തുലാമാസത്തിലെ അവസാന രാത്രി എത്തുമ്പോൾ എരുമേലിക്കു മറ്റൊരു മുഖമാണ്. വൃശ്ചികപ്പുലരിയിലേക്കു ശബരിമല ഉണരുന്നതിനു മുൻപേ എരുമേലി ഉണരും, പേട്ടതുള്ളലിലേക്ക്. മഹിഷീനിഗ്രഹ സ്മരണയിലാണ് അയ്യപ്പന്മാരുടെ പേട്ട തുള്ളൽ. കൊച്ചമ്പലത്തിൽ ആരംഭിച്ചു വാവരുസ്വാമിയെ വണങ്ങി വലിയമ്പലത്തിൽ അവസാനിക്കുന്ന പേട്ടതുള്ളൽ. കന്നി അയ്യപ്പന്മാർ എരുമേലിയിൽ പേട്ട തുള്ളിയാണ് സന്നിധാനത്തേക്കു പോകുന്നത്.
പേട്ടതുള്ളൽ
പേട്ടതുള്ളലിനു കടയിൽ നിന്നും ചായങ്ങൾ കിട്ടും. അവ ദേഹത്തു പൂശണം. ഗദ, വാൾ, പച്ചില കൊളുന്ത് തുടങ്ങി എല്ലാസാധനങ്ങളും കടയിൽ കിട്ടും. മഹിഷിയുടെ ജഡം എന്ന സങ്കൽപത്തിൽ പച്ചക്കറികൾ കരിമ്പടത്തിൽ പൊതിഞ്ഞ് കമ്പിൽ കെട്ടി രണ്ടു പേർ എടുക്കണം. മേളത്തിന്റെ അകമ്പടിയോടെ വേണം പേട്ടതുള്ളൽ. കൊച്ചമ്പലത്തിൽ നിന്നാണ് പേട്ട തുള്ളൽ ആരംഭിക്കുന്നത്. ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് റോഡിന് എതിർവശത്തുള്ള വാവരു പള്ളിയിൽ കയറി പ്രദക്ഷിണംവച്ച് കാണിക്കയിട്ടു വാവരു സ്വാമിയെ പ്രാർഥിച്ച് ഇറങ്ങി നേരെ വലിയമ്പലത്തിലേക്ക്. അവിടെ പ്രദിക്ഷിണം വച്ചാണു പേട്ടതുള്ളൽ പൂർത്തിയാക്കുക. വലിയമ്പലത്തിൽ ശക്തിക്കൊത്ത വഴിപാടും നടത്തണം. പേട്ടതുള്ളിക്കഴിഞ്ഞാൽ കുളിച്ച് ദേഹത്തെ ചായം കളയണം. വലിയമ്പലത്തിനു മുന്നിലെ തോട്ടിൽ കുളിക്കാം.
എരുമേലി മുതൽ പമ്പ വരെ
പമ്പ വരെ വാഹനത്തിൽ എത്താമെങ്കിലും ഇപ്പോഴും കല്ലും മുള്ളും ചവിട്ടിയും കാടും മേടും താണ്ടിയുള്ള കാനനയാത്രയാണg ഭക്തർക്കു പ്രിയം. എരുമേലിയിൽ നിന്നു അയ്യപ്പൻമാരുടെ പിന്നീടുള്ള യാത്ര കാൽനടയായി കാട്ടിലൂടെയാണ്. കല്ലും മുള്ളും കയറ്റവും ഇറക്കവും വന്യമൃഗങ്ങളും നിറഞ്ഞ കാനനവഴിയിലൂടെയുള്ള യാത്ര മനസ്സും ശരീരവും ശുദ്ധമാക്കുന്ന പ്രക്രിയ കൂടിയാണ്. ഒപ്പം പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ള യാത്ര. ആ യാത്രാവഴികളിലൂടെ...
