ജനത്തെ തേടിയെത്തുന്ന സിനിമ. ജോൺ എബ്രഹാമിലൂടെയും ഒഡേസയിലൂടെയും കേരളം അനുഭവിച്ച ആ തേടിവരലിന്റെ ഓർമപുതുക്കലാണു ‘സിനിമാവണ്ടി’. സാധാരണക്കാരന്റെ സിനിമ സ്വപ്നം കണ്ട ജോണിന്റെ വഴിയോരത്തു കൂടെയാണു സനൽകുമാർ ശശിധരൻ എന്ന യുവ സംവിധായകനും കടന്നുവരുന്നത്. രാജ്യാന്തര വേദികളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടുമ്പോഴും സ്വന്തം നാട്ടിലെ കാണികളിലേക്ക്, സിനിമാവണ്ടിയുമായി നേരിട്ടെത്തുന്ന ചലച്ചിത്ര പ്രവർത്തകൻ. മലയാളി മറന്നു തുടങ്ങിയ സിനിമാ കൂട്ടായ്മകളെ പുനരുജ്ജീവിപ്പിച്ചും പുതിയവയ്ക്കു പ്രചോദനമേകിയും ‘കാഴ്ച ഫിലിം ഫോറം’ ഈ മുന്നേറ്റത്തെ നയിക്കുന്നു.
അപ്രതീക്ഷിതമായ കടുത്ത എതിർപ്പുകളും വിലക്കുകളും നിയമപോരാട്ടങ്ങളും പിന്നിട്ടു സനല്‍കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’ 23 ന് തിയറ്ററുകളിലെത്തും. ജനകീയ ബദല്‍ സംവിധാനത്തിലൂടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണു ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രാദേശിക കൂട്ടായ്മകൾ അടക്കമുള്ള സിനിമ ആസ്വാദകരാണു ‘ദുർഗ’യുടെ ബലം. തിരുവനന്തപുരത്തു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പ്രചാരണം കാസർകോട് എത്തുമ്പോഴേക്കും റിലീസിങ് തിയറ്ററുകളുടെ എണ്ണം അൻപതു പിന്നിടുമെന്നാണു പ്രതീക്ഷ. ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ഡാം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള ‘ഹിവോസ് ടൈഗർ അവാർഡ്’ നേടിയ ആദ്യ ഇന്ത്യൻ ചിത്രം ഖ്യാതിയോടെയാണു എസ് ദുർഗയുടെ വരവ്.
അർമേനിയ യെരെവാൻ ചലച്ചിത്ര മേളയിൽ ഗോൾഡൻ ആപ്രികോട്ട്, മെക്സിക്കോ ഗ്വാനാജുവാറ്റോ മേളയിൽ മികച്ച വിദേശ ഫീച്ചർ ചിത്രം തുടങ്ങിയ അവാർഡുകളും ദുർഗ സ്വന്തമാക്കി. ഇരുപതിലേറെ രാജ്യാന്തര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു, ശ്രദ്ധിക്കപ്പെട്ടു. എന്നാൽ മതവികാരം വ്രണപ്പെടുത്തുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇന്ത്യയിൽ നേരിട്ടത്. ‘സെക്‌സി ദുര്‍ഗ’ എന്ന ആദ്യപേര് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ‘എസ് ദുര്‍ഗ’ എന്നാക്കി. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നിഷേധിച്ചതും വിവാദമായി. റിലീസിങ്ങിനായി കേരളമെമ്പാടും സഞ്ചരിക്കുന്നതിനിടെ സനൽകുമാർ ശശിധരൻ ‘മനോരമ ഓൺലൈനു’മായി സംസാരിച്ചു. സംഭാഷണത്തിൽനിന്ന്.
എന്താണു സിനിമാവണ്ടി? യാത്രയുടെ ലക്ഷ്യമെന്ത് ?
