മണ്ഡലമാസപ്പുലരികൾ പൂക്കുന്ന പൂങ്കാവനത്തിലൂടെ നീലനീല മലയുടെ മുകളിൽ വസിക്കുന്ന ദീനദയാലുവായ ശ്രീശബരീശനെ തേടിയുള്ള കാനന യാത്രയുടെ നാളുകളാണ് ഇനി. പമ്പ ഗാനസരസാണെങ്കിൽ അയ്യപ്പഗീതങ്ങൾ അതിലെ കൊച്ചോളങ്ങളാണ്. ശബരീശന്റെ വർണപ്രഭ പോലെ തിളക്കമുള്ളതാണ് ഓരോ അയ്യപ്പ ഗാനങ്ങളും. ഗംഗയാറു പിറക്കുന്നു ഹിമവൻമലയിൽ..., ആ ദിവ്യനാമം അയ്യപ്പാ...തുടങ്ങി പല തലമുറ പിന്നിട്ടിട്ടും ഹൃദയശ്രീകോവിലിൽ ആസ്വാദകർ പ്രതിഷ്ഠിച്ച അയ്യപ്പഗാനങ്ങൾ ഏറെയാണ്. മണ്ഡലകാലത്തു ഭക്തരെ പാടിയുണർത്തുകയും ഉറക്കുകയും ചെയ്യുന്നത് ഈ ഭക്തിഗാനങ്ങളാണെന്നു പറയുന്നതിൽ തെറ്റില്ല.
‘പള്ളിക്കെട്ട് സബരിമലയ്ക്ക്
കല്ലും മുള്ളും കാലുക്കു മെത്തൈ
സാമിയേ അയ്യപ്പോ
അയ്യപ്പോ സാമിയേ...’
നിരീശ്വരവാദിയെപ്പോലും ഭക്തിയുടെ ആഹ്ലാദസാഗരത്തിൽ ആറാടിച്ച വീരമണിയുടെ ഏറ്റവും പ്രിയപ്പെട്ട അയ്യപ്പ ഭക്തിഗാനമാണ് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്...’, ഭാഷാഭേദമില്ലാതെ അയ്യപ്പസ്തുതികളിൽ എക്കാലവും ജനകീയവും. തമിഴ് നടൻ എം.എൻ. നമ്പ്യാരുമായി വീരമണി സൗഹൃദത്തിലാവുകയും നമ്പ്യാരുടെ പ്രേരണയാൽ സ്ഥിരമായി ശബരിമല ദർശനം നടത്തുകയും ചെയ്തുവന്നു. ‘വീരമണി–സോമു’ കൂട്ടുകെട്ടിലൂടെ സംഗീതസപര്യകൾ നടന്നുവന്നു. എച്ച്എംവി 1970ൽ ഇറക്കിയ ഭക്തിഗാന ആൽബത്തിലൂടെയാണ് ‘പള്ളിക്കെട്ട് സബരിമലയ്ക്ക്...’ എന്ന ഗാനം പിറന്നത്.
പള്ളിക്കെട്ടിന്റെ രചനയും സംഗീതവും സോമു നിർവഹിച്ചു. തൊണ്ടപൊട്ടിപ്പാടിയതു വീരമണി. ആലാപനത്തിലെ ആത്മാർഥതയാണ് ഇതിന്റെ പ്രത്യേകത. ഹൃദ്യമായ രചന, ഊർജം വഴിഞ്ഞൊഴുകുന്ന സംഗീതം, മികച്ച ഓർക്കസ്ട്രേഷൻ... അങ്ങനെ ഒരുപാടു മേന്മകൾ എടുത്തുപറയാം. ഹൃദയത്തിന്റെ ഉള്ളിൽ നിന്നു ജനിക്കുന്ന ഭക്തിപ്രഹർഷം ഒരു മനുഷ്യാത്മാവിനു കഴിയുന്നത്ര ഉച്ചസ്ഥായിയിൽ വിന്യസിക്കുന്ന വൈഭവത്തിലൂടെയാണു വീരമണി ദക്ഷിണേന്ത്യൻ ഭക്തിഗാന ചരിത്രത്തിൽ അമരനാവുന്നത്. വർഷങ്ങളായി തമിഴ്‌നാട്ടിലെ ഗാനമേളകളിലെ പ്രിയഗാനമായും ഭക്തിഗാനങ്ങളിൽ ഒന്നാം സ്ഥാനത്തും ഈ ഗാനമുണ്ട്.
