സെൻട്രൽ ജയിലുകളിൽ ഗുണ്ടകളുടെ സംസ്ഥാന സമ്മേളനം !
ലോകേഷ് കനകരാജിനെപ്പോലുള്ള തമിഴ് സിനിമാ സംവിധായകർ കേരളത്തിലെ സെൻട്രൽ ജയിലുകൾ അകത്തുകയറിക്കണ്ടാൽ അവരുടെ സിനിമാസങ്കൽപംതന്നെ മാറും. തമിഴ് സിനിമയിൽ ചെന്നൈയിലെ ഗുണ്ടകളുടെ സമ്മേളനം വിളിക്കാൻ പഴയ ഗോഡൗണുകളിലോ അടച്ചിട്ട ഫാക്ടറികളിലോ ഒക്കെയാണ് ഇപ്പോഴും സെറ്റിടുന്നത്. എത്ര കൊടിയ ഗുണ്ടകളാണെങ്കിലും പൊലീസിനെപ്പേടിച്ചു വേണം സമ്മേളിക്കാൻ.
ലോകേഷ് കനകരാജിനെപ്പോലുള്ള തമിഴ് സിനിമാ സംവിധായകർ കേരളത്തിലെ സെൻട്രൽ ജയിലുകൾ അകത്തുകയറിക്കണ്ടാൽ അവരുടെ സിനിമാസങ്കൽപംതന്നെ മാറും. തമിഴ് സിനിമയിൽ ചെന്നൈയിലെ ഗുണ്ടകളുടെ സമ്മേളനം വിളിക്കാൻ പഴയ ഗോഡൗണുകളിലോ അടച്ചിട്ട ഫാക്ടറികളിലോ ഒക്കെയാണ് ഇപ്പോഴും സെറ്റിടുന്നത്. എത്ര കൊടിയ ഗുണ്ടകളാണെങ്കിലും പൊലീസിനെപ്പേടിച്ചു വേണം സമ്മേളിക്കാൻ.
ലോകേഷ് കനകരാജിനെപ്പോലുള്ള തമിഴ് സിനിമാ സംവിധായകർ കേരളത്തിലെ സെൻട്രൽ ജയിലുകൾ അകത്തുകയറിക്കണ്ടാൽ അവരുടെ സിനിമാസങ്കൽപംതന്നെ മാറും. തമിഴ് സിനിമയിൽ ചെന്നൈയിലെ ഗുണ്ടകളുടെ സമ്മേളനം വിളിക്കാൻ പഴയ ഗോഡൗണുകളിലോ അടച്ചിട്ട ഫാക്ടറികളിലോ ഒക്കെയാണ് ഇപ്പോഴും സെറ്റിടുന്നത്. എത്ര കൊടിയ ഗുണ്ടകളാണെങ്കിലും പൊലീസിനെപ്പേടിച്ചു വേണം സമ്മേളിക്കാൻ.
ലോകേഷ് കനകരാജിനെപ്പോലുള്ള തമിഴ് സിനിമാ സംവിധായകർ കേരളത്തിലെ സെൻട്രൽ ജയിലുകൾ അകത്തുകയറിക്കണ്ടാൽ അവരുടെ സിനിമാസങ്കൽപംതന്നെ മാറും. തമിഴ് സിനിമയിൽ ചെന്നൈയിലെ ഗുണ്ടകളുടെ സമ്മേളനം വിളിക്കാൻ പഴയ ഗോഡൗണുകളിലോ അടച്ചിട്ട ഫാക്ടറികളിലോ ഒക്കെയാണ് ഇപ്പോഴും സെറ്റിടുന്നത്. എത്ര കൊടിയ ഗുണ്ടകളാണെങ്കിലും പൊലീസിനെപ്പേടിച്ചു വേണം സമ്മേളിക്കാൻ. പക്ഷേ, ഒരു പൊലീസിനെയും പേടിക്കാതെ ഗുണ്ടാസംഘങ്ങൾക്കു സ്വസ്ഥമായി ഒന്നിച്ചിരുന്ന് ക്വട്ടേഷൻ പരിപാടികൾ ആസൂത്രണം ചെയ്യാൻ പറ്റിയ ഒന്നാംതരം അധോലോക കേന്ദ്രങ്ങളാണു വിയ്യൂർ പോലുള്ള സെൻട്രൽ ജയിലുകൾ.
