ADVERTISEMENT

∙ സത്യൻ അന്തിക്കാട്: പഴയ അയൽക്കാരിയായിരുന്ന ഒരു ചേച്ചി അടുത്തകാലത്ത് വീട്ടിൽ വന്നു. പേരക്കുട്ടിക്കു സിനിമയിൽ അഭിനയിക്കണം. അതാണ് ആവശ്യം. ‘അവൻ പഠിക്കാൻ തീരെ മോശം, കൂട്ടുകെട്ടും നല്ലതല്ല, ഈയിടെയായി കഞ്ചാവും തുടങ്ങിയിട്ടുണ്ട്, നീ അവനെ സിനിമയിൽ ഒന്ന് കയറ്റി രക്ഷപ്പെടുത്ത്’. സിനിമയിൽ കയറാനുള്ള യോഗ്യതകൾ കേട്ട് എനിക്കു ചിരി വന്നു.

∙ കൽപറ്റ നാരായണൻ: കുഴിച്ചെടുക്കാൻ ഖനികൾ ഒന്നുമില്ലാത്ത, വ്യവസായ സാധ്യതകളില്ലാത്ത ഈ നാടിന് യഥോചിതം മുതലിറക്കിയാൽ ഉറപ്പായും വിജയിക്കാൻ കഴിയുമായിരുന്ന ഒരു മേഖലയായിരുന്നു വിദ്യാഭ്യാസം. മലയാളത്തിന് ഒരു വലിയ ഇടവും ആകുമായിരുന്നു. എന്നാൽ, അധ്യാപക സംഘടനകളും ഏകാധിപത്യത്തിനു പഠിക്കുന്ന വിദ്യാർഥി സംഘടനകളും വിദ്യാഭ്യാസ വിരുദ്ധരായ ഭരണകൂടങ്ങളും ആ സാധ്യത പൂർണമായി അടച്ചു.

∙ മമ്മൂട്ടി: വലിയ പാടമോ സ്ഥലമോ അല്ല, കൃഷി ചെയ്യാനുള്ള മനസ്സാണ് പ്രധാനം. ചെടി വളരുന്നതും പൂവിടുന്നതും കാണാനും അതു പറിച്ച് മറ്റൊരാൾക്കു നൽകാനും മനസ്സുണ്ടാവണം. മറ്റാരോ ഒക്കെ മണ്ണിൽ പണിയെടുത്ത ഭക്ഷണമാണ് നമ്മൾ കഴിക്കുന്നത്. അവർ ചേറിൽ കാൽവയ്ക്കുന്നതുകൊണ്ടാണ് നമ്മൾ ചോറിൽ കൈവയ്ക്കുന്നത്.

∙ എം.എൻ.കാരശ്ശേരി: ‘ഏതു ചെകുത്താനെ കൂട്ടുപിടിച്ചും’ ഭരണം നേടുക എന്നതായിരിക്കുന്നു മലയാളികളുടെ രാഷ്ട്രീയ ആദർശം. ജാതീയത, മതകീയത, യാഥാസ്ഥിതികത, സ്ത്രീവിരുദ്ധത മുതലായ രാഷ്ട്രീയ ജീർണതകളെ രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ കൊണ്ടാടിക്കൊണ്ട് രാഷ്ട്രീയ പ്രബുദ്ധത മുന്നേറിക്കൊണ്ടിരിക്കുന്നു.

∙ ബേസിൽ ജോസഫ്: ബന്ധങ്ങളും ഇഴയടുപ്പങ്ങളും എല്ലാം ഓർമകളാവുന്ന കാലമാണിത്. ഏതു തിരക്കിനിടയിലും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ പറ്റിയില്ലെങ്കിൽ എന്തു ജീവിതം? റീൽസ് ആസ്വദിക്കണം. പക്ഷേ, അതു റിയൽ ലൈഫ് അല്ല എന്ന തിരിച്ചറിവു വേണം.

∙ ശശി തരൂർ: ഏതു സായുധ സംഘർഷത്തിലായാലും അതിൽ പങ്കില്ലാത്ത സാധാരണക്കാരെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും വേണമെന്നാണ് ജനീവ കൺവൻഷൻ പ്രകാരമുള്ള അടിസ്ഥാനനിയമം. എന്നാൽ, ആകാശത്തുനിന്നു വർഷിക്കുന്ന ബോംബുകൾക്കു സൈനികരെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും വേർതിരിച്ചറിയാനാവില്ലല്ലോ. ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകൾപോലെ ‘കണ്ണിനു പകരം കണ്ണെന്നതു ലോകത്തെ മുഴുവൻ അന്ധരാക്കും’.

