വാ തുറന്ന് കടുവ; കണ്ണടച്ച് സർക്കാർ
വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ലോകത്തെല്ലായിടത്തും എന്നപോലെ കേരളത്തിലും വർധിക്കുന്നെന്നാണ് ഔദ്യോഗിക കണക്കുകൾ. എല്ലാ ജന്തുജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അവയുടെ നിലനിൽപ് അനിവാര്യമാണെന്നുമുള്ള തിരിച്ചറിവാണ് ഇന്ത്യയിലും പുതിയ വന–വന്യജീവി നിയമങ്ങളുണ്ടാകാൻ കാരണം.
വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ലോകത്തെല്ലായിടത്തും എന്നപോലെ കേരളത്തിലും വർധിക്കുന്നെന്നാണ് ഔദ്യോഗിക കണക്കുകൾ. എല്ലാ ജന്തുജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അവയുടെ നിലനിൽപ് അനിവാര്യമാണെന്നുമുള്ള തിരിച്ചറിവാണ് ഇന്ത്യയിലും പുതിയ വന–വന്യജീവി നിയമങ്ങളുണ്ടാകാൻ കാരണം.
വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ലോകത്തെല്ലായിടത്തും എന്നപോലെ കേരളത്തിലും വർധിക്കുന്നെന്നാണ് ഔദ്യോഗിക കണക്കുകൾ. എല്ലാ ജന്തുജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അവയുടെ നിലനിൽപ് അനിവാര്യമാണെന്നുമുള്ള തിരിച്ചറിവാണ് ഇന്ത്യയിലും പുതിയ വന–വന്യജീവി നിയമങ്ങളുണ്ടാകാൻ കാരണം.
വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ലോകത്തെല്ലായിടത്തും എന്നപോലെ കേരളത്തിലും വർധിക്കുന്നെന്നാണ് ഔദ്യോഗിക കണക്കുകൾ. എല്ലാ ജന്തുജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അവയുടെ നിലനിൽപ് അനിവാര്യമാണെന്നുമുള്ള തിരിച്ചറിവാണ് ഇന്ത്യയിലും പുതിയ വന–വന്യജീവി നിയമങ്ങളുണ്ടാകാൻ കാരണം.
വനം കയ്യേറ്റവും വന്യമൃഗവേട്ടയുമെല്ലാം എവിടെയും എക്കാലത്തും നടത്താറുണ്ടെങ്കിലും കർശന നിയമങ്ങളുള്ള നമ്മുടെ നാട്ടിൽ കാടും കാട്ടുമൃഗങ്ങളും സാമൂഹികവിരുദ്ധരുടെ ആക്രമണത്തിനു വിധേയമാകുന്നത് അപൂർവം. എന്നാൽ, ഇവിടെയുണ്ടാവുന്നതു കാട്ടിലേക്ക് അതിക്രമിച്ചുകയറുന്ന മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘർഷമല്ല. കാടുവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണമാണു കേരളത്തിലെങ്കിലും നടക്കുന്നതെന്ന വാസ്തവം ബോധപൂർവം മറച്ചുവയ്ക്കുന്നു. അത്തരം ദുരന്തങ്ങളുണ്ടാവുമ്പോൾ അവയെ നിക്ഷിപ്ത താൽപര്യങ്ങളുള്ള ഭരണകൂടവും കാടും നാടുമറിയാത്ത നഗരവാസികളായ ദന്തഗോപുര വന്യജീവിപ്രേമികളും സ്വാഭാവിക ദുരന്തമായി നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നു. 10 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 51 ഗ്രാമീണർ കൊല്ലപ്പെട്ട വയനാട്ടിലിരുന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. ഇവിടെ ഇക്കാലയളവിൽ ഏഴു മനുഷ്യരാണ് നാട്ടിലിറങ്ങിയ കടുവകളുടെ ഇരയായത്. വെറും 344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, കടുവസങ്കേതമല്ലാത്ത വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ മാത്രം 240 കടുവകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതായത്, കാടിന് ഉൾക്കൊള്ളാനാവാത്തത്ര കടുവകൾ !