പല ജില്ലകളിലായി ചിതറിക്കിടന്നു പരസ്പരം പോരടിച്ചിരുന്ന ഗുണ്ടാത്തലവന്മാരും ചെറുസംഘങ്ങളും ഐക്യത്തിന്റെ തണലിൽ ഒന്നിച്ച്, ഒറ്റമനസ്സുള്ള വലിയ സംഘമായി മാറുന്നതാണു വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നുള്ള കാഴ്ച. ക്വട്ടേഷൻ കേസുകളിൽ പിടിയിലാകുന്നവരെയും കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തപ്പെട്ടു കരുതൽ തടങ്കലിലാകുന്നവരെയും കൂട്ടത്തോടെ എത്തിക്കുന്നതിനാൽ ഗുണ്ടകളുടെ ഹബ് ആയി വിയ്യൂർ ജയിൽ മാറി. പല ജില്ലകളിലെ ക്വട്ടേഷനുകൾ ഏകോപിപ്പിക്കാനും മറ്റും തടവുകാർ ജയിലിനെ ഉപയോഗിക്കുന്നു. രാഷ്ട്രീയത്തടവുകാരായിരുന്നു മുൻപു കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകൾ ഭരിച്ചിരുന്നതെങ്കിൽ ഇപ്പോഴതു ഗുണ്ടാത്തലവന്മാരായി. 10 ജില്ലകളിൽ നിന്നുള്ള ഗുണ്ടകളാണു വിയ്യൂരിലുള്ളത്. രാഷ്ട്രീയത്തടവുകാരുടെ എണ്ണം കുത്തനെ കുറയുകയും ഉള്ളവർ കൃത്യമായി പരോൾ ലഭിക്കുമെന്നുറപ്പാക്കാൻ അടങ്ങിയൊതുങ്ങി ജീവിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണു ഗുണ്ടകളുടെ ഭരണം തുടങ്ങിയത്.
ജയിലിനുള്ളിൽ ക്വട്ടേഷനുകൾ വീതംവയ്ക്കാൻ ഗുണ്ടകൾ സ്വീകരിക്കുന്നതു തന്ത്രപരമായ മാർഗമാണ്. എറണാകുളം ജില്ലയിൽ നിന്നുള്ള ഗുണ്ടാത്തലവന്മാർ തങ്ങളുടെ ‘ഏരിയ’യിലെ ക്വട്ടേഷനുകൾ കണ്ണൂർ സംഘത്തിനു മറിച്ചുനൽകും. കണ്ണൂരിലെ ക്വട്ടേഷനുകൾ തിരുവനന്തപുരം സംഘമാകും ചെയ്യുക. പൊലീസ് പിടിയിലാകാനുള്ള സാധ്യത കുറവാണെന്നതാണു പ്രധാന സൗകര്യം. സ്വന്തം ജില്ലയിലെ മറ്റു സംഘങ്ങളുമായുള്ള പകപോക്കാനും ഈ രീതി സ്വീകരിക്കാറുണ്ട്.
