എൽഡിഎഫ് സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ തൃത്താല എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി.ബൽറാം വിലയിരുത്തുന്നു:
വീഴ്ചകളും ചോർച്ചകളും പതർച്ചകളും കൊലയൊച്ചകളുമാണ് കഴിഞ്ഞ ഒരു വർഷമായി കേരളത്തിലെ ഭരണത്തിന്റെ ആകെത്തുക. ഭരണ പരിചയക്കുറവിനൊപ്പം കനത്ത ഭൂരിപക്ഷത്തിന്റെ അഹന്തയാലും സ്വതസിദ്ധമായ ധാർഷ്ട്യത്താലും കോടതികളടക്കമുള്ള ജനാധിപത്യസ്ഥാപനങ്ങളുമായി ഏറ്റുമുട്ടിയും രാഷ്ട്രീയ വിയോജിപ്പുള്ളവരോടുള്ള പ്രതിപക്ഷ മര്യാദകൾ ലംഘിച്ചും മുന്നോട്ടുപോകാനുള്ള പ്രവണതയാണ് ഉപദേശിപ്പടയാൽ വലയം ചെയ്യപ്പെട്ട മുഖ്യമന്ത്രിയിൽ നിന്ന് തുടക്കം മുതലേ കാണപ്പെടുന്നത്. ജിഷ്ണുവിന്റെ മരണം, ലോ അക്കാദമി സമരം, ടി.പി. സെൻകുമാറിന്റെ സ്ഥാനചലനം, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലൊക്കെയുള്ള ഇടപെടലിലൂടെ ‘സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുന്ന സർക്കാർ’ എന്ന് കടുത്ത അനുഭാവികളേക്കൊണ്ട് പോലും പറയിപ്പിച്ച സർക്കാരായി ഇത് മാറി. വലിയ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങൾക്ക് പൊതുവെ നിരാശ മാത്രമാണ് പിണറായി സർക്കാരിന് സമ്മാനിക്കാനായത്.
അഞ്ച് വർഷവും വിലക്കയറ്റമുണ്ടാവില്ല എന്ന വാഗ്‌ദാനമായിരുന്നു ‘എല്ലാം ശരിയാക്കലി’ന്റെ ഭാഗമായി തിരഞ്ഞെടുപ്പ് സമയത്ത് സാധാരണക്കാർക്ക് മുൻപിൽ ഇടതുമുന്നണി മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ രൂക്ഷമായ വിലക്കയറ്റത്തിനാണ് നാമിന്ന് സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട അരിവിഹിതം സമയോചിതമായി ഇടപെട്ട് ഉറപ്പുവരുത്താൻ കഴിയാത്തതു മൂലം റേഷൻ സമ്പ്രദായം തകർച്ചയിലേക്ക് പോവുകയാണ്. ചുരുക്കം ചില അരിക്കടകൾ തുടങ്ങുന്നത് പോലുള്ള പ്രതീകാത്മക നടപടികളല്ലാതെ വിലക്കയറ്റത്തെ നേരിടാൻ സമഗ്രമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം.
വികസന പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഒരു വർഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. സർക്കാർ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും പദ്ധതി നിർവഹണം സമീപകാലചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ഫണ്ടുകൾ നേടിയെടുക്കുന്നതിലും ലഭിച്ചവ തന്നെ വേണ്ടവിധം വിനിയോഗിക്കുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ റോഡ് പദ്ധതി, ഭവന നിർമാണ പദ്ധതി എന്നിവയെല്ലാം പ്രതിസന്ധിയെ നേരിടുകയാണ്. കൊച്ചി മെട്രോ അടക്കമുള്ള യുഡിഎഫ് സർക്കാരിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ഒന്നാം വാർഷികം ആഘോഷിക്കേണ്ട ഗതികേടിലാണ് ഇടതുമുന്നണി സർക്കാർ.
അഴിമതിക്കെതിരായ ഇടതുമുന്നണിയുടെ കപടനാട്യങ്ങൾ ജനസമക്ഷം അഴിഞ്ഞുവീഴുന്ന കാഴ്ചയാണ് ആദ്യവർഷം തന്നെ കണ്ടത്. മുൻ സർക്കാരിനെതിരെ ഉന്നയിക്കപ്പെട്ട അഴിമതിക്കേസുകളിലൊന്നിൽപ്പോലും നിയമനടപടികൾ മുന്നോട്ടുകൊണ്ടുപോകാനോ കുറ്റക്കാരാരെങ്കിലുമുണ്ടെങ്കിൽ അവരെ ശിക്ഷിക്കാനോ ഈ സർക്കാർ താത്പര്യം കാണിക്കുന്നില്ല. അഴിമതിയെ രാഷ്ട്രീയാരോപണ പ്രത്യാരോപണത്തിനുള്ള ഒരു വിഷയമെന്നതിൽക്കവിഞ്ഞുള്ള പ്രാധാന്യത്തോടെ സിപിഎം സർക്കാർ കാണാനുദ്ദേശിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇത്. വിജിലൻസിന്റെ ചിറകരിഞ്ഞതോടെ ഡയറക്ടർക്ക് പുറത്തുപോകേണ്ടി വന്നു.
