പാളിയില്ല ഇടതു തന്ത്രം

ചെങ്ങന്നൂർ ∙ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു രണ്ടു മാസത്തിലേറെ സമയം കിട്ടിയതു മുന്നണികൾക്കു തയാറെടുപ്പിനു നല്ല അവസരമായിരുന്നു. പക്ഷേ, അതു മുതലാക്കിയത് എൽ‍ഡിഎഫാണ്. ചിട്ടയായി മുന്നേറിയ എൽഡിഎഫ് പ്രവർത്തനം, കണക്കുകൂട്ടിയതിലും വലിയ ഭൂരിപക്ഷത്തിൽ എത്തിക്കുകയും ചെയ്തു. സ്വാഭാവികമായ മികവോടെയായിരുന്നു എൽഡിഎഫിന്റെ പ്രവർത്തനം. അതിനൊപ്പം ശരിയായ സമയത്തു ചർച്ചാവിഷയങ്ങൾ നിശ്ചയിക്കുന്നതിൽ നേതാക്കൾ കൃത്യത കാട്ടുകയും ചെയ്തു.

തുടക്കത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നേട്ടങ്ങളും മണ്ഡലത്തിൽ കെ.കെ.രാമചന്ദ്രൻ നായർ വഴി വന്ന വികസനവും മറ്റുമാണ് എൽഡിഎഫ് ചർച്ചയ്ക്കു വച്ചത്. മറ്റു കാര്യങ്ങൾ തുടക്കത്തിലേ ചർച്ചയാക്കാതിരിക്കാൻ നേതാക്കളും പ്രവർത്തകരും ശ്രദ്ധിച്ചു. അവസാന ഘട്ടമായപ്പോഴേക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുതിയ വിഷയം കൊണ്ടുവന്നു. യുഡിഎഫ് സ്ഥാനാർഥി വർഗീയ സംഘടനയുടെ ആളാണെന്നായിരുന്നു ആരോപണം. യുഡിഎഫ് അതിനെ ചെറുത്തെങ്കിലും അതിനകം ചില ധ്രുവീകരണങ്ങൾ എൽഡിഎഫിന് അനുകൂലമായി സംഭവിച്ചുകഴിഞ്ഞെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.

വോട്ടെണ്ണൽ കേന്ദ്രമായ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിനു മുന്നിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ വിജയാഹ്ലാദത്തിനിടെ പ്രവർത്തകർക്കൊപ്പം മധുരം പങ്കിടുന്ന മുൻ എംഎൽഎ ശോഭന ജോർജ്. ചിത്രം: അരുൺ ജോൺ ∙ മനോരമ.

ബിജെപിക്കെതിരായ വികാരമുണർത്തി ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ എൽ‍‍ഡിഎഫിനു കഴിഞ്ഞു. വെല്ലുവിളികളെ നേരിടാൻ തങ്ങൾക്കേ കെൽപുള്ളൂ എന്ന എൽഡിഎഫിന്റെ പ്രചാരണത്തെ ചെറുക്കാൻ യുഡിഎഫിനു കഴിഞ്ഞില്ല. കോൺഗ്രസ് നേതാവ് എ.കെ.ആന്റണി മറുതന്ത്രം അവതരിപ്പിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയിൽ വല്ലാതെ ആഹ്ലാദിക്കുന്നു, പിണറായി വിജയനു മോദി പ്രത്യേക പരിഗണന നൽകുന്നു തുടങ്ങിയ ആന്റണിയുടെ പരാമർശങ്ങളിൽ എൽഡിഎഫിനെ ചെറുക്കാനുള്ള ശ്രമമുണ്ടായിരുന്നു.

പരിസ്ഥിതി സംരക്ഷണം, മണ്ണു മാഫിയയ്ക്കെതിരായ പോരാട്ടം തുടങ്ങിയ പ്രാദേശിക വിഷയങ്ങൾ ഉന്നയിക്കാൻ യുഡിഎഫ് തുടക്കത്തിൽ ശ്രമിച്ചെങ്കിലും അവ സജീവ ചർച്ചയാക്കാൻ കഴിഞ്ഞില്ല. യുഡിഎഫ് നന്നായി അധ്വാനിച്ചെങ്കിലും പോരായ്മകൾ ബാക്കി നിന്നു. ഏകോപനമില്ലായ്മ പ്രചാരണത്തിൽ പ്രകടമായി. ഒട്ടേറെ കുടുംബയോഗങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്തതും ഉദ്ദേശിച്ച ചലനമുണ്ടാക്കിയില്ല.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻനായരുടെ വീട്ടിലെത്തിയപ്പോൾ. കെകെആറിന്റെ മകൻ‌ പ്രശാന്ത് സമീപം.

പ്രചാരണത്തിൽ എൻഡിഎ മെച്ചമായിരുന്നു. കുമ്മനം രാജശേഖരൻ നേരിട്ടാണു താഴേത്തട്ടിലെ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകിയത്. കഴിഞ്ഞ തവണത്തെ പ്രകടനത്തിന്റെ ആവേശം പ്രവർത്തകരിലും ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ തവണത്തെയത്രയെങ്കിലും വോട്ട് നേടാൻ അതു പോരാതെ വന്നു. ഒട്ടേറെ പരമ്പരാഗത യുഡിഎഫ് വോട്ടുകൾ കഴിഞ്ഞ തവണ ബിജെപിക്കു ലഭിച്ചെന്നും അവ ഇക്കുറി തിരികെ കിട്ടുമെന്നുമുള്ള യുഡിഎഫ് പ്രതീക്ഷയും തെറ്റി. ബിജെപിക്കു കുറഞ്ഞ വോട്ടുകളിൽ നല്ലപങ്കും എൽഡിഎഫ് നേടിയെന്നാണ് ഒരു വിലയിരുത്തൽ.

ചെങ്ങന്നൂരിലേതു ത്രികോണ മത്സരമാണെന്ന പ്രതീതി തുടക്കംമുതലേ ഉണ്ടായിരുന്നു. മൂന്നു മുന്നണിയും ജയം അവകാശപ്പെട്ടുകൊണ്ടുമിരുന്നു. തങ്ങളുടെ മത്സരം എൽഡിഎഫിനോടാണെന്നു പറഞ്ഞ് യുഡിഎഫ് ബിജെപിയുടെ സാന്നിധ്യം അവഗണിക്കാൻ ശ്രമിച്ചു. മൽസരം തങ്ങളും ബിജെപിയും തമ്മിലാണെന്നു വരെ ഒരു ഘട്ടത്തിൽ എൽഡിഎഫ് നേതാക്കൾ പറഞ്ഞു. രണ്ടായാലും എൽഡിഎഫും യുഡിഎഫും തങ്ങളെ ഭയപ്പെടുന്നുണ്ടെന്നു വ്യക്തമാണെന്നു ബിജെപി വ്യാഖ്യാനിക്കുകയും ചെയ്തു.