മെഡൽശോഭയുള്ള ആത്മാഭിമാനം
ഇന്ത്യൻ കായികചരിത്രത്തിലെ തീവ്രമായൊരു സങ്കടത്തിന്റെ പേരായി മാറുന്നു വിനേഷ് ഫോഗട്ട്. അത്രമേലാഴമുള്ള വേദനയും നിരാശയും ചേർത്താണ് വിനേഷ് വിടചൊല്ലൽകുറിപ്പ് അവസാനിപ്പിക്കുന്നത്: ‘അൽവിദാ, ഗുസ്തി.’

ലോക ചാംപ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമെല്ലാം രാജ്യത്തിനായി ഗംഭീരനേട്ടങ്ങൾ കൈവരിച്ച അഭിമാനതാരത്തിന്റെ ഈ വിടവാങ്ങൽ വെറും 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരിൽ നഷ്‌ടമായ ആ ഒളിംപിക് മെഡലിനെച്ചൊല്ലി മാത്രമാവില്ല. സമീപകാലത്തു തുടർച്ചയായി അനുഭവിക്കേണ്ടിവന്ന അപമാനങ്ങളുടെയും മനോവേദനയുടെയും റെസ്‌ലിങ് ഫെഡറേഷനിലെ മേലാളന്മാരുടെ പകപോക്കലിന്റെയുമൊക്കെ ആഘാതംകൂടി ഈ സ്വയംവിരമിക്കലിനു കാരണമായിട്ടുണ്ടാവാമെന്നു കരുതണം.
ഇന്ത്യൻ കായികരംഗത്തോടു മാത്രമല്ല, സ്ത്രീകളുടെ അവകാശവും അഭിമാനവും സംരക്ഷിക്കാൻ ബാധ്യസ്ഥമായ ഭരണകൂടത്തിനു നേർക്കുതന്നെ ചോദ്യചിഹ്നമുയർത്തിയാണു കഴിഞ്ഞവർഷം വനിതാ ഗുസ്തി താരങ്ങളുടെ സമരം നടന്നത്. വനിതാതാരങ്ങളോടു മോശമായി പെരുമാറിയ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) മുൻ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു വിനേഷ്. തനിക്കു കിട്ടിയ ഖേൽരത്‌ന, അർജുന പുരസ്കാരങ്ങൾ പ്രതിഷേധസൂചകമായി ഉപേക്ഷിച്ച വിനേഷ് മറ്റു പ്രമുഖ കായികതാരങ്ങളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവർക്കൊപ്പം പുതിയ സമരമുഖം തന്നെ തുറന്നു.
സമരം രാജ്യാന്തരശ്രദ്ധ നേടിയതോടെ, കായികമന്ത്രാലയം ഡബ്ല്യുഎഫ് ഐയോടു വിശദീകരണം തേടി. അന്വേഷണ സമിതി രൂപീകരിക്കുമെന്ന അന്നത്തെ കായികമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പിന്മേലാണ് ആദ്യഘട്ട സമരം അവസാനിപ്പിച്ചത്. മേരി കോം അധ്യക്ഷയായി ജനുവരി 23നു കായിക മന്ത്രാലയം അഞ്ചംഗ സമിതിയുണ്ടാക്കി. കഴിഞ്ഞവർഷം ഏപ്രിൽ 16നു സമിതി നൽകിയ റിപ്പോർട്ട് ഇപ്പോഴും കായിക മന്ത്രാലയം രഹസ്യമാക്കി വച്ചിരിക്കുകയാണ്. താരങ്ങളുടെ പരാതികളിൽ കേസെടുക്കാൻപോലും ഡൽഹി പൊലീസ് തയാറാകാതെ വന്നതോടെ ഏപ്രിൽ 23നു ജന്തർമന്തറിൽ വീണ്ടും സമരപ്പന്തൽ ഉയർന്നു.
ക്ലേശപാതകളിലൂടെ സഞ്ചരിച്ചു വിജയംകൊയ്ത ഈ വലിയ താരത്തിന്റെ സ്വയംവിരമിക്കൽ വേദനാജനകമാണ്. വിനേഷ് ഫോഗട്ടിന്റെ കായികയാത്ര ഒട്ടും സുഗമമായിരുന്നില്ല. ഗുസ്തി പുരുഷൻമാരുടെ കായികരംഗമാണെന്നും സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടവരാണെന്നും കരുതിയിരുന്ന സ്വന്തം നാട്ടുകാരുടെ എതിർപ്പ് ആ പെൺകുട്ടിക്കു മറികടക്കേണ്ടിയിരുന്നു. സമരപാതയിൽ പ്രതിസന്ധികൾക്കു മുന്നിൽ പതറാതെ പൊരുതിയ അതേ വീര്യമാണ് ഈ ഒളിംപിക്സിൽ സെമിഫൈനൽവരെ കണ്ടത്.
ജീവിതംതന്നെ പോരാട്ടമാക്കിയ ഒരു അഭിമാനതാരത്തെ ഈ കഷ്ടസാഹചര്യത്തിലെത്തിച്ചതിൽ ആരുടെയെങ്കിലും പങ്കുണ്ടോ എന്ന ആരോപണവും ഉയർന്നുതുടങ്ങി. അതെന്തായാലും, ഭാരക്കൂടുതലിനു വിനേഷിനെ മാത്രം പഴിചാരാനാവില്ല. ഈ വിഷയത്തിൽ വിനേഷിന്റെ സപ്പോർട്ട് സ്റ്റാഫാണ് ഉത്തരവാദികളെന്ന ആരോപണവുമായി ഡബ്ല്യുഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്.
തനിക്കു ലഭിച്ച വിശിഷ്ട പുരസ്കാരങ്ങൾ കഴിഞ്ഞ ഡിസംബർ 30നു ഡൽഹി കർത്തവ്യപഥിൽ ഉപേക്ഷിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കുറിപ്പിൽ വിനേഷ് ഫോഗട്ട് എഴുതി: ‘എല്ലാ സ്ത്രീകളും ബഹുമാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള പാതയിൽ ഈ പുരസ്കാരങ്ങൾ ഭാരമാകാതിരിക്കാൻ അവ തിരികെ നൽകുന്നു’. അത്രമേൽ അഭിമാനിയായ ഒരാളുടെ അതേ അന്തസ്സാണ്, മെഡൽനഷ്ടത്തിനു ശേഷമുള്ള ഈ സ്വയംവിരമിക്കലിലും രാജ്യം കാണുന്നത്.
ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ മുദ്രാമുഖമായ പുതിയ വനിത കൈവരിച്ച കരുത്തിന്റെ പ്രഖ്യാപനംതന്നെയായി വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങൾ എന്നും വാഴ്ത്തപ്പെടും. ഇന്ത്യൻ പെൺമയുടെ പ്രചോദനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകത്തെ ഒരു ഒളിംപിക് മെഡൽനഷ്ടത്തിനു ചെറുതാക്കാനാവില്ല. അങ്ങനെയൊരു മെഡൽ വലിയൊരു കാവ്യനീതിയാകുമായിരുന്നുവെന്നു മാത്രം.