ഇരുമ്പൂന്നിക്കര
എരുമേലിയിൽ നിന്നു മുണ്ടക്കയത്തേക്കുള്ള വഴിയിലൂടെ മൂന്നു കിലോമീറ്റർ നടന്നുകഴിയുമ്പോൾ ഇരുമ്പൂന്നിക്കരയിലേക്കു വഴിതിരിയണം. ഇതു രണ്ടു കിലോമീറ്റർ പിന്നിടുമ്പോൾ വനാതിർത്തിയിലെത്തും.
കോയിക്കകാവ്
കോയിക്കകാവ് ഫോറസ്‌റ്റ് ചെക്ക്പോസ്‌റ്റ് കടന്നുവേണം കാട്ടിലേക്കു കയറാൻ. ഇവിടം മുതൽ തേക്കു വളർന്നു നിൽക്കുന്ന കുറ്റിക്കാട്. ആദ്യത്തെ ഇറക്കം എത്തുന്നത് ഒരു കൊച്ചരുവിയിലേക്കാണ്. അരയടി മാത്രം വെള്ളമുള്ള തോട്. കിടന്നൊന്നു കുളിക്കാം.
കോയിക്കമൂഴി
കാടിന്റെ കുളിർമയും നൈർമല്യവും നിറഞ്ഞ ഇതുപോലെയുള്ള കാട്ടരുവികൾ വഴിനീളെ അനുഭവിക്കാൻ കഴിയും. അടുത്ത കയറ്റം കയറി ചെല്ലുന്നതു മലമുകളിലെ സമതല പ്രദേശത്തേക്കാണ്. അര മണിക്കൂർ യാത്രയ്‌ക്കൊടുവിൽ കോയിക്കമൂഴിയിലെത്തും. വനദൈവങ്ങൾക്കു വേണ്ടിയെന്നോണം നിർമിച്ച കാട്ടുകല്ലുകൾ കൊണ്ടുള്ള തറയും കല്ലു കൊണ്ടുള്ള വിഗ്രഹവും ഇവിടെയുണ്ട്. കർപ്പൂരവും സാമ്പ്രാണിയും കത്തിക്കാം. തൊട്ടടുത്തു പാറക്കെട്ടിലൂടെ പതഞ്ഞൊഴുകുന്ന അരുവിയുണ്ട്. കുളിച്ചു ക്ഷീണമകറ്റാം.
കാളകെട്ടി
അരമണിക്കൂർ കൂടി യാത്ര ചെയ്‌തെത്തുന്നത് കാളകെട്ടിയിലേക്കാണ്. ഇവിടെ മഹാദേവക്ഷേത്രവും കാളയെ കെട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ആഞ്ഞിലിയുമുണ്ട്. അയ്യപ്പന്റെ അവതാരോദ്ദേശമായ മഹിഷീ നിഗ്രഹം ശിവ പാർവതിമാർ ഇവിടെയിരുന്നാണു വീക്ഷിച്ചതെന്നാണ് ഐതിഹ്യം.
അഴുത
10 മിനിറ്റുകൂടി യാത്ര ചെയ്‌താൽ അഴുതയിലെത്തും. അഴുതയിൽ മുങ്ങി കല്ലെടുത്തു വേണം മേടു കയറാനെന്നാണു ആചാരം. ശക്‌തമായ ഒഴുക്കും ആഴവുമുണ്ട് അഴുതയ്‌ക്ക്. നടപ്പാലത്തിലൂടെ സുരക്ഷിതമായി അക്കരെയെത്താം. വിശ്രമിച്ചു വേണം മലകയറാൻ.
