Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്രതശുദ്ധിയോടെ ശബരീശന്റെ നടയിലേക്ക്...

Sabarimala-Devotees ശബരിമലയിലെത്തിയ തീർഥാടകർ പതിനെട്ടാം പടിയിലേക്കു നീങ്ങുന്നു. ചിത്രം: പി.നിഖിൽ രാജ്

കുളിരാണു വൃശ്ചികം. അകമാകെ നിറയുന്ന അനുഭൂതിയുടെ പെരുംകുളിര്. നിറങ്ങളാണു വൃശ്ചികം. കറുപ്പ്, കാവി, കടുംനീല, കുങ്കുമച്ചോപ്പ്, വെളുത്ത ഭസ്മം, കളഭചന്ദനം തുടങ്ങി ആചാരത്തിന്റെ ചായങ്ങൾ. അനുഗ്രഹത്തിന്റെ സ്പർശമണികൾ. കാലങ്ങളായി വൃശ്ചികം വ്രതവിശുദ്ധിയുടെ മുദ്രമാലകൾ കോർക്കുന്നു. വിശുദ്ധിയുട‌െ സംഗീതമാണു വൃശ്ചികം. ഭക്തിയുടെ ശബ്ദമാത്രകൾ, വിശ്വാസത്തിന്റെ വിശുദ്ധലേപങ്ങൾ ചാർത്തുന്ന സംഗീതം. അയ്യപ്പസ്തുതി ഗീതങ്ങൾ അന്തരീക്ഷമാകെ ആരതിയുഴിയുന്ന പുലരികൾ വൃശ്‌ചികപ്പുലരിയെ വ്രതമുദ്രാങ്കിതമാക്കിയ ശബരിമല തീർഥാടന നാളുകൾ.

ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനം. മോക്ഷപ്രാപ്‌തിയിലേക്കുള്ള മാർഗം ദുർഘടമായിരിക്കും; സംശയമില്ല. കല്ലുകളും മുള്ളുകളും താണ്ടി പ്രായശ്‌ചിത്തപാതയിലൂടെ കാലിടറാതെ സഞ്ചരിക്കുന്നവനേ ആ ലക്ഷ്യത്തിലെത്തൂ. അതു കൊണ്ടു തന്നെയാണു ശബരിമല യാത്ര സഹനത്തിന്റേതു കൂടിയായി മാറുന്നത്. ശിരസ്സിൽ ഇരുമുടിക്കെട്ടും ഉള്ളിൽ ശരണമന്ത്രവുമായി ആയുസ്സിന്റെ അനുഗ്രഹം തേടിയുള്ള യാത്ര പലപ്പോഴും ദുർഘടമായിരിക്കും.

വ്രതം

ശബരിമല ക്ഷേത്രദർശനം വ്യക്‌തമായ ആചാരങ്ങളും ചിട്ടവട്ടങ്ങളും ജീവിതചര്യകളുമുള്ള യാത്രയാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അനുഷ്‌ഠാനം. തീർഥാടനം പൂർണവും ശുദ്ധവുമാകണമെങ്കിൽ ആചാരങ്ങൾ നിഷ്‌ഠയോടെ പാലിക്കണം. 41 ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ വ്രതാനുഷ്‌ഠാനത്തിന്റെ പരിസമാപ്‌തിയാണു ശബരിമലയിലേക്കുള്ള യാത്ര. കുത്തനെയുള്ള മലകൾ കയറിയിറങ്ങാനും കഷ്ടതകൾ സഹിച്ചു ദർശനം നടത്താനും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി എടുക്കാനുമാണു വ്രതം നോക്കുന്നത്. 

മുദ്ര അണിയൽ 

വ്രതം തുടങ്ങുന്നതിന്റെ അടയാളമായി കഴുത്തിൽ അയ്യപ്പ മുദ്ര അണിയണം. തുളസി, രുദ്രാക്ഷ മാലകളാണ് ഉത്തമം. ശനിയാഴ്ചയോ ഉത്രം നക്ഷത്രത്തിലോ മാല ധരിക്കുന്നതാണ് നല്ലത്. അയ്യപ്പന്റെ ജന്മനാളായതിനാലാണ് ഉത്രത്തിനു പ്രാധാന്യം. ക്ഷേത്രത്തിലോ ഗുരുസ്വാമിയുടെ അടുക്കലോ പൂജിച്ചു വേണം മാലയിടാൻ. മാല അണിയിച്ചു കഴിയുമ്പോൾ ദക്ഷിണയും നൽകണം. 

