വധൂവരന്മാർക്കെന്താ ഈ ബൂത്തിൽ കാര്യം?

തിരുവൻവണ്ടൂർ ഹൈസ്കൂളിൽ വോട്ട് ചെയ്യാനെത്തിയ നവദമ്പതികളായ അഭിജിത്തും സുമിതയും.

ചെങ്ങന്നൂർ ∙ മിന്നുകെട്ടും വോട്ടെടുപ്പും ഒരേദിവസം. രണ്ടും പ്രധ‍ാനമായി കണ്ട വധൂവരന്മാർ ചെങ്ങന്നൂരിൽ വോട്ട് ചെയ്യാനെത്തി, വിവാഹത്തിനു മുൻപും ശേഷവുമായി.

കല്യാണം കഴിഞ്ഞ്,  നേരെ പൊളിങ് ബൂത്തിലേക്ക്

 മാടവന മലങ്കര കത്തോലിക്കാ പള്ളിയിൽ വിവാഹച്ചടങ്ങുകൾ കഴിഞ്ഞയുടൻ അഭിജിത് നവവധു സുമിതയുടെ കൈപിടിച്ച് എത്തിയത് തിരുവൻവണ്ടൂർ ഗവ.എൽപിഎസിലെ പോളിങ് ബൂത്തിലേക്കാണ്. ഗോവ ഷിപ്‌യാർഡിൽ ജീവനക്കാരനായ തിരുവൻവണ്ടൂർ കിഴക്കേമാലിൽ കുഞ്ഞുമോന്റെയും കൊച്ചുമോളുടെയും മകനായ അഭിജിത്തിനു ഉപതിരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്നു. തിരുവല്ല സ്വദേശിനിയായ സ‍ുമിത, വോട്ട് ഇല്ലെങ്കിലും ഭർത്താവിനു പിന്തുണയുമായാണു പോളിങ് സ്റ്റേഷനിലെത്തിയത്.

നിഖിൽ ജോൺ തോമസും ജിൻസി ജി.കുഞ്ഞുമോനും ചെറിയനാട്ട് രണ്ടു പോളിങ് സ്റ്റേഷനുകളിലായി വോട്ട് ചെയ്ത ശേഷം.

∙ 137–ാം നമ്പർ ബൂത്ത് ആയ ചെറിയനാട് ഡിബി‌എച്ച്എസിലും അടുത്തുള്ള 135–ാം നമ്പർ ബൂത്ത് ആയ തുരുത്തിമേൽ എസ്എൻവി യുപിഎസിലും വോട്ടു ചെയ്യാനെത്തിയ നിഖിൽ ജോൺ തോമസും ജിൻസി ജി.കുഞ്ഞുമോനും ഇടവൻകാട് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ വിവാഹം കഴിഞ്ഞയുടൻ ഹാരവും ബൊക്കെയും പോലും മാറ്റാതെയാണ് എത്തിയത്. ചെറിയനാട് തുരുത്തിമേൽ നെടുവരംകോട് പുതുപ്പള്ളിൽ പി.ജെ.തോമസിന്റെയും ഏലിയാമ്മയുടെയും മകനായ നിഖിലിനു തുരുത്തിമേൽ എസ്എൻവി സ്കൂളിലായിരുന്നു വോട്ട്. ചെറ‍ിയനാട് പഞ്ചായത്തിലെ തന്നെ ചെറുവള്ളിൽ കുഞ്ഞുമോന്റെയും ജയയുടെയും മകൾ ജിൻസിക്കു ചെറിയനാട് ഡിബിഎച്ച്എസിൽ വോട്ട് രേഖപ്പെടുത്തി.

കല്ല‍ിശ്ശേരി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ നവദമ്പതികളായ ടിനുവും ജാസ്മിനും.

∙ കല്ലിശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ടിനോ തോമസിനു വോട്ട്. വിവാഹവേഷം മാറ്റാൻ കാത്തുനിൽക്കാതെ നവവധുവുമൊത്തു ടിനോ ഇന്നലെ ഉച്ചയോടെ വോട്ട് ചെയ്യാനെത്തി. ഡൽഹിയിൽ നഴ്സ് ആയ കല്ല‍ിശേരി മണലേൽതെട്ടുന്നിൽ ടിനോ തോമസ് വോട്ട് രേഖപ്പെടുത്തുന്നതുവരെ നവവധു കോട്ടയം അയർകുന്നം സ്വദേശിനിയും ഡൽഹിയിൽ നഴ്സുമായ ജാസ്മിൻ പോളിങ് സ്റ്റേഷനു പുറത്തു കാത്തുനിന്നു.