അഴുതമേട്
കുത്തനെയുള്ള കയറ്റം കയറിയുള്ള യാത്രയാണ് പിന്നെ. ഒരു മണിക്കൂറോളം വേണ്ടിവരും മുകളിലെത്താൻ. വനത്തിനു നടുവിലൂടെയുള്ള ഒറ്റയടിപ്പാത. മണ്ണിലുയർന്നു നിൽക്കുന്ന മരങ്ങളുടെ വേരുകളും വലിയ പാറക്കല്ലുകളുമാണു ചവിട്ടിക്കയറാനുള്ള വഴി. ഇടയ്‌ക്കിടെ പാറക്കെട്ടുകളിലിരുന്നു വിശ്രമിക്കാം. വൻമരങ്ങളെ തഴുകിവരുന്ന കാറ്റ് ക്ഷീണമകറ്റും.
കല്ലിടാംകുന്ന്
അഴുതമേടു കേറിയെത്തുന്നത് കല്ലിടാംകുന്നിലേക്കാണ്. അഴുതയിൽ നിന്നെടുത്ത ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞുകിടക്കുന്നതു കാണാം. എല്ലാം അയ്യപ്പന്മാർ ഇട്ടു പുണ്യം നേടിയവ.
ഇഞ്ചപ്പാറ
ഒരു മലയുടെ മുകളിൽ നിന്ന് അര മണിക്കൂർ നടന്നെത്തുന്നത് ഇഞ്ചപ്പാറ കോട്ടയിലേക്കാണ്. ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ട്. മല അരയ സമുദായത്തിന്റെ മേൽനോട്ടത്തിൽ മണ്ഡല മകരവിളക്കുകാലത്തു മാത്രം തുറക്കുന്ന ക്ഷേത്രം. മലയുടെ മുകളിൽ ക്ഷേത്രമുറ്റത്ത് വിശാലമായ ഒരു കിണറുണ്ട്. കോൺക്രീറ്റ് ചെയ്‌തു മേൽഭാഗം മൂടിയ കിണറ്റിൽ നിന്നും വെള്ളമെടുക്കണമെങ്കിൽ വശത്തുള്ള ചെറിയ ഗുഹയിലൂടെ കുനിഞ്ഞു കയറണം. തീർഥാടന കാലത്തെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പൻമാർക്കു ദാഹമകറ്റുന്നതിനും ആഹാരം പാകം ചെയ്യുന്നതിനും മതിയാവോളം വെള്ളം നൽകുന്ന കിണറാണിത്.
മുക്കുഴി
ഇഞ്ചപ്പാറക്കോട്ടയിൽ നിന്ന് അര മണിക്കൂർ ഇറക്കം ഇറങ്ങിയാൽ മുക്കുഴിയിലെത്തും. ഇത് ഇടത്താവളമാണ്. ഇവിടെ ഒരു ദേവീ ക്ഷേത്രമുണ്ട്. മുക്കുഴി ദേവിയെ പ്രാർഥിച്ചുവേണം ഇനിയുള്ള യാത്ര. പമ്പയിലെത്തിച്ചേരാൻ ഏഴു മണിക്കൂറോളം നീണ്ട യാത്രയുണ്ട്. സൂര്യപ്രകാശം പോലും വീഴാൻ മടിക്കുന്ന കാട്ടിലെ ഒറ്റയടിപാതയിലൂടെ മാത്രമാണു യാത്ര. സംഘങ്ങളായി പോകുന്ന അയ്യപ്പന്മാരുടെ ശരണം വിളികൾ കാട്ടിൽ എവിടെയൊക്കെയോ മാറ്റൊലി കൊള്ളുന്നു. എല്ലാം അയ്യപ്പനിൽ സമർപ്പിച്ചുകൊണ്ടുള്ള ഈ യാത്ര തന്നെ ഭക്‌തിയുടെ പരമകോടിയാണ്. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും മാത്രമുള്ള വഴിയാണിത്.
മറ്റൊരു പ്രത്യേകത എതിർദിശയിൽ നിന്ന് ആരും ഈ വഴി വരാറില്ല. കാരണം ഇതു മലയിലേക്കുള്ള യാത്ര മാത്രമാണ്. മടക്കയാത്ര ഇതുവഴിയല്ല. കാട്ടുവഴിക്കു സമീപം അയ്യപ്പൻമാർക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കാനുള്ള കടകളിലേക്കു ചുമടുമായി പോയവർ തിരികെ വരുന്നവരായി വല്ലപ്പോഴും കാണാം.