ക്വട്ടേഷനിലൂടെ ലഭിക്കുന്ന വരുമാനം ഇവർ കൃത്യമായി വീതിച്ചെടുക്കും. സംഘങ്ങൾ തമ്മിലുള്ള ശത്രുത പറഞ്ഞുതീർക്കുന്നതും ജയിലിനുള്ളിലിരുന്നാണ്. വിയ്യൂരിലെ ഗുണ്ടാത്തലവന്മാരുടെ പ്രധാന വരുമാനങ്ങളിലൊന്നാണു ബ്ലാക്മെയിൽ ക്വട്ടേഷൻ. ജയിലിനുള്ളിലിരുന്നു ഫോണിലൂടെ ബിസിനസുകാരെയും മറ്റും വിളിച്ചു വിരട്ടി പണം തട്ടുന്ന രീതിയാണിത്. എന്തെങ്കിലും കുഴപ്പങ്ങളിൽ കുടുങ്ങിയ ബിസിനസുകാരാകും മിക്കവാറും ഇരകൾ. ‘നിങ്ങൾക്കൊരു പണി വരുന്നുണ്ട്’ എന്ന രീതിയിലാകും ആദ്യത്തെ വിളി. പണം നൽകിയാൽ പ്രശ്‌നം ഒതുക്കാമെന്ന മട്ടിൽ ഡീൽ സംസാരിക്കും. ജയിലിൽ നിന്നാണു വിളിയെന്നറിയുന്നതോടെ ബിസിനസുകാർ വിരളും. കുടുംബത്തെ ഉപദ്രവിക്കുമെന്ന ഭീഷണി പിന്നാലെയുണ്ടാകും. ഇതോടെ അവർ നേരിട്ടു ജയിലിലെത്തി ഗുണ്ടാത്തലവനെ കണ്ടു പണം പറഞ്ഞുറപ്പിച്ചു തലയൂരും. ചില ജീവനക്കാരും ഇതിന്റെ പങ്കുപറ്റുന്നതായി വിവരമുണ്ട്. ലൈസൻസില്ലാത്ത തോക്കുമായി പിടിക്കപ്പെട്ടു വിയ്യൂരിലെത്തിയ ഗുണ്ടാനേതാവിന്റെ മൊബൈൽ ഫോൺ സമീപകാലത്തു പിടികൂടിയിരുന്നു. കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ കണ്ടത് രണ്ടായിരത്തിലേറെ വിളികൾ. ഏറെയും വിരട്ടൽ ദൗത്യവുമായി ബന്ധപ്പെട്ടത്.
ടിപി വധക്കേസിൽ ജയിലിൽ കഴിയുന്ന കുറ്റവാളികളിലൊരാൾ അടുത്തകാലത്തു കണ്ടുപിടിച്ച ‘ബിസിനസ്’ മാതൃക മറ്റു തടവുകാരെയടക്കം ഞെട്ടിച്ചിരുന്നു. ലഹരികടത്തിനും സ്വർണക്കടത്തിനും എസ്‌കോർട്ടിന് ആളെ നൽകുക എന്നതായിരുന്നു ബിസിനസ്. ഫോണിലൂടെ കാര്യങ്ങൾ ഏകോപിപ്പിക്കും. കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിലൂടെ നികുതി വെട്ടിച്ചു സ്വർണവുമായെത്തുന്ന കാരിയർമാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുകയാണു ദൗത്യം. കാരിയറുടെ കാറിനു മുന്നിലും പിന്നിലും സുരക്ഷിത അകലത്തിൽ ഗുണ്ടാസംഘം സഞ്ചരിക്കും. സ്വർണത്തിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനമാണു വിഹിതം. അതിർത്തി കടന്നു വൻതോതിൽ എത്തുന്ന ലഹരി ലോഡുകൾക്കും ഇവർ എസ്‌കോർട്ട് പോകും. ടിപി കേസിൽ തടവിൽ കഴിയുന്ന പലരും പുറത്തിറങ്ങുമ്പോഴേക്കും കോടീശ്വരന്മാരായിട്ടുണ്ടാവും എന്നാണു ജയിലിനുള്ളിലെ സംസാരം.
കൊടി വന്നാൽ കളി മാറുമോ ? ആശങ്കയിൽ കണ്ണൂർ
കണ്ണൂർ സെൻട്രൽ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളുടെ സമാന്തര ഭരണമാണ്. ജയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണിത്. കഞ്ചാവ്, മദ്യം, ബീഡി, ഫോൺ, പുറത്തു നിന്നുള്ള ഭക്ഷണം തുടങ്ങിയവ ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. തെക്ക്, കിഴക്ക്, വടക്ക് ഭാഗങ്ങളിലെ ആളനക്കം കുറഞ്ഞ ഇടങ്ങളിൽ മതിലിനു മുകളിലൂടെയാണിവ ജയിലിലേക്ക് എറിഞ്ഞുകൊടുക്കുന്നത്.