അയ്യപ്പഗാന മലരുകളായി വിടർന്ന ഭദ്രന്റെ തൂലിക
ഒരിക്കലും ശബരിമലയിൽ പോയിട്ടേയില്ലാത്ത ഭദ്രന്റെ തൂലികയിൽ നിന്ന് അയ്യപ്പഗാന മലരുകളായി വിടർന്നു സുഗന്ധം പരത്തിയ ഗാനങ്ങൾ നിരവധി. സുപ്രഭാതം പൊട്ടി വിടർന്നു..., ഒരേ ഒരു ലക്ഷ്യം ശബരിമാമല...,ആ ദിവ്യനാമം അയ്യപ്പാ..., മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുമൊന്ന്...,നീലനീല മലയുടെ മുകളിൽ നീ വസിക്കുന്നയ്യപ്പാ..., .ശങ്കരനചലം കൈലാസം പങ്കജാക്ഷനു തിരുപ്പതി..., പമ്പയാറിൻ പൊൻപുളിനത്തിൽ..., മകരവിളക്കേ മകരവിളക്കേ..., ഖേദമേറും തീർഥയാത്ര മോദമേറും വനയാത്ര..., ഗംഗയാറു പിറക്കുന്നു ഹിമവൻമലയിൽ... തുടങ്ങി ഭക്തഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അയ്യപ്പ സ്തുതിഗീതങ്ങൾ ഭദ്രന്റെ തൂലികയിൽനിന്ന് പിറന്നവയാണ്. യേശുദാസും ചിദംബരനാഥുമാണു ഭദ്രന്റെ ആദ്യകാല അയ്യപ്പഗാനങ്ങൾക്കു സംഗീതം നൽകിയത്. തരംഗിണിയുടെ ആദ്യ അയ്യപ്പഗാന കസെറ്റിനുവേണ്ടിയായിരുന്നു ഭദ്രൻ ഏറ്റവും ഒടുവിൽ എഴുതിയത്. ഇക്കാട്ടിൽ പുലിയുണ്ട് അതിൻ മേലെൻ അയ്യനുണ്ട്..., ഗുരുസ്വാമീ ഗുരുസ്വാമീ...,തുടങ്ങി ഹൃദയത്തിൽ തട്ടിയ ഗാനങ്ങൾ അതിൽ ഏറെയുണ്ടായിരുന്നു.
ജയവിജയ
ശബരിമലയിൽ തിരുനട തുറന്നാൽ ആദ്യം കേൾക്കുന്ന പാട്ടുണ്ട്. ജയവിജയൻമാരുടെ ‘ശ്രീകോവിൽ നട തുറന്നു...’ എന്ന ഗാനം. വർഷങ്ങളായി നടതുറക്കുമ്പോൾ ഭക്തരെ കേൾപ്പിക്കുന്നത് ഈ ഗാനമാണ്. ഇന്നും അതിൽ മാറ്റമില്ല. ഭഗവാൻ നൽകിയ അനുഗ്രഹമാണു സംഗീതമെന്ന് സംവിധായകനും ഗായകനുമായ കെ.ജി. ജയൻ (ജയവിജയ).
മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യരായി സംഗീതം പഠിച്ചാണ് സഹോദരങ്ങളായ ജയവിജയ അയ്യപ്പ ഭക്തിഗാനങ്ങളുടെ പാലാഴി തുറന്നത്. സംഗീതം പഠിക്കുന്ന കാലത്ത് ഒരു ദിവസം മൗണ്ട് റോഡിലെ എച്ച്എംവിയുടെ ഓഫിസിൽ പോയി മാനേജർ തങ്കയ്യയെ കണ്ടു. പാടികേൾപ്പിച്ചു. ഇഷ്ടമായി. നമുക്ക് എന്തെങ്കിലുമൊന്നു ചെയ്യാമെന്നു പറഞ്ഞു ആദ്യം കടന്നത് അയ്യപ്പഭക്തി ഗാനമെന്ന ആശയത്തിലേക്കാണ്. ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ...’, ‘ഹരിഹരസുതനേ...’ എന്നീ പാട്ടുകൾ ഹിറ്റായി. മലയാളത്തിലെ അയ്യപ്പഭക്തിഗാന കസെറ്റുകളുടെ ആരംഭകാലം. ആദ്യ റെക്കോർഡ് സ്വീകരിക്കപ്പെട്ടപ്പോൾ, ഓരോ മാസവും ഓരോ ‘അയ്യപ്പൻ’ ചെയ്യാൻ എച്ച്എംവി തീരുമാനിച്ചു. ജയനും വിജയനും ചേർന്നെഴുതിയ ‘ശ്രീശബരീശാ ദീനദയാലോ...’ എന്ന ആ ഗാനം അയ്യപ്പഗാന റെക്കോർഡിൽ പാടിയതു ജയചന്ദ്രനാണ്. ‘വണ്ടിപ്പെരിയാറും മേടും നടപ്പാതയാക്കി...’ എന്ന ബിച്ചു തിരുമല ഗാനവും അതിലുണ്ടായിരുന്നു. മൂന്നാമത്തെ അയ്യപ്പൻ റെക്കോർഡിലാണ് ‘ദർശനം പുണ്യദർശനം...’ എന്ന ഗാനം യേശുദാസ് പാടിയത്. എം.പി. ശിവമായിരുന്നു രചയിതാവ്. ജയവിജയന്മാർ പാടിയ മഹാകവി പി. കുഞ്ഞിരാമൻ നായർ രചിച്ച ‘മണ്ഡലമാസപ്പുലരികൾ...’ എന്ന ഗാനവും ഹിറ്റായി.
പാപം മറിച്ചിട്ടാൽ പമ്പ
ആർ.കെ. ദാമോദരനെ ശ്രദ്ധേയനാക്കിയ അയ്യപ്പ ഭക്തിഗാനം ‘പാപം മറിച്ചിട്ടാൽ പമ്പ’യെന്നതാണ്. അപൂർവമായ പുതുമയാണ് ആ വരികളിൽ. നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ മകരവിളക്കു റേഡിയോ കമന്ററിയിൽ നിന്നുളള വിശേഷമാണ് ഇതിൽ പ്രതിഫലിച്ചത്. ‘പമ്പാനദിയൊഴുകുംപോലെ ജനസഞ്ചയമിങ്ങനെ മേലോട്ടൊഴുകുകയാണ്. എല്ലാ പാപങ്ങളും കഴുകിക്കളയുന്ന ഇടമാണു പമ്പ. അതിൽ പാപം മറിച്ചിട്ടതുപോലെയാണു പമ്പ...’ എന്ന വിവരണത്തിൽ നിന്നാണ് ‘പാപം മറിച്ചിട്ടാൽ പമ്പ, പാപം മരിച്ചീടാൻ പമ്പ, പാപനാശിനി പമ്പ, പൂർണപുണ്യദായിനി പമ്പ...’ എന്നെഴുതാൻ പ്രേരണ നൽകിയതെന്ന് ആർ.കെ. ദാമോദരൻ പറയാറുണ്ട്.
സ്വാമി സംഗീതം
സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് ചങ്ങനാശേരിയിൽ താമസിക്കുന്ന കാലത്തു തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ 41 ദിവസം ഭജനമിരുന്നിരുന്നു. ഊണും ഉറക്കവുമൊക്കെ ക്ഷേത്രത്തിൽത്തന്നെ. ആ സമയത്ത്, ദിവസം ഒരു ഗാനം എന്ന കണക്കിൽ എഴുതിയവയാണു ‘സ്വാമിസംഗീത’ത്തിലെ ഗാനങ്ങൾ. ‘സ്വാമിസംഗീതമാലപിക്കും താപസഗായകൻ ഞാൻ... ജപമാലയല്ലെന്റെ കൈകളിൽ മന്ത്രശ്രുതി മീട്ടും തംബുരുവല്ലോ...’ എന്ന ഏറെ പ്രസിദ്ധമായ ഗാനമടക്കം 12 ഗാനങ്ങൾ ആ കസെറ്റിലുണ്ട്. ആലപ്പി രംഗനാഥും യേശുദാസും തമ്മിലുള്ള കൂട്ടുകെട്ടാണ് ‘സ്വാമിസംഗീതം’ എന്ന കസെറ്റിന്റെ പിറവിക്കു വഴിയൊരുക്കിയത്. ‘എൻ മനം പൊന്നമ്പലം...’ എന്ന ഗാനം ആസ്വാദകർക്കു പ്രിയപ്പെട്ടതാണ്.
