്ളിൽ അടങ്ങിക്കിടന്നോളും; ‘വിനായകർ’ ആയാൽ പത്തിവിടർത്തി വിഷംചീറ്റും എന്നു ചുരുക്കം.
ഞങ്ങളെ ‘പ്രശ്നക്കാർ’ആക്കുന്നതെന്തിന് ?
∙ ധന്യ വേങ്ങച്ചേരി
തിരക്കേറിയ ഒരു തീവണ്ടിയാത്ര ഓർത്തെടുക്കുകയാണ്. ട്രെയിനിൽ രണ്ടുപേർ ബഹളമുണ്ടാക്കി പരസ്പരം അടി തുടങ്ങി. ട്രെയിനിനകത്തും പുറത്തും ബഹളം ഉയർന്നു കേട്ടു. മിക്ക യാത്രക്കാരും അതു കാര്യമാക്കിയില്ല. അടിയുണ്ടാക്കിയവർ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയും ചെയ്തു. ആ യാത്രയ്ക്കിടെ ഒരച്ഛനെയും അമ്മയെയും പരിചയപ്പെട്ടു. പറഞ്ഞുവന്നപ്പോൾ, പാരമ്പര്യകലയായ മംഗലംകളിയിൽ അറിയപ്പെടുന്നവർ. കലാവതരണത്തിനു ദൂരദേശത്തേക്കു പോകുകയാണ്. മംഗലംകളിയെക്കുറിച്ച് അറിയാനുള്ള അവസരങ്ങൾ ഒഴിവാക്കാറില്ല ഞാൻ. ഇടയ്ക്കു സംസാരം മുറിഞ്ഞു. അപ്പോൾ നേർത്തൊരു ചിരിയോടെ ആ അച്ഛൻ പറഞ്ഞു: ‘നിനക്കറിയോ, ബാത്റൂമിൽ പോയി വരുമ്പോൾ ഒരാൾ എന്നോടു ചോദിക്കുകയാണ്, നീയാണോ ബഹളമുണ്ടാക്കിയതെന്ന് ?’
അതു പറഞ്ഞുതീരുമ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിൽ എത്തിയിരുന്നു. ഒന്നും പറയാനാകാതെ ഞാനിറങ്ങി. നെഞ്ചിൽ ഒരു നോവ് കൂട്ടിനുണ്ടായിരുന്നു. ഞാനവർക്കു കൈവീശി. നിറഞ്ഞ ചിരിയോടെ അവരെനിക്കും കൈ കാണിച്ചു. ഞങ്ങളുടെ ശരീരപ്രകൃതവും കറുത്ത നിറവും മുറുക്കിച്ചുവന്ന ചുണ്ടുമൊക്കെ കണ്ട് മറ്റുള്ളവർ ധരിച്ചുവച്ചത് ഞങ്ങൾ പ്രശ്നക്കാരാണെന്നാണ്. ഞങ്ങൾ ആദിവാസികൾക്കുമേലുള്ള ഇത്തരം നോട്ടങ്ങൾ എന്നാണ് അവസാനിക്കുക?
കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതാവസ്ഥ സമീപകാല സംഭവങ്ങളിൽ നിന്നുതന്നെ വ്യക്തമാകും. കൂലിവേലയ്ക്കു കുടകിൽ പോയ ആദിവാസികൾ തിരിച്ചുവരുന്നില്ല. അട്ടപ്പാടി മധുവിനെപ്പോലെ, വിശ്വനാഥനെപ്പോലെ*, ഓരോ ജീവനും കൺമുന്നിൽനിന്ന് ഇല്ലാതാവുന്നു. ഓരോ ദിവസം ഉണരുമ്പോഴും ഇതുപോലുള്ള വാർത്തകൾ നമ്മുടെ ഉള്ളുലയ്ക്കും.
ഐഎഎസ് നേടിയ ശ്രീധന്യയും ആൾക്കൂട്ടക്കൊലയ്ക്കിരയായ മധുവും ഒരേകാലത്തിന്റെ രണ്ടു മുഖങ്ങളാണ്. എന്നാൽ, അത് ഒരേയൊരു മുഖമായി മാറിയേക്കാം എന്നു പറയാനാണു തോന്നുന്നത്. ഗവേഷണനാളുകളിൽ പഠനത്തോടൊപ്പം അവകാശപ്പെട്ട ഇ-ഗ്രാന്റിനു വേണ്ടി തെരുവിൽ സമരം ചെയ്യുന്ന ആദിവാസി കുട്ടികളെ നാം കണ്ടു. എന്റെ സഹോദരനും ഗവേഷക വിദ്യാർഥിയാണ്. പണമില്ലാത്തതിനാൽ മൂന്നുനേരവും ബൺ തിന്ന് വിശപ്പടക്കി പഠിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു നോവോടെ പറയുമ്പോൾ കേട്ടിരിക്കാനേ കഴിയുമായിരുന്നുള്ളൂ.
ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്കു നേരെ സമൂഹത്തിന്റെ സമീപനം മാറിയിട്ടില്ലെന്നു ചിറ്റാരിക്കലിലെ വിദ്യാർഥിയുടെ തലമുടി മുറിച്ചുമാറ്റിയ സംഭവം ഓർമിപ്പിക്കുന്നു. ഈ ഡിജിറ്റൽ കാലത്തും ഉയർന്ന ശിശുമരണനിരക്കും പോഷകാഹാരക്കുറവും മൂലം ആദിവാസിജീവിതം ദുരിതത്തിൽ തന്നെയാണ്. ഈ ദുരിതത്തോടു ചേർന്നുനിന്ന് പലരും ആദിവാസിസ്നേഹം വിളമ്പും. സമൂഹമാധ്യമങ്ങളിലെ ലൈക്കിനും ഷെയറിനും വേണ്ടി മാത്രം ആദിവാസികൾക്കൊപ്പം നിൽക്കുന്നവരുണ്ട്. ആദിവാസികൾക്കു നേരെ വിവേചനവും വംശഹത്യയും ക്രൂരപീഡനങ്ങളും വർധിക്കുന്നതല്ലാതെ കുറയുന്നതായി തോന്നുന്നില്ല.
* കോഴിക്കോട്ട് ആൾക്കൂട്ട വിചാരണയ്ക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ്
അടുക്കളയിൽനിന്ന് ആകാശത്തോളം
∙ ഷീല ടോമി
തിരിഞ്ഞുനോക്കുമ്പോൾ, ഇരുപത്തിമൂന്നാം വയസ്സിൽ അമ്മയായി ‘വീട് തലയിലേറ്റിയ’ ഒരു പെൺകുട്ടിയെ ഞാൻ കാണുന്നു. പങ്കാളിയുടെ സ്നേഹപിന്തുണകൾ ലഭിച്ചിട്ടുപോലും, ഉദ്യോഗം, മൂന്നു കുഞ്ഞുങ്ങളെ വളർത്തൽ എന്നീ പ്രതിഭാസങ്ങൾക്കിടയിൽ ചുരുങ്ങിപ്പോയി അവളുടെ കാലവും യൗവനത്തിന്റെ ഊർജവും. ആ പെൺകുട്ടി ഞാൻ തന്നെ.
വയനാടൻ ഗ്രാമത്തിൽനിന്ന് സ്റ്റേറ്റ് റാങ്കോടെ എസ്എസ്എൽസി പാസായപ്പോൾ അധ്യാപകർക്കും പ്രിയപ്പെട്ടവർക്കും നിറയെ സ്വപ്നങ്ങളായിരുന്നു. ഗ്രാമത്തിലേക്ക് ആദ്യത്തെ ഐഎഎസുകാരിയായി കുട്ടി വരണം എന്നൊക്കെ അവർ ആശീർവദിച്ചു. മറ്റു ചിലർ എന്നിൽ ഒരു മേരി ക്യൂറിയെ കണ്ടു. എന്നാൽ, എൻജിനീയറിങ് കോളജിൽ പഠിക്കുന്നതിനിടെ ഒരു ജോലിയിലേക്ക് എടുത്തുചാടിയതോടെ സ്വപ്നങ്ങൾ പാതിവഴിയിലായി. ലക്ഷ്യം അകലെയായി. അന്നത്തെ സാമ്പത്തികപ്രശ്നങ്ങൾ കാരണമായിരിക്കണം എന്റെ ചാച്ചൻ ജോലിക്കു പോകാൻ നിർബന്ധിച്ചത്. ഇതല്ല എന്റെ വഴിയെന്നും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ടെന്നും പറയാനുള്ള ധൈര്യം അന്നുണ്ടായില്ല. താമസിയാതെ വിവാഹവും നടന്നു. എന്റെ ഗ്രാമത്തിൽനിന്നു തന്നെ കൂട്ടുകാരനെ കിട്ടി. പഠനം തുടരാൻ ടോമി പ്രോത്സാഹിപ്പിച്ചെങ്കിലും വൈകാതെ അമ്മയായതോടെ, ഒരുപാടു വലിയ സ്വപ്‌നങ്ങൾ കണ്ട പഴയ പെൺകുട്ടിയെ ഞാൻ മറന്നു.
