Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നാടകക്കുട്ടികൾക്ക്’ ആവേശം പകർന്ന് ആഷിഖും റിമയും ടൊവിനോയും

rima-aashique-tovino ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിഭാഗം നാടകങ്ങളിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികൾക്കൊപ്പം നടൻ ടൊവീനോ തോമസ്, നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

തൃശൂർ∙ ആഷിക് അബുവിന്റെ ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമയിൽ കഞ്ഞി മാഹാത്മ്യം പറയുന്നുണ്ട്. ആ കഞ്ഞിയുടെ രുചി അനുഭവിച്ചറിഞ്ഞു നാടകവേദിയിലെ സദസ്. അത്രയേറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകമായിരുന്നു ഹൈസ്കൂൾ വിഭാഗത്തിൽ തൃശൂർ സേക്രഡ് ഹാർട് സ്കൂൾ അരങ്ങിലെത്തിച്ച ‘കഞ്ഞി’. ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രേക്ഷകർ ഒന്നടങ്കം അംഗീകരിച്ച നാടകമാണു തുണി. കെ.ആർ മീരയുടെ ‘സ്വച്ഛ്ഭാരത്’ എന്ന കഥയെ അടിസ്ഥാനമാക്കി മലപ്പുറം കുളത്തൂർ നാഷനൽ എച്ച്എസ്എസിലെ കുട്ടികളാണ് ’തുണി’ അവതരിപ്പിച്ചത്. ഈ രണ്ടു നാടകത്തിലെ നടിമാർ മികച്ച അഭിനേത്രികളായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സംഘങ്ങൾക്കൊപ്പം ‘അന്നപ്പെരുമ’ എന്ന നാടകത്തിലൂടെ ഹൈസ്കൂൾ വിഭാഗം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് മേമുണ്ട എച്ച്എസ്എസിലെ വി. ആഷിനും എത്തി. കുട്ടിത്താരങ്ങൾ മലയാള മനോരമയുടെ മുറ്റത്ത് ഒന്നിച്ചപ്പോൾ അവർക്കൊപ്പം കൂടാൻ സിനിമാ ലോകത്തുനിന്നുള്ള മൂന്നു മിന്നും താരങ്ങളുമെത്തി. ആഷിക് അബുവും ടൊവീനോയും റിമ കല്ലിങ്കലും. കുട്ടിത്താരങ്ങളുമായി ഇവർ നടത്തിയ സംഭാഷണത്തിൽ നിന്ന്.

∙ ടൊവീനോയുടെ പൊളിഞ്ഞ നാടകം

മായാനദിയിലെ നായകനോടു കുട്ടികൾക്ക് ആദ്യം ചോദിക്കാനുണ്ടായിരുന്നത് നാടകത്തിൽ അഭനയിച്ചിട്ടുണ്ടോ എന്നായിരുന്നു. പണ്ട്, വേദിയിൽ പൊട്ടിപ്പൊളിഞ്ഞുപോയ നാടകത്തിന്റെ കഥ ടോവിനോ അൽപം പോലും ചമ്മലില്ലാതെ പറഞ്ഞു. വൻ പരാജയമായ നാടകത്തെ മോശമല്ലാത്ത കൂവലുകൊണ്ടു കൂട്ടുകാർ എതിരേറ്റിട്ടും ടോവിനോ തളർന്നില്ല. നായകനാകാൻ കൊതിച്ച് ആദ്യമായെഴുതിയ നാടകത്തിന്റെ സ്ക്രിപ്ട് നിർദാഷിണ്യം അധ്യാപകർ തള്ളിയതും സംസ്കൃത നാടകം മലയാളത്തിലേക്കു മൊഴിമാറ്റി വില്ലനായി അരങ്ങിലെത്താൻ ശ്രമിച്ചതും സ്ക്രിപ്ട് ഇരുന്ന പാന്റ് സഹിതം അമ്മ അലക്കിയതും പറഞ്ഞപ്പോൾ കുട്ടിക്കൂട്ടം തലതല്ലി ചിരിച്ചു. നാടകത്തിൽ ബ്രാഹ്മണ ബാലനെ കള്ളുകുടിപ്പിക്കുന്ന ഒരു സീനുണ്ട്. കള്ളായി കൊണ്ടുവന്ന മുളകിട്ട മോരുംവെള്ളം തട്ടി മറിഞ്ഞു കാലിൽ വീണു. കാലു പുകഞ്ഞിട്ട് നിൽക്കാൻ വയ്യ. ഇതിനിടെ ബ്രാഹ്മണ ബാലന്റെ അച്