എസ്. രമേശൻ നായർ
പ്രകൃതീ നീയൊരു മാളികപ്പുറത്തമ്മ...’ എന്ന അയ്യപ്പഗാനം എസ്. രമേശൻ നായർ രചിച്ചത് പ്രതീക്ഷയുടെ സ്ത്രീത്വ പ്രതീകമായി മാളികപ്പുറത്തമ്മയെ അവതരിപ്പിച്ചാണ്. 1983– ലാണു തരംഗിണിയുടെ അയ്യപ്പഗാനങ്ങളിലെ നാലാം വോള്യം വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ചെയ്യുന്നത്. ‘തത്വമസിയുടെ ഹൃദയം...’, ‘ആകാശമാം പുള്ളിപ്പുറത്തെഴുന്നള്ളും രാഗാശശാങ്കനാം അയ്യപ്പൻ...’ തുടങ്ങിയ ഗാനങ്ങൾ ആ സമാഹാരത്തിലേതായിരുന്നു. 1986ൽ ദക്ഷിണാമൂർത്തിയുടെ തന്നെ ഈണത്തിൽ ജയചന്ദ്രൻ പാടിയ ‘അയ്യപ്പരഞ്ജിനി’യിൽ ‘അഭിഷേകപ്രിയനേ...’ എന്ന ഗാനമടക്കം എല്ലാം ശ്രദ്ധിക്കപ്പെട്ടു. ‘എല്ലാം സ്വാമിക്കായി’ എന്ന വിദ്യാധരൻ സംഗീതമിട്ട കസെറ്റിൽ ‘നിലാവേ വാ ഈ പമ്പാതീരത്തു വിരിവച്ചു താ... എല്ലാം മറന്നു ഞാനിരുന്നോട്ടെ, എന്റെ വില്ലാളിവീരനെ കണ്ടോട്ടെ...’ എന്ന പാട്ടിലും പ്രകൃതിയുടെ അയ്യപ്പസ്വരൂപമാണു വർണിച്ചിട്ടുള്ളത്.
ആസ്വാദകർ ഏറെയുള്ള അയ്യപ്പഗാനങ്ങൾ
ഹൃദയശ്രീകോവിലിൽ ആസ്വാദകർ പ്രതിഷ്ഠിച്ച അയ്യപ്പഗാനങ്ങളിൽ ചിലത്:
‘അയ്യനെക്കാണാൻ സ്വാമി അയ്യനെക്കാണാൻ..., ’
‘അഭിരാമശൈലമേ... ’ എന്നിങ്ങനെയുള്ള ഗാനങ്ങൾ പാടിയും മണ്ഡല, മകരമാസ ഭേദമില്ലാതെ മലയാളികൾ അയ്യനെ എക്കാലവും സ്തുതിക്കുന്നു.
‘ഉദിച്ചുയർന്നു മാമലമേലേ ഉത്രം നക്ഷത്രം...’
‘ആനകേറാമല ആളുകേറാമല...’
‘കാട്ടിലുണ്ട് വന്യമൃഗങ്ങൾ...’
‘ഏഴാഴികൾ ചൂടും...’
