പദവിനഷ്ടത്തിന്റെ ഹിതപരിശോധനയോ?
ജമ്മു കശ്മീരിൽ അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഈ പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി കരുതാം; ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് എന്ന നിലയിൽ പ്രത്യേകിച്ചും. ഉധംപുർ, ജമ്മു ലോക്സഭാ
ജമ്മു കശ്മീരിൽ അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഈ പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി കരുതാം; ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് എന്ന നിലയിൽ പ്രത്യേകിച്ചും. ഉധംപുർ, ജമ്മു ലോക്സഭാ
ജമ്മു കശ്മീരിൽ അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഈ പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി കരുതാം; ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് എന്ന നിലയിൽ പ്രത്യേകിച്ചും. ഉധംപുർ, ജമ്മു ലോക്സഭാ
ജമ്മു കശ്മീരിൽ അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഈ പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി കരുതാം; ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് എന്ന നിലയിൽ പ്രത്യേകിച്ചും.
ഉധംപുർ, ജമ്മു ലോക്സഭാ മണ്ഡലങ്ങളിലാണു കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്നത്. ഇന്ത്യാസഖ്യത്തിലെ പ്രാദേശിക കൂട്ടാളികളായ നാഷനൽ കോൺഫറൻസിന്റെയും (എൻസി) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും (പിഡിപി) പിന്തുണയോടെയാണു കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കി മൂന്നു സീറ്റുകളിൽ (ശ്രീനഗർ, ബാരാമുല്ല, അനന്ത്നാഗ്–രജൗറി) സീറ്റ് വിഭജനത്തിൽ ധാരണയിലെത്താതിരുന്നതിനെത്തുടർന്ന് എൻസിയും പിഡിപിയും പരസ്പരം മത്സരിക്കുന്നു. ഈ മണ്ഡലങ്ങളിൽ ജെകെ അപ്നി, സജ്ജാദ് ലോൺ നേതൃത്വം നൽകുന്ന പീപ്പിൾസ് കോൺഫറൻസ് എന്നീ പാർട്ടികളും ശക്തമായ മത്സരവുമായി രംഗത്തുണ്ട്.
370–ാം വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി (ജമ്മു കശ്മീരും ലഡാക്കും) വിഭജിക്കുകയും ചെയ്തതു സംബന്ധിച്ച ജനഹിതപരിശോധനയായാണ് ഈ തിരഞ്ഞെടുപ്പിനെ പ്രാദേശികകക്ഷികൾ വിശേഷിപ്പിക്കുന്നത്.
ഈ തിരഞ്ഞെടുപ്പു കേവലം അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ടിയുള്ളതല്ല, കശ്മീരി ജനതയുടെ സ്വത്വം സംരക്ഷിക്കാനുള്ളതാണെന്നു പിഡിപി നേതാവും മുൻമുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പ്രചാരണങ്ങളിൽ ഊന്നിപ്പറയുന്നുണ്ട്. ഗോഡ്സെയെ മഹത്വവൽക്കരിക്കുന്നവരുടെ ഭീഷണിയിൽനിന്നു മഹാത്മാഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും മെഹബൂബ പ്രചാരണവേദികളിൽ ആവർത്തിക്കുന്നു. 370–ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട നയങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ കശ്മീരിൽ സ്ഥാനാർഥികളെ നിർത്താൻ ബിജെപി ധൈര്യം കാണിക്കട്ടെ എന്നു വെല്ലുവിളിച്ചിരിക്കുകയാണ് നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനും മറ്റൊരു മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല. കശ്മീരിൽ ബിജെപി മത്സരിച്ചാൽ കെട്ടിവച്ച കാശ്പോലും കിട്ടില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം വിഘടനവാദത്തെ അടിച്ചമർത്താനായെന്നും സമാധാനവും വികസനവും കൊണ്ടുവരാനായെന്നുമുള്ള അവകാശവാദങ്ങളിലാണു ബിജെപിയുടെ പ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയാണു പ്രദേശത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തിയതെന്ന വാദവും ബിജെപി നേതാക്കൾ പ്രചാരണവേദികളിൽ ഉന്നയിക്കുന്നു. ഇത്തരം അവകാശവാദങ്ങളൊക്കെയുണ്ടെങ്കിലും, കശ്മീരിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താൻ ബിജെപി തയാറായിട്ടില്ല. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലെ രണ്ടു സീറ്റിൽ മാത്രമാണു ബിജെപി മത്സരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കേന്ദ്ര സർക്കാർ തന്ത്രപരമായി രൂപീകരിച്ച അനന്ത്നാഗ്– രജൗറി ലോക്സഭാ മണ്ഡലത്തിൽ ബിജെപി മത്സരിക്കാത്തതു രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ബിജെപിയുടെ സ്വാധീനം കശ്മീരിലേക്കു വ്യാപിപ്പിക്കാനും പ്രാദേശിക പാർട്ടികളെ രണ്ടു ലോക്സഭാ സീറ്റിലേക്ക് ഒതുക്കാനുമുള്ള നീക്കമായിരുന്നു ഈ മണ്ഡലത്തിന്റെ രൂപീകരണം എന്നാണു പൊതുവേ കരുതപ്പെട്ടിരുന്നത്. പക്ഷേ, പഹാരി സമുദായത്തിനു പട്ടികവർഗ പദവി നൽകിയതുൾപ്പെടെയുള്ള സമീപകാല നടപടികൾ അവിടെ ബിജെപിയുടെ സാധ്യതകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗുജ്ജർ, ബക്കർവാലെ സമുദായങ്ങളിലുണ്ടായ അതൃപ്തി ബിജെപിക്കു തിരിച്ചടിയായി.
കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഉധംപുർ മണ്ഡലത്തിൽ, ഒരിക്കൽ കോൺഗ്രസ് വിട്ടശേഷം തിരിച്ചെത്തിയ ചൗധരി ലാൽ സിങ്ങിൽനിന്നു കനത്ത വെല്ലുവിളി നേരിടുകയാണ് ബിജെപി സ്ഥാനാർഥി ഡോ. ജിതേന്ദർ സിങ്. കോൺഗ്രസിന്റെയും നാഷനൽ കോൺഫറൻസിന്റെയും ഫലപ്രദമായ പ്രചാരണത്തിലൂടെ ഉധംപൂരിലെ ഭൂരിഭാഗം മുസ്‌ലിംകളുടെയും പിന്തുണ ചൗധരിക്ക് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ബിജെപിയുടെ ജുഗൽ കിഷോറും കോൺഗ്രസിന്റെ രാമൻ ഭല്ലയും ഏറ്റുമുട്ടുന്ന ജമ്മുവിൽ കിഷോറിനാണു മുൻതൂക്കമെന്നും വിലയിരുത്തപ്പെടുന്നു.
കശ്മീരിലെ മണ്ഡലങ്ങളിലേക്കു വരുമ്പോൾ, ശ്രീനഗറിൽ പിഡിപി സ്ഥാനാർഥി വഹീദ് പരായെക്കാൾ നാഷനൽ കോൺഫറൻസിന്റെ യുവമുഖം ആഘാ റൂഹുല്ലയ്ക്കാണു കൂടുതൽ സാധ്യത കരുതപ്പെടുന്നത്. ബാരാമുല്ലയിൽ ജെകെ അപ്നി പാർട്ടിയുടെ കൂടി പിന്തുണയുള്ള സജ്ജാദ് ലോണിൽനിന്നു നല്ല മത്സരം നേരിടുന്നുണ്ട് നാഷനൽ കോൺഫറൻസിന്റെ ഒമർ അബ്ദുല്ല.
പിഡിപിയുടെ മുൻ രാജ്യസഭാംഗം ഫയാസ് മിറും ബാരാമുല്ലയിൽ മത്സരരംഗത്തുണ്ട്. തങ്ങളുടെ പരമ്പരാഗത അണികളിലും രജൗറിയിലെയും പൂഞ്ചിലെയും തെക്കൻ കശ്മീരിലെയും ഗുജ്ജറുകളിലുമാണു നാഷനൽ കോൺഫറൻസിന്റെ പ്രതീക്ഷ.
ഗുജ്ജറുകളുടെ ആത്മീയ നേതാവായി അറിയപ്പെടുന്ന മിയൻ അൽത്താഫ് (എൻസി) ആണ് അനന്ത്നാഗ്–രജൗറിയിൽ മെഹബൂബ മുഫ്തിയുടെ പ്രധാന എതിരാളി. രജൗറിയിലും പൂഞ്ചിലും ജനസംഖ്യയുടെ നല്ലൊരു പങ്ക് ഗുജ്ജറുകളാണ്. എങ്കിലും, മണ്ഡലത്തിൽ ആകെയുള്ള 19 ലക്ഷം വോട്ടർമാരിൽ 11 ലക്ഷം പേരും താമസിക്കുന്ന തെക്കൻ കശ്മീരിലെ അനന്ത്നാഗ്, കുൽഗാം, പുൽവാമ പ്രദേശങ്ങൾ പിഡിപിയുടെ ശക്തികേന്ദ്രങ്ങളാണ്.
കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി രൂപീകരിച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ് അനന്ത്നാഗ്–രജൗറിയിൽ നിന്നു മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടു തീരുമാനം മാറ്റി. ജയസാധ്യത കുറവാണെന്നും തോറ്റാൽ തനിക്കും പാർട്ടിക്കും കാര്യമായ ക്ഷീണമാകുമെന്നും മനസ്സിലാക്കിയാണു ഗുലാം നബി പിന്മാറിയതെന്നാണു നിരീക്ഷകരുടെ നിഗമനം.
ജമ്മു കശ്മീർ
∙ ലോക്സഭാ സീറ്റ്: 5
നിലവിലെ അംഗസംഖ്യ
∙ നാഷനൽ കോൺഫറൻസ് : 3
(ഇന്ത്യാസഖ്യം)
∙ ബിജെപി: 2
വോട്ടെടുപ്പ്:
∙ഏപ്രിൽ 19, 26, മേയ് 7, 13, 20