ശൈവ-വൈഷ്ണവ തേജസ്സാണ്, മണികണ്ഠനാം സ്വാമി അയ്യപ്പൻ

ശബരിമലയിൽ ആറാട്ടു പൂജയിൽ നിന്ന്. ചിത്രം: മനോരമ

ധര്‍മ്മത്തിനു ക്ഷയം സംഭവിച്ച കാലം. ത്രിമൂര്‍ത്തികള്‍ ഒത്തു കൂടി. എങ്ങനെയും ധര്‍മം നിലനിര്‍ത്തി ലോകത്തെ രക്ഷിക്കണം. അവര്‍ ചിന്തിച്ചു. പ്രപഞ്ച ശക്തികള്‍ ഏകോപിച്ച് ഒരു ശക്തിക്കു രൂപം നല്‍കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ദത്തന്‍ പിറന്നു. ഇതേസമയം ദേവിമാരും ഒത്തുകൂടി അവരുടെ ശക്തികള്‍ ഏകോപിപ്പിച്ച് ത്രിലോകജ്ഞാനിയായ ഗാലവ മഹര്‍ഷിയുടെ മകളായി ലീലയും പിറന്നു. കാലം കടന്നു പോയി. ദത്തനും ലീലയും വിവാഹിതരായി. ലീല ലൗകികതയില്‍ ചിന്തിച്ചു. ദത്തനോടൊപ്പം ദീര്‍ഘകാലം സുഖിച്ചു കഴിയാനായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ ദത്തനാകട്ടെ ലൗകിക കാര്യങ്ങളില്‍ താൽപര്യമില്ല.അവതാര ലക്ഷ്യം നേടണമെന്ന ചിന്തയായിരുന്നു. ദത്തന്‍ തന്റെ ഇഷ്ടത്തിനൊത്ത് നില്‍ക്കുന്നില്ലെന്നു കണ്ടതോടെ ലീലയ്ക്കു ദേഷ്യമായി. ഒരു ദിവസം അവള്‍ ദത്തനെ തടഞ്ഞു നിര്‍ത്തി. അങ്ങയുടെ പ്രിയ പത്നിയാണു ഞാന്‍. എന്നെ കൈവെടിയരുത്. ലൗകിക സുഖങ്ങളില്‍ മുഴുകി ഉള്ള കാലമത്രയും ജീവിക്കണം– അവള്‍ പറഞ്ഞു നോക്കി.

‘ലീലേ നീ വെറും ചപലയാകരുത്’– ദത്തന്‍‌ ഓര്‍മിപ്പിച്ചു. 

ഞാന്‍ അങ്ങയുടെ മഹിഷിയാണ്. അതിനാല്‍ എന്നോടൊപ്പം സുഖിച്ചു വാഴുകയെന്നു പറഞ്ഞ് അവള്‍ ദത്തന്റെ കരംഗ്രഹിച്ചു.

മാറിനല്‍ക്കൂ... എന്നു പറഞ്ഞു ദത്തൻ ലീലയെ തള്ളിനീക്കി. ‘നീ മഹിഷീ രൂപത്തോടെ അസുരകുലത്തില്‍ പിറക്കട്ടെ’ എന്നു ലീലയെ ശപിക്കുകയും ചെയ്തു. ഇതു കേട്ടു കോപാകുലയായ ലീല ദത്തനെയും തിരിച്ചു ശപിച്ചു. ‘ഞാന്‍ മഹിഷിയായി ജന്മമെടുക്കുമ്പോള്‍ നീ മഹിഷമായി ജനിക്കട്ടെ. അതോടെ ശാപമോക്ഷവുമാകട്ടെ’–എന്നതായിരുന്നു ശാപം.

രംഭാസുരന്റെ മകനായ മഹിഷന്‍

കാലങ്ങള്‍ പലതു കഴിഞ്ഞു. രംഭാസുരന്റെ മകനായി മഹിഷന്‍ എന്ന ഒരസുരന്‍ ഭൂമിയില്‍ ജനിച്ചു. അവന്‍ ബ്രഹ്മാവിനെ ധ്യാനിച്ചു വളരെക്കാലം തപസ്സനുഷ്ഠിച്ചു. പലരീതിയില്‍ കടുത്ത പരീക്ഷണങ്ങള്‍ നല്‍കിയിട്ടും തപസ്സില്‍ നിന്ന് അവനെ പിന്തിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. 

‘ഭക്താ... ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. എന്തുവരം വേണമെങ്കിലും ചോദിച്ചോളൂ...’

ഇതു കേട്ട് മഹിഷന്‍ പറഞ്ഞു. 

‘ഭഗവാനേ ഭൂമിയില്‍ പിറക്കുന്ന ആര്‍ക്കും എന്നെ കൊല്ലാന്‍ കഴിയാത്തവണ്ണം വരം നല്‍കേണമേ...’

