പണിയെടുത്തിട്ടും ‘പണി’കിട്ടുന്നവർ
അരികിലുണ്ട് ഇവരെല്ലാം - സ്കൂൾ പാചകത്തൊഴിലാളിയും ട്രാഫിക് വാർഡനും ഹരിതകർമസേനാംഗവും ഹോംഗാർഡും ആശാ വർക്കറും ഉൾപ്പെടെ പല രംഗങ്ങളിലുമുള്ള പതിനായിരങ്ങൾ. നമ്മുടെ ദൈനംദിന ജീവിതം സുഗമവും സുരക്ഷിതവുമാക്കുന്ന വിവിധ മേഖലകളിലാണെങ്കിലും ഇവരുടെയെല്ലാം ജീവിതത്തിന്റെ പൊതുവിശേഷണം ഒന്നുതന്നെ: അരക്ഷിതാവസ്ഥ!

ഇവരുടെ ജീവിതം എങ്ങനെയാണു മുന്നോട്ടുപോകുന്നതെന്നും ഈ മേഖലകളിൽ തൊഴിൽസുരക്ഷ എത്രത്തോളമുണ്ടെന്നും അന്വേഷിച്ച മലയാള മനോരമ ലേഖകർ അവരുടെ അരക്ഷിതജീവിതങ്ങളിലാണെത്തിയത്. ഭക്ഷണവും കുറിയറും മറ്റുമായി നമ്മുടെ വീടുകളിലെത്തുന്ന ഗിഗ് വർക്കേഴ്സ് (ഓൺലൈൻ ഡെലിവറി ജീവനക്കാർ) മുതൽ കുട്ടികൾക്ക് അറിവു പകർന്നുകൊടുക്കുന്ന അതിഥി അധ്യാപകരും പാലിയേറ്റീവ് കെയർ നഴ്സുമാരും വരെയായി എത്രയോ പേരുടെ ജീവിതം ആധിയിൽ വേവുകയാണെന്നു വെളിപ്പെടുത്തുകയായിരുന്നു ‘പണികിട്ടിയ ജീവിതങ്ങൾ’ എന്ന പരമ്പര.
ജോലിയുണ്ടോയെന്നു ചോദിച്ചാൽ ഉണ്ടെന്നു പറയാമെങ്കിലും അതിൽനിന്നു ജീവിതം മുന്നോട്ടുപോകുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയില്ലാത്തവരാണ് ഇവരിൽ മിക്കവരും. കേരളത്തിൽ കരാർ തൊഴിലാളികളായി സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ കീഴിൽ തുടരുന്ന പലരുടെയും ജീവിതം ഉത്തരംകിട്ടാത്ത സമസ്യയാണ്. ഉറപ്പില്ലാത്ത ജോലി, കിട്ടാക്കനിയായ ശമ്പളം, കരാർ തൊഴിലാളിയെന്ന വിളിപ്പേര്, എല്ലാറ്റിനോടും മല്ലിട്ടുള്ള ജീവിതപ്പോരാട്ടം... സ്കൂൾ പാചകജോലി കഴിഞ്ഞുകിട്ടുന്ന വിശ്രമനേരം ലോട്ടറി വിൽക്കാനിറങ്ങേണ്ടിവരുന്നവരുടെയും കാട്ടിൽ ജീവൻ പണയംവച്ചിട്ടും തുച്ഛമായ ശമ്പളം കൈപ്പറ്റുന്നവരുടെയുമൊക്കെ ജീവിതസമരങ്ങൾ മറ്റുള്ളവർക്ക് എത്രത്തോളമറിയാം? അത് അറിയേണ്ടവർതന്നെ കണ്ണുമൂടിയിരിക്കുമ്പോൾ ഇവരുടെ സങ്കടങ്ങൾ എന്നു തോരാൻ?
സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഇൗ വർഷം എല്ലാ പദ്ധതികളുടെയും വിഹിതം വെട്ടിക്കുറച്ചതോടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്ക് ആനുകൂല്യ വിതരണം മുടങ്ങുന്ന സാഹചര്യമാണ്. ഇപ്പോൾതന്നെ കൃത്യമായി ശമ്പളം ലഭിക്കാത്തവരാണ് കരാർ അടിസ്ഥാനത്തിലുള്ള ജോലിക്കാരും താൽക്കാലിക ജീവനക്കാരും ദിവസവേതനക്കാരും. അവർക്കു ശമ്പളം നൽകുന്നതു പരമാവധി വൈകിപ്പിച്ച് ആ പണംകൊണ്ടു പദ്ധതികൾ നടപ്പാക്കാനാണു പല സ്ഥാപന മേധാവികളുടെയും ശ്രമം. ആ പണംകൊണ്ടു ജീവിതം രണ്ടറ്റംമുട്ടിക്കാൻ പാടുപെടുന്നവരുടെ നെഞ്ചിലെ തീ ആരും കാണുന്നില്ല.
ആശാ വർക്കർമാരുടെ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) സങ്കടം ഉദാഹരണമായി എടുക്കാം. കേരളത്തിൽ 26,000 ആശാ വർക്കർമാരുണ്ടെന്നാണു കണക്ക്. ഒരാൾക്കു പ്രതിമാസം കിട്ടുന്നത് വെറും 7,000 രൂപയാണ്. ദിവസം ശരാശരി 233 രൂപ. രാവിലെ എട്ടു മുതൽ രാത്രി ഏഴുവരെ നീളുന്ന പലതരം ജോലികൾക്കു യാത്രക്കൂലി പോലുമില്ല. പതിവു ജോലികൾക്കു പുറമേ വിവിധ വകുപ്പുകൾ ഏൽപിക്കുന്ന സർവേകളും പൂർത്തിയാക്കണം. ഇൻസന്റീവായി 3,000 രൂപവരെ വേറെ കിട്ടുന്നവരുണ്ട്. അതുകൂടി ചേർത്താൽപോലും ദിവസം കിട്ടുന്നത് 330 രൂപ മാത്രം. ഇവർക്കു പ്രതിമാസം ഓണറേറിയം നൽകാൻപോലും സർക്കാരിനു കഴിയുന്നില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനും ഇന്ത്യയിലെ 10 ലക്ഷത്തോളം ആശാപ്രവർത്തകർക്ക് 2022ൽ ലോകാരോഗ്യ സംഘടനയുടെ വിശിഷ്ട പുരസ്കാരം ലഭിച്ചത് ഇവിടെ ഓർക്കേണ്ടതാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ സാന്ത്വനപരിചരണത്തിനു നിയമിക്കപ്പെട്ട 1200 കരാർ പാലിയേറ്റീവ് കെയർ നഴ്സുമാരുടെ ആകുലതകളും പ്രാതിനിധ്യസ്വഭാവത്തോടെ കേൾക്കേണ്ടതുണ്ട്. രോഗം വന്നാലും രോഗീപരിചരണത്തിനു പോകേണ്ടവരാണിവർ. നാലും അഞ്ചും മാസത്തെ ശമ്പളക്കുടിശിക മിക്കപ്പോഴുമുണ്ടാകും. ഇഎസ്ഐ, പിഎഫ്, പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങളില്ല; വാർഷിക ശമ്പളവർധനയുമില്ല. കേരള മോഡൽ പാലിയേറ്റീവ് സംസ്കാരത്തെ സർക്കാർ അഭിമാനത്തോടെ പുറംലോകത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോഴാണ് ഈ സ്ഥിതി.
കാണാമറയത്ത് ഇത്തരത്തിൽ അരക്ഷിതജീവിതം നയിക്കേണ്ടിവരുന്നവർക്കും ഈ സമൂഹത്തിൽ തലയുയർത്തിത്തന്നെ ജീവിച്ചേതീരൂ. അതു സാധ്യമാക്കാൻ, മെച്ചപ്പെട്ട സേവന– വേതന വ്യവസ്ഥകളും തൊഴിൽസുരക്ഷിതത്വവുമൊക്കെ ഇവരുടെ അവകാശമാണെന്നു തിരിച്ചറിഞ്ഞുള്ള സർക്കാർനടപടികൾ ഉണ്ടാകേണ്ടതുണ്ട്.