ADVERTISEMENT

വെല്ലൂർ മെഡിക്കൽ കോളജിൽ എന്റെ ഗുരുനാഥനും പീഡിയാട്രിക്സ് പ്രഫസറുമായിരുന്നു ഡോ. കെ.സി.മാമ്മൻ. ഏതാണ്ടു രണ്ടു വർഷമാണ് അദ്ദേഹം അവിടെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. തുടർന്ന് ഉപരിപഠനത്തിനു പോയി. പിൽക്കാലത്ത് കോലഞ്ചേരിയിൽ അദ്ദേഹം നേതൃത്വം നൽകിയ മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ (എംഒഎസ്‌സി) കുറഞ്ഞ കാലംകൊണ്ട് പേരെടുത്ത ഒരു ആതുരാലയമായി മാറി. ശിശുരോഗ വിദഗ്ധൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ ഖ്യാതി ഒട്ടേറെപ്പേരെ അവിടേക്ക് ആകർഷിച്ചു. 

ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം ഞങ്ങളെ കോലഞ്ചേരിയിലേക്കു ക്ഷണിച്ചു. അന്ന് ആശുപത്രിയിലെ പ്രവർത്തനങ്ങൾ കാണാൻ അവസരം കിട്ടി. കുറച്ചുനാൾ അദ്ദേഹത്തിന്റെ അതിഥിയായി വീട്ടിൽ താമസിക്കുകയും ചെയ്തു. 

അവിടേക്കു ക്ഷണിച്ചപ്പോൾ, കഴിക്കാനുള്ള വിഭവങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം കാലേകൂട്ടി ചോദിച്ചറിഞ്ഞു. ഞാൻ വെജിറ്റേറിയൻ മാത്രമേ കഴിക്കൂ എന്നറിയാം. വീട്ടിൽ എത്തിയപ്പോൾ വൈവിധ്യം നിറഞ്ഞ പല വെജിറ്റേറിയൻ വിഭവങ്ങളും തീൻമേശയിൽ തയാറായി ഇരിക്കുന്നു. അദ്ദേഹത്തിന്റെ പത്നിയും ഡോക്ടറാണ്. മിസിസ് അന്നാമ്മ മാമ്മൻ. വളരെ കുലീനയായ ഒരു വനിത. അവരുമായി ഞാൻ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. 

അച്ഛൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് എനിക്കു വെല്ലൂരിൽ അഡ്മിഷൻ കിട്ടുന്നത്. എംബിബിഎസ് കഴിഞ്ഞ് പീഡിയാട്രിക്സ് സ്പെഷലൈസേഷനു വേണ്ടിയാണ് അവിടെ പോകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകളാണ് പഠിക്കാൻ വരുന്നതെന്ന് അവിടുത്തെ അധികൃതരോട് ആരോ പറഞ്ഞു. അതോടെ എനിക്ക് അഡ്മിഷൻ നൽകണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമായി. ചിലർ എനിക്കു പ്രവേശനം നൽകരുതെന്നു പറഞ്ഞു. മറ്റു ചിലർ അതിനെ എതിർത്ത് എനിക്കു പഠിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. അതെച്ചൊല്ലി വലിയ തർക്കമായി. എനിക്കു പ്രവേശനം നൽകിയില്ലെങ്കിൽ ചിലർ രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കിയതോടെ പ്രശ്നം അവസാനിച്ചു. കമ്യൂണിസ്റ്റുകാരിയായതുകൊണ്ട് ക്യാംപസിൽ വല്ല കുഴപ്പമുണ്ടാക്കുമോ എന്നായിരിക്കണം അവർ ഭയപ്പെട്ടതെന്നു തോന്നുന്നു! 

ഏതായാലും പ്രവേശനം കിട്ടിയതോടെ ടെൻഷനൊക്കെ ഒഴിഞ്ഞ് എനിക്കും സന്തോഷമായി. നല്ല അധ്യയന അന്തരീക്ഷമായിരുന്നു. ഡോ. മാമ്മനെപ്പോലെ പ്രഗല്ഭരായ അധ്യാപകർ. വെജിറ്റേറിയനായതിനാൽ പച്ചക്കറിഭക്ഷണം കിട്ടുമോ എന്നതു മാത്രമായിരുന്നു എന്റെ ആശങ്ക. ഭാഗ്യത്തിന് അവിടെ വെജിറ്റേറിയൻ മെസ്സും പ്രവർത്തിച്ചിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ മകൾ പഠിക്കാനെത്തുന്നതു വാർത്തയായതോടെ കുട്ടികളും വലിയ ആകാംക്ഷയിലായിരുന്നു. പക്ഷേ, എന്നെ കണ്ടിട്ട് അവർക്ക് അസാധാരണത്വമൊന്നും തോന്നിയില്ല. സാധാരണ സാരിയുടുത്തു നടക്കാറുള്ള എന്നോട് എല്ലാവർക്കും സ്നേഹമായി. മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ അച്ഛൻ എന്നെ കാണാൻ വന്നു. ഇഎംഎസ് അന്നവിടെ പ്രസംഗിച്ചുവെന്നാണ് എന്റെ ഓർമ.   

ഡോ.  ഇ.എം.മാലതി
ഡോ. ഇ.എം.മാലതി

പഠനകാലത്തെ ഒരു തമാശ ഓർക്കുന്നു. നമ്പൂതിരി സമുദായത്തിലുള്ള ഒരു ഡോക്ടർ ഇംഗ്ലണ്ടിൽ പോയി മതം മാറി ക്രിസ്ത്യാനിയായത്രേ. അവിടെനിന്നു കല്യാണവും കഴിച്ചു. ഈ സംഭവത്തിന്റെ ചുവടുപിടിച്ച് തനിക്കും മതം മാറിക്കൂടേ എന്നൊരാൾ എന്നോടു തിരക്കി. നമ്പൂതിരി സമുദായം മുഴുവൻ മതം മാറിയാൽ അവർക്കുവേണ്ടി മാത്രമായി പ്രത്യേകമൊരു പള്ളി പണിയേണ്ടി വരുമെന്നു ഞാൻ പറഞ്ഞതു വലിയ ചിരിയായി. ഈ തമാശ ഡോ.മാമ്മനോടു പങ്കുവച്ചു ചിരിച്ചതും ഓർക്കുന്നു.  

കുട്ടികളുടെ ചികിത്സ, അവരുടെ വളർച്ചയും വികസനവും എന്നീ കാര്യങ്ങളിലൊക്കെ ഡോ.മാമ്മൻ ഉപദേശങ്ങൾ തന്നിട്ടുണ്ട്. ചിലതെല്ലാം സിലബസിന്റെ ഭാഗം കൂടിയായിരുന്നെങ്കിലും മാനുഷിക വശങ്ങൾക്ക് ഊന്നൽ നൽകുന്ന ഒരു ഭിഷഗ്വരനാണെന്നു തിരിച്ചറിയാനായിട്ടുണ്ട്. ഡൽഹിയിൽ കഴിയുന്ന മകൾ സുമംഗല കേരളത്തിൽ വന്നപ്പോൾ കോട്ടയത്തു പോകേണ്ടതായി വന്നു. അപ്പോൾ എനിക്കുവേണ്ടി ‘എന്റെ പ്രിയപ്പെട്ട ഡോക്ടർ ടീച്ചർ’ ഡോ.മാമ്മനെ പോയി കാണാൻ പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ ആ യാത്രയിൽ ആ കൂടിക്കാഴ്ച സാധ്യമായില്ല. 

(ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകളാണ് ലേഖിക)

English Summary:

Dr. KC Mamman- My beloved doctor teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com