ADVERTISEMENT

മതനിരപേക്ഷതയും സമത്വവും സാമൂഹികനീതിയും ഉറപ്പുനൽകുന്ന നമ്മുടെ ഭരണഘടനയ്ക്ക് കഴിഞ്ഞയാഴ്ച 75 തികഞ്ഞു. മതനിരപേക്ഷതയുടെ മൂല്യം തിരിച്ചറിയുകയും അതു പരിപാലിക്കാൻ ഉത്സാഹിക്കുകയും ചെയ്ത സ്വാതന്ത്ര്യസമരസേനാനികളും ഭരണകർത്താക്കളുമാണ് വൈവിധ്യങ്ങളുടെ സമന്വയമായ ആധുനിക ഇന്ത്യയെ പടുത്തുയർത്തിയതെന്ന് ഓർമിക്കാൻ ഇതിനെക്കാൾ യോജിച്ച സന്ദർഭമില്ല. അവരെ‍ാക്കെയും സ്വപ്നം കണ്ട ആ ദിശയിലാണോ നമ്മുടെ രാജ്യം ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന ചോദ്യം പക്ഷേ, ഉയരുന്നുണ്ട്. രാജ്യത്തു വർധിക്കുന്ന വർഗീയ സംഘർഷങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തിയും പരിഹാരം ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 17 പ്രമുഖ വ്യക്തികൾ ഇക്കഴിഞ്ഞ ദിവസം എഴുതിയ കത്ത് പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

മതഭിന്നത വളർത്തിയുണ്ടാക്കുന്ന രാഷ്ട്രീയനേട്ടങ്ങൾ രാജ്യത്തിനു ഗുണകരവും ശാശ്വതവുമല്ലെന്നുമാത്രമല്ല, അവ നമ്മുടെ രാഷ്ട്രസങ്കൽപത്തിനും ഇന്ത്യയെന്ന ആശയത്തിനുതന്നെയും ഭീഷണിയുമാണ്. എന്നിട്ടും, അസഹിഷ്ണുത അരങ്ങുവാഴുന്നതാണ് പലപ്പോഴും നാം കാണുന്നത്. ഭരണഘടന പറഞ്ഞുറപ്പിച്ച അടിസ്ഥാനമൂല്യങ്ങളിൽ നിഴൽവീഴ്ത്തുന്ന കാര്യങ്ങൾ രാജ്യത്തു ചിലയിടത്തെങ്കിലും ഉണ്ടാകുമ്പോൾ ആസൂത്രണ കമ്മിഷൻ മുൻ സെക്രട്ടറി എൻ.സി.സക്സേന, ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, മുൻ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ.ഖുറേഷി, ബ്രിട്ടനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണർ ശിവ് മുഖർജി, കരസേനാ മുൻ ഉപമേധാവി ലഫ്. ജനറൽ സമീറുദീൻ ഷാ തുടങ്ങിയവർ ചേർന്നെഴുതിയ ഈ കത്തിനു വലിയ മുഴക്കമുണ്ടാകുന്നു.  

മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കം ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയും ആശങ്കയും വ്യക്തമാക്കുന്ന കത്തിൽ രാജ്യത്തെ ഹിന്ദു–മുസ്‌ലിം ബന്ധം 2014നുശേഷം തീർത്തും മോശമായെന്നു പറയുന്നത് അതീവഗൗരവമുള്ളതാണ്. മുസ്‌ലിംകൾക്കെതിരായ അക്രമങ്ങളെയും വേർതിരിവിനെയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് ചില സംസ്ഥാന സർക്കാരുകളുടെയും ഏജൻസികളുടെയും ഭാഗത്തുനിന്നുണ്ടായെന്നും സർക്കാരുകൾ ഒരു വിഭാഗത്തിനെതിരെ നിൽക്കുന്ന സാഹചര്യം ഇതിനു മുൻപുണ്ടായിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 

