യുഡിഎഫിനിത് കനത്ത രാഷ്ട്രീയ പ്രഹരം; വഴിയൊരുക്കം നേതൃതല മാറ്റങ്ങൾക്ക്

കോട്ടയം∙ ചെങ്ങന്നൂരിലൂടെ ശക്തി തെളിയിക്കാമെന്നു വിശ്വസിച്ച വലതുമുന്നണിക്ക് കിട്ടിയ കനത്ത അടിയായി തിരഞ്ഞെടുപ്പു ഫലം. രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നെന്ന വിലയിരുത്തലിനിടയിലും യുഡിഎഫിന് അതു ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നത് കാട്ടി മുന്നണിയിലെ മുഖ്യകക്ഷിയായ കോൺഗ്രസിനുള്ളിൽ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തികഞ്ഞ പരാജയമാണെന്നു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചു. നിലവിലെ സംഘടനാ സംവിധാനവുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ സമീപിക്കാന്‍ കഴിയില്ലെന്നതു തെളിഞ്ഞതിനാൽ നേതൃതലത്തിലും മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്.

വലിയ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പിന് ഇറങ്ങിയത്. സ്ഥാനാര്‍ഥിയുടെ മണ്ഡലത്തിലെ പരിചയവും സര്‍ക്കാരിനെതിരെ വീണു കിട്ടിയ വിവാദങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു മുന്നണി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അക്കൗണ്ടില്‍നിന്ന് ചോര്‍ന്നത് ഇരുപതിനായിരത്തോളം വോട്ടുകളാണ്. അതു ലാഭമായത് ബിജെപിക്കും. ബിജെപിക്ക് ലഭിച്ച വോട്ടുകളില്‍ പകുതിയെങ്കിലും മടങ്ങിയെത്തിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. അതിനുവേണ്ടിയാണ് വിജയകുമാറെന്ന സ്ഥാനാര്‍ഥിയെതന്നെ രംഗത്തിറങ്ങിയത്. ഹൈന്ദവ സംഘടനകളുമായി വിജയകുമാറിനുള്ള ബന്ധം ഗുണം ചെയ്യുമെന്നു പാര്‍ട്ടി വിലയിരുത്തി. അതോടൊപ്പം സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളും അനുകൂല ഘടകമാകുമെന്ന് കരുതി. രണ്ടും അനുകൂലമായില്ലെന്നു മാത്രമല്ല സംഘടനാ രംഗത്തെ പിഴവുകള്‍ പാര്‍ട്ടിക്ക് വലിയ നഷ്ടവുമായി. മാണിയുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്തതുമില്ല. കഴിഞ്ഞ തവണത്തേക്കാളും 1450 വോട്ട് കൂടിയെന്നതു മാത്രമാണ് ഏക ആശ്വാസം.


‘വര്‍ഗീയ കാര്‍ഡിറക്കിയാണ് സിപിഎം ജയിച്ചതെന്ന’ എ.കെ.ആന്റണിയുടെ പ്രസ്താവന സ്വയം ആശ്വാസത്തിന് വകനല്‍കുന്നതാണെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഇങ്ങനെ പോര എന്ന് പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും അഭിപ്രായമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ തന്നെ അതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ വീട്ടില്‍പോലും നോട്ടീസ് നല്‍കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. സംഘടനാ സംവിധാനങ്ങളിലെ പിഴവുകള്‍ക്ക് ഏറ്റവും വലിയ ഉദാഹരണം. പ്രതിപക്ഷമെന്ന രീതിയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടാം. ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റി യുവത്വത്തിന് പ്രാധാന്യം നല്‍കണമെന്ന ആവശ്യമുയരാം. തൊലിപുറത്തെ ചികില്‍സ പോരെന്ന കോൺഗ്രസ് നേതാവ് വി.എം.സുധാകരന്റെ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

ചെങ്ങന്നൂരില്‍ വിജയിക്കുകയാണെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എം.എം.ഹസന്‍ തുടരട്ടെയെന്ന സമവാക്യം ഒരിടയ്ക്ക് പാര്‍ട്ടിയിലുണ്ടായിരുന്നു. അതിനി നടക്കാനിടയില്ല. സംഘടനാ തലത്തില്‍ സമഗ്രമായ അഴിച്ചു പണിയും ഹൈക്കമാൻഡ് ലക്ഷ്യമിടുന്നതായാണ് വിവരം. ഈ സംവിധാനവുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നാണ് വിലയിരുത്തല്‍. പുതിയ കെപിസിസി പ്രസിഡന്റിനെ കേന്ദ്രനേതൃത്വം ഉടനെ നിയമിക്കും. സംഘടനയെ നയിക്കാന്‍ കൂടുതല്‍ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നു ഹൈക്കമാൻഡ് ആഗ്രഹിക്കുന്നു. കേന്ദ്രത്തില്‍ ശക്തി തെളിയിക്കണമെങ്കില്‍ കേരളത്തില്‍നിന്ന് പരമാവധി സീറ്റുകള്‍ പാര്‍ട്ടിക്കാവശ്യമാണ്. അല്ലെങ്കില്‍ ‘ചെങ്ങന്നൂര്‍’ ആവര്‍ത്തിക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്.