റോഡ് സുരക്ഷയ്ക്ക് വാക്കുമാത്രം പോരാ
ദിനംപ്രതിയുള്ള വാഹനാപകടവാർത്തകൾ ഉറക്കംകെടുത്തുന്ന നമ്മുടെ സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായുള്ള ഏതു നീക്കവും സമൂഹത്തിനു പ്രതീക്ഷ നൽകുന്നതാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനു മൂക്കുകയറിട്ട് റോഡുകൾ സുരക്ഷിതമാക്കാൻ ഗതാഗത വകുപ്പ് കർശനനടപടി തുടങ്ങിയത് ഈ ദിശയിലുള്ള ഉചിതതീരുമാനമാണ്.
ദിനംപ്രതിയുള്ള വാഹനാപകടവാർത്തകൾ ഉറക്കംകെടുത്തുന്ന നമ്മുടെ സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായുള്ള ഏതു നീക്കവും സമൂഹത്തിനു പ്രതീക്ഷ നൽകുന്നതാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനു മൂക്കുകയറിട്ട് റോഡുകൾ സുരക്ഷിതമാക്കാൻ ഗതാഗത വകുപ്പ് കർശനനടപടി തുടങ്ങിയത് ഈ ദിശയിലുള്ള ഉചിതതീരുമാനമാണ്.
ദിനംപ്രതിയുള്ള വാഹനാപകടവാർത്തകൾ ഉറക്കംകെടുത്തുന്ന നമ്മുടെ സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായുള്ള ഏതു നീക്കവും സമൂഹത്തിനു പ്രതീക്ഷ നൽകുന്നതാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനു മൂക്കുകയറിട്ട് റോഡുകൾ സുരക്ഷിതമാക്കാൻ ഗതാഗത വകുപ്പ് കർശനനടപടി തുടങ്ങിയത് ഈ ദിശയിലുള്ള ഉചിതതീരുമാനമാണ്.
ദിനംപ്രതിയുള്ള വാഹനാപകടവാർത്തകൾ ഉറക്കംകെടുത്തുന്ന നമ്മുടെ സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായുള്ള ഏതു നീക്കവും സമൂഹത്തിനു പ്രതീക്ഷ നൽകുന്നതാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനു മൂക്കുകയറിട്ട് റോഡുകൾ സുരക്ഷിതമാക്കാൻ ഗതാഗത വകുപ്പ് കർശനനടപടി തുടങ്ങിയത് ഈ ദിശയിലുള്ള ഉചിതതീരുമാനമാണ്. പാലക്കാട് ജില്ലയിലെ പനയംപാടത്ത് നാലു പെൺകുട്ടികളുടെ ദാരുണ മരണത്തിനിടയാക്കിയ അപകടമാണ് ഇപ്പോൾ സർക്കാർതലത്തിലുണ്ടായ ഉണർവിനു കാരണമെന്നു കരുതണം.
സ്വകാര്യ ബസുകളുണ്ടാക്കുന്ന അപകടങ്ങളിൽ മരണം സംഭവിച്ചാൽ 6 മാസത്തേക്കു ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാനാണു ഗതാഗതവകുപ്പിന്റെ തീരുമാനം. ഗുരുതര പരുക്കുകളുണ്ടാകുന്ന അപകടങ്ങളിൽ മൂന്നു മാസത്തേക്കാണു സസ്പെൻഷൻ. അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനു പുറമേയാണിത്. സംസ്ഥാനത്തെ റോഡുകളിൽ കാഴ്ചമറയ്ക്കുന്ന ബ്ലാക്ക് സ്പോട്ടുകളിൽ അത്യാധുനിക ഫ്ലാഷ് ലൈറ്റുകൾ സ്ഥാപിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ സുരക്ഷയ്ക്കു വെളിച്ചംകാട്ടുമെന്നാണു പ്രതീക്ഷ. സ്വകാര്യ ബസുകൾമാത്രമല്ല, കെഎസ്ആർടിസി ബസുകളും അപകടമുണ്ടാക്കുന്നതിൽ മുന്നിലുണ്ടെങ്കിലും അവയ്ക്കു മൂക്കുകയറിടാനുള്ള കർശന നടപടികളുമുണ്ടാകേണ്ടതല്ലേ?
വകുപ്പിലെ ഒഴിവുകൾ നികത്തുമെന്നും അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി (എഎംവിഐ) 83 പേർ 27നു ജോലിയിൽ പ്രവേശിക്കുമെന്നുമൊക്കെ ഗതാഗതവകുപ്പ് പറയുമ്പോൾ 29 എഎംവിഐമാരെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ആർടി ഓഫിസിലേക്കു മാറ്റിയതുകൂടി ജനം ഓർത്തുപോകും. ആലപ്പുഴയിൽ 6 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിറ്റേന്നാണ് മാറ്റത്തിന്റെ ഉത്തരവിറക്കിയത്. റോഡ് സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ ഡ്രൈവിങ് ടെസ്റ്റിനായി ഇടയ്ക്കിടെ മാറ്റാറുണ്ടെങ്കിലും ഇത്രയേറെപ്പേരെ ഒറ്റയടിക്കു മാറ്റുന്നത് ആദ്യമായാണ്.