പുലർച്ചെ ഉണരണം 

വ്രതം തുടങ്ങിയാൽ രണ്ടുനേരവും കുളിക്കണം. സൂര്യൻ ഉദിക്കും മുൻപേ ഉണർന്നു പ്രഭാതകർമങ്ങൾ നടത്തി കുളിച്ചു ശരീരം ശുദ്ധിവരുത്തണം. ശബരീശനെ മനസിൽ പ്രതിഷ്ഠിച്ച് ശരണംവിളിക്കണം. വൈകിട്ട് കുളിച്ച് സന്ധ്യാവന്ദനം നടത്തണം. 

ബ്രഹ്മചര്യം

വ്രതാനുഷ്ഠാനകാലത്ത് കർശനമായ ബ്രഹ്മചര്യ നിഷ്ഠകൾ പാലിക്കണം. 

ആഹാരം

ശരീരവും മനസ്സും ശുദ്ധമാക്കാൻ ആഹാരത്തിലുമുണ്ട് കർശന നിയന്ത്രണം. സസ്യാഹാരമേ പാടുള്ളു. മൽസ്യ–മാംസാദികൾ വർജിക്കണം. പഴയ ഭക്ഷണ സാധനങ്ങളും ഒഴിവാക്കണം. ആഹാരത്തിലെ നിയന്ത്രണം വ്രതങ്ങളുടെ പ്രധാന ഭാഗമാണ്. വ്രതകാലത്ത് പ്രോട്ടീൻ അടങ്ങിയ പയറുവർഗങ്ങൾ (കടല, പരിപ്പ്, ചെറുപയർ) ധാരാളം കഴിക്കണം. നന്നായി വെള്ളം കുടിക്കണം. പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴിക്കണം. 

തലമുടിവെട്ടരുത്

വ്രതം തുടങ്ങിയാൽ തലമുടിവെട്ടരുത്. താടിവടിക്കരുത്. 

കാമ–ക്രോധങ്ങൾ വെടിയണം

വ്രതാനുഷ്ഠാന കാലത്ത് കാമ–ക്രോധങ്ങൾ പാടില്ല. 

വസ്ത്രം

ലാളിത്യത്തിന്റെ അടയാളമാണ് സ്വാമിമാരുടെ വേഷം. കറുപ്പോ, കാവിയോ നീലയോ വസ്ത്രങ്ങളാണു വേണ്ടത്. മലയാളികൾ കാവി ഉടുക്കുമ്പോൾ ആന്ധ്രയും കർണാടകയും കറുപ്പാണു ധരിക്കുക. തമിഴ്നാട്ടുകാർ കൂടുതൽ നീലയാണ്. ചിലർ പച്ചയും അണിയുന്നു. 

വ്രതം മുറിഞ്ഞാൽ

വ്രതാനുഷ്ഠാനമില്ലാതെ മലചവിട്ടരുത്. 41 ദിവസത്തെ വ്രതം നോക്കണം. അതിനിടെ അശുദ്ധിയുണ്ടായി വ്രതം മുറിഞ്ഞാൽ പഞ്ചഗവ്യശുദ്ധി വരുത്തണം. അതിനു കഴിയുന്നില്ലെങ്കിൽ ക്ഷേത്രത്തിൽ നിന്നു പുണ്യാഹം കൊണ്ടുവന്നു തളിച്ചു ശുദ്ധിവരുത്തി തെറ്റുകൾക്കു പ്രായശ്ചിത്ത വഴിപാടു നേർന്ന് 101 ശരണംവിളിച്ച് സ്വാമി കോപം ഉണ്ടാകരുതെന്നു പ്രാർഥിക്കണം. 