അഴിമതിക്കെതിരായ ഏറ്റവും വലിയ പ്രതിരോധമായ വിവരാവകാശ നിയമം അട്ടിമറിക്കാനും മന്ത്രിസഭാ തീരുമാനങ്ങൾ പോലും രഹസ്യമാക്കി വക്കാനുമാണ് സർക്കാർ ശ്രമിച്ചുവരുന്നത്. ഇതിനിടയിൽ ഏറ്റവും പ്രമാണിയായ ഒരു മന്ത്രിക്ക്‌തന്നെ അഴിമതിക്ക് തുല്യമായ സ്വജനപക്ഷപാതിത്വം കയ്യോടെ പിടിക്കപ്പെട്ടതിന്റെ പേരിലുണ്ടായ ജനവികാരത്തെത്തുടർന്ന് രാജിവച്ചൊഴിയേണ്ടിയും വന്നു. കെ.എം. മാണിയുമായുണ്ടാക്കിയ സഖ്യം സിപിഎമ്മിന്റെ രാഷ്ട്രീയ അധാർമ്മികതയുടെ മകുടോദാഹരണമായിരുന്നു. ഏറ്റവും ഒടുവിൽ അഴിമതിക്കേസിൽ ജയിലിലടക്കപ്പെട്ട മുൻ മന്ത്രി ആർ. ബാലകൃഷ്ണപ്പിള്ളയെ വി.എസ്. അച്യുതാനന്ദന് തുല്ല്യമായ കാബിനറ്റ് റാങ്കോടെ ഉന്നതപദവിൽ നിയമിക്കുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വന്നു.
ക്ഷേമപെൻഷനുകൾ ഉയർത്തിയത് നല്ലകാര്യമായി ഞാൻ വിലയിരുത്തുന്നു. എന്നാൽ കഴിഞ്ഞ സർക്കാരും ക്ഷേമപെൻഷനുകൾ ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. 200 രൂപയിൽ നിന്ന് 600 രൂപയായി തുക മൂന്നിരട്ടി ആക്കി വർധിപ്പിച്ചതോടൊപ്പം പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം ഏതാണ്ട് 13 ലക്ഷത്തിൽനിന്ന് 35 ലക്ഷത്തോളമായി ഉയർത്തിയതും കഴിഞ്ഞ സർക്കാർ കാലത്താണ്. ഈ സർക്കാർ എല്ലാവർക്കും മാസം തോറും പെൻഷൻ വീട്ടിലെത്തിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒരു വർഷത്തിനുള്ളിൽ വെറും മൂന്ന് തവണ മാത്രമേ അത് ചെയ്യാൻ കഴിഞ്ഞുള്ളൂ. ക്ഷേമപെൻഷൻ കൊടുക്കാൻ മാസം തോറും ഇരുനൂറോളം കോടി രൂപ വേണമെന്നിരിക്കേ 2016 ജൂൺ മാസത്തിൽ പുറത്തിറക്കിയ ധവളപത്രത്തിൽ ക്ഷേമപെൻഷൻ കുടിശികയായി കാണിച്ചിരിക്കുന്നത് വെറും അറുനൂറോളം കോടി രൂപ മാത്രമാണെന്നത് കഴിഞ്ഞ സർക്കാർ ക്ഷേമപെൻഷൻ ഒരുപാട് കുടിശികയാക്കിയിരുന്നു എന്ന രാഷ്ട്രീയാരോപണത്തിന്റെ മുനയൊടിക്കുന്നതാണ്.