ഫോൺ റീ ചാർജ് ചെയ്യാനും റിമാൻഡ് തടവുകാരുടെ ജാമ്യത്തിന് അഭിഭാഷകരെ ഏർപ്പാടാക്കാനുമൊക്കെ സംഘം മുന്നിലുണ്ട്. ആശുപത്രിവാസവും ഇടയ്ക്കു പരോളും ലഭിക്കാൻ ഇതേ സംഘംതന്നെ രാഷ്ട്രീയ പിടിപാടുവച്ച് തടവുകാരെ സഹായിക്കുന്നു. സേവനങ്ങളെല്ലാം പ്രതിഫലം പറ്റിയാണെന്നു മാത്രം. സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിലും ടിപി കേസ് പ്രതികളുടെ ഇടപെടലുണ്ട്. ഒരു പ്രിസൺ ഓഫിസറും ഒരു അസി. പ്രിസൺ ഓഫിസറുമാണ് ഇതിനു സഹായിക്കുന്നത്.
തങ്ങളുടെ ആജ്ഞാനുവർത്തികളായ തടവുകാരെയും ഉദ്യോഗസ്ഥരെയും മാത്രമേ ഇവർ മർമപ്രധാന ഇടങ്ങളിൽ ഡ്യൂട്ടിക്കിടുകയുള്ളൂ. പുറത്തുനിന്ന് എറിഞ്ഞു കൊടുക്കുന്ന സാധനങ്ങൾ സംഘത്തിന്റെ കയ്യിൽത്തന്നെ കൃത്യമായി എത്താനാണ് ഈ ക്രമീകരണം. സംഘം അറിയാതെ, മറ്റാരെങ്കിലും പുറത്തു നിന്നെറിയുന്ന സാധനങ്ങളും ഇവരുടെ കയ്യിൽ തന്നെയെത്തും. ഇവർ ശേഖരിച്ചശേഷം ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും.
സെൻട്രൽ ജയിലിലെ നിരീക്ഷണ ടവർ കേന്ദ്രീകരിച്ചാണു സംഘത്തിന്റെ പ്രവർത്തനം. തടവുകാർക്കായി വച്ച പബ്ലിക് ഫോണിൽ നിന്നാണു പുറത്തേക്കുള്ള നിർദേശം നൽകുന്നത്. പണമിടപാടുകൾ പൂർണമായും ജയിലിനു പുറത്താണ്. ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ പണം കൈമാറണം. 5 വർഷത്തിലൊരിക്കൽ ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന നിർദേശം കണ്ണൂരിൽ നടപ്പായിട്ടില്ല. വിവിധ കേസുകളിൽപെട്ട ഒട്ടേറെ സിപിഎം പ്രവർത്തകർ കണ്ണൂരിൽ തടവിലുണ്ട്. ഇവരുടെ സ്വാധീനത്തിലാണ്, സ്ഥലം മാറ്റമില്ലാതെ പല ഉദ്യോഗസ്ഥരും ഇവിടെത്തന്നെ തുടരുന്നത്. ടി.കെ.രജീഷ് അടക്കം ടിപി കേസിലെ 6 പ്രതികളാണു കണ്ണൂർ സെൻട്രൽ ജയിലിൽ ഇപ്പോഴുള്ളത്. കൊടി സുനിയെ വിയ്യൂരിൽനിന്നു തവനൂർ ജയിലിലേക്കു മാറ്റിയതു കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ ആശങ്കയോടെയാണു കാണുന്നത്. വിയ്യൂരിൽനിന്നു കണ്ണൂരിലേക്കു മാറുന്നതിന്റെ ഭാഗമായാണു ഇതെന്നാണു ജയിൽ ജീവനക്കാർപോലും വിശ്വസിക്കുന്നത്.