പുതുശേരി
മലയുടെ ചരിവുകളിലും താഴ്‌വാരങ്ങളിലും ചെറിയ നീരൊഴുക്ക് ധാരാളമായി ഉണ്ട്. ഇവിടെ കാലും മുഖവും ഒന്നു കഴുകുമ്പോൾ ക്ഷീണം പമ്പ കടക്കും. ആനകൂട്ടങ്ങളുടെ സാന്നിധ്യം എവിടെയോ ഉണ്ടെന്നു ബോധ്യപ്പെടുത്താനായി വഴിയിൽ എല്ലായിടത്തും പിണ്ടം. മുക്കുഴിയിൽ നിന്ന് മൂന്നു മണിക്കൂർ നടന്നാൽ പുതുശ്ശേരിയാറിന്റെ കരയിലാണെത്തുക. ഇത് ഒരു ഇടത്താവളമാണ്. കുളിക്കാനും ഭക്ഷണം പാകം ചെയ്‌തു കഴിക്കാനും അയ്യപ്പൻമാർ തങ്ങുന്നത് ഇവിടെയാണ്. രാവിലെ എരുമേലിയിൽ നിന്നു തുടങ്ങുന്ന യാത്രയാണെങ്കിൽ രാത്രി പുതുശ്ശേരിയിൽ തങ്ങാതെ പോകാനാവില്ല. പിറ്റേദിവസം മഞ്ഞുമൂടിക്കിടക്കുന്ന പ്രഭാതമാണു വരവേൽക്കുക. സൂര്യ രശ്‌മികൾ ഏൽക്കുന്നതുവരെ മഞ്ഞ് ആകാശമേലാപ്പിൻകീഴിൽ നിറഞ്ഞുനിൽക്കും. വീണ്ടും പുതുശേരിയാറ്റിൽ ഒരു കുളി കൂടി കഴിഞ്ഞാൽ കരിമല കയറ്റത്തിനുള്ള തയാറെടുപ്പാകാം.
കരിയിലാംതോട്
ഇനിയുള്ള യാത്ര കരിമലകയറ്റമായതിനാൽ വിശ്രമം അത്യാവശ്യമാണ്. കാട്ടരുവിയിൽ ഒന്നു മുങ്ങിപൊങ്ങിയാൽ ശരീരത്തിനും മനസ്സിനും തിരിച്ചുകിട്ടുന്നത് ഇതുവരെയില്ലാത്തൊരു ഊർജമാണ്. ശുദ്ധവും നിർമലവും ഔഷധഗുണമുള്ളതുമായ വെള്ളം 10 മാസം മനുഷ്യസ്‌പർശമേൽക്കാതെ കിടക്കുന്നതാണ്. ഇവിടെ രാത്രി തങ്ങുന്നവർക്ക് ഏതു നിമിഷവും ആനയെ കാണാനാകും. ഇന്നുവരെ ആനക്കൂട്ടങ്ങൾ ഇവിടെ ആരെയും ഉപദ്രവിച്ചതായി അറിവില്ല. അര മണിക്കൂർ യാത്ര ചെയ്‌താൽ കരിയിലാംതോടെത്തും. ഈ ചെറിയ കാട്ടരുവിയും തീർഥാടനപാതയിലെ ആചാരമനുഷ്‌ഠിക്കാനുള്ളതാണെന്നത് അവിശ്വസനീയമായി തോന്നാം. തോടു കടക്കുന്നതിനു മുൻപ് ഒരു കരിയില കയ്യിലെടുക്കണം. ഇതുമായി തോടു കടന്നശേഷം കരിയില കരയ്‌ക്ക് ഇട്ട് അതിൽ കാൽ ചവുട്ടി വേണം കടക്കാൻ. കരിയിലയിൽ നിന്നും കാലെടുത്തു വയ്‌ക്കുന്നതു കരിമലയിലേക്കാണ്.