റോഡ് സുരക്ഷ എന്ന ആശയം റോഡിലെത്തുക എന്നതാണു പ്രധാനം. തൃശൂർ നാട്ടികയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്കു ലോറി പാഞ്ഞുകയറി 5 മരണമുണ്ടായ ദിവസം കോഴിക്കോട് ജില്ലയിലെ വടകര മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തി വരെ സേഫ് കേരള എൻഫോഴ്സ്മെന്റിന്റെ ഒറ്റവണ്ടി പോലുമില്ലായിരുന്നുവെന്നുകൂടി ഓർമിക്കേണ്ടതുണ്ട്. ഡ്രൈവറും ക്ലീനറും മാഹിയിൽനിന്നു മദ്യം വാങ്ങി ഓട്ടത്തിനിടെ മദ്യപിച്ചിട്ടും ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ക്ലീനർ വാഹനം ഓടിച്ചിട്ടും എൻഫോഴ്സ്മെന്റ് സ്ക്വാഡിനു കണ്ടെത്താനായതുമില്ല.
‘സേഫ് കേരള’ പദ്ധതിയിൽ മോട്ടർവാഹന വകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും ‘സേഫ്’ അല്ലെന്നുകൂടി ഇതിനിടെ നാം േകട്ടു. അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും ഗതാഗതവകുപ്പും 2012 മുതൽ സ്ഥാപിച്ച നാനൂറോളം ക്യാമറകളിൽ മുന്നൂറെണ്ണമാണ് കാലപ്പഴക്കം, വാഹനാപകടം, റോഡ് നവീകരണം എന്നിവമൂലം നശിച്ചത്. ശേഷിച്ചവയുടെ ചുമതല സർക്കാർ കൈമാറാത്തതിനാൽ ഇവയുടെ പരിപാലനം കെൽട്രോൺ അവസാനിപ്പിക്കുകയും ചെയ്തു. എഐ ക്യാമറകൾക്കു മാത്രമാണു പരിപാലന കരാർ നിലവിലുള്ളത്. ജംക്‌ഷനുകളിൽ കെൽട്രോൺ സ്ഥാപിച്ച സിഗ്‌നലിങ് സിസ്റ്റത്തിന്റെ സ്ഥിതിയും സമാനമാണ്. 300 ജംക്‌ഷനുകളിൽ സ്ഥാപിച്ചതിൽ 120 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
റോഡ് സുരക്ഷയ്ക്കുവേണ്ടിയുള്ള കേന്ദ്രപദ്ധതിയിൽ കേരളം ഉഴപ്പുകയാണോ എന്ന ആശങ്ക ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ഗൗരവമുള്ളതാണ്. രാജ്യത്തെ റോഡപകടവും അപകടമരണവും 2030ൽ പകുതിയായി കുറയ്ക്കുന്നതിനു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ‘സേഫർ റോഡ് ഫോർ എവരിവണി’ൽ (സേഫ്) 965 കോടിയുടെ പദ്ധതി കേരളത്തിനു ലഭിക്കണമെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ച് വിശദ പദ്ധതിരേഖ മാർച്ചിനുമുൻപു നൽകേണ്ടതുണ്ട്. പദ്ധതിച്ചെലവിന്റെ 60% കേന്ദ്രവും 40% കേരളവുമാണു വഹിക്കേണ്ടത്. ഇപ്പോഴത്തെ അപകടപ്പെരുപ്പത്തിൽ നമുക്ക് ഈ പദ്ധതി ഗുണകരമാകുമെന്നതിൽ സംശയമില്ലെങ്കിലും സാമ്പത്തികപ്രതിസന്ധിയുംമറ്റും പറഞ്ഞ് ഇതിൽനിന്നു സംസ്ഥാനം പിൻവലിയാനുള്ള സാധ്യതയാണു കാണുന്നത്.
പകർച്ചവ്യാധികൾ കവർന്നെടുക്കുന്നതിലുമധികമാണ് ഓരോ വർഷവും കേരളത്തിലുണ്ടാകുന്ന വാഹനാപകടമരണങ്ങൾ. റോഡ് സുരക്ഷയ്ക്കുവേണ്ടി സർക്കാരും പൊതുസമൂഹവും കൈകോർത്തുനീങ്ങാനും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാനും ഇനിയും വൈകിക്കൂടെന്ന് റോഡപകടങ്ങൾക്കിരയായവരുടെ നിസ്സഹായ നിലവിളികൾ നമ്മെ ഓർമിപ്പിക്കുന്നു.