പതിനെട്ടാംപടി ചവിട്ടാൻ ഇരുമുടിക്കെട്ടുവേണം

ഗൃഹത്തിലോ ക്ഷേത്രത്തിലോ കെട്ടുമുറുക്കാം. ഗൃഹത്തിലാണെങ്കിൽ ഗുരുസ്വാമി വേണം. ക്ഷേത്രത്തിലാണെങ്കിൽ മേൽശാന്തി മതി. വീട്ടിലാണെങ്കിൽ മുറ്റത്തു പ്രത്യേക പന്തലിട്ട് ചാണകം മെഴുകി ശുദ്ധി വരുത്തണം. പന്തലിനു സ്ഥാനമുണ്ട്. വീടിന്റെ കിഴക്കു വശത്ത് ഏഴുകോൽ ചതുരത്തിൽ വേണം പന്തൽ. നാല് തൂണുള്ളതാകണം. അതിനു മുകളിൽ ഓല മേയാം. വശങ്ങൾ വെള്ള വസ്ത്രം കൊണ്ട് മറച്ച് ആലില, മാവില, പൂക്കൾ എന്നിവ കൊണ്ട് അലങ്കരിക്കാം. വീടിനുള്ളിലും കെട്ടുമുറുക്കാം. ശുദ്ധമായ സ്ഥലമാകണമെന്നു മാത്രം. ശുദ്ധമായ പീഠത്തിൽ അലക്കിയ മുണ്ടുവിരിച്ചു കിഴക്കോട്ടു ദർശനമായി അയ്യപ്പന്റെ ചിത്രം വയ്ക്കണം. അതിനു മുന്നിൽ തൂശനിലയിട്ടു വേണം നിലവിളക്കു വയ്ക്കാൻ. ഗണപതിയൊരുക്കുവയ്ക്കാനും തൂശനില വേണം. ഗണപതിയൊരുക്കുവച്ചു നിലവിളക്കു കൊളുത്തണം. പുതിയ പായ് വിരിച്ച് അതിൽ വേണം കെട്ടിലേക്കുള്ള സാധനങ്ങൾ വയ്ക്കാൻ.

ഇരുമുടി 

ചുവപ്പ്, വെള്ള, കറുപ്പ്, നീല നിറങ്ങളാണ് ഇരുമുടിക്ക്. കന്നി അയ്യപ്പൻ ചുവന്ന ഇരുമുടിയിൽ കെട്ടു നിറയ്ക്കണമെന്നത് ആചാരം. മുൻമുടി, പിൻമുടി എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ഇരുമുടിക്കുണ്ട്. മുൻമുടിയിൽ പൂജാദ്രവ്യങ്ങളും പിൻമുടിയിൽ തീർഥാടകനു വച്ചുണ്ണാനുള്ള അരിയും മറ്റുമാണു മുൻകാലങ്ങളിൽ നിറച്ചിരുന്നത്. ഇപ്പോൾ അതിനു മാറ്റം വന്നു. 

മുൻമുടിയിൽ നിറയ്ക്കുന്നത്: നെയ്തേങ്ങ, വെറ്റില, പാക്ക്, വെള്ളിരൂപ, ശർക്കര, മഞ്ഞൾപ്പൊടി, കൽക്കണ്ടം, മുന്തിരി, കുങ്കുമം, അവൽ, മലർ, വിഭൂതി, ചന്ദനം, സാമ്പ്രാണി, കദളിപ്പഴം, കർപ്പൂരം. 

പിൻമുടിയിൽ നിറയ്ക്കുന്നത്: അരി, പമ്പയിലും സന്നിധാനത്തും അടിക്കുവാനുള്ള തേങ്ങകൾ, വറപൊടി, നാരങ്ങ.

നെയ്ത്തേങ്ങ ഒരുക്കൽ 

നാളികേരം കിഴിച്ച് അതിലെ ജലാംശം പൂർണമായും കളയണം. നെയ്ത്തേങ്ങയുടെ പുറത്തെ ചകിരിയും ചിരണ്ടി കളഞ്ഞു വേണം ഒരുക്കാൻ. 