കരിമല കയറ്റം കഠിനം
ഏഴു തട്ടുള്ള കരിമല. ഒരു മലയിൽ നിന്നും കയറുന്നത് അടുത്ത മലയിലേക്ക്. ഒറ്റയടിപാതയിലൂടെയാണ് ഓരോ മലയും കീഴടക്കേണ്ടത്. കാടിന്റെ ഗാംഭീര്യവും അനന്തതയും അനുഭവിച്ചറിയുന്നത് കരിമലയിലാണ്. എവിടെയും ഇരുണ്ട പച്ച. കാടിന്റെ മേലാപ്പു മാത്രം. ഇലകളൊഴിഞ്ഞ ഭാഗത്തുകൂടി ആകാശം കാണാം. സൂര്യരശ്‌മി എത്താൻ മടിക്കുന്ന സ്‌ഥലമാണിത്. രണ്ടു മണിക്കൂർ നടന്നാൽ കരിമലമുകളിലെത്തും. ഇവിടെയാണ് തീർഥക്കുളം. രണ്ടാൾ മാത്രം താഴ്‌ചയുള്ള കിണറ്റിൽ വെള്ളം എന്നും ഒരേ അളവിൽ കാണുമെന്നതാണ് പ്രത്യേകത. ഇഞ്ചപ്പാറക്കോട്ട പോലെ അതിശയിപ്പിക്കുന്നതാണ് കരിമലമുകളിലെ തീർഥക്കുളം. താണ നിലത്തേ നീരുള്ളൂ എന്ന വിശ്വാസത്തെ മാറ്റിക്കുറിക്കുന്നതാണ് ഇത്രയും വലിയ ഉയരത്തിലുള്ള വറ്റാത്ത കുളം. ഇവിടെ വിശ്രമിച്ചശേഷം കയറിയ കയറ്റം അത്രയും ഇറങ്ങണം. കരിമല മുകളിൽ എപ്പോൾ എത്തുന്നവർക്കും അയ്യപ്പ സേവാസംഘത്തിന്റെ ക്യാംപിൽ സൗജന്യമായി ചൂടുകഞ്ഞി കിട്ടും. അതു കുടിച്ചു കഴിയുമ്പോഴേ കയറ്റത്തിന്റെ ക്ഷീണം മുഴുവൻ അലിഞ്ഞു പോകും.
കരിമല ഇറക്കം
ഏഴു തട്ടായിട്ടാണു കയറിയതെങ്കിൽ ഇറങ്ങേണ്ടത് ഒറ്റതട്ടിലൂടെയാണ്. ഇറക്കം ഒരു മണിക്കൂർ ഇറങ്ങിയാൽ പമ്പാനദീതീരത്തെത്തും. കുറെ ഭാഗത്തു കല്ലുകെട്ടിയ പടികളുണ്ട്. പടിയില്ലാത്ത ഭാഗത്തു സൂക്ഷിക്കണം. ചാറ്റൽമഴ പെയ്താൽ തെന്നിവീഴാൻ സാധ്യത ഏറെയാണ്.
വലിയാനവട്ടം
കരിമല ഇറങ്ങി ചെല്ലുന്നത് വലിയാനവട്ടത്തേക്ക്. പമ്പ പോലെ വിശാലമാണ്. ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇവിടെ തങ്ങുന്നത്. മകരവിളക്കിനാണ് ഏറ്റവും വലിയ തിരക്ക്.
ചെറിയാനവട്ടം
ചെറിയ കയറ്റവും ഇറക്കവും കഴിഞ്ഞ് നേരെ എത്തുന്നത് ചെറിയാനവട്ടത്തേക്കാണ്. വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. നദിക്കരയിലൂടെ വീണ്ടും അൽപ്പം നടന്നാൽ പമ്പയിലെത്തും.