തിരുവനന്തപുരം ∙ ചെങ്ങന്നൂരിലെ ഇടതുമുന്നണിയുടെ മിന്നുന്ന ജയം, പിണറായി സര്‍ക്കാരിനു ലഭിച്ച രണ്ടാം ജന്മദിന സമ്മാനമാണ്. പൊലീസ് അതിക്രമത്തിന്റെയും ദുരഭിമാന കൊലയുടെയും പേരില്‍ സര്‍ക്കാരും മുന്നണിയും പഴി കേള്‍ക്കുമ്പോഴാണ്, റെക്കോർഡ് ഭൂരിപക്ഷവുമായി സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്‍ നിയമസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുള്ള അംഗീകാരമായാണ് ഇടതുമുന്നണി ഈ വിജയത്തെ ഉയര്‍ത്തിക്കാട്ടുക.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങള്‍ പൊളിച്ച് റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്റെ വിജയം, രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച പിണറായി സര്‍ക്കാരിന് ആത്മവിശ്വസവും ആശ്വാസവും ഒരുപോലെ പകര്‍ന്നുനല്‍കുന്നു. ആവര്‍ത്തിക്കുന്ന പൊലീസ് അതിക്രമം, കസ്റ്റഡി മരണം, ഏറ്റവും ഒടുവില്‍ കോട്ടയത്തെ ദുരഭിമാനക്കൊല ഇവയ്ക്കിടയില്‍ ഉത്തരം മുട്ടിനിന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജനഹിതം അനുകൂലമായതു വലിയ ആത്മവിശ്വാസം പകര്‍ന്നുനല്‍കും.
ചെങ്ങന്നൂരിലെ ഇടതു തരംഗം ജനമനസ്സ് സര്‍ക്കാരിനൊപ്പമാണെന്നു തെളിഞ്ഞതിന് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാനും സിപിഎമ്മിനും എല്‍ഡിഎഫിനും കഴിയും. ബിജെപിവിരുദ്ധ വോട്ടുകള്‍ ഇടതു മുന്നണിയിലേക്കു തിരിഞ്ഞു എന്ന വിലയിരുത്തലാണുള്ളത്. കോണ്‍ഗ്രസിനു മുന്‍തൂക്കമുള്ള മേഖലകളില്‍ ഉണ്ടാക്കാനായ ലീഡ് ഇത്തരത്തിലാവും വ്യാഖ്യാനിക്കപ്പെടുക.
വര്‍ഗീയധ്രുവീകരണമെന്ന യുഡിഎഫ് ആരോപണത്തിനു മതേതര വോട്ടുകളുടെ ഏകീകരണം എന്ന മറുപടി നല്‍കാനും ഇടതു മുന്നണിക്കാവും. അഴിമതിരഹിത ഭരണത്തിനും വികസനത്തിനും ലഭിച്ച അംഗീകാരമായും സര്‍ക്കാരിന് ഈ വിജയത്തെ കാണിക്കാം. നാലാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളത്തിൽ ചെങ്ങന്നൂര്‍ നല്‍കിയ ഊര്‍ജത്തിന്റെ ശക്തിയുമായാവും ഭരണമുന്നണി പ്രതിപക്ഷത്തെ നേരിടുക.
സിപിഎമ്മും ബിജെപിയും പകുത്തെടുത്ത രാഷ്ട്രീയ തട്ടകത്തില്‍ ഇടം നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിനുത്തരം തേടുന്ന പ്രതിപക്ഷത്തിന്, ചെങ്ങന്നൂര്‍ നല്‍കുന്നതു പരാജയം മാത്രമല്ല, ഭാവിയെക്കുറിച്ചുള്ള വ്യക്തമായ സൂചന കൂടിയാണ്.