തൊടുക്കുമ്പോൾ ഒന്ന്; കൊള്ളുമ്പോൾ പലത്
Mail This Article
ഒരു മിസൈലിൽനിന്നു ലക്ഷ്യത്തിലേക്ക് ഒന്നിലധികം ചെറിയ മിസൈലുകൾ. അഗ്നി 5 ബാലിസ്റ്റിക് മിസൈലിൽ ഈ നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ചതിന്റെ വിജയകരമായ ആദ്യപരീക്ഷണത്തിന്റെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയത്.
5000 കിലോമീറ്റർ മുതൽ 6000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി–5 മിസൈൽ 2021 ഒക്ടോബറിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. തുടർന്ന് അതിൽ വിവിധ ഘടകങ്ങൾ കൂട്ടിച്ചേർത്തുള്ള പരീക്ഷണങ്ങൾ പലതവണയായി നടന്നു. ഇതിലേക്കാണ്, വികസനഘട്ടത്തിലായിരുന്ന മറ്റൊരു സാങ്കേതികവിദ്യ സംയോജിപ്പിച്ചത്.
ഒരു മിസൈലായി പറന്നുചെന്ന് ലക്ഷ്യത്തോടടുക്കുമ്പോൾ ഒന്നിലധികം മിസൈൽ കുഞ്ഞുങ്ങളായി ഒന്നിലധികം ലക്ഷ്യങ്ങളിൽ പതിക്കുന്ന എംഐആർവി സാങ്കേതികവിദ്യയാണിത്. എംഐആർവി എന്നാൽ മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗറ്റഡ് റീഎൻട്രി വെഹിക്കിൾ. കവിഭാഷയിൽ പറഞ്ഞാൽ, തൊടുക്കുമ്പോൾ ഒന്ന്; പതിക്കുമ്പോൾ പത്ത്. ഒരു മിസൈലുപയോഗിച്ച് 5000 കിലോമീറ്ററിലധികം അകലെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളിൽ പ്രഹരം നടത്താനുള്ള ശേഷി രാജ്യത്തിനു കൈവന്നു.
നിലത്തുനിന്നു തൊടുത്തുവിട്ട മിസൈൽ അന്തരീക്ഷത്തിനു പുറത്തുപോയി തിരിച്ചുപ്രവേശിക്കുന്ന റീഎൻട്രി പോയിന്റിനുശേഷമാണ് മിസൈലിൽനിന്നു കുഞ്ഞൻ മിസൈലുകൾ പിറവിയെടുക്കുന്നത്. അവയുടെ കംപ്യൂട്ടർ തലച്ചോറുകളിൽ നേരത്തേ പ്രോഗ്രാം ചെയ്തതനുസരിച്ച് അവ വേർപിരിഞ്ഞ് വിവിധ ലക്ഷ്യങ്ങളിലേക്കു കുതിക്കും. ലക്ഷ്യസ്ഥാനത്തോടടുക്കുമ്പോൾ ശത്രു അതു കണ്ടെത്തി പ്രതിരോധമിസൈലുപയോഗിച്ച് തകർക്കാനൊരുമ്പെട്ടാൽ ദ്രുതഗതിയിൽ പറക്കലിന്റെ ഗതി മാറ്റാവുന്ന സാങ്കേതികവിദ്യയും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യയെ എംഎആർവി അഥവാ മനൂവ്റബിൾ റീഎൻട്രി വെഹിക്കിൾ എന്നു വിളിക്കുന്നു. ഇത് 2023ൽ വിജയകരമായി അഗ്നി പ്രൈം എന്ന മിസൈലിൽ പരീക്ഷിച്ചിരുന്നു.
അഗ്നി 5 മിസൈൽ
ആകെ ഭാരം: 50,000 കി.ഗ്രാം.
നീളം : 17.5 മീറ്റർ.
വഹിക്കാവുന്ന ആണവ പോർമുന : 1500 കിലോഗ്രാം.
പരമാവധി വേഗം : ശബ്ദത്തെക്കാൾ 24 മടങ്ങ്.