തിരുവനന്തപുരം മുതൽ കാസർകോട് വരെ കാഴ്ചവണ്ടി പ്രചാരണം നടത്തും. ഇത്തരം ആർട്ട് ഹൗസ് സിനിമകൾക്കു ഇവിടെ ധാരാളം പ്രേക്ഷകരുണ്ട്. മുൻ സിനിമകളായ ‘ഒരാൾപ്പൊക്ക’വും ‘ഒഴിവുദിവസത്തെ കളി’യും പ്രദർശിച്ചപ്പോൾ ഇതു മനസ്സിലായതാണ്. ‘ഒഴിവുദിവസത്തെ കളി’ തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ ഏതാണ്ടു മൂന്നാഴ്ചയോളം, ഉൾഗ്രാമങ്ങളിലടക്കം ഓടി. പക്ഷെ ഇപ്പോഴും തിയറ്റർ ഉടമകൾക്ക് ആളു വരുമോ എന്നൊക്കെ പേടിയാണ്. ഏത് താരമാണ് അഭിനയിക്കുന്നതു തുടങ്ങിയ ചോദ്യങ്ങളാണ് തിയറ്റർ ഉടമകൾ ചോദിക്കുന്നത്.
ഈ പേടി മാറ്റാനും കാണികളെ ഒരുമിച്ചു കൂട്ടാനുമാണു കാഴ്ച ഫിലിം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സിനിമാവണ്ടി സഞ്ചരിക്കുന്നത്. പ്രാദേശികമായി ഓരോ സ്ഥലത്തുമുള്ള പ്രേക്ഷകരെ കണ്ടെത്തും. മൂന്നോ നാലോ പേർ വിചാരിച്ചാൽ നൂറു പേരെ എളുപ്പം കണ്ടെത്താം. വാട്സാപ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളൊക്കെ ഇതിനു വലിയ സഹായമാണ്. ബഹളമുണ്ടാക്കാൻ മാത്രമല്ല, ക്രിയേറ്റീവായ കാര്യങ്ങൾക്കും സമൂഹമാധ്യമങ്ങൾ പറ്റുമെന്നു തെളിഞ്ഞതാണല്ലോ. പ്രാദേശിക കൂട്ടായ്മയുണ്ടാക്കിയാൽ, അവർ അടുത്തുള്ള തിയറ്ററിൽ പോയി സംസാരിക്കും. ഇങ്ങനെയൊരു സിനിമയുണ്ടെന്നും അതു കാണാൻ ആളുണ്ടെന്നും അറിയിക്കും. തിയറ്റർ ഉടമകളെ വിശ്വാസത്തിലെടുക്കും. ഈ കൂട്ടായ്മകൾ നമ്മളോട് ആവശ്യപ്പെടും ഇവിടത്തെ തിയറ്ററിൽ സിനിമ കാണിക്കണമെന്ന്.
എല്ലാ ജില്ലകളിലുമായി 40 തിയറ്ററുകൾ ലഭിച്ചു. ആളുകൾ പൊസിറ്റീവായാണു സിനിമയെയും പ്രചാരണത്തെയും കാണുന്നത്. തിയറ്ററുകളുടെ എണ്ണം ഇനിയും കൂടുമെന്നാണു നമ്മൾ പ്രതീക്ഷിക്കുന്നത്. സാധാരണ റിലീസിനൊപ്പം സമാന്തര സിനിമാ സംഘടനകൾ പങ്കാളികളാകുന്നു എന്നതാണു പ്രത്യേകത. ഫിലിം സൊസൈറ്റികള്‍, കൂട്ടായ്മകൾ, കോളജ് ഫിലിം ക്ലബ്ബുകള്‍, കലാസാംസ്‌കാരിക സംഘടനകള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലുള്ള കൂട്ടായ്മകൾ റിലീസിങ്ങിന്റെ ഭാഗമാണ്. ഗ്രാസ് റൂട്ട് തലത്തിലേക്ക് ഞങ്ങളെത്തുകയാണ്, സിനിമയുമായി.
വലിയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സിനിമയെച്ചൊല്ലിയുണ്ടായി. അതെല്ലാം ഒഴിവാക്കാവുന്നതായിരുന്നോ ?