കെട്ടുമുറുക്കുമ്പോൾ 

നിലവിളക്കു തെളിയിച്ചു ശരണംവിളിച്ചു വേണം കെട്ടുമുറുക്ക് തുടങ്ങാൻ. നിലവിളക്കിനു മുന്നിൽ വെറ്റിലയും പാക്കും നാണയവുമായി പൂർവികരെ ഓർത്തു ദക്ഷിണ വയ്ക്കണം. അതിനു മുൻപ് ഇരുമുടിക്കെട്ടിൽ കൊണ്ടുപോകേണ്ട സാധനങ്ങൾ ഓരോന്നായി എടുത്തു കെട്ടിവയ്ക്കണം. പ്ലാസ്റ്റിക് നിരോധിച്ചിട്ടുള്ളതിനാൽ പേപ്പറിൽ പൊതിയുകയോ ചെറിയ തുണിസഞ്ചിയിൽ ഇട്ടു കെട്ടിവയ്ക്കുകയോ മതി. ഇരുമുടിയെടുത്ത് അയ്യപ്പനെ മനസ്സിൽ ധ്യാനിച്ചു ശരണംവിളിച്ചു വേണം കെട്ടുമുറുക്ക് തുടങ്ങാൻ. അഭിഷേകപ്രിയനെ പ്രാർഥിച്ചാണു നെയ്ത്തേങ്ങ നിറയ്ക്കുന്നത്. ദ്വാരമിട്ട നാളികേരത്തിൽ ആദ്യത്തെ നെയ് ഒഴിച്ചു കൊടുക്കേണ്ടതും അതതു ഭക്തനാണ്. നെയ് നിറച്ചാൽ ചോരാതിരിക്കാൻ കോർക്കുകൊണ്ട് അടച്ച് അതിനു മുകളിൽ പർപ്പടകം നനച്ച് ഒട്ടിക്കണം. അന്നദാന പ്രഭുവിനെ ശരണംവിളിച്ച് കെട്ടിൽ മൂന്നുതവണ അരിയിടണം. മുൻകെട്ടിൽ വഴിപാട് സാധനങ്ങളായിരിക്കും, പിൻകെട്ടിൽ ഭക്ഷണ സാധനങ്ങളും. 

ദക്ഷിണ 

കെട്ടുമുറുക്കി കഴിഞ്ഞാൽ വീട്ടിലുളള മാതാപിതാക്കൾക്കും മുതിർന്നവർക്കും ദക്ഷിണ നൽകണം. അതിനു ശേഷം വേണം ഗുരുസ്വാമിക്കു ദക്ഷിണ നൽകാൻ. ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചാണു ഗുരുസ്വാമിക്കു ദക്ഷിണ കൊടുക്കാറുള്ളത്. 

കെട്ട് ശിരസ്സിലേറ്റും മുൻപ്

കറുപ്പോ കാവിയോ വസ്ത്രം ഉടുത്തു തലയിൽ തോർത്തു കെട്ടി പ്രാർഥിക്കണം. കറുപ്പസ്വാമിയേ ശരണംവിളിച്ച് ഗുരുസ്വാമി കറുപ്പു കച്ച അരയിൽ കെട്ടും. അതിനു ശേഷം കെട്ടിൽ തൊട്ടുതൊഴുതു ശരണം വിളിച്ചു കിഴക്കിന് അഭിമുഖമായി നിന്നു വേണം കെട്ട് ശിരസ്സിലേറ്റാൻ. പന്തലിനു പ്രദക്ഷിണം കെട്ട് ശിരസ്സിലേറ്റിയാൽ കിഴക്കോട്ട് ഇറങ്ങി പന്തലിനു മൂന്നു പ്രദക്ഷിണംവച്ചു വേണം ഇറങ്ങാൻ. 

നല്ല ശകുനം 

ശബരിമല യാത്രയിൽ അയ്യപ്പന്മാർക്ക് ആപത്തുകൾ ഒന്നും ഉണ്ടാകാതിരിക്കാൻ പഴമക്കാർ നല്ല ശകുനം വേണമെന്നു പറയുന്നു. ഇതിനായി കത്തിച്ച നിലവിളക്കുമായി അമ്മയോ മുത്തശ്ശിയോ വീടിന്റെ മുറ്റത്തു വഴിതുടങ്ങുന്ന ഭാഗത്തു നിൽക്കണം.