‘അങ്ങനെ തന്നെയാകട്ടെ...’– അനുഗ്രഹിച്ചു ബ്രഹ്മാവ് മറഞ്ഞു.

വരബലത്താല്‍ മഹിഷന്‍ അഹങ്കരിച്ചു. ഭൂമിയില്‍ ഉടനീളം അവന്‍ നാശം വിതച്ചു. ജനങ്ങള്‍ ഭയന്നുവിറച്ചു. ഭൂമിയെ വിറപ്പിച്ച മഹിഷാസുരന്‍ നേരെ ദേവലോകത്ത് എത്തി. അവിടെയും ആക്രമണം തുടര്‍ന്നു. സഹികെട്ട ദേവന്മാര്‍ ത്രിമൂര്‍ത്തികളെ ശരണംപ്രാപിച്ചു. വരബലമുള്ളതിനാല്‍ മഹിഷനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ത്രിമൂര്‍ത്തികള്‍ മനസിലാക്കി. അതിനു പകരം എല്ലാ ദേവന്മാരുടെയും വൈശിഷ്ഠ്യങ്ങള്‍ സമന്വയിപ്പിച്ച് ചണ്ഡികാദേവിയെന്ന ദിവ്യ ശക്തിയെ സൃഷ്ടിച്ചു. മഹിഷനെ നേരിടാന്‍ ദേവിയെ അയച്ചു. ഒടുവില്‍ മഹിഷനെ വധിച്ച് ദേവി അവതാര ഉദ്ദേശം പൂര്‍ത്തീകരിച്ചു.

പകയുമായി മഹിഷി

രംഭന്റെ സഹോദരന്‍ കരംഭന്റെ പുത്രിയായിരുന്നു മഹിഷി. തന്റെ സഹോദരന് ഉണ്ടായ നാശത്തിനു കാരണം ദേവന്മാരാണെന്നു മനസ്സിലാക്കി. അതോടെ അവരോടു കടുത്ത പകയായി. എങ്ങനെയും ദേവന്മാര്‍ക്കു നാശം ഉണ്ടാക്കണമെന്നായി അവളുടെ ചിന്ത. നേരെ വിന്ധ്യപര്‍വതത്തില്‍ എത്തി ഉഗ്രതപസ്സില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ടു. 

‘ഭക്തേ എന്താണു നിന്റെ ആവശ്യം? എന്തു വരമാണ് വേണ്ടത്?’

ബ്രഹ്മദേവന്റെ വാക്കുകള്‍ കേട്ട മഹിഷി സന്തോഷവതിയായി. 

‘ദേവാ...ഞാന്‍ ചോദിക്കുന്ന വരം അങ്ങ് തരുമോ... ?’

‘തീര്‍ച്ചയായും’–ബ്രഹ്മാവ് പറഞ്ഞു. 

‘ശിവനും വിഷ്ണുവും ചേര്‍ന്നു ജാതനാകുന്ന പുത്രനല്ലാതെ മറ്റാര്‍ക്കും എന്നെ കൊല്ലാന്‍ കഴിവുണ്ടാകരുതേ...’ എന്ന വരമായിരുന്നു മഹിഷി ആവശ്യപ്പെട്ടത്. 

‘അങ്ങനെയാകട്ടെ...’ എന്നു പറഞ്ഞു ബ്രഹ്മാവ് അവളെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി. വരബലത്താല്‍ മഹിഷിയും അഹങ്കരിച്ചു. മതിമറന്ന് തുള്ളിച്ചാടിയ അവള്‍ ദേവന്മാരെ പലവിധത്തില്‍ ആക്രമിച്ചു. ഇന്ദ്രപുരി പിടിച്ചെടുക്കാന്‍ ശ്രമിച്ചു. അവര്‍ ഭയചിത്തരായി.

ദേവന്മാർക്കേറ്റ ശാപം

ഒരിക്കല്‍ ദുര്‍വാസാവ് മഹര്‍ഷി ദേവനാഥനായ ഇന്ദ്രനെ കാണാന്‍ എത്തി. ദേവരാജന്‍ ആചാരപ്രകാരം മഹിര്‍ഷിയെ സ്വീകരിച്ചു. സന്തോഷവാനായ മഹര്‍ഷി തന്റെ വിശിഷ്ടമായ പൂമാല ഇന്ദ്രനു സമ്മാനിച്ചു. ദേവരാജന്‍ അത് ഐരാവതത്തിന്റെ മസ്തകത്തില്‍ വച്ചു. മാലയുടെ സൗരഭ്യത്താല്‍ വണ്ടുകള്‍ പറന്നെത്തി. അവയുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ ഐരാവതം മാലവലിച്ചു താഴെയിട്ടു ചവിട്ടി. ഇതു കണ്ട ദുര്‍വാസാവിനു സഹിച്ചില്ല. അദ്ദേഹം കോപം കൊണ്ട് ജ്വലിച്ചു. 