സർക്കാരിന്റെ പദ്ധതി പ്രഖ്യാപനപ്പെരുമഴകളെല്ലാം ‘കിഫ്ബി’ എന്ന ഒറ്റമന്ത്രത്തിന്റെ പ്രതീക്ഷയിലാണ് പ്രവഹിക്കുന്നത്. ബജറ്റിന് പുറത്ത് ഒരു പാരലൽ ബജറ്റായിത്തന്നെ വിഭാവനം ചെയ്യപ്പെടുന്ന ഈ സംവിധാനം എങ്ങനെയാണ് പ്രയോഗവൽക്കരിക്കപ്പെടുക എന്നതിനേക്കുറിച്ച് മന്ത്രിമാർക്കിടയിൽപ്പോലും സംശയങ്ങൾ തീർന്നിട്ടില്ല. ആദ്യവർഷം 20,000 കോടി രൂപയുടേയും രണ്ടാം വർഷം 25,000 കോടിയുടേയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കിഫ്ബി വഴി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ധനമന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചത് പോലെ ആദ്യവർഷം ഒരു രൂപപോലും കിഫ്ബി വഴി ചെലവഴിച്ചിട്ടില്ല. ഈ വർഷം 5000 കോടിയും അടുത്ത മൂന്ന് വർഷങ്ങളിലായി 10,000 കോടിവീതവുമാണ് ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് ഇപ്പോൾത്തന്നെ പ്രഖ്യാപിക്കപ്പെട്ട 45,000 കോടി രൂപയുടെ പദ്ധതികളിൽ വെറും 35,000 കോടിയുടെ പദ്ധതികൾ മാത്രമേ അടുത്ത അഞ്ച് വർഷം കൊണ്ട് നടപ്പാക്കാൻ കഴിയുമെന്ന് സർക്കാരിന് തന്നെ പ്രതീക്ഷയുള്ളൂ. ഇനിയും മൂന്ന് ബജറ്റ് വരാനിരിക്കുന്നു. അപ്പോൾപ്പിന്നെ എന്തിനാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായുള്ള ഈ പദ്ധതിപ്രഖ്യാപനങ്ങൾ എന്ന ചോദ്യമാണ് ഭരണപക്ഷത്തുനിന്നുതന്നെ ഉയരുന്നത്.
ആവർത്തിച്ചുള്ള ‘വീഴ്ച’കളിലൂടെയാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് ഇക്കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞത്. ക്രമസമാധാന രംഗം പാടേ താറുമാറാകുന്നതും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതും നാം കണ്ടു. കണ്ണൂർ വീണ്ടും പഴയ കൊലപാതക രാഷ്ട്രീയ സംസ്ക്കാരത്തിലേക്ക് തിരിച്ചുപോവുകയാണ്. ഈയൊരു വർഷത്തിനുള്ളിൽ 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയും കേന്ദ്രം ഭരിക്കുന്ന പാർട്ടിയും ഇരുവശത്തും നിന്ന് മുംബൈ അധോലോകത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നടത്തിവരുന്ന ഗ്യാങ് വാർ ആധുനിക കേരളത്തിന് അപമാനകരമാണ്.
കേവല വാചകമടികൾക്കപ്പുറം ആർഎസ്‌എസിന്റെ വർഗീയ രാഷ്ട്രീയത്തെയും ഹിംസാത്മക പ്രവർത്തനങ്ങളേയും ചെറുക്കുന്നതിനുള്ള ഭരണപരമായ നടപടികളൊന്നും പിണറായി വിജയൻ എന്ന ‘ഇരട്ടച്ചങ്കൻ’ മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഒരുവർഷത്തെ അനുഭവത്തിലൂടെ കേരളത്തിലെ മതേതര വിശ്വാസികൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. കൈരളി ചാനൽ തന്നെ ദൃശ്യസഹിതം പുറത്തുവിട്ട ആർഎസ്‌എസിന്റെ ആയുധപരിശീലനത്തേക്കുറിച്ച് ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടുപോലുമില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽനിന്ന് വ്യക്തമാവുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച ആർഎസ്‌എസ് ക്രിമിനലുകളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത പിണറായിയുടെ പോലീസിൽ നിന്ന് ഇവിടത്തെ മതന്യൂനപക്ഷങ്ങളടക്കമുള്ള സാധാരണക്കാർക്ക് നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. 1970കളിൽ നാം കേട്ടുമറന്ന ഭരണകൂട ഭീകരതകളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ഇന്ന് വീണ്ടും കേരളത്തിൽ ആവർത്തിക്കുകയാണ്.
ചില പ്രതീകാത്മകതകളെയും നാമമാത്ര ഇടപെടലുകളേയും പ്രകീർത്തിച്ച് ജനങ്ങൾക്കിടയിൽ ഒരു വ്യാജപ്രതീതി ജനിപ്പിക്കാനാണ് സർക്കാർ തുടക്കം മുതലേ ശ്രമിച്ചുവരുന്നത്. ഏതാനും ചില കശുവണ്ടി ഫാക്ടറികൾ തുറന്ന് അധികം വൈകാതെ വീണ്ടുമടച്ചതും ആറന്മുളയിൽ കൃഷിയിറക്കിയതും മലാപ്പറമ്പ് സ്കൂൾ ഏറ്റെടുത്തതും ഒക്കെ പ്രചരണരംഗത്ത് ഭരണക്കാർക്ക് പൊലിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാൽ ഇവയുടെയൊക്കെ വിശാലാർത്ഥത്തിലുള്ള ഇംപാക്റ്റ് വിലയിരുത്തപ്പെടേണ്ടതുണ്ട്.
