‘ഏതൊരു മലയാളിയും ഇടതു സർക്കാരിനു എ പ്ലസ് നൽകും’

സിപിഎമ്മിന്റെ യുവനേതാവും തലശേരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ എ.എൻ. ഷംസീർ ഇടതു സർക്കാരിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നു:

അധികാരത്തിലേറി ഒരു വർഷം തികയുന്ന എൽഡിഎഫ് സർക്കാര്‍ അഞ്ചു വർഷം കൊണ്ടു യുഡിഎഫ് സര്‍ക്കാർ തകർത്തെറിഞ്ഞ കേരളത്തെ പുനർ നിർമിക്കാനുള്ള ക്രിയാത്മക പ്രവർത്തനങ്ങള്‍ക്കാണു നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത്. നവ കേരള മിഷനിലൂടെ സമ്പൽസമൃദ്ധമായ വികസിത കേരളം രൂപപ്പെടുത്താനാണ് ഇടതുപക്ഷ സർക്കാർ തയ്യാറെടുക്കുന്നത്. സർക്കാർ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ഒരു പുതിയ വികസിത കേരളം സൃഷ്ടിച്ചെടുക്കലാണ് ചുരുക്കത്തില്‍ നവകേരള മിഷൻകൊണ്ട് ഉദ്ദേശിക്കുന്നത്. ജൈവ കാർഷികാഭിവൃദ്ധിയും മാലിന്യമുക്തവുമായ കേരളത്തിനു വേണ്ടിയുള്ള ഹരിത കേരളം, ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂര്‍ണ പാർപ്പിട പദ്ധതിയായ ലൈഫ്, വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മുന്നേറ്റത്തിനു വേണ്ടിയുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ സേവന രംഗത്തു മികച്ച ചികിത്സാ സൗകര്യങ്ങൾ ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാക്കി കേരളീയ ആരോഗ്യ പദ്ധതിയായ ആർദ്രം എന്നീ വികസന പദ്ധതികൾ ഉൾച്ചേർന്നതാണു നവകേരള മിഷൻ. നവകേരള മിഷൻ പൂർത്തിയാകുന്നതോടുകൂടി ജനകീയ വികസന മുന്നേറ്റത്തിന്‍റെ ഒരു പുതിയ കേരളമാണ് രൂപംകൊള്ളുക.

യുവാക്കളെ സംബന്ധിച്ച് ആശ്വാസവും പ്രതീക്ഷയുമാണ് ഈ സർക്കാർ. പത്തു മാസംകൊണ്ട് 36,047 പേർക്കാണ് പിഎസ്‌സി വഴി നിയമനം നൽകിയത്. നൂറുകണക്കിനു പുതിയ തസ്തികകൾ സൃഷ്‌ടിച്ചു. വിദ്യാഭ്യാസ ലോണെടുത്തു കടക്ക‌െണിയിലായവർക്ക് 900 കോടി രൂപയുടെ പദ്ധതിയാണു സർക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാമൂഹക ക്ഷേമ പെൻഷന്‍ ഉയർത്തിക്കൊണ്ട് പെൻഷൻ വിതരണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 9371 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യാനും ഈ സർക്കാരിനു സാധിച്ചു. പുതിയ റോഡുകൾ, പുതിയ പാലങ്ങൾ എല്ലായിടത്തും നിർമാണ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. യുഡിഎഫ് കാലത്ത്  ഉദ്ഘാ‌ന തട്ടിപ്പു നടത്തിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവുമെല്ലാം പ്രവർത്തന സജ്ജമായികൊണ്ടിരിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കു കൊച്ചി മെ‌ട്രോയില്‍ തൊഴിൽ നൽകികൊണ്ട് ചരിത്രം രചിക്കുകയാണ് പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍. കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മാൻഹോളിൽ വീണുമരിച്ച നൗഷാദിന്റെ ഭാര്യക്കു ജോലി നൽകിയത് ഈ സർക്കാരാണ്. മലയാളികളു‌െ‌ട മനസിനു മുറിവേറ്റ മറ്റൊരു സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ മരണം. ജിഷയുടെ സഹോദരിക്കു ജോലിയും അമ്മയ്ക്കുപ്രതിമാസം 5000 രൂപ പെൻഷനും വീടും ഈ സർക്കാര്‍ നൽകി.

സർക്കാരിനെതിരായുള്ള വിമർശനങ്ങളെ രാഷ്ട്രീയമായി മാത്രമേ കാണാൻ സാധിക്കകയുള്ളൂ. സ്വകാര്യ സംഭാഷണങ്ങളില്‍ യുഡിഎഫ് നേതാക്കൾ പോലും ഈ സർക്കാരിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല. ഒരു വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരു മലയാളിയും ഈ സർക്കാരിനു എ പ്ലസ് നൽകും. അതിന്റെ ഉദാഹരണമാണ് ഈ സർക്കാർ നിലവില്‍ വന്നതിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞടുപ്പുകളിലെല്ലാം ഇടതുപക്ഷം നടത്തിയ മുന്നേറ്റം. മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷവും ചേർന്നു വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുമ്പോഴും ബിബിസിയും എൻഡിടിവിയുമൊക്കെ ഈ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു നൽകിയ അംഗീകാരം നാം കണ്ടതാണ്. അഴിമതിയില്ലാത്ത മതനിരപേക്ഷവും വികസിതവുമായ കേരളത്തെയാണ് ഇടതുപക്ഷ സർക്കാര്‍ പ‌ടുത്തുയർത്തുന്നത്.