മൂടിവയ്ക്കുന്ന യാഥാർഥ്യങ്ങൾ
ആക്രമണകാരികളോ നരഭോജികളോ ആയ കടുവകളെ പിടികൂടിയാൽത്തന്നെ അവയെ ഉൾക്കാട്ടിലേക്കു വിടുകയാണു പതിവ്. അവ വീണ്ടും നാട്ടിലേക്കിറങ്ങും. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്നതു സ്വാഭാവികമെന്ന മട്ടിൽ നിസ്സംഗതയോടെ കാണുന്ന വന്യജീവി സംരക്ഷണ ഏജൻസികളുടെയും ഭരണകൂടത്തിന്റെയും നിലപാട് തീർത്തും മനുഷ്യവിരുദ്ധമാണ്. ഭരണകൂടം അറിഞ്ഞുകൊണ്ടുനടത്തുന്ന നരഹത്യയിൽക്കുറഞ്ഞ ഒന്നുമല്ല അത്.
അതിജീവനത്തിനു കാടിറങ്ങി നാട്ടിലെത്തുന്ന നിസ്സഹായരായ മൃഗങ്ങളുടെ ആക്രമണത്തിന് നിരായുധരായ മനുഷ്യർ ഇരയാവുകയാണെന്ന യാഥാർഥ്യം വിസ്മരിക്കപ്പെടുകയല്ല, തമസ്കരിക്കപ്പെടുകയാണ്. വനത്തിനുള്ളിലല്ല, വനപ്രാന്തങ്ങളിലെ ഗ്രാമപ്രദേശങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള കൃഷിയിടങ്ങളിലുമാണ് വയനാട്ടിലെ ദാരുണസംഭവങ്ങളെല്ലാം ഉണ്ടായതെന്നോർക്കണം. വന്യമൃഗങ്ങളുടെ ആക്രമണം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന മധ്യപ്രദേശിലും യുപിയിലും അക്രമാസക്തരാവുന്ന ജനങ്ങൾ വന്യമൃഗങ്ങൾക്കെതിരെ പ്രത്യാക്രമണം നടത്താറുണ്ട്. കേരളത്തിൽ അത്തരം അനിഷ്ടസംഭവങ്ങളുണ്ടായിട്ടില്ലെന്നതാണ് ആശ്വാസകരം.
മനുഷ്യർ കൊല്ലപ്പെടുമ്പോൾ, നരഭോജികളായ ആ കടുവകളെ കണ്ടെത്തി കൊല്ലണമെന്ന ആവശ്യം മാത്രമേ ഇവിടെ ഉന്നയിക്കപ്പെടാറുള്ളൂ. പ്രകൃതിയുമായി ഇണങ്ങിക്കഴിയുന്ന പാരിസ്ഥിതികബോധമുള്ള സമൂഹമായതുകൊണ്ടാണ് കേരളത്തിലെ വനമേഖലകളിൽ വന–വന്യജീവി നിയമങ്ങൾ ഇതര സംസ്ഥാനങ്ങളിലേതിനെക്കാൾ പാലിക്കപ്പെടുന്നതും അതിന്റെ ഫലമായി വന്യജീവികൾ പെരുകിക്കൊണ്ടിരിക്കുന്നതും.
ഇരകൾ പാവപ്പെട്ടവർ, കൈകഴുകി ഭരണകൂടം
സ്വാഭാവിക ആവാസവ്യവസ്ഥയിൽനിന്നു പുറത്തുകടക്കാൻ മൃഗങ്ങൾ നിർബന്ധിതമാവുന്നതിന്റെ കാരണം ലോകമെമ്പാടും ശാസ്ത്രീയമായി പഠനവിധേയമായിട്ടുണ്ട്. എങ്കിലും, അതിനു താൽക്കാലികമായിപ്പോലും പരിഹാരമുണ്ടാക്കാൻ നമ്മുടെ കേന്ദ്ര–സംസ്ഥാന ഭരണകൂടങ്ങൾ സന്നദ്ധമല്ലെന്നതാണ് വാസ്തവം.