ആനയിറങ്ങും മാമലയിൽ...,
കാനനവാസാ കലിയുഗവരദാ... (ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഗംഗൈ അമരൻ), കാനനശ്രീലകത്തോംകാരം... (ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ടി.എസ്. രാധാകൃഷ്ണജി), തുയിലുണരുക തുയിലുണരുക കരിമലവാസാ... (എസ്. രമേശൻ നായർ, പി.കെ. കേശവൻ നമ്പൂതിരി), ജീവപ്രപഞ്ചത്തിൻ ആധാരമേകിയ ശ്രീധർമശാസ്താവേ... (മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കെ.പി. ഉദയഭാനു), കാട്ടിൽ വന്നു ഞാൻ കൂട്ടുവിളിച്ചു... (കുടപ്പനക്കുന്ന് ഹരി, വിദ്യാധരൻ), കോലം കെട്ടി പേട്ടയും കെട്ടി (പി.സി. അരവിന്ദൻ, എസ്.പി. വെങ്കിടേഷ്), ദീപമാലകൾ തെളിഞ്ഞു... (ചുനക്കര രാമൻകുട്ടി, എം.കെ. അർജുനൻ), കർപ്പൂരപ്രിയനേ... (എസ്. രമേശൻ നായർ, ജയവിജയ), ശ്രീകോവിൽ നട തുറന്നു... (കൈപ്പള്ളി കൃഷ്ണൻ നായർ, ജയവിജയ), മണ്ഡലമാസപ്പുലരികൾ പൂക്കും... (പി. കുഞ്ഞിരാമൻ നായർ, ജയവിജയ), ശ്രീശബരീശ ദീനദയാലാ... (രചന, സംഗീതം: ജയവിജയ), ശബരിഗിരീശ്വര സൗഭാഗ്യദായക... (കെ.ജി. സേതുനാഥ്, കെ.പി. ഉദയഭാനു), അടിതൊട്ടു മുടിയോളം... (പി. ഭാസ്കരൻ, എം.ബി. ശ്രീനിവാസൻ), കാശിരാമേശ്വരം പാണ്ടിമലയാളം, സത്യമായ പൊന്നുംപതിനെട്ടാംപടി... (ടി.കെ.ആർ. ഭദ്രൻ, വി. ദക്ഷിണാമൂർത്തി), സന്നിധാനം ദിവ്യസന്നിധാനം... (ഒ.എൻ.വി. കുറുപ്പ്, എം.എസ്. വിശ്വനാഥൻ), സ്വാമി സംഗീതമാലപിക്കും... (രചന, സംഗീതം: ആലപ്പി രംഗനാഥ്), പാപം മറിച്ചിട്ടാൽ പമ്പ..., പമ്പാഗണപതി സ്തംഭാചലപതി..., കൊച്ചുതൊമ്മൻ സ്വാമിയുണ്ട്..., ത്യാഗരാജസംഗീതം ശ്രീരാമൻ... (ആർ.കെ. ദാമോദരൻ, ടി.എസ്. രാധാകൃഷ്ണജി),
സിനിമയിലെ ‘അയ്യപ്പൻ’
‘സ്വാമി അയ്യപ്പനി’ൽ വയലാറും ദേവരാജനും ചേർന്നൊരുക്കിയ ‘ശബരിമലയിൽ തങ്ക സൂര്യോദയം...’, ‘തേടി വരും കണ്ണുകളിൽ...’ എന്നീ ഗാനങ്ങളും ആസ്വാദകർ ഇന്നും മറന്നിട്ടില്ല. 1970ൽ ഇറങ്ങിയ ‘ശബരിമല ശ്രീധർമശാസ്താ’ എന്ന ചിത്രത്തിൽ 18 പാട്ടുകളുണ്ടായിരുന്നു. ‘ദർശനം പുണ്യ ദർശനം...’, ‘അയ്യപ്പാ ശരണം...’ എന്നീ ഗാനങ്ങൾ ഈ ചിത്രത്തിലേതാണ്. ഈ രണ്ടുഗാനങ്ങളും എം.പി. ശിവം (പരമേശ്വരൻ നായർ) എഴുതി ജയവിജയ ഈണമിട്ടതാണ്. 