‘നീയും നിന്റെ വംശവും ജരാനര ബാധിക്കട്ടെ’ എന്നു ദേവേന്ദ്രനെ ശപിച്ചു. അപ്പോള്‍ തന്നെ ദേവന്മാരില്‍ ജരാനര ബാധിച്ചു. ഇതുകണ്ടു ദേവലോകം അക്ഷരാര്‍ഥത്തില്‍ നടുങ്ങി

പാലാഴി കടയൽ

ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപത്തില്‍ നിന്നു മോക്ഷം കിട്ടാന്‍ ദേവന്മാര്‍ എല്ലാവരും ചേര്‍ന്നു നേരെ വൈകുണ്ഠത്തില്‍ എത്തി. ‘മഹാപ്രഭോ, രക്ഷിക്കണം’ അവര്‍ അപേക്ഷിച്ചു. പാലാഴി കടഞ്ഞു കിട്ടുന്ന അമൃത് ഭക്ഷിച്ചാല്‍ ശാപമുക്തി നേടാമെന്നു മഹാവിഷ്ണു അറിയിച്ചു. ദേവന്മാര്‍ മാത്രം വിചാരിച്ചാല്‍ പാലാഴി കടയാന്‍ പറ്റില്ല. അതിനായി അസുരന്മാരെ കൂടി കൂട്ടാനും ഉപദേശിച്ചു. ദേവന്മാര്‍ നേരെ അസുരന്മാരെ സമീപിച്ചു. പാലാഴി കടയാന്‍ സഹായിക്കണം. അതില്‍ നിന്നു ലഭിക്കുന്ന അമൃത് ഭുജിച്ചാല്‍ അമരത്വം ലഭിക്കും. ദേവന്മാര്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. കഷ്ടപ്പെട്ട ജോലിയാണെങ്കിലും അമരത്വം ലഭിക്കുമെന്നു കേട്ടതോടെ അസുരന്മാര്‍ക്കും സന്തോഷമായി. അവര്‍ സമ്മതിച്ചു. മഹാമേരു പര്‍വതത്തെ കടകോലാക്കിയും വാസുകിയെന്ന സര്‍പ്പത്തെ കയറാക്കിയും ദേവന്മാരും അസുരന്മാരും ചേര്‍ന്നു ക്ഷീരസാഗരം കടഞ്ഞു. അവസാനം അമൃത് തെളിഞ്ഞുവന്നു. ഇത് പാത്രത്തിലാക്കി ദേവന്മാര്‍ മാറ്റിവെച്ചു. എന്നാല്‍ അവരെ പറ്റിച്ച് അസുരന്മാര്‍ അമൃതപാത്രം തട്ടിയെടുത്തു. ദേവന്മാര്‍ സങ്കടപ്പെട്ടു. ഇതുകണ്ട മഹാവിഷ്ണു മോഹിനീ രൂപം പൂണ്ട് അവിടെയെത്തി അമൃതപാത്രം തട്ടിയെടുത്തു ദേവന്മാര്‍ക്കു നല്‍കി.

ഹരിഹരാത്മജന്റെ ജനനം

ഇതറിഞ്ഞ കൈലാസനാഥന്‍ മഹാവിഷ്ണുവിനെ സമീപിച്ചു. അസുരന്മാരെ ഭ്രമിപ്പിച്ച മോഹിനീ രൂപം ഒരിക്കല്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ആ വിശ്വമോഹിനിയുടെ രൂപം കണ്ട കൈലാസനാഥന്‍ അതില്‍ അനുരക്തയായി. മോഹിനിയെ പുണര്‍ന്നു. അങ്ങനെ ശൈവ-വൈഷ്ണവ തേജസുകള്‍ ഒത്തുചേര്‍ന്നു. അതിന്‍ഫലമായി മീനമാസത്തിലെ പൗര്‍ണമി തിഥിയില്‍ ഉത്രം നക്ഷത്രത്തില്‍ ഹരിഹരാത്മജന്‍ പിറന്നു. ആ കുട്ടിയെ തന്റെ ഭക്തനായ പന്തള രാജാവിനു നല്‍കാന്‍ പരമശിവന്‍ തീരുമാനിച്ചു. ഭൂമിയിലേക്ക് അയയ്ക്കും മുൻപു കഴുത്തില്‍ മണിമാല അണിയിച്ചു. മഹിഷീ നിഗ്രഹമാണ് അവതാര ലക്ഷ്യമെന്നും അതിനായി 12 വര്‍ഷം ഭൂമിയില്‍ വസിക്കണമെന്നും പറഞ്ഞ് മണികണ്ഠനെ അനുഗ്രഹിച്ചു.