∙ ശ്രീകുമാരൻ തമ്പി: ഒരു സിനിമയിൽ ജയചന്ദ്രനും ബ്രഹ്മാനന്ദനും പാടിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളാകുക, യേശുദാസ് പാടിയ പാട്ട് അത്രയും ശ്രദ്ധിക്കപ്പെടാതെ പോവുക എന്നത് തീർച്ചയായും ഒരു അപൂർവസംഭവം തന്നെയാണ്. ഈ സിനിമയിൽ (സിഐഡി നസീർ) അങ്ങനെ സംഭവിച്ചു. കാരണം ആ പാട്ടിന്റെ ഡിസ്ക് ഇറങ്ങിയില്ല എന്നതു തന്നെ.

∙ റസൂൽ പൂക്കുട്ടി: ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങുമ്പോൾ മലയാള സിനിമകളെ തട്ടുപൊളിപ്പൻ സിനിമകളെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇന്ന് ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്നതു മലയാള സിനിമകളെയാണ്. എനിക്കും റഹ്‌മാനും ലഭിച്ച ഓസ്കർ അതിനൊരു കാരണമായിട്ടുണ്ടെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ.

∙ പി.എൻ.ഗോപീകൃഷ്ണൻ: വ രുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും ഹിന്ദുത്വ ആഴത്തിൽ ഇന്ത്യൻ ശരീരത്തിൽ കിനിഞ്ഞിറങ്ങിയിട്ടുണ്ട്. ഒരിക്കലും ഇവരുമായി യോജിക്കില്ലെന്നു കരുതിയവർപോലും ഹിന്ദുത്വയുമായി സഹകരിക്കുന്നു. ആ നിലയിൽ ഹിന്ദുത്വയുടെ ‘ഇന്റേണൽ കോളനൈസേഷൻ’ സമഗ്രമായിത്തന്നെ പിടിമുറുക്കിക്കഴിഞ്ഞു. 

∙ വയലാർ ശരത്ചന്ദ്രവർമ: ഒരു ടെലിവിഷൻ അവതാരകൻ എന്നോടു ചോദിച്ചു: വയലാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ ഒരു മകൻ എന്ന നിലയിൽ എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന്. ഞാൻ പറഞ്ഞു: ‘വയലാർ രാമവർമ അന്തരിച്ചു’ എന്നു കേൾക്കുന്നതാണ് എനിക്ക് ഇഷ്ടം, അല്ലാതെ ‘വയലാർ കൊല്ലപ്പെട്ടു’ എന്നു കേൾക്കുന്നതല്ല എന്ന്.

∙ കെ.കെ.സുധാകരൻ: അച്ഛന്റെയും അമ്മയുടെയും ഏക മകനായിരുന്നതുകൊണ്ടാണ് ഞാനൊരു എഴുത്തുകാരനായതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വീട്ടിൽ ഏകാകിയായ ഒരു കുട്ടിക്കു വായനയല്ലാതെ എന്തു നേരമ്പോക്കാണുള്ളത്?

∙ രാംമോഹൻ പാലിയത്ത്: നമ്മുടെ ചില എഴുത്തുകാരും ബുദ്ധിജീവികളുമാകട്ടെ ജനപ്രിയ എഴുത്തുകാരോടു മൊത്തം പുച്ഛമുള്ളവരാണ്; പിന്നെവേണ്ടേ ത്രില്ലർ, മിസ്റ്ററി എഴുത്തുകാരെ സഹിക്കാൻ. (മുട്ടത്തുവർക്കിയെ മാത്രമല്ല, എം.മുകുന്ദനെപ്പോലും വെറുതേവിട്ടിട്ടില്ല ഇജ്ജാതി വരേണ്യവാദക്കാർ. എം.മുകുന്ദനെയും പ്രേംനസീറിനെയും പറ്റി ഒന്നും പറയാനില്ല എന്ന് പണ്ടൊരു കഥാകൃത്ത് പറഞ്ഞത് ഓർമയില്ലേ?) 

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com