നവകേരള മിഷനുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഇടപെടലുകൾ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് തന്നെയാണ് ആശംസിക്കാനുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന ആശയത്തോട് പൂർണ്ണമായി യോജിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സൃഷ്ടിപരമായ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നത് മറന്നുകൂടാ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ അന്ന് എല്ലാ എംഎൽഎമാർക്കും വർഷം തോറും അനുവദിച്ച അഞ്ച് കോടി രൂപയുടെ ആസ്തിവികസന ഫണ്ടിൽ മഹാഭൂരിപക്ഷവും ചെലവഴിക്കപ്പെട്ടത് സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ്. അതിന്റെ തുടർച്ചയെന്ന നിലയിലാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള സ്കൂളുകൾ അടക്കമുള്ള പദ്ധതികളെ നോക്കിക്കാണുന്നത്. എന്നാൽ കിഫ്ബി വഴിയുള്ള ഈ പ്രഖ്യാപനങ്ങളിൽ എത്രമാത്രം പ്രയോഗവൽക്കരിക്കപ്പെടുമെന്ന് കണ്ടറിയേണ്ടതാണ്. നൈപുണ്യ പരിശീലനത്തിനായുള്ള ‘അസാപ്’, കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പോലുള്ള കഴിഞ്ഞ സർക്കാരിന്റെ പദ്ധതികളെ കൂടുതൽ ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോകാൻ ഇപ്പോഴത്തെ സർക്കാർ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ച പോലുള്ള നാണക്കേടുകൾ ആവർത്തിക്കാതിരിക്കാനും വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്ത് ട്രാൻസ്‌ജൻഡർ പോളിസി രൂപീകരിക്കപ്പെടുന്നത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015ൽ കേരളത്തിലാണ്. ആ നയത്തിന്റെ ഭാഗമായി കൊച്ചി മെട്രോയിൽ ട്രാൻസ് വിഭാഗത്തിൽപ്പെട്ട കുറച്ച് പേർക്കെങ്കിലും ജോലി നൽകാൻ ഈയടുത്ത് കെഎംആർസിക്ക് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ അത് സർക്കാരിന്റെ നേട്ടമാക്കി ചിത്രീകരിച്ച് മേനി നടിക്കുന്ന ഈ സർക്കാരിന്റെ കാലത്താണ് കേരളത്തിലാദ്യമായി ട്രാൻസ്‌ജൻഡർ വിഭാഗക്കാർ കൂട്ടത്തോടെ ജയിലിലടക്കപ്പെട്ടത് എന്നും മറന്നുകൂടാ.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ബദൽ വികസന സങ്കൽപം ഇടതുമുന്നണിയിൽ നിന്ന് പ്രതീക്ഷിച്ചവർ ഇന്ന് ഇച്ഛാഭംഗം മൂലം നിരാശയിലാണ്. അതിരപ്പള്ളി പോലുള്ള വമ്പൻ പദ്ധതികളിലാണ് സർക്കാരിന് താത്പര്യം. ആറു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പരിസ്ഥിതി ധവളപത്രത്തേക്കുറിച്ചോ ഉപഗ്രഹ ചിത്രങ്ങളോട് കൂടിയ ഡാറ്റാബാങ്കിനേക്കുറിച്ചോ ഇപ്പോൾ സർക്കാരിന് മിണ്ടാട്ടമില്ല. അനധികൃത മണൽ, പാറ, വെട്ടുകല്ല് ഖനനമാഫിയയെ നിയന്ത്രിക്കുക, ഖനനം പൊതുമേഖലയിലാക്കുക എന്നതടക്കം ഇടതുപക്ഷം എന്നും പറഞ്ഞുനടന്നിരുന്ന ആശയങ്ങൾ നടപ്പിലാക്കുന്നതിന്റെ സൂചനകളും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ഹരിത കേരളം പദ്ധതിയിൽ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു.
ഒന്നാം വാർഷികമാഘോഷിക്കുന്ന ഈ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന വിലയിരുത്തലിലേക്കൊന്നും ഈ ഘട്ടത്തിൽ ഞാൻ കടക്കുന്നില്ല. എന്നാൽ നരേന്ദ്ര മോദിയുടെ ‘അച്ഛേ ദിൻ’ മുദ്രാവാക്യം പോലെ പിണറായി വിജയന്റെ ‘എല്ലാം ശരിയാവും’ മുദ്രാവാക്യവും ഒരു തിരഞ്ഞെടുപ്പ് ജുംലയല്ല എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. തെറ്റുകൾ തിരുത്തി മുന്നേറാൻ വരും വർഷങ്ങളിലെങ്കിലും സർക്കാരിന് കഴിയട്ടെ എന്നാശംസിക്കുന്നു.