മുൾമുനയിൽ പൊലീസ്
തൊഴിൽസാഹചര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നോ? സമീപകാലത്തെ ചില സംഭവങ്ങൾ ഈ ചോദ്യമുയർത്തുന്നു. അത്യന്തം സമ്മർദം നിറഞ്ഞ ജോലിയാണു പൊലീസിന്റേത്. മണിക്കൂറുകൾ നീളുന്ന സംഘർഷങ്ങളിലെ ഏതാനും നിമിഷങ്ങൾ അടർത്തിയെടുത്തു സേനയുടെ പ്രവർത്തനം വിലയിരുത്തിയാൽ ഒരുപക്ഷേ, പൊലീസ് പ്രതിക്കൂട്ടിലാണ്
തൊഴിൽസാഹചര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നോ? സമീപകാലത്തെ ചില സംഭവങ്ങൾ ഈ ചോദ്യമുയർത്തുന്നു. അത്യന്തം സമ്മർദം നിറഞ്ഞ ജോലിയാണു പൊലീസിന്റേത്. മണിക്കൂറുകൾ നീളുന്ന സംഘർഷങ്ങളിലെ ഏതാനും നിമിഷങ്ങൾ അടർത്തിയെടുത്തു സേനയുടെ പ്രവർത്തനം വിലയിരുത്തിയാൽ ഒരുപക്ഷേ, പൊലീസ് പ്രതിക്കൂട്ടിലാണ്
തൊഴിൽസാഹചര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നോ? സമീപകാലത്തെ ചില സംഭവങ്ങൾ ഈ ചോദ്യമുയർത്തുന്നു. അത്യന്തം സമ്മർദം നിറഞ്ഞ ജോലിയാണു പൊലീസിന്റേത്. മണിക്കൂറുകൾ നീളുന്ന സംഘർഷങ്ങളിലെ ഏതാനും നിമിഷങ്ങൾ അടർത്തിയെടുത്തു സേനയുടെ പ്രവർത്തനം വിലയിരുത്തിയാൽ ഒരുപക്ഷേ, പൊലീസ് പ്രതിക്കൂട്ടിലാണ്
തൊഴിൽസാഹചര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നോ? സമീപകാലത്തെ ചില സംഭവങ്ങൾ ഈ ചോദ്യമുയർത്തുന്നു. അത്യന്തം സമ്മർദം നിറഞ്ഞ ജോലിയാണു പൊലീസിന്റേത്. മണിക്കൂറുകൾ നീളുന്ന സംഘർഷങ്ങളിലെ ഏതാനും നിമിഷങ്ങൾ അടർത്തിയെടുത്തു സേനയുടെ പ്രവർത്തനം വിലയിരുത്തിയാൽ ഒരുപക്ഷേ, പൊലീസ് പ്രതിക്കൂട്ടിലാണ് എന്ന പ്രതീതി സൃഷ്ടിക്കാനാകും. അതിനുള്ള സാഹചര്യംപോലും പൊലീസ് ഒഴിവാക്കേണ്ടതല്ലേ എന്നു ചോദിക്കാം. എന്നാൽ, അത്ര മാതൃകാപരമായ തൊഴിൽസാഹചര്യമാണോ ഫീൽഡിൽ പ്രവർത്തിക്കുന്ന സബ് ഇൻസ്പെക്ടർക്കും സിവിൽ പൊലീസ് ഓഫിസർക്കുമുള്ളത്?
എത്ര അമാനുഷസിദ്ധികളുള്ള ഉദ്യോഗസ്ഥർ വിശ്രമമില്ലാതെ പ്രവർത്തിച്ചാലും പൊലീസ് സ്റ്റേഷനിലെ ചുമതലകൾ തൃപ്തികരമായി നിർവഹിക്കുക ഏറെ പ്രയാസകരമാണെന്ന് അനുഭവത്തിൽനിന്നു പറയാനാകും. മാറ്റിവയ്ക്കാനാകാത്ത ക്രമസമാധാനപാലന ദൗത്യങ്ങളും അടിയന്തര നടപടികൾ ആവശ്യമായ കുറ്റാന്വേഷണവും വിഐപി സുരക്ഷയുമൊക്കെ നിറവേറ്റാൻതന്നെ രാപകൽ ജോലി ചെയ്യേണ്ടിവരുന്നത് സാധാരണമാണ്. ഇങ്ങനെ മുൾമുനയിൽ ജോലി ചെയ്യുന്ന പൊലീസുകാർ സങ്കീർണമായ പ്രശ്നങ്ങളിൽ നടത്തുന്ന ഇടപെടൽ ചിലപ്പോൾ പാളിപ്പോകും. അത്തരം വീഴ്ചകളുടെ ദോഷഫലം മിക്കപ്പോഴും സാധാരണ പൗരന്മാരാകും അനുഭവിക്കേണ്ടിവരിക. വീഴ്ചകൾക്ക് പൊലീസുകാർതന്നെ വലിയ വില നൽകേണ്ടിവരുന്ന സന്ദർഭങ്ങളും കുറവല്ല.