മക്കൾ മുതിർന്നശേഷമാണ് കൗമാരക്കാരിയുടെ അഭിലാഷങ്ങളിലേക്കു പിന്നെയും ഇറങ്ങിനടക്കുന്നത്. മകൾ പ്ലസ് ടു പഠിക്കുന്ന സമയത്ത്, നാൽപതാം വയസ്സിലാണ് ഞാൻ പോസ്റ്റ് ഗ്രാജ്വേഷൻ എടുക്കുന്നത്. അന്നോളം എന്റെ ദുഃഖം, പൂർത്തിയാകാത്ത പഠനവും എങ്ങുമെത്തിയില്ലെന്ന നഷ്ടബോധവുമായിരുന്നു. ഏകാന്തതയിൽ എനിക്കു കൂട്ടായത് ചെറുപ്പം മുതൽ ഒപ്പമുള്ള പുസ്തകങ്ങളോടുള്ള പ്രണയമാണ്. നിശ്ശബ്ദമായി ഉള്ളിൽ ഉറങ്ങിയിരുന്ന അക്ഷരങ്ങൾ പതിയെ പുറത്തേക്കുള്ള വഴി തേടിപ്പിടിച്ചു. എഴുത്ത് എന്നിലെ എന്നെ സ്വതന്ത്രയാക്കുന്നുവെന്നു ഞാനറിഞ്ഞു. പ്രായം ഒന്നിനും പരിമിതിയല്ലെന്നും. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും മാത്രം മതി നമുക്ക് നമ്മുടെ ഇഷ്ടങ്ങളെ പിന്തുടരാൻ. തീർച്ചയായും അടുക്കളയും വീട്ടുഭാരവും ഒപ്പം പങ്കിട്ട് എഴുത്തുമേശയിലേക്ക് എന്നെ പറഞ്ഞുവിട്ടത് ടോമിയാണ്. എന്തിനും ഒപ്പം നിൽക്കുന്ന കൂട്ട് ഭാഗ്യമാണ്; ആണിനും പെണ്ണിനും.
കേരളസ്ത്രീയുടെ മുൻഗണനാക്രമങ്ങൾ ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നു. അടുക്കളയിൽനിന്ന് അരങ്ങത്തേക്കും അവിടെനിന്ന് ആകാശത്തേക്കും പറക്കുകയാണ് മലയാളിവനിതകൾ. ഇന്നു പെൺകുട്ടികൾ ഇഷ്ടാനിഷ്ടങ്ങൾ തുറന്നുപറയുന്നു. ആവോളം പഠിച്ചുയരണമെന്നും മനസ്സിനിണങ്ങിയ കരിയറിൽ എത്തണമെന്നും ഉറപ്പിച്ചുപറയുന്നു; എന്നിട്ടു മതി വിവാഹമെന്നും. പെൺകുട്ടികൾ പുതിയ ആകാശം തേടി പറക്കുമ്പോൾ പലർക്കും ആവലാതി, കൂടിവരുന്ന വിവാഹമോചനങ്ങളെക്കുറിച്ചാണ്. പ്രതിസ്ഥാനത്തോ പെണ്ണിന്റെ സ്വയംപര്യാപ്തതയും ! നോക്കൂ, ഇവിടെ ശാക്തീകരിക്കപ്പെടേണ്ടത് ആൺകുട്ടികളാണ്. ഒരാൾ മാത്രം സഹിച്ചും ത്യജിച്ചും കെട്ടിപ്പടുക്കേണ്ട ഒന്നല്ലല്ലോ ജീവിതം.
സർഗപ്രവാഹത്തെ അണകെട്ടി നിർത്തി ടർബൈൻ കറക്കിയാൽ വീടിനുള്ളിൽ വെളിച്ചമെത്തില്ല; സമൂഹത്തിലും. കഴിവുള്ള വനിതകൾക്കു രാഷ്ട്രീയത്തിലും ഭരണരംഗത്തും കൂടുതൽ പ്രാതിനിധ്യം ലഭിച്ചാൽ, അഴിമതിയും കെടുകാര്യസ്ഥതയും കുറഞ്ഞ് കേരളം മറ്റൊന്നാകും. തീർച്ച.