വന്യമൃഗ ആക്രമണത്തിൽ ഗ്രാമീണർ കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴെല്ലാം, സഹതാപപ്രകടനങ്ങളിലൂടെയും സഹായവാഗ്ദാനങ്ങളിലൂടെയും ഇരകളുടെ കുടുംബത്തിനു നൽകുന്ന തുച്ഛ നഷ്ടപരിഹാരത്തിലൂടെയും തദ്ദേശജനതയുടെ പ്രതിഷേധത്തെ പ്രതിരോധിക്കുകയെന്ന തന്ത്രമാണ് ഭരണകൂടം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. പാവപ്പെട്ട കർഷകരും ആദിവാസികളുമാണു കാട്ടുമൃഗങ്ങൾക്കിരയാവുന്നത് എന്നതിനാൽ, പണംകൊടുത്ത് മനുഷ്യജീവന്റെ നഷ്ടം പരിഹരിക്കാമെന്ന ഭരണകൂടത്തിന്റെ നിലപാട് മനുഷ്യവിരുദ്ധമാണ്. മനുഷ്യരോടു പ്രത്യേകിച്ചു വിരോധമൊന്നുമില്ലാത്ത നരഭോജിക്കടുവകളുടെതിനെക്കാൾ ക്രൂരവും മനുഷ്യത്വരഹിതവുമാണ് ഭരണകൂടത്തിന്റെ ഈ മനോഭാവം.
മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്ന സാഹചര്യം ഇല്ലാതാക്കുകയല്ല, ഇരകളുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകി വന്യമൃഗസംരക്ഷണം നടപ്പാക്കുക മാത്രമാണ് സർക്കാരുകളുടെ ഉന്നം. സാമൂഹികശ്രേണിയിൽ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരാണ് ഇരകളെന്നതിനാൽ പതിറ്റാണ്ടുകളായി ഈ അനീതി തുടരാനാകുന്നുമുണ്ട്. വനം–വന്യജീവി സംരക്ഷണം എന്ന ആഗോളനയത്തിന്റെ ഭാഗമായി വർഷംതോറും ലഭിക്കുന്ന കോടിക്കണക്കിനു രൂപ തട്ടിയെടുക്കുന്ന അധികാരകേന്ദ്രങ്ങളുടെ ലോബികളാണ് ഇതിനുപിന്നിലെന്ന ആക്ഷേപം അടിസ്ഥാനരഹിതമല്ല. നരഭോജി കടുവകളെ വെടിവച്ചുകൊല്ലാനുള്ള നടപടികൾ സാങ്കേതികത്വം ഉന്നയിച്ചു വൈകിപ്പിക്കുന്ന രീതിയുണ്ട്. ജനങ്ങൾ രോഷാകുലരാവുന്നതും അപ്പോഴാണ്.
കണക്ക് മറയ്ക്കുന്നു, ലക്ഷ്യം കോടികൾ!
വയനാടിനെക്കൂടി കടുവസംരക്ഷണ കേന്ദ്രം എന്ന പദവിയിലേക്കു മാറ്റിയാൽ കേന്ദ്രവിഹിതമായി വർഷംതോറും ലഭിക്കാനിടയുള്ള കോടികൾ ഉപയോഗിച്ച് ഇരകളുടെ ആശ്രിതർക്കു ന്യായമായ നഷ്ടപരിഹാരം നൽകാനാവുമെന്ന വനംവകുപ്പുദ്യോഗസ്ഥരുടെ വാദം കുറെക്കാലമായി സജീവമാണ്. കടുവാസംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കുന്നതിനു തടസ്സം നിൽക്കുന്ന ജനങ്ങൾ തന്നെയാണ് അവർ നേരിടുന്ന പ്രതിസന്ധിക്കു കാരണമെന്നാണ് നയരൂപീകരണം നടത്തുന്ന ലോബികളുടെ വാദം.