ടിപി കേസിലെ പ്രതികളുടെ ഒന്നിലധികം ഗ്രൂപ്പുകളാണിപ്പോഴുള്ളത്. ടി.കെ.രജീഷാണു കണ്ണൂരിലുള്ള ടിപി കേസ് പ്രതികളുടെ സംഘത്തെ നയിക്കുന്നത്. തങ്ങളുടെ താൽപര്യപ്രകാരം ഉദ്യോഗസ്ഥർ പെരുമാറുന്നതിനാലും നിയന്ത്രണം കയ്യിലുള്ളതിനാലും അവരിപ്പോൾ ജയിലിൽ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ല. കൊടി സുനി എത്തുന്നതോടെ ഈ സമവാക്യത്തിൽ മാറ്റമുണ്ടാകുമെന്നും ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം സംഘർഷത്തിലേക്കു നയിച്ചേക്കാമെന്നും ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.
സബ് ജയിലിൽ പിഴച്ചാൽ കച്ചവടം സെൻട്രൽ ജയിലിൽ
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ ബീഡിക്കച്ചവടം നടത്തിയതിന് അസി. പ്രിസൺ ഓഫിസർ കയ്യോടെ പിടിക്കപ്പെട്ടതും സസ്‌പെൻഷനിലായതും ഏതാനും മാസം മുൻപ്. തടവുകാരിലൊരാളാണു കച്ചവടവിവരം തെളിവുസഹിതം സൂപ്രണ്ടിനെ അറിയിച്ചത്. 400 രൂപയിൽ താഴെ വിലയുള്ള വലിയ കെട്ട് ബീഡി 2500 രൂപയ്ക്കാണു ജീവനക്കാരൻ വിറ്റിരുന്നത്. പ്രതിഫലം ഗൂഗിൾ പേ വഴി തടവുകാരുടെ ബന്ധുക്കൾ ജീവനക്കാരന്റെ അക്കൗണ്ടിലേക്കു നൽകണം. ഡിജിറ്റൽ മാർഗങ്ങളിലൂടെ മാത്രമേ ഇയാൾ പ്രതിഫലം സ്വീകരിച്ചിരുന്നുള്ളൂ. സംഭവം വിവാദമായപ്പോൾ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷിച്ചു. ജീവനക്കാരന്റെ മൂന്ന് അക്കൗണ്ടുകളിലേക്കു പലയിടങ്ങളിൽനിന്നു പണമെത്തിയതു തെളിവുസഹിതം കണ്ടുപിടിക്കുകയും ചെയ്തു.
പല ജയിലുകളിലേക്കും കഞ്ചാവും മദ്യവും ബീഡിയും മൊബൈൽ ഫോണുമെത്തുന്നത് സമാനരീതിയിലാണെന്ന ആക്ഷേപം നേരത്തേയുണ്ട്. ചില ജീവനക്കാരാണ് ഇതിനു പിന്നിൽ. വിപണി വിലയുടെ പത്തിരട്ടിയാണ് ഓരോന്നിനും ഇവർ ഈടാക്കുന്നത്. മൊബൈൽ ഫോണിന്റെ ബാറ്ററി ഓരോ തവണയും ചാർജ് ചെയ്ത് എത്തിക്കാൻ 1000 രൂപ വരെ ഈടാക്കാറുണ്ട്. ജീവനക്കാരെ ജയിൽ കവാടത്തിൽ പരിശോധിക്കില്ലെന്നത് ഇതിനെല്ലാം സൗകര്യമാകുന്നു. വിയ്യൂരിൽ അത്യാധുനിക മോഡലിലുള്ള സ്മാർട് ഫോണുകൾ വരെ ഉപയോഗിക്കുന്ന തടവുകാരുണ്ടെന്നു പലവട്ടം കണ്ടെത്തിയിട്ടുണ്ട്.
ബീഡിക്കച്ചവടത്തിനു പിടിക്കപ്പെട്ട അസി. പ്രിസൺ ഓഫിസർ മൂവാറ്റുപുഴ സബ് ജയിലിൽ അച്ചടക്കലംഘനം നടത്തിയ കുറ്റത്തിനു ശിക്ഷിക്കപ്പെട്ടാണു വിയ്യൂരിലെത്തിയത്. ദേശീയപാതയിൽ യാത്രക്കാരനെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിലും ഇയാൾ പ്രതിയാണ്.