പുരാതന മുസ്‌ലിം പള്ളികളുടെയും ദർഗകളുടെയും സ്വത്തുക്കൾ വീണ്ടും സർവേ ചെയ്യണമെന്ന ആവശ്യം ഇന്ത്യയുടെ ബഹുസ്വരത തകർക്കുമെന്നും ആരാധനാലയ സംരക്ഷണനിയമം നിലനിൽക്കെ, ഇത്തരം ആവശ്യങ്ങൾ അനുവദിക്കാൻ ചില കോടതികൾ അനാവശ്യ ധൃതി കാണിക്കുന്നുവെന്നും കത്തിൽ എടുത്തുപറയുന്നുണ്ട്. അതു കേൾക്കുമ്പോൾ, ഉത്തർപ്രദേശിൽ സംഭൽ ജില്ലയിലെ ചന്ദൗസിയിലുള്ള ഷാഹി ജുമാ മസ്ജിദിലും രാജസ്ഥാനിലെ അജ്മേർ ദർഗയിലും വരെയുണ്ടായിരിക്കുന്ന സമീപകാല ഇടപെടലുകളും അവകാശവാദങ്ങളുമെ‍ാക്കെ നമ്മുടെ ഓർമയിലെത്തുന്നു. 

സംഭൽ കേസിൽ തുടർനടപടികൾ കൈക്കൊള്ളുന്നതിൽനിന്നു ജില്ലാ കോടതിയെ സുപ്രീം കോടതി വിലക്കിയതിൽ എത്തിനിൽക്കുകയാണു കാര്യങ്ങൾ. 1526ൽ മുഗൾ ചക്രവർത്തി ബാബറിന്റെ കാലത്ത് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന ഹിന്ദുവിഭാഗത്തിന്റെ അവകാശവാദത്തെത്തുടർന്ന് അഭിഭാഷക സർവേ നടന്നു. ഇതിനെതിരായ പ്രതിഷേധത്തെത്തുടർന്നുള്ള വെടിവയ്പിൽ അവിടെ 4 പേർ (അനൗദ്യോഗിക കണക്കുപ്രകാരം 5 പേർ) കൊല്ലപ്പെട്ടതിനു പിന്നാലെ മസ്ജിദ് കമ്മിറ്റിയാണു സുപ്രീം കോടതിയെ സമീപിച്ചത്. 

അസഹിഷ്ണുത കയ്ക്കുന്ന സംഭവങ്ങൾകൊണ്ട് ഒരു വലിയ വിഭാഗം ജനങ്ങൾക്കു സ്വന്തം സുരക്ഷയിൽ ആശങ്ക ജനിക്കുന്നെങ്കിൽ അതു ഗൗരവമുള്ളതാണ്. ബീഫിന്റെ പേരിലുണ്ടായ ആൾക്കൂട്ട ആക്രമണങ്ങൾ, മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങൾ, മുസ്‌ലിംകളുടെ വീടുകൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തകർത്ത സംഭവങ്ങൾ തുടങ്ങിയവ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന തിരിച്ചറിവും അതനുസരിച്ചുള്ള ചുമതലാബോധവും നമ്മുടെ ഭരണസംവിധാനത്തിലുള്ളവർക്കും രാഷ്ട്രീയ നേതാക്കൾക്കും ഉണ്ടായേതീരൂ. 

എല്ലാ സംസ്ഥാന സർക്കാരുകളും ഭരണഘടന ഉയർത്തിപ്പിടിക്കുന്നെന്നു പ്രധാനമന്ത്രി ഉറപ്പാക്കണമെന്നു കത്തിൽ ആവശ്യപ്പെടുമ്പോൾ അതു നമ്മുടെ രാജ്യത്തിന്റെ മഹത്തായ പ്രമാണരേഖയിൽ ഉൾച്ചേർന്നിരിക്കുന്ന അടിസ്ഥാനമൂല്യങ്ങളുടെ ഓർമപ്പെടുത്തൽകൂടിയായി മാറുന്നു. അതുകെ‍ാണ്ടാണ്, 17 പേരെഴുതിയ കത്തിലെ അക്ഷരങ്ങൾ മതനിരപേക്ഷതയ്ക്കുവേണ്ടി ഹൃദയംതുടിക്കുന്ന എല്ലാവരുടേതുമായിത്തീരുന്നത്.

English Summary:

Editorial about letter to Narendra Modi about increasing communal conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com