കടുവകളുടെ എണ്ണം കൂടിയെന്ന കണക്ക് പൊതുജനങ്ങളിൽനിന്നു മറച്ചുപിടിക്കുകയും എന്നാൽ, അതുപയോഗിച്ച് ഔദ്യോഗികതലത്തിൽ കടുവസംരക്ഷണ കേന്ദ്ര പദവി നേടിയെടുക്കുകയും ചെയ്യുകയാണ് വനംവകുപ്പിലെ കച്ചവട ലോബിയുടെ ലക്ഷ്യം. വയനാട്ടിലെ വനവിസ്തൃതിയിൽ 20 ശതമാനത്തിലേറെയും സർക്കാർ പ്ലാന്റേഷനുകളാണ്. അവിടെ പച്ചപ്പില്ല, തീറ്റയും വെള്ളവും ഇല്ല. ഇവയൊക്കെ തേടി മൃഗങ്ങൾ നാട്ടിലിറങ്ങുകയാണ്. ആരാണ് ഇതിനുത്തരവാദി?
തിരിച്ചറിയുമോ അപായസൂചന
ദക്ഷിണേന്ത്യയിലെ കടുവസങ്കേതങ്ങളിലെയും സാധാരണ കാടുകളിലെയും കടുവകളുടെ സെൻസസ് കണക്കുകൾ വിശ്വസനീയമല്ലെന്ന് പ്രശസ്ത വന്യജീവി ശാസ്ത്രജ്ഞൻ ഡോ. ഉല്ലാസ് കാരന്ത് പറയുന്നു. കേരളത്തിലെ കടുവകൾക്ക് ഇപ്പോഴുള്ള കാടുകൾ മതിയാവുന്നില്ലെന്ന വാസ്തവവും മറച്ചുവയ്ക്കപ്പെടുകയാണ്. അവയിൽ കുറെയെണ്ണത്തിനെ കടുവകൾ കുറവുള്ള കാടുകളിലേക്കു മാറ്റിപ്പാർപ്പിക്കണമെന്ന പരിഹാരം നിർദേശിക്കുന്നവരെ വന്യജീവിവിരുദ്ധരായ കുറ്റവാളികളായി മുദ്രകുത്താനുള്ള ശ്രമം നടക്കുന്നു.
വനാവകാശ നിയമപ്രകാരംതന്നെ വനാന്തരഗ്രാമങ്ങളിൽ തലമുറകളായി താമസിക്കുന്ന ആദിവാസികളെയും കാടിനുപുറത്തുള്ള ഗ്രാമീണരെയും കുടിയിറക്കി ഭൂരഹിതരാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് കടുവ ആക്രമണങ്ങളോട് സർക്കാർ നിസ്സംഗത പുലർത്തുന്നത് എന്ന നാട്ടുകാരുടെ പരാതി അവഗണിക്കാവുന്നതുമല്ല.
കടുവകളെ സംരക്ഷിച്ചുകൊണ്ടുതന്നെ അവ നാട്ടിലിറങ്ങുന്നതു തടയാനുള്ള ആലോചനകളെപ്പോലും നിരോധിക്കുന്ന പ്രചാരണം ഔദ്യോഗിക സഹായത്തോടെ നടത്തുന്ന സന്നദ്ധസംഘടനകളും വ്യക്തികളും കേരളത്തിലും സജീവമാണ്. വന്യജീവികൾ നാട്ടിലിറങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ കാടിനെയും നാടിനെയും വേർതിരിക്കുന്ന പദ്ധതി കേരളം സമർപ്പിച്ചിരുന്നെങ്കിലും അവഗണിക്കപ്പെട്ടു. കഴിഞ്ഞ 3 വർഷത്തേതിനെക്കാൾ വന്യജീവി ആക്രമണം വയനാട്ടിൽ 20% വർധിച്ചു. ഇത് ഇനിയും വർധിക്കുമെന്നും ഭാവിയിൽ മനുഷ്യരും മൃഗങ്ങളുമായുള്ള അക്രമാസക്തമായ വലിയൊരു സംഘർഷമായി വളരുമെന്നും തിരിച്ചറിയാൻ വൈകുന്നത് ഒരു അപായസൂചനയാണ്; ദുരന്തപ്രവചനമല്ല. ആരെങ്കിലും അതു തിരിച്ചറിയുമോ
(എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)