ഡിജിറ്റൽ യുഗത്തിന്റെ നവനിർമിതി
ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും കണക്‌ടിവിറ്റിയുടെയുമൊക്കെ ലയനമായ ഡിജിറ്റൽ ലോകത്തു കേരളം പിന്നിലാവില്ലെന്നു പ്രതീക്ഷ നൽകുന്നതായി കൊച്ചിയിൽ സമാപിച്ച ജനറേറ്റീവ് എെഎ (നിർമിതബുദ്ധി) കോൺക്ലേവ്; പുതിയ കാലത്തിന് ആത്മവിശ്വാസത്തിന്റെ മറ്റൊരു കയ്യൊപ്പ്.

ലോകത്തെത്തന്നെ അടിമുടി നവീകരിക്കാനുള്ള ശ്രമത്തിലാണ് നിർമിതബുദ്ധി. ഇതുവരെ ചിന്തിക്കാൻപോലുമാവാത്തവിധം അതു സമൂഹത്തെയും വ്യക്തികളെത്തന്നെയും മാറ്റിയെടുത്തുകൊണ്ടിരിക്കുന്നു. സാധ്യതകളത്രയും പ്രയോജനപ്പെടുത്തി, രാജ്യത്തെ എഐ ഹബ്ബായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ കോൺക്ലേവിന്റെ ഫലശ്രുതി തീരുമാനിക്കേണ്ടതു വരുംകാലമാണെങ്കിലും അതിലേക്കുള്ള വഴി നിർവചിക്കാനായെന്നുവേണം വിചാരിക്കാൻ.
എഐ പോലൊരു സങ്കീർണ വിഷയത്തെക്കുറിച്ചുള്ള ബോധവൽക്കരണം കോൺക്ലേവിലൂടെ സാധിച്ചെടുക്കാനായതു വലിയ കാര്യംതന്നെയാണ്. എഐ വിനിയോഗ സാധ്യതകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന ഡവലപ്പർമാരെയും സ്റ്റാർട്ടപ്പുകളെയും വിദ്യാർഥികളെയും സർവകലാശാലകളെയുമെല്ലാം ഉൾപ്പെടുത്തിയായിരുന്നു സമ്മേളനമെന്നതും ശ്രദ്ധേയമായി.
അതിവേഗം വളരെ കാര്യക്ഷമമായി സേവനങ്ങൾ ലഭ്യമാക്കുന്ന ഡിജിറ്റൽ സഹായമാണ് ജെൻ എഐ എന്നു ചുരുക്കാം. ജെൻ എഐയുടെ ഏറ്റവും വലിയനേട്ടം ഓട്ടമേഷനാണ്. ഉൽപാദനക്ഷമത വർധിക്കുമെന്നതാണ് ഓട്ടമേഷന്റെ ഗുണം. സങ്കീർണമായ ഒരു നിയമം സംബന്ധിച്ച് അറിയാൻ ഒരാൾ സർക്കാർ ഓഫിസിലേക്കു വിളിച്ചാൽ ബന്ധപ്പെട്ടവർ ഫയൽ കണ്ടെത്തി മറുപടി നൽകാൻ ഏറെ സമയമെടുക്കും. എന്നാൽ, എഐ ടൂൾ ഉപയോഗിച്ചാൽ ഉത്തരം കിട്ടാൻ സെക്കൻഡുകൾ മതിയാകും.
വ്യവസായ- സാമൂഹികവികസനത്തിനു പ്രയോജനപ്പെടുത്തി, സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നിർമിതബുദ്ധി സാങ്കേതികവിദ്യയിലൂടെ സാധിക്കും. എഐ സ്റ്റാർട്ടപ്പുകളുടെയും കമ്പനികളുടെയും ഇഷ്ടകേന്ദ്രമായി നമ്മുടെ വ്യവസായ, സ്റ്റാർട്ടപ് വ്യവസ്ഥ കേരളത്തെ മാറ്റുമെന്നു കോൺക്ലേവ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. വ്യവസായ–ഐടി രംഗങ്ങളിൽ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെട്ട കേരളത്തിനു നിർമിതബുദ്ധിയിലെ ആഗോള അവസരം നഷ്ടമാവാതിരിക്കാൻ അതിനു ചേർന്ന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന്റെ തുടക്കമാണിതെന്നും എല്ലാ വർഷവും ജൂലൈയിൽ എെഎ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞതും പ്രതീക്ഷ പകരുന്നു.