സേനയിലെ മിക്ക പരിഷ്കാരങ്ങളും സൃഷ്ടിക്കുന്ന ജോലിഭാരം അവസാനം എത്തിനിൽക്കുക പൊലീസ് സ്റ്റേഷനുകളിലാണ്. ജനമൈത്രി, ജാഗ്രതാ സമിതി, ശിശുസൗഹൃദ പൊലീസ് തുടങ്ങി നല്ല പദ്ധതികളുണ്ട്. പക്ഷേ, ഇതൊക്കെ നടപ്പാക്കാനുള്ള വിഭവശേഷി പൊലീസിനുണ്ടോ?
ജനമൈത്രി എന്ന പേരിലുള്ള കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായത്തെ സ്റ്റേഷന്റെ മുഖ്യധാരാ പ്രവർത്തനങ്ങളിൽനിന്നു വേർപെടുത്തി മറ്റൊരു വിഭാഗമാക്കുന്നത് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നു മാത്രമല്ല, അത് കമ്യൂണിറ്റി പൊലീസിങ് പദ്ധതിയുടെ അന്തഃസത്തയ്ക്കു വിരുദ്ധവുമാണ്.
എല്ലാ രംഗത്തും സാങ്കേതികവിദ്യ ജോലിഭാരം കുറയ്ക്കുമ്പോൾ പൊലീസിലെ അനുഭവം മറിച്ചാണ്. ഗതാഗത നിയന്ത്രണത്തിന് ഓട്ടമാറ്റിക് സിഗ്‌നലും നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറയുമൊക്കെ ഉണ്ടെങ്കിലും ട്രാഫിക് പൊലീസിന്റെ ജോലിഭാരം ഒട്ടും കുറഞ്ഞിട്ടില്ല. പെറ്റിക്കേസുകളുടെ എണ്ണം കാര്യക്ഷമതയുടെ മാനദണ്ഡമായി കരുതുന്ന ഉദ്യോഗസ്ഥരും അപൂർവമല്ല.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് പൊലീസിൽ പുതിയതായി എത്തുന്നത്. ഇവർക്കു കൃത്യമായ പരിശീലനം നൽകിയാൽ സൈബർ ക്രൈം കേസുകളിൽ കാര്യക്ഷമമായ അന്വേഷണം നടത്താനാകും. സ്റ്റേഷനുകളിൽനിന്നു കൂടുതൽ പൊലീസുകാരെ സൈബർ സെൽ എന്ന പേരിൽ മാറ്റിനിർത്തുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. സവിശേഷ സാങ്കേതികവൈദഗ്ധ്യം ആവശ്യമുള്ള സൈബർ കുറ്റകൃത്യങ്ങളിൽ മാത്രമേ പ്രത്യേക സംവിധാനം ആവശ്യമായി വരൂ.
കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേർതിരിക്കുന്ന നിലയിൽ ഇടയ്ക്കിടെ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ പൊലീസിന്റെ ജോലിയെ എങ്ങനെ ബാധിക്കുന്നു എന്നതിൽ ഗൗരവമായ പഠനം ആവശ്യമാണ്. കുറ്റാന്വേഷണത്തിനു മെച്ചപ്പെട്ട പരിഗണന ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ധർമവീര കമ്മിഷൻ മുതൽ പല നിർദേശങ്ങളും വച്ചിട്ടുണ്ട്. പക്ഷേ, യാന്ത്രികമായ ഒരു ഉത്തരവിലൂടെ സാധ്യമാകുന്ന ഒന്നല്ല അത്. കേരളത്തിലെ അവസ്ഥ സൂക്ഷ്മമായി പഠിച്ച് ആശയരൂപീകരണത്തിലൂടെ നടപ്പാക്കിയാൽ മാത്രമേ ലക്ഷ്യം കാണൂ.
ജനങ്ങൾക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെങ്കിൽ പൊലീസിന്റെ ജോലിഭാരം കുറച്ചേ തീരൂ. ജനങ്ങളുമായി നിരന്തരം ഇടപഴകുന്ന സിവിൽ പൊലീസിന്റെ എണ്ണം കൂട്ടണം. ക്രമസമാധാനനില മെച്ചപ്പെടുന്നതനുസരിച്ച് ആംഡ് പൊലീസിനെ ആശ്രയിക്കുന്ന അവസ്ഥ കുറയും. സംസ്ഥാനത്ത് ആംഡ് പൊലീസും സിവിൽ പൊലീസും തമ്മിലുള്ള അനുപാതം പുനഃക്രമീകരിക്കുന്ന കാര്യം പഠനവിധേയമാക്കണം. പുനഃക്രമീകരണത്തിലൂടെ സിവിൽ പൊലീസിന്റെ എണ്ണം വർധിപ്പിച്ച് സ്റ്റേഷനുകളിലെ ജോലിഭാരം കുറയ്ക്കാൻ കഴിഞ്ഞേക്കും.
(മുൻ ഡിജിപിയാണ് ലേഖകൻ)