ചരിത്രത്തിന്റെ മുഖംനോട്ടം

ആ രണ്ടു മഹനീയവ്യക്തിത്വങ്ങൾ തമ്മിൽ നൂറു വർഷംമുൻപു നടന്ന കൂടിക്കാഴ്ചയ്ക്കു സാക്ഷിയാവാൻ മൂന്നാമതൊരാൾകൂടി അവർക്കൊപ്പം ശിവഗിരിയിലുണ്ടായിരുന്നു: ചരിത്രം. ആ അപൂർവസംഗമം കൺപാർത്തും കാതോർത്തും ചരിത്രം അരികിലുണ്ടായതുകൊണ്ടാണല്ലോ ഈ ശതാബ്ദിസ്മൃതിക്കുമേൽ കാലം ഇന്നും സുവർണദീപ്തി ചൊരിയുന്നത്.

രണ്ടു ശാന്തസമുദ്രങ്ങളുടെ സംഗമമായിരുന്നു നൂറാണ്ടുമുൻപുണ്ടായത്; അത്രമേലാഴമുള്ള രണ്ടു പേർ. അവരിലൊരാൾ യുഗപ്രഭാവനായ ശ്രീനാരായണ ഗുരു. ഭേദങ്ങളും ദ്വേഷങ്ങളുമല്ല, സമഭാവനയും സാഹോദര്യവുമാണ് ഒരു ജനത സ്വീകരിക്കേണ്ട ഹൃദയമന്ത്രമെന്ന സന്ദേശം എക്കാലത്തും നമ്മുടെ വഴിവെളിച്ചമാക്കിയ മഹാൻ. ഗുരു നൽകിയ സമത്വത്തിന്റെയും ഒരുമയുടെയും ദർശനങ്ങൾ നമ്മുടെ കാൽവയ്പുകൾക്ക് ഇന്നും ദൃഢമായ ലക്ഷ്യബോധം പകർന്നുകൊണ്ടിരിക്കുന്നു. സാമൂഹികജീവിതത്തിലും വിജ്‌ഞാന സമ്പാദനത്തിലും രാഷ്‌ട്രീയചിന്തകളിലുമൊക്കെ കേരളം നേടിയ മേൽക്കൈകൾ ഗുരുസന്ദേശങ്ങളുടെ പവിത്രജ്വാലയിൽ ഊതിക്കാച്ചിയെടുത്തതാണ്.
അന്ന് അദ്ദേഹത്തിനു മുഖാമുഖമായി ഖദർ വിരിപ്പണിഞ്ഞ പുൽപ്പായയിലിരുന്നത് മഹാത്മജി. ഇന്ത്യയുടെ മാർഗതാരം. എന്നും കാലത്തിന് അഭിമുഖമായി നിൽക്കാനുള്ള ആത്മവിശ്വാസമാണു സ്വന്തം രാജ്യത്തിനു ഗാന്ധിജി നൽകിയത്. ഒരു ചർക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം മുഴക്കി അദ്ദേഹം ആ ലക്ഷ്യം യാഥാർഥ്യമാക്കിയതിലുള്ളത്ര വലിയപാഠം അതിനു മുൻപും ശേഷവും ചരിത്രം കേട്ടിട്ടില്ല. ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവർക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയായിരുന്നു മഹാത്മജിയുടെ സ്വപ്നത്തിൽ.
മഹാത്മജി ശിവഗിരി സന്ദർശിച്ച് ഗുരുദേവനെ നേരിൽക്കണ്ട് സംഭാഷണം നടത്തിയത് 1925 മാർച്ച് 12ന് ആണ്; അവിരാമമായ സത്യാന്വേഷണങ്ങളുടേതായിരുന്ന രണ്ടു ജീവിതങ്ങളുടെ അഭിമുഖം. വർക്കല ശിവഗിരി മഠത്തിന് അടുത്തുള്ള വനജാക്ഷി മന്ദിരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അയിത്തോച്ചാടനം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, അധഃസ്ഥിതോദ്ധാരണം തുടങ്ങിയ വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത്. ഗാന്ധിജിക്കൊപ്പം സി.രാജഗോപാലാചാരി, പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ തുടങ്ങിയവരും ഉണ്ടായിരുന്നു.