ജയിലിനുള്ളിലേക്കു കടത്തിക്കൊണ്ടുവരുന്ന സാമഗ്രികൾ ചെറുകിട വിൽപന നടത്താൻ തടവുപുള്ളികളെത്തന്നെയാണു ചില ജീവനക്കാർ നിയോഗിക്കുക. വിറ്റഴിക്കുന്ന സാമഗ്രികൾക്ക് ഇവർ തടവുകാർക്കു കമ്മിഷനും നൽകും. ബീഡിയുടെയോ മദ്യത്തിന്റെയോ രൂപത്തിലാകും കമ്മിഷൻ.
കൊടുംഭീകരനും ലോക്കൽ കള്ളനും തോളിൽ കയ്യിട്ട്...
തടവുകാരെ കുറ്റകൃത്യത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ അഞ്ചു വിഭാഗമാക്കി തിരിക്കണമെന്ന് 2016ൽ കേന്ദ്രസർക്കാർ ഇറക്കിയ മോഡൽ പ്രിസൺ മാനുവലിൽ നിർദേശിക്കുന്നു. ഓരോരുത്തരും ഏതു വിഭാഗത്തിൽപെടുന്നു എന്നതു കണക്കാക്കിവേണം നിരീക്ഷണം ഉറപ്പാക്കാൻ. ഈ നിർദേശങ്ങളൊന്നും കേരളത്തിലെ ജയിലുകളിൽ പാലിക്കപ്പെട്ടിട്ടില്ല. തടവുകാരെ തരംതിരിച്ചിട്ടുമില്ല. കൊടുംകുറ്റവാളികളെയും മറ്റുള്ളവരെയും ഇടകലർത്തി പാർപ്പിക്കുന്നു, ഇഷ്ടം പോലെ ജയിലിനുള്ളിൽ റോന്ത് ചുറ്റാൻ വിടുന്നു. ഫോൺ ഉപയോഗം യഥേഷ്ടം നടക്കുന്നു.
വിഭജനം ഇങ്ങനെ
റെഡ്: തീവ്രവാദികൾ, നക്‌സലൈറ്റുകൾ
ബ്ലൂ: ഗുണ്ടാത്തലവന്മാർ, ക്വട്ടേഷൻകാർ, സീരിയൽ കില്ലർമാർ, അക്രമകാരികളായ മോഷ്ടാക്കൾ, തുടർച്ചയായി വലിയ കുറ്റകൃത്യം ചെയ്യുന്നവർ, ലഹരിക്കേസ് പ്രതികൾ, തടവുചാടാൻ സാധ്യതയുള്ളവർ, പൊലീസുകാരെ ആക്രമിച്ചവർ.
യെലോ: വ്യക്തിപരമായ പ്രേരണയിൽ കൊലപാതകം നടത്തിയവർ, സമൂഹത്തിനു ഭീഷണിയല്ലാത്തവർ, ചെറിയ മോഷണക്കേസിൽപെട്ടവർ.
വൈറ്റ്: തുറന്ന ജയിലിൽ പാർപ്പിക്കാൻ അർഹതയുള്ളവർ
ഗ്രീൻ: പ്രായമായവർ, രോഗികൾ, വിദ്യാർഥികൾ
റെഡ്, ബ്ലൂ തടവുകാരെ നിർബന്ധമായും ഹൈ സെക്യൂരിറ്റി ജയിലിൽ പാർപ്പിക്കണം. സന്ദർശകരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഉദ്യോഗസ്ഥർ അടുത്തുവേണം. ശബ്ദമടക്കം പിടിച്ചെടുക്കാവുന്ന സിസിടിവി വേണം. കത്തുകളെല്ലാം സെൻസർ ചെയ്യണം. ജയിലിൽ മൊബൈൽ ജാമർ വേണം. ദിവസം രണ്ടുതവണ വീതം െസല്ലിൽ പരിശോധന നടത്തണം
നാളെ: മോന്തായം വളഞ്ഞാൽ...
റിപ്പോർട്ടുകൾ: കെ.ജയപ്രകാശ് ബാബു, ജോജി സൈമൺ, നസീബ് കാരാട്ടിൽ, എസ്.പി.ശരത്
സങ്കലനം: മുഹമ്മദ് റഫീഖ്