1961ൽ ‘ശബരിമല അയ്യപ്പനി’ലെ ‘സ്വാമീ ശരണം ശരണമെന്റയ്യപ്പ...’ എന്ന ഗാനത്തിലൂടെ ശാസ്താഗീതങ്ങൾ കുറേക്കൂടി ജനകീയമായി. അഭയദേവിന്റെ വരിയും എസ്.എം. സുബ്ബയ്യനായിഡുവിന്റെ സംഗീതവും ഗോകുലപാലന്റെ ശബ്ദവുമായിരുന്നു ഈ ഗാനത്തിന്. ഉടുക്കുപാട്ടിന്റെ മിടിപ്പു ചേർത്ത് ‘ചെമ്പരത്തി’യിൽ ജി. ദേവരാജൻ ഒരുക്കിയ ‘ശരണമയ്യപ്പ സ്വാമീ ശരണമയ്യപ്പ’ എന്ന ഗാനം മലയാളത്തിലെ സൂപ്പർ ഹിറ്റ് അയ്യപ്പഗാനമായി. വയലാർ രാമവർമയുടേതായിരുന്നു രചന. 1951 ൽ പുറത്തുവന്ന ‘കേരളകേസരി’ എന്ന സിനിമയിൽ വൈക്കം വാസുദേവൻ നായർ പാടിയ ‘അയ്യപ്പാ അഖിലാണ്ഡ കോടി നിലയാ...’ എന്ന ഗാനത്തോളം പിറകോട്ടു കിടക്കുന്ന മലയാളത്തിലെ അയ്യപ്പഗാനങ്ങളുടെ സുഖശ്രുതിലയം. തുമ്പമൺ പത്മനാഭൻ കുട്ടിയും ജ്ഞാനമണിയുമായിരുന്നു ഈ ഗാനത്തിന്റെ രൂപകർത്താക്കൾ. രണ്ടു വർഷം കഴിഞ്ഞ് ‘വേലക്കാരൻ’ എന്ന ചിത്രത്തിൽ ‘പാഹിമാം ജഗദീശ്വരാ ശ്രീശബരിഗിരിനിലയാ...’ എന്ന ഗാനം വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പുറത്തുവന്നു. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫായിരുന്നു ആലാപനം.
തുമ്പിക്കരമതിൽ
പി.സി. അരവിന്ദൻ രചിച്ച ‘തുമ്പിക്കരമതിൽ അൻപിൻ നിറകുടമേന്തും പ്രിയ പമ്പാഗണപതി ശുഭപമ്പാഗണപതി...’ എന്ന ഗാനം ഭക്തിഗാനവേദികളിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. എസ്.പി. വെങ്കിടേഷിന്റെ സംഗീതമായിരുന്നു. സുരേഷ് മേനോൻ ഈണം നൽകിയ ‘കന്നിമുദ്ര’ എന്ന അയ്യപ്പഭക്തിഗാന കസെറ്റാണു പി.സി. അരവിന്ദൻ ആദ്യം എഴുതുന്നത്. പിന്നീടു ജയവിജയയുടെ സംഗീതത്തിൽ ‘കർപ്പൂരാഴി’, അതു കഴിഞ്ഞു ‘സ്വാമിപൂജ’ എന്നീ അയ്യപ്പൻ കസെറ്റുകളിലും വരികളുണ്ടായിരുന്നു. പക്ഷേ, ആസ്വാദകരെല്ലാം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതു യേശുദാസിന്റെ ‘ശരണതരംഗിണി’യാണ്. തുടർന്നു യേശുദാസിനു വേണ്ടി എഴുതിയ എട്ട് അയ്യപ്പഗാന കസെറ്റുകളിൽ, ടി.എസ്. രാധാകൃഷ്ണജി സംഗീതം നൽകിയ ‘ശാസ്താഗീതങ്ങൾ’ നിറഞ്ഞ മനസ്സോടെ സ്വാമിഭക്തർ സ്വീകരിച്ചു. ഇതിലെ ‘സ്വാമിക്കു പുഷ്പാഭിഷേകം...’ എന്ന ഗാനം യേശുദാസ് കച്ചേരികളിൽ മിക്കപ്പോഴും പാടാറുമുണ്ട്.