ചരിത്രമാവുക മാത്രമല്ല, ചരിത്രത്തിനു വഴിവെട്ടം പകരുകകൂടിയായിരുന്നു ആ സംഗമം. ദർശനങ്ങളുടെയും ഉൾക്കാഴ്ചകളുടെയും വെളിച്ചം അന്യോന്യം കൈമാറാൻ ആ കൂടിക്കാഴ്ചയ്ക്കായി. ലളിതവും കാലാതീതവുമായ ഇരുവരുടെയും ദർശനങ്ങൾക്ക് ആ സംഗമം ആഴംകൂട്ടിയിരിക്കണം. പുണ്യാത്മാവായ ഗുരുവിനെ കാണാൻ സാധിച്ചതും ആശ്രമത്തിൽ ഒരു ദിവസം താമസിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ പരമഭാഗ്യമെന്നു ഗാന്ധിജി പിന്നീടെഴുതിയിട്ടുണ്ട്. ഗുരുവും ആ കൂടിക്കാഴ്ചയെ ഹൃദയത്തോട് എന്നും ചേർത്തുവച്ചു.
മലയാള മനോരമയുടെ ശതാബ്ദി 1988ൽ ആഘോഷിച്ചപ്പോൾ, പിന്നിട്ട ഒരു നൂറ്റാണ്ടിൽ കേരളീയ ജീവിതത്തിൽ ആഴത്തിൽ പാദമുദ്രകൾ വീഴ്ത്തിയ നൂറു മഹാരഥരെ തിരഞ്ഞെടുത്തു ശതാബ്ദിപ്പതിപ്പിലൂടെ അവതരിപ്പിച്ചിരുന്നു. സി.അച്യുതമേനോൻ, എൻ.വി.കൃഷ്ണവാരിയർ, എ.പി.ഉദയഭാനു എന്നീ പ്രഗല്ഭമതികളുടെ സമിതിയാണ് ആ പട്ടിക തയാറാക്കിയത്. പിന്നിട്ട നൂറു വർഷങ്ങളുടെ പ്രകാശദീപമായി ആ നൂറു പേരിൽനിന്ന് ഒരാളെ കണ്ടെത്താൻ സമിതിക്കൊരു ബുദ്ധിമുട്ടുമുണ്ടായില്ല: ശ്രീനാരായണ ഗുരു.
ശ്രീനാരായണ ഗുരുവിനെ മഹാത്മാഗാന്ധി സന്ദർശിച്ച ചരിത്രമുഹൂർത്തത്തിന്റെ ശതാബ്ദി ആഘോഷമായിരുന്നു ഇന്നലെ ശിവഗിരിയിൽ. കാലത്തിന്റെ അനിവാര്യമായ കൂടിക്കാഴ്ചയാണ് നൂറു വർഷം മുൻപു ശിവഗിരിയിൽ നടന്നതെന്നും ആ പൈതൃകത്തിന്റെ പിൻമുറക്കാരനായി ശിവഗിരിയിൽ എത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്നും മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി ആ ചടങ്ങിൽ പങ്കെടുത്തു പറയുകയുണ്ടായി. ഗാന്ധിജിയുടെ മനുഷ്യസേവനദൗത്യം ശക്തമാക്കാൻ ഗുരുവുമായുള്ള കൂടിക്കാഴ്ച പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചതും പ്രസക്തം. എല്ലാ വിഭിന്നതകൾക്കുമപ്പുറത്തു മനുഷ്യൻ ഒരുമയോടെ, ഏകമനസ്സോടെ, സാഹോദര്യത്തോടെ നിലകൊള്ളണമെന്ന് ഓർമിപ്പിക്കുകയാണ് ചൈതന്യവത്തായ ഈ ശതാബ്ദിസ്മൃതി. ഇവർ ഇരുവരെയുംപോലെ ഈ സന്ദേശവും കാലാതീതം.