അച്ഛനെ ‘കൊന്ന്’ ക്ലസ്റ്റർ മാറ്റാൻ ശ്രമം; നടപടിക്ക് സാധ്യത

നാടക മൽസരം കാണാനെത്തിയവർ

തൃശൂർ∙ മൽസരാർഥിയുടെ ജീവിച്ചിരിക്കുന്ന അച്ഛൻ മരിച്ചതായി അറിയിച്ച് ക്ലസ്റ്റർ മാറ്റാൻ പരിശീലകന്റെ നാടകം. സംഗതി വ്യാജമാണെന്ന് സൂചന കിട്ടിയതോടെ സ്കൂൾ വഴി അന്വേഷിച്ച് അധികൃതർ നാടകം പൊളിച്ചു. സംഭവത്തിൽ ഏതു തരത്തിൽ നടപടിയെടുക്കണമെന്ന് പിന്നീട് തീരുമാനിക്കും.

ഹൈസ്ക്കൂൾ വിഭാഗം നാടക മൽസരത്തിനിടെയാണ് വേദിക്ക് പുറത്ത് പരിശീലകന്റെ പൊറാട്ടുനാടകം അരങ്ങേറിയത്. നാടകത്തിൽ പങ്കെടുക്കേണ്ട കുട്ടനെല്ലൂർ സ്വദേശിയായ കുട്ടിയുടെ പിതാവ് മരിച്ചെന്നും കുട്ടിയെ വിവരം അറിയിച്ചിട്ടില്ലാത്തതിനാൽ ക്ലസ്റ്റർ നേരത്തേയാക്കണമെന്നുമായിരുന്നു പരിശീലകന്റെ ആവശ്യം. അപേക്ഷ പരിഗണിക്കാൻ തുടങ്ങവേ പരിശീലകന്റെ അടവാണെന്ന് അധികൃതർക്ക് സൂചന ലഭിച്ചു. 

വിദ്യാർഥി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെട്ട അധികൃതർ പിതാവ് മരിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു. അധികൃതരെ തെറ്റിധരിപ്പിച്ചെങ്കിലും കുട്ടികൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് ബോധ്യമായതോടെ മുൻപ് നിശ്ചയിച്ച ക്ലസ്റ്ററിൽ മൽസരിക്കാൻ അവസരം നൽകുകയായിരുന്നു. പരിശീലകനെയും സ്കൂൾ പ്രധാനാധ്യാപകനെയും കുട്ടിയുടെ മാതാപിതാക്കളേയും ഡിഡിഇ വിളിപ്പിച്ചിട്ടുണ്ട്. പരിശീലകനുമേൽ വിദ്യാഭ്യാസ വകുപ്പിനു നിയന്ത്രണമില്ലാത്തതിനാൽ ഏതു തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് പിന്നീടു തീരുമാനിക്കുന്നാണ് വിവരം.