ബെംഗളൂരു∙ തിരഞ്ഞെടുപ്പിനു മുൻപു വരെ കോൺഗ്രസിന്റെ ‘പോസ്റ്റർ ബോയ്’ ആയിരുന്ന സിദ്ധരാമയ്യ ഫലം വന്നപ്പോൾ കർണാടക രാഷ്ട്രീയത്തിൽ പെട്ടെന്ന് അപ്രസക്തനായി. രാഷ്ട്രീയത്തിലെ തന്റെ ബദ്ധശത്രു എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് മാധ്യമപ്രവർത്തകരോടു പറയാൻ പാർട്ടി നിയോഗിച്ചതും സിദ്ധരാമയ്യയെ തന്നെ.
ഒരു പരാജിതന്റെ ശരീരഭാഷയോടെ സിദ്ധരാമയ്യ പാർട്ടി പറഞ്ഞേൽപിച്ചത് പറഞ്ഞു. സിദ്ധരാമയ്യയുടെ അമിതമായ ആത്മവിശ്വാസമാണു പാർട്ടിക്കു വിനയായതെന്ന് പാർട്ടി പ്രചാരണ സമിതി ചെയർമാൻ ഡി.കെ.ശിവകുമാറിന്റെ പ്രസ്താവന സിദ്ധരാമയ്യയുടെ ശക്തിചോർന്നുവെന്നു മനസ്സിലാക്കി തന്നെയാണ്.
രക്ഷിച്ചത് ഇന്റലിജൻസ്!
കർണാടകയിലെ പൊലീസ് ഇന്റലിജൻസിനോട് സിദ്ധരാമയ്യ നന്ദിപറയണം. ചാമുണ്ഡേശ്വരിയിൽ നിന്നാൽ മുഖ്യമന്ത്രി തോറ്റുപോകുമെന്ന കൃത്യമായ മുന്നറിയിപ്പാണ് ഇന്റലിജൻസ് കൈമാറിയത്. ബാദാമിയിൽ അവസാന നിമിഷം പത്രിക കൊടുത്തതും അതുകൊണ്ടാണ്. ബാദാമിയിൽ ജയിച്ചതുകൊണ്ട് മുഖ്യമന്ത്രി മുഖം രക്ഷിച്ചു.
തന്റെ സ്വന്തം മണ്ഡലമായ വരുണ സുരക്ഷിതമായി മകൻ ഡോ.യതീന്ദ്രയ്ക്കു കൈമാറിയാണ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ എത്തിയത്. ചാമുണ്ഡേശ്വരിയിൽ പഴയ സുഹൃത്ത് ജി.ടി.ദേവഗൗഡ സിദ്ധരാമയ്യയെ തോൽപിച്ചത് 36,042 വോട്ടുകൾക്ക്. ഇവിടെ ദുർബലനായ സ്ഥാനാർഥിയെ നിർത്തി ബിജെപിയും ജെഡിഎസിനെ പിന്തുണച്ചതോടെ സിദ്ധരാമയ്യ വിരുദ്ധവോട്ടുകൾ ഏകീകരിച്ചു. വൊക്കലിഗ വോട്ടുകളും മുഖ്യമന്ത്രിക്കെതിരായി.
എന്നാൽ മുഖ്യമന്ത്രിയുടെ സ്വന്തം സമുദായമായ കുറുബകൾക്ക് മേൽക്കൈയുള്ള ബാദാമി മുഖ്യമന്ത്രിയെ കൈവിട്ടില്ല. ഇവിടെ ബിജെപിയുടെ യുവതാരം ബി.ശ്രീരാമുലുവിനെതിരെ സിദ്ധരാമയ്യ നേടിയത് കഷ്ടി 1,696 വോട്ടിന്റെ വിജയം.
ഇനി, പടിയിറക്കം?
പിന്നാക്ക–ദലിത്–ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവച്ച സിദ്ധരാമയ്യയ്ക്ക് അഹിന്ദു വോട്ടുകൾ വലുതായി ചോർത്താനായില്ല. സിദ്ധരാമയ്യയുടെ പിന്നാക്കകാർഡിനെ പിന്നാക്ക നേതാവായ ശ്രീരാമുലുവിനെ ഇറക്കി ബിജെപി പ്രതിരോധിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ലിംഗായത്തിന് ന്യൂനപക്ഷ മതപദവി നൽകാനുള്ള നിർദേശം പാർട്ടിക്ക് തിരിച്ചടിക്കുകയും ചെയ്തു. ഹിന്ദുമതത്തെ പിളർത്താനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്ന ആരോപണം ബിജെപി സമർഥമായി ഉപയോഗിച്ചു.
കുമാരസ്വാമി മുഖ്യമന്ത്രിയായൊരു കൂട്ടുകക്ഷി സർക്കാരിനു സാധ്യത തെളിഞ്ഞാലും അതിൽ ഒരു പദവി നേടാൻ സിദ്ധരാമയ്യ ശ്രമിച്ചേക്കില്ല. കാമരാജിനു ശേഷം ദക്ഷിണേന്ത്യയിൽനിന്നു തലയെടുപ്പുള്ള നേതാവ് എന്ന വിശേഷണങ്ങളെല്ലാം ഒരു ഫലം കൊണ്ട് ഇല്ലാതായോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ചർച്ച ചെയ്യുന്നത്.
ഇനിയൊരു തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ല എന്നു വ്യക്തമാക്കിയാണ് സിദ്ധരാമയ്യ ഇക്കുറി മൽസരിച്ചത്. അതുകൊണ്ട് വാക്കിനു മറുവാക്കും തന്ത്രങ്ങൾക്ക് മറുതന്ത്രങ്ങളുമൊരുക്കുന്ന ഒരു നേതാവിന്റെ പടിയിറക്കത്തിനു കൂടി തിരഞ്ഞെടുപ്പു ഫലം സാക്ഷ്യം വഹിക്കുന്നു.