കൊച്ചിയിലെ സോഫ്റ്റ്‌വെയർ ലാബിൽ പുതിയ ജെൻ എഐ ഇന്നവേഷൻ സെന്റർ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച, ആഗോള ടെക് ഭീമനായ ഐബിഎം ആണ് സംസ്ഥാന സർക്കാരിനോടു കൈകോർത്ത് ഈ കോൺക്ലേവ് ഒരുക്കിയതെന്നതും ഭാവിയിലേക്കു ശുഭസൂചനകൾ നൽകുന്നുണ്ട്. നവലോകം പ്രതീക്ഷയർപ്പിച്ച എെഎ രംഗത്ത് രാജ്യത്തെ മുൻനിര സംസ്ഥാനമായി കേരളത്തെ മാറ്റേണ്ടതു കാലത്തിന്റെ ആവശ്യമാണ്; മികച്ച ഭാവി സ്വപ്നം കാണുന്ന നമ്മുടെ യുവതയുടെയും.
കേരളത്തിന്റെ സാങ്കേതിക സാധ്യതകൾ ആദ്യമായി രാജ്യത്തിനുമുന്നിൽ വെളിപ്പെടുത്തിയ രണ്ടു സ്ഥാപനങ്ങളെ ഓർമിക്കാനുള്ള വേളയാണിത്. കേരളത്തിൽ ഇലക്ട്രോണിക് വിപ്ലവത്തിനു തുടക്കമിട്ട കെൽട്രോണിനു കഴിഞ്ഞവർഷം 50 വയസ്സ് തികഞ്ഞു. െഎടിയുടെയും വ്യവസായമേഖലയുടെയും ചരിത്രത്തിൽ മാത്രമല്ല, കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തിലും പുതിയ അധ്യായം രചിച്ച തിരുവനന്തപുരം ടെക്നോപാർക്കും മുൻപേ പറന്ന പക്ഷിയാണ്. 1990ൽ ഇന്ത്യയിലാദ്യമായി ടെക്നോപാർക്കിനു രൂപം നൽകുമ്പോൾ ഐടി എന്ന വാക്കുപോലും പൊതുവേ പരിചിതമായിരുന്നില്ല. ആകാശംപോലും അതിർത്തിയല്ലെന്നു കേരളത്തെ ഓർമിപ്പിക്കുകയാണ് എെഎ മുന്നേറ്റം.
സംസ്ഥാനത്തു കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉണ്ടാകാനും ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് ആകർഷിക്കാനും എെഎ കോൺക്ലേവ് വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം. നിർമിതബുദ്ധി അടക്കമുള്ള നവസാങ്കേതികമേഖലകളിൽ തിളങ്ങാൻ കേരളത്തിനു കഴിയുമെന്നും ലോകത്തെവിടെയും നേട്ടങ്ങളുണ്ടാക്കാൻ കഴിവുള്ള മാനവശേഷിയാണു സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നുമുള്ള തിരിച്ചറിവ് നമ്മെ മുന്നോട്ടുനയിക്കട്ടെ.
സംസ്ഥാനം കൈവരിക്കുന്ന സാങ്കേതികനേട്ടങ്ങളുടെ ഗുണം സമൂഹത്തിന്റെ താഴെത്തട്ടിൽവരെ എത്തിക്കുകയുംവേണം. ഓരോ ദിവസവും ഓരോ നിമിഷവും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിർമിതബുദ്ധിയുടെ െഎതിഹാസിക മുന്നേറ്റത്തിൽ, ഇന്ത്യയിലെ ഒന്നാമത്തെ സംസ്‌ഥാനമായി മാറാൻ കേരളത്തിനു കഴിഞ്ഞാൽ അതു ചരിത്രമാവും.