‘മദ്യനയം പ്രഖ്യാപിക്കും; തൊഴിൽ മേഖലയിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചു’

എക്സൈസ്/തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഒരു വർഷത്തെ വിലയിരുത്തുന്നു:

∙ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വകുപ്പിന്റെ അവസ്ഥ എങ്ങനെയായിരുന്നു?

അങ്ങേയറ്റം അശാന്തമായ ഒരു തൊഴില്‍ അന്തരീക്ഷത്തിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കു പൊതുമേഖലാ സ്ഥാപനങ്ങള്‍, തൊഴിലും കൂലിയുമില്ലാത്ത പരമ്പരാഗത വ്യവസായ മേഖല, പ്രതിസന്ധിയിലായ തോട്ടം മേഖല, മാസങ്ങള്‍ കുടിശ്ശികയായ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനുകളും ഇതായിരുന്നു സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ അവസ്ഥ.

∙ വകുപ്പിന്റെ അല്ലെങ്കില്‍ വകുപ്പുകളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാന്‍ കഴിഞ്ഞു?

എക്‌സൈസ് വകുപ്പിൽ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പ്രാവര്‍ത്തികമാക്കിക്കൊണ്ട് ഓരോ റെയ്ഞ്ച് ഓഫീസിലും ഒരു വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്ന ക്രമത്തില്‍ 138 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ചു. വ്യാജ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതിന് മേജര്‍ ചെക്ക് പോസ്റ്റുകളില്‍ സ്‌കാനര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ തൊഴിൽ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തെ തൊഴിലാളി-തൊഴിലുടമാ ബന്ധം  ഊട്ടിയുറപ്പിക്കുകയും അതിലൂടെ ഒരു സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഉതകുന്ന തരത്തില്‍ സമഗ്രമായ ഒരു തൊഴില്‍ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണ്.

സംസ്ഥാന മിനിമം വേതന ഉപദേശക സമിതി പുന:സംഘടിപ്പിക്കുകയും വിവിധ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കാനും കഴിഞ്ഞു. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ 18 മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ലൈറ്റ് മോ‌‌ട്ടോര്‍ വെഹിക്കിള്‍, പ്രൈവറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ തുടങ്ങിയ മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. വിവിധ ക്ഷേമനിധി പെന്‍ഷനുകള്‍ നിലവിലുണ്ടായിരുന്ന 600 രൂപയില്‍ നിന്നും 1000 രൂപയായും 2017 ഏപ്രില്‍ മുതല്‍ 1100 രൂപയായും ഉയര്‍ത്തി നിശ്ചയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ നിയമങ്ങളെ തൊഴിലാളി പക്ഷത്തുനിന്നുകൊണ്ട് ഭേദഗതി ചെയ്യുതിനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

∙ ഇനി എന്തെല്ലാം പദ്ധതികളാണ് പ്രധാനമായും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്?

സമഗ്ര മദ്യനയം പ്രഖ്യാപിക്കും. ടോഡി ബോര്‍ഡ് പ്രവര്‍ത്തനമാരംഭിക്കും. എക്‌സൈസ് വകുപ്പില്‍ വയര്‍ലസ് സിസ്റ്റം നടപ്പിലാക്കും. എക്‌സൈസ് ചെക്ക് പോസ്റ്റുകള്‍ ആധുനികവത്ക്കരിക്കും. എക്‌സൈസ് റെയിഞ്ച് ഓഫീസുകളില്‍ കംപ്യൂട്ടര്‍ വത്ക്കരണം. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക്  ഡ്രസിംഗ് റൂം ഉള്‍പ്പെടടെ അടിസ്ഥാന സൗകര്യം. സമഗ്ര തൊഴില്‍നയം പ്രഖ്യാപിക്കും. എല്ലാ ക്ഷേമനിധി ബോര്‍ഡുകളും അംഗത്തൊഴിലാളികള്‍ക്ക് വിവിധ പദ്ധതികള്‍ പ്രകാരം നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.