‘‌കേരളത്തിന്റെ വികസനത്തിന്റെ വാഹനം കിഫ്ബി ആയിരിക്കും’

കേരളത്തിൽ എൽഡിഎഫ് സർക്കാർ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയപ്പോൾ ആരാകും ധനമന്ത്രിയെന്ന കാര്യത്തിൽ വലിയ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോ. തോമസ് ഐസക് എന്ന മികച്ച സാമ്പത്തിക വിദഗ്ധൻ തന്നെ. വിഎസ് സർക്കാരിന്റെ കാലത്തും ധനകാര്യം കൈകാര്യം ചെയ്ത ഐസകിന് പുതിയ വെല്ലുവിളികളായിരുന്നു പിണറായി സർക്കാരിന്റെ ഭാഗമായി എത്തിയപ്പോൾ ഉണ്ടായത്. നോട്ട് അസാധുവാക്കലും ബജറ്റും ജിഎസ്ടിയും കിഫ്ബിയുമെല്ലാമായി ഐസക് സജീവമാണ്. സർക്കാരിന്റെ ഖജനാവിന്റെ ചുമതലയുള്ള ഡോ. തോമസ് ഐസക് പ്രതീക്ഷകളും പ്രതിബന്ധങ്ങളും പങ്കുവയ്ക്കുന്നു.

∙എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു വകുപ്പിന്റെ അവസ്ഥ?

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇരുപത് ശതമാനത്തോളമെത്തിയ നികുതി പിരിവിലെ വളർച്ച പത്തു ശതമാനത്തിൽ താഴെയായ സാഹചര്യത്തിലാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലേറുന്നത്. വായ്പ എ‌ടുക്കാൻ അനുവാദമുള്ള തുക റവന്യൂ കമ്മി നികത്താൻപോലും തികയാത്ത അവസ്ഥ. ചെലവ് കൂടി വരവ് കുറഞ്ഞു. ധൂർത്തിന്റെ അന്തരീക്ഷം. ഒന്നിനും ഒരു വ്യവസ്ഥ ഉണ്ടായിരുന്നില്ല. എ‌ങ്ങനെ മുന്നോട്ടുപോകും എന്നതായിരുന്നു വെല്ലുവി‌ളി. ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കി. സർക്കാർ ചെലവു ചുരുക്കാനല്ല പോകുന്നത്. എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ 8,000 കോടിരൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഉടൻ കൊ‌ടുത്തു തീർക്കേണ്ട തുകയായിരുന്നു ഇത്. 3000 കോടിരൂപ ക്ഷേമപെൻഷൻ ഇനത്തിൽ കൊടുത്തുതീർക്കാനുണ്ടായിരുന്നു. 1500 കോടിരൂപ നിർമ്മാ‌ണ പ്രവൃത്തികളുടെ ബില്ല് മാറുന്നതിനു നൽകേണ്ടതുണ്ടായിരുന്നു. ഇതെല്ലാം കൊടുത്തുതീർക്കണമെങ്കിൽ വരുമാനം ഉണ്ടാകണമായിരുന്നു. പെട്ടെന്നുള്ള വരുമാന വർധനവ് സാധ്യമല്ലായിരുന്നു. നികുതി വളർച്ച ലക്ഷ്യമിട്ടു. പക്ഷേ, നോട്ടു പിൻവലിച്ച കേന്ദ്രസർക്കാർ നടപടി തിരിച്ചടിയായി. തനനു നികുതി വരുമാനത്തിൽ വർധന ഉണ്ടായെങ്കിലും പ്രതീക്ഷിച്ചത്ര വളർച്ച കൈവരിക്കാനായില്ല. 

∙വകുപ്പിൽ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവന്നത്​?

പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിലും വികസന, ക്ഷേമ കാര്യങ്ങൾക്കായി പണം ചെ‌ലവാക്കുന്നതിൽ നിയന്ത്രണം വേണ്ടെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. 48 ലക്ഷംപേർക്ക് 5100 കോടിരൂപ ക്ഷേമപെൻഷൻ ഇനത്തിൽ വിതരണം ചെയ്തു. റോഡ് പണികൾ പൂർത്തിയാക്കിയ ഇനത്തിൽ കരാറുകാർക്ക് നൽകാനുണ്ടായിരുന്ന കുടിശിക പകുതി നൽകി. മുഴുവൻ കൊടുത്തു തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുൻ സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്ക്കരണം മറ്റൊരു ബാധ്യതയായിരുന്നു. 1400 കോടി ശമ്പളപരിഷ്ക്കരണത്തിനും 900 കോടി പെൻഷൻ പരിഷ്ക്കരണത്തിനും കൊടുക്കാനുണ്ടായിരുന്നു. അതു വിതരണം ചെയ്തു. വിദ്യാഭ്യാസവായ്പയ്ക്കായി 600 കോടിരൂപ ഈ സാമ്പത്തിക വർഷം ചെലവാക്കും. പരമ്പരാഗത വ്യവസായങ്ങൾക്ക് സർക്കാർ കൂടുതൽ തുക മാറ്റിവച്ചു. മുൻസർക്കാരിന്റെ കാലത്ത് 50 കോടിരൂപയാണു നൽകിയതെങ്കിൽ ഈ സർക്കാർ ഇതിനോടകം 125 കോടി വിതരണം ചെയ്തിട്ടുണ്ട്. ആരോഗ്യം, പൊലീസ് അടക്കമുള്ള മേഖലകളിലായി ഇരുപതിനായിരത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഹയർസെക്കണ്ടറി മേഖലയാണ് ഇനിയുള്ളത്. പ്ലാൻ എക്സ്പെൻഡിച്ചർ 83 ശതമാനമാണ്. കഴ‌‍ിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയെക്കാൾ പതിനഞ്ചു ശതമാനം കൂടുതലാണിത്. കിഫ്ബി വഴി 12,000 കോടിരൂപയുടെ പ്രവൃത്തികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അവ ടെണ്ടറിംഗ് ഘട്ടത്തിലാണ്. 45,000 കോടിരൂപയുടെ പദ്ധതികളാണ് സർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. 

∙ഇനി എന്തൊക്കെ മാറ്റങ്ങൾ വരുത്താനാണ് ‌ലക്ഷ്യമിടുന്നത്?

ജിഎസ്ടി ഫലപ്രദമായി നടപ്പിലാക്കുന്നതാണു സർക്കാരിനു മുന്നിലുള്ള വെല്ലുവിളി. കിഫ്ബി വഴിയുള്ള പദ്ധതികൾ അതിന്റെ പൂർണതയിലെത്തിക്കുക എന്നതാണു മറ്റൊരു പ്രധാന ദൗത്യം. ജിഎസ്ടിയുടെ കാര്യമെട‌ുത്താൽ സെർവർ അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടിവന്നു. ജിഎസ്ടി ഒരു പുതിയഭരണക്രമമാണ്. എങ്ങനെ നടപ്പിലാക്കും,അതിന്റെ ഫലം എങ്ങനെയാകും എന്നതിനെ സംബന്ധിച്ചൊക്കെ ആകാംഷയുണ്ട്. ഒപ്പം പ്രതീക്ഷയും. വലിയ പോരാട്ടത്തിനൊടുവിലാണ് ജിഎസ്ടി സംബന്ധിച്ച പല ഘടക‌ങ്ങളും സംസ്ഥാനത്തിന് അനുകൂലമായി മാറ്റാൻ കഴിഞ്ഞത്. നികുതിപിരിവിൽ 20 ശതമാനം വർധന കൈവരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. നികുതി പിരിവ് വർധിച്ചാൽ പരമ്പരാഗതമേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ കഴിയും. ആശുപത്രികളും സ്കൂളുകളും മെച്ചപ്പെടുത്താൻ കഴിയും. പെൻഷൻ, ഡിഎ കുടിശിക ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. കരാറുകാർക്ക് തുക കൃത്യസമയത്ത് കൊടുത്തു തീർക്കും. വികസനത്തിന്റെ വാഹനം കിഫ്ബി ആയിരിക്കും.

∙ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്?

ഫയൽനീക്കം ധനവകുപ്പിൽ തടസപ്പെട്ടിട്ടില്ല. ഒരു കടലാസും ഇല്ല. എല്ലാം ഇ ഫയലാണ്. ചില നിർദേശങ്ങൾ ഇക്കാര്യത്തിൽ നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽനിന്ന് ഫയലുകൾ വരുമ്പോൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥനു തീരുമാനമെടുക്കാം. അഡീഷണൽ സെക്രട്ടറിയാണു തീരുമാനിക്കേണ്ടതെങ്കിൽ ആ ഉദ്യോഗസ്ഥനു തീരുമാനമെടുക്കാം. സംശയം ഉണ്ടായാൽ ഓഫീസിൽതന്നെ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കാം. ഫയൽ തിരിച്ചയച്ചു കാലതാമസം വരുത്തേണ്ട കാര്യം വരുന്നില്ല. പദ്ധതികൾക്ക് അംഗീകാരം നൽകുമ്പോൾ പണം ലഭ്യമാകുമോയെന്ന് ആശങ്കപെടേണ്ടെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാകുന്ന മുറയ്ക്ക് പണം സർക്കാർ ലഭ്യമാക്കും.