ടി.എസ്. രാധാകൃഷ്ണജി (സംഗീത സംവിധായകൻ)
‘ഹരിവരാസനം കേട്ടു മയങ്ങിയ ഹരിഹരപുത്രാ ഉണരൂ...’ എന്നൊരു അയ്യപ്പഗാനത്തിൽ, ഭഗവാനെ ഉണർത്താൻ മനസ്സിൽ വന്നതു സൂര്യ എന്ന അപൂർവരാഗമായിരുന്നുവെന്ന് സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണജി പറയാറുണ്ട്. 1986ൽ ‘തുളസീതീർഥ’ത്തിലെ ‘കാനനശ്രീലകത്തോംകാരം...’ എന്ന അയ്യപ്പൻപാട്ടിലാണ്, ആദ്യമായി ഒരു അയ്യപ്പസംഗീതം ഒരുക്കുന്നത്. പിന്നീട് 1988ൽ യേശുദാസിനു വേണ്ടി തരംഗിണിയുടെ അയ്യപ്പഗാനങ്ങൾ എട്ടാം വോള്യത്തിനു സംഗീതം നൽകി. അയ്യപ്പനെയും ശബരിമലയെയും വർണിക്കുന്ന ഗാനങ്ങളായിരുന്നു അതുവരെ വന്നുകൊണ്ടിരുന്നത്. ഗണപതിസ്തുതിയെന്ന രീതി പ്രചരിക്കുന്നത്, ഈ കസെറ്റിനു വേണ്ടി ആർ.കെ. ദാമോദരൻ എഴുതിയ ‘പമ്പാഗണപതി സ്തംഭാചലപതി...’ എന്ന ഗാനത്തിലൂടെയാണ്.
ഹരിവരാസനം വിശ്വമോഹനം
ശബരിമലയില്‍ അത്താഴപൂജ കഴിഞ്ഞിട്ടും തിരുമുറ്റത്തെ തിരക്കു കുറയുന്നില്ല. വടക്കേ നടയിലൂടെയും പടിഞ്ഞാറെ നടയിലൂടെയും അയ്യപ്പന്മാര്‍ തിരുമുറ്റത്തേക്ക് ഓടിക്കയറുകയാണ്. ഭക്തരെ കൊണ്ട് തിരുമുറ്റവും സോപാനവും നിറഞ്ഞു. എല്ലാവരുടെയും നോട്ടം ശ്രീകോവിലിലേക്കായി. ഭഗവാനെ ഉറക്കുന്ന മംഗള ശ്ലോകമായ ഹരിവരാസനം പാടി തിരുനട അടയ്ക്കുന്നത് കാണാന്‍. ആകാംഷയോടെ കാത്തുനില്‍ക്കെ ശ്രീകോവിലില്‍ നിന്നു ഹരിവരാസനത്തിന്റെ ഈരടികള്‍ ഉയര്‍ന്നു. മേല്‍ശാന്തിയും പരികര്‍മികളും പാടുകയാണ്. ഒപ്പം ഉച്ചഭാഷിണിയിലൂടെ യേശുദാസിന്റെ ദൈവിക കണ്ഠത്തിലൂടെയും. അതുകേട്ടതോടെ നിശബ്ദമായി താഴെ തിരുമുറ്റത്തും നടപ്പന്തലുകളിലും ഉറങ്ങാന്‍ കിടന്നവര്‍ പോലും ചാടി എഴുന്നേറ്റുനിന്നു. തൊഴുകൈകളോടെ അയ്യപ്പ സ്വാമിയുടെ ഹരിഹരസുതാഷ്ടകം ചേര്‍ന്നു പാടി. അതിന്റെ അമൃതധാരയില്‍ അലിഞ്ഞുചേര്‍ന്നു.