തിരിച്ചറിയുന്നുണ്ട്,ഉൾക്കൊള്ളുന്നില്ല
∙ വിജയരാജമല്ലിക
ഇന്നു കേരളം ഏറക്കുറെ ക്വീർ* സൗഹൃദ സംസ്ഥാനമായി വളർന്നിരിക്കുന്നു. വർഷങ്ങളായി ക്വീർ ആക്ടിവിസ്റ്റുകൾ നടത്തിവന്ന പോരാട്ടങ്ങളുടെ ഉൺമയെ തിരിച്ചറിഞ്ഞ മുഖ്യധാരാസമൂഹം ഇതൊരുവിഭാഗം മനുഷ്യരുടെ ‘പ്രശ്നം’ അല്ലെന്നും ക്രിയാത്മമായി ഇടപെടേണ്ട രാഷ്ട്രീയപ്രവർത്തനമാണെന്നും തിരിച്ചറിഞ്ഞിരിക്കുന്നു.
എല്ലാ വ്യക്തികൾക്കും സ്വന്തം ജെൻഡർ സ്വത്വം തിരിച്ചറിഞ്ഞ് അതസനുരിച്ചു മുന്നോട്ടുപോകാൻ അവകാശമുണ്ടെന്ന 2014ലെ സുപ്രീം കോടതിയുടെ നൽസ കേസ് വിധിയും തുടർന്നുവന്ന കേരള സർക്കാരിന്റെ ട്രാൻസ്ജെൻഡർ നയവും സംസ്ഥാന, ജില്ലാ ബോർഡുകളുടെയും ട്രാൻസ്ജെൻഡർ സെല്ലിന്റെയും പ്രവർത്തനങ്ങളും ഇതിന്റെ ഒപ്പത്തിനൊപ്പമോ ഒരുപടി മുന്നിലോ നിൽക്കുന്ന സാംസ്കാരിക ഇടപെടലുകളും ഇന്നു കാണുന്ന വിപ്ലവകരമായ മാറ്റത്തിനു വഴി തെളിച്ചിരിക്കുന്നു. കൂടുതൽ ആളുകൾ പെൺ/ആൺ പുറംചട്ടകളെ കാറ്റിൽപറത്തി അവരുടെ സ്വത്വങ്ങൾ തുറന്നുപറഞ്ഞ് സമൂഹമധ്യത്തിലേക്ക് ഇറങ്ങിവരുന്നു.
എന്നാൽ, സ്വത്വം വെളിപ്പെടുത്തിവരുന്നവരെ എത്രകണ്ട് സമൂഹം ഉൾക്കൊള്ളുന്നു എന്നതൊരു ചോദ്യമാണ്. അസാമാന്യ ഇച്ഛാശക്തിയും സ്വയം ആർജിച്ചെടുത്ത ധൈര്യവും ഉള്ളവർക്കുമാത്രമേ അവരുടേതായ ഇടങ്ങൾ കണ്ടുപിടിക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുള്ളൂ. അൽപമെങ്കിലും വായിക്കുകയും കേൾക്കുകയും ചെ യ്യുന്നവരുടെ ഇടയിൽ മാത്രമാണു മാറ്റം.
പൊതുവിദ്യാഭ്യസത്തിലൂടെയും ഉൾചേർക്കലിലൂടെയും മാത്രമേ മാറുന്ന തലമുറകളിലേക്ക് ഈ ബോധം പകർന്നുനൽകാൻ കഴിയൂ. സ്വത്വം വെളിപ്പെടുത്തി അഭിമാനത്തോടെ ജീവിക്കുന്ന ഒട്ടേറെ ട്രാൻസ്ജെൻഡർ വ്യക്തികൾ ഉള്ളപ്പോൾ എന്തുകൊണ്ടാണ് സർക്കാരിനു സ്പെഷൽ റിക്രൂട്മെന്റ് വഴി 10 പേർക്കെങ്കിലും ജോലി നൽകാൻ കഴിയാത്തത്? എന്തുകൊണ്ടാണ് ആളുകൾ ക്വീർ സമൂഹത്തെ പരിഹാസത്തോടെയും അറപ്പോടെയും നോക്കിക്കാണുന്നത്?
കേരളത്തിലെ ജാതിസമൂഹങ്ങളിൽ മതബോധം വളർന്നുവന്ന നാളിൽ ആരെഴുതിവച്ചോ ‘ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്ന്?’ നവോത്ഥാന കാലത്ത് ക്വീർ ജീവിതങ്ങളുടെ ഭൂപടങ്ങൾ തെളിഞ്ഞുവരട്ടെ.
*ക്വീർ (Queer): ട്രാൻസ്ജെൻഡർ, ലെസ്ബിയൻ, ഗേ ഉൾപ്പെടെ ജെൻഡർപരമായി വ്യത്യസ്തതകളുള്ള വ്യക്തികളെ ചേർത്തുവിശേഷിപ്പിക്കുന്ന പദം.
നാളെ: മലയാളിജീവിതം മാറിയതെങ്ങനെ?