നോക്കൂ, നമുക്കു രണ്ടു തരത്തിൽ ജീവിക്കാം. ഒരു പ്രശ്നവുമുണ്ടാക്കാതെ, യാതൊന്നും മറുത്തുപറയാതെ, പച്ചക്കറിയും വേവിച്ചു ചോറുണ്ട്, രാത്രി ടിവി സീരിയലും കണ്ടുറങ്ങിയാൽ, നിങ്ങളെ ആരും ഉപദ്രവകാരിയായി കാണില്ല. നിങ്ങൾക്കു യാതൊരു പ്രശ്നവുമുണ്ടാകില്ല. സുഖമായി ജീവിക്കാം. എന്നാൽ, നിങ്ങൾ അവകാശങ്ങൾക്കു വേണ്ടിയോ, വിശ്വസിക്കുന്ന കാര്യങ്ങൾക്കു വേണ്ടിയോ ഉറക്കെ സംസാരിക്കാൻ തുടങ്ങുന്ന നിമിഷം പ്രശ്നമുണ്ടാകും. ഒരു കലാരൂപത്തിലൂടെയാണു ഇങ്ങനെ വിഷയം ഉന്നയിക്കുന്നതെങ്കിൽ വലിയ പ്രശ്നക്കാരനായി മുദ്ര കുത്തപ്പെടും. എന്തു നിലപാടെടുക്കുന്നു, എങ്ങനെ കാര്യങ്ങളെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണു പ്രശ്നങ്ങളുണ്ടാകുന്നത്.
കാര്യക്ഷമതയോട, ഉന്നയിച്ച പ്രശ്നങ്ങളിൽ അടിയുറച്ചു നിൽക്കുകയാണെങ്കിൽ കൂടുതൽക്കൂടുതൽ പ്രശ്നത്തിലേക്കു പോകും. ‘എസ് ദുർഗ’ എന്ന സിനിമയ്ക്ക് ഇങ്ങനെ പ്രശ്നങ്ങളുണ്ടായതിൽ വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ല. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോകത്ത് എല്ലായിടത്തും ഉള്ളതാണിത്. സമൂഹത്തിന് ഒരു സ്വാസ്ഥ്യമുണ്ട്. ഇതു ശരിയല്ല, ഇതല്ല വേണ്ടതെന്നു പറഞ്ഞ് ആരെങ്കിലും മുന്നോട്ടുവന്നാൽ പ്രശ്നമുണ്ടാകും. അത് ചരിത്രമാണ്, സത്യമാണ്. അത്തരം പ്രശ്നങ്ങളേ നമുക്കും ഉണ്ടായിട്ടുള്ളൂ.
പ്രശ്നങ്ങളില്ലായെങ്കിൽ ആരെയും ‘ഉപദ്രവിക്കുന്നില്ല’, ഒന്നും പ്രവർത്തിക്കുന്നില്ല എന്നാണർഥം. ഉറുമ്പിൻകൂട്ടം വരിവരിയായി പോകുന്നതുപോലെയാണു ജനക്കൂട്ടം. ആ വരിയിൽ ഇളക്കമുണ്ടാക്കിയാൽ ഉറുമ്പ് കടിക്കും. ഉറുമ്പിന്റേതു പോലെ ജനത്തിന്റെ സ്വാസ്ഥ്യത്തിനും ഇളക്കം തട്ടുമ്പോഴാണ് ‘ഉപദ്രവമായി’ കാണുന്നത്. അനുസരണാപൂർവമുള്ള യാത്രയാണു സമൂഹത്തിന്റേത്. ആരെ കൊല്ലണം, എന്തു തിന്നണം, എന്തു തിന്നരുത്, എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്നെല്ലാം ആരു പറഞ്ഞാലും ഒരു കുഴപ്പവുമില്ലാതെ അനുസരിക്കും. 24 മണിക്കൂറും വീടിനകത്തു കിടന്നോളണം എന്നു പറഞ്ഞാലും എതിർപ്പുണ്ടാകില്ല.
അറവുമാടുകളുടെ കൊണ്ടുപോകുന്ന പോലെയാണിത്. കൊമ്പൊക്കെ കാണുമെങ്കിലും വരിവരിയായി പിന്നാലെ പോയ്ക്കൊള്ളും, മറുത്തൊന്നും ചെയ്യില്ല. ഈ രീതി ശരിയല്ലെന്നു പറഞ്ഞാൽ പക്ഷെ, ആൾക്കൂട്ടം നമ്മളെ കുത്തും. അതേ ഉണ്ടാകുന്നുള്ളൂ. അനുസരണക്കാരായ ജനം തന്നെയാണ് ആദ്യം പ്രശ്നമുണ്ടാക്കുന്നത്. പിന്നെയാണ് അതിന് ഉത്തരവിട്ടവർ രംഗത്തെത്തുക. ഇത്തരം പ്രശ്നങ്ങൾ കൂടിക്കൂടി വരുന്നുണ്ട് എന്നതു സത്യമാണ്. അതോടൊപ്പം തന്നെ പ്രതിരോധവും കൂടുന്നുണ്ട്. ‘എസ് ദുർഗ’ റിലീസ് ചെയ്യാൻ പറ്റുമെന്നു പോലും വിചാരിച്ചിരുന്നില്ല. ആ അവസ്ഥയിൽനിന്ന് നാൽപ്പതോളം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ പറ്റുക എന്നതുതന്നെ സമാനമനസ്കരുടെ പ്രതിരോധത്തിന്റെ വിജയമാണ്.
എന്താണ് ‘എസ് ദുർഗ’യുടെ പ്രമേയം ?
രാത്രിയാത്രയില്‍ ഒരു യുവതിക്കും കാമുകനും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണു ചിത്രം പറയുന്നത്. 22 ദിവസമെടുത്ത് പൂർണമായും രാത്രിയിലായിരുന്നു ചിത്രീകരണം.. രാജശ്രീ ദേശ്പാണ്ഡേയാണ് ‘ദുര്‍ഗ’ എന്ന ടൈറ്റില്‍ റോളിൽ. കണ്ണന്‍ നായര്‍, സുജീഷ്, അരുണ്‍ സോള്‍, ബൈജു നെറ്റോ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. പ്രതാപ് ജോസഫാണ് ക്യാമറ.
പ്രതിഷേധങ്ങളിൽ കുടുങ്ങി സിനിമ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന തോന്നലുണ്ടോ ?
നമ്മളാരും 24 മണിക്കൂറും ക്രിയേറ്റർ അല്ലല്ലോ. ജീവിക്കുന്നതിന്റെ ഭാഗമായിട്ടുണ്ടാകുന്നതാണു കല. ആരാധനാലയത്തിന് അകത്തിരുന്നു പൂജിക്കുമ്പോൾ ഉണ്ടാകുന്നതല്ലത്. ദൈവങ്ങളല്ല, സാധാരണ മനുഷ്യരാണ് നമ്മളൊക്കെ. തെറ്റുപറ്റും, ഉറക്കെ സംസാരിക്കും, പിടിച്ചുകെട്ടിയാൽ നിലവിളിക്കും, തിരുത്തും. ഇതെല്ലാം സാധാരണ മനുഷ്യർ ചെയ്യുന്ന കാര്യങ്ങളാണ്. കലാകാരൻ അന്യഗ്രഹ ജീവിയൊന്നുമല്ല. ഒരാൾ കൃഷി ചെയ്തു കപ്പയുണ്ടാക്കുന്നതു പോലെതന്നെയാണു മറ്റൊരാൾ സിനിമയുണ്ടാക്കുന്നതും.
പ്രതിഷേധങ്ങളെയും പ്രശ്നങ്ങളെയും എടുക്കുന്നതെങ്ങനെ?
എല്ലാത്തരം എതിർപ്പുകളും പ്രശ്നങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്കു കൂടുതൽ ഇന്ധനം തരുകയാണ്. ഹൈജംപ് ചാടുന്നയാൾ ഒരോ പ്രാവശ്യവും ഉയരം കൂട്ടിക്കൂട്ടി വച്ചാണ് ഏറ്റവും വലിയ ചാട്ടത്തിലേക്ക് എത്തുന്നത്. ആദ്യം മുട്ടു വരെയാകും ബാർ. പിന്നെയത് ഉയർത്തും. ആ തടസ്സമാണ്, ഹർഡിൽസാണ് അയാളുടെ ചാട്ടത്തെ സഹായിക്കുന്നത്.
കേരളവും കേന്ദ്രവും ഒരു പോലെ കൈവിട്ടെന്നു തോന്നിയോ?
–കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നിലപാടുള്ളവരെ രണ്ടു പേർക്കും ഇഷ്ടമല്ല. സിനിമയുടെ പേര് മാറ്റണം എന്നു പറഞ്ഞപ്പോൾ ഞാൻ എതിർത്തു. അതോടെ കേന്ദ്രത്തിലുള്ളവർക്ക് ഇഷ്ടമില്ലാതായി. തിരുവനന്തപുരം രാജ്യാന്തര മേളയിൽ മലയാള സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനെ ഞാൻ എതിർത്തു. അതോടെ ഇവർക്കും ഇഷ്ടമില്ലാതായി. എതിർക്കരുത്. അഭിപ്രായം ഉണ്ടാകരുത്. അനുസരിക്കണം. അതാണ് രണ്ടു കൂട്ടരും ആഗ്രഹിക്കുന്നത്.
രാഷ്ട്രീയ ഭേദമില്ലാതെയല്ല, രാഷ്ട്രീയം ഉള്ളിൽ വച്ചാണ് രണ്ടുകൂട്ടരും എതിർത്തത്. ചുവപ്പോ കാവിയോ എന്നതല്ല, രണ്ടിനും പൊതുവായി വ്യവസ്ഥാപിതമായ രാഷ്ട്രീയമുണ്ട്. വ്യവസ്ഥയാണു ശരിക്കും രാഷ്ട്രീയം. അതു കോർപറേറ്റുകളുടെയോ ഭരണകൂടത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ആകാം. വ്യവസ്ഥയെന്നതു പാറ പോലെ അടിയുറച്ചതാണ്. അതിനെതിരെ സംസാരിക്കുന്ന എല്ലാവരെയും പുറത്തുനിർത്തും. ആ വ്യവസ്ഥയ്ക്കു പൊതു സ്വഭാവമാണ്.
ബിജെപി സർക്കാരിന്റേതാണെങ്കിലും കമ്യൂണിസ്റ്റ് സർക്കാരിന്റേതാണെങ്കിലും കോൺഗ്രസിന്റേതോ മറ്റേതു ചിന്തകളുടേതായാലും ശരി, അവരുണ്ടാക്കിയ വ്യവസ്ഥ തെറ്റാണെന്നോ അനുസരിക്കില്ലെന്നോ പറയുന്ന എല്ലാ മനുഷ്യരെയും പുറത്തുനിർത്തും. അതിനു പാർട്ടി വ്യത്യാസമില്ല. വാർത്താവിതരണ മന്ത്രാലയം ആവശ്യപ്പെടുന്നു, സെൻസർ ബോർഡ് അനുസരിക്കുന്നു. ഇതൊരു സന്ദേശമാണ്. സർക്കാരിന് ഇഷ്ടപ്പെടാത്ത സിനിമയ്ക്ക് ഇനി സെൻസർ ബോർഡിന്റെ അനുമതിയും കിട്ടില്ല.
രാജ്യാന്തര മേളകളിലെ അനുഭവം ?
നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഇതിനകം നേടിയ ചിത്രമാണ് ‘എസ് ദുര്‍ഗ’. ‘സെക്സി ദുർഗ’ എന്ന പേരിലാണു ഫെസ്റ്റിവൽ സർക്യൂട്ടുകളിൽ ചിത്രം പോകുന്നത്. ഇറാൻ പോലെ ഈ രാജ്യം മാറുന്നതിനാലാണ് നമുക്കു പേരു വെട്ടിമാറ്റേണ്ടി വന്നതും സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യേണ്ടി വന്നതും. അതു രാജ്യത്തിന്റെ പ്രശ്നമാണ്, സിനിമയുടേതല്ല. നാട്ടിൽ അംഗീകാരം കിട്ടാതിരുന്ന ചിത്രത്തിനു രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങൾ കിട്ടുന്നു. വ്യവസ്ഥകളോടു കലഹിക്കാതെയിരുന്നെങ്കിൽ എല്ലാവരും പൊന്നാടയണയിച്ചേനെ. കലാകാരനോ സിനിമയോ ഒരു വശത്തേക്കു ചേർന്നു നിൽക്കുകയാണെങ്കിലും കുഴപ്പമുണ്ടാകില്ല.
കേന്ദ്ര സർക്കാരിന് എതിർക്കുന്നുവെങ്കിൽ സംസ്ഥാന സർക്കാരും മറിച്ചാണെങ്കിൽ കേന്ദ്രവും പൂവിട്ടുപൂജിക്കും. എന്നാൽ രണ്ടിടത്തും നിൽക്കാൻ തയാറല്ലെങ്കിൽ രണ്ടുപേരും എതിർക്കും. ഒരാൾ ചവിട്ടുമ്പോൾ മറ്റേയാൾ കയ്യടിക്കും. നാല്‍പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണ്. അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടി ഇപ്പോഴും പലയിടത്തായി പ്രദർശിപ്പിക്കുന്നുണ്ട്.
സിനിമ നിർമാണത്തിലെ ജനകീയ കൂട്ടായ്മയ്ക്കു പിന്നിൽ?
ജനാധിപത്യമാണു ലോകത്തിന്റെ, മനുഷ്യന്റെ ആത്യന്തിക രക്ഷ. രാജാവോ ദൈവമോയല്ല. ജനാധിപത്യ പരീക്ഷണങ്ങളാണു കാഴ്ച ചലച്ചിത്രവേദി ആദ്യം മുതലേ നടത്തുന്നത്. ജനാധിപത്യമെന്നതു തിരഞ്ഞെടുപ്പു രാഷ്ട്രീയമല്ല. ജനങ്ങൾക്കാവശ്യമായവ ജനം കണ്ടെത്തുന്നതിൽ, പ്രതിരോധിക്കുന്നതിൽ എല്ലാമാണു ജനാധിപത്യമിരിക്കുന്നത്. തോക്കെടുത്തു നാലുപേരെ വെടിവച്ചു കൊന്നിട്ടു വിപ്ലവം വരുമെന്നു പറയുന്ന കപട വിപ്ലവ പാർട്ടികളുടെതോ, അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുന്നു എന്നു പറയുന്നതോ അല്ല ജനാധിപത്യം. വ്യക്തമായ ധാരണയോടെ ജനം മുന്നോട്ടു വന്നു സംസാരിക്കുന്ന സാഹചര്യമുണ്ടാകണം.
സിനിമയിൽ എന്നല്ല, എല്ലാ വ്യവഹാരത്തിലും ജനാധിപത്യം ഉപയോഗിക്കണം. അതില്ലാത്തതിനാലാണു സ്ത്രീപക്ഷം, സ്ത്രീവിരുദ്ധത തുടങ്ങിയവയൊക്കെ പ്രശ്നമാകുന്നത്. ഇല്ലെങ്കിൽ ഏകപക്ഷീയമായ, ആൺ അധികാര വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള സംഗതി മാത്രമേയുണ്ടാക്കാനാവൂ. ഇത് വിവേചനങ്ങൾക്കും സമരങ്ങൾക്കും ഇടയാക്കും.
അടുത്ത സിനിമ?
‘ഉന്മാദിയുടെ മരണം’ പൂർത്തിയായി. ചലച്ചിത്ര മേളകളിലെല്ലാം പോയിക്കഴിഞ്ഞ ശേഷമായിരിക്കും റിലീസ്.