ശ്രീകോവിലിലെ നിലവിളക്കിലെ തിരുനാളങ്ങളുടെ അലൗകികപ്രഭയില്‍ അയ്യപ്പ സ്വാമിയുടെ തങ്കവിഗ്രഹം തിളങ്ങി, ഹരിവരാസനം അവസാനപാദത്തിലെത്താറായപ്പോള്‍ പുഷ്പങ്ങളാല്‍ മേല്‍ശാന്തി തിരിനാളങ്ങള്‍ ഓരോന്നായി കെടുത്താന്‍ തുടങ്ങി. ആദ്യം മുന്‍നിരയിലെ ദീപനാളങ്ങള്‍. പിന്നെ ഹരിവരാസനത്തിന്റെ താളത്തിനനുസരിച്ച് ഓരോ നാളവും മിഴിയടച്ചു. ഇതനുസരിച്ച് പരികര്‍മികള്‍ ഓരോരുത്തരായി ശ്രീകോവിലിന്റെ പുറത്തുകടന്നു. അവര്‍ സോപനത്തു മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാതെ മുട്ടുകുത്തിനിന്നു മംഗളം ചൊല്ലി. തീരാറായപ്പോഴേക്കും ചുറ്റിലും അരണ്ട വെളിച്ചം മാത്രം. അപ്പോഴും ഭഗവാന്റെ പ്രഭ മിന്നിതിളങ്ങുന്നുണ്ട്. പെട്ടെന്നു മേല്‍ശാന്തി പുറത്തിറങ്ങി തിരുനട അടച്ചു. സ്വാമിയേ.... ശരണമയ്യപ്പാ... എന്ന മന്ത്രമാണു പിന്നെ ഉച്ചത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.
യേശുദാസിനു ഹരിവരാസനം പാടാന്‍ അവസരം ലഭിച്ചതിന്റെ പിന്നില്‍ കഥയുണ്ട്. 1974ല്‍ മെരിലാന്‍ഡിന്റെ ബാനറില്‍ പി.സുബ്രഹ്മണ്യത്തിന്റെ പുരാണ ചിത്രമാണ് സ്വാമി അയ്യപ്പന്‍. സുബ്രഹ്മണ്യത്തിന്റെ മകന്‍ കാര്‍ത്തികേയന്‍ ഒരു ദിവസം മുഴുവന്‍ സന്നിധാനത്തില്‍ തങ്ങി എല്ലാപൂജകളും കണ്ടുതൊഴുതു. രാത്രി അത്താഴപൂജക്കു ശേഷം ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കി തിരുനട അടയ്ക്കുന്നതു കണാന്‍ ഇടയായി. ഹരിഹരാത്മജ ദേവാഷ്ടകത്തിന്റെ നിറപുണ്യം ശരിക്കും അനുഭവിച്ചു. അപ്പോള്‍ തന്നെ കാര്‍ത്തികേയന്‍ മനസ്സില്‍ കുറിച്ചു. സ്വാമി അയ്യപ്പനില്‍ അതുകൂടി പാടുന്ന രംഗം ചേര്‍ക്കണമെന്ന്.
ജി.ദേവരാജനായിരുന്നു സംഗീത സംവിധായകന്‍. ഹരിവരാസനത്തിന് അദ്ദേഹം നല്‍കിയ ഈണം നല്ലതായിരുന്നെങ്കിലും ശ്രീകോവിലില്‍ മേല്‍ശാന്തി പാടുന്ന അതേ ഈണം വേണമെന്നു കാര്‍ത്തികേയനു നിര്‍ബന്ധം. ട്യൂണ്‍ മാറ്റണമെന്ന് ആര് ദേവരാജനോടു പറയും. അതിന് എല്ലാവര്‍ക്കും മടി. അവസാനം സുബ്രഹ്ണ്യം തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതും വളരെ ഭവ്യതയോടെ. മേല്‍ശാന്തി പാടുന്ന ഈണമെന്നു കേട്ടപ്പോള്‍ മനസ്സില്ലാ മനസോടെയാണു സമ്മതിച്ചത്. അതു കേട്ടിട്ടില്ലല്ലോ എന്നു മാസ്റ്റര്‍ പറഞ്ഞപ്പോള്‍ ആകാശവാണി ആര്‍ടിസ്റ്റിനെ കാര്‍ത്തികേയന്‍ മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ എത്തിച്ചു പാടിച്ചു. അതു റെക്കോര്‍ഡ് ചെയ്ത് മാസ്റ്റര്‍ക്ക് അയച്ചു കൊടുത്തു. അതനുസരിച്ച് മാസ്റ്റര്‍ ഈണം മാറ്റി. എട്ടു ശ്ലോകങ്ങളുള്ള ഹരിവരാസനം മധ്യമാവതി രാഗത്തില്‍ യേശുദാസും കോറസും ചേര്‍ന്നു പാടി. എല്ലാവരും ഇഷ്ടപ്പെടുന്ന അയ്യപ്പ സ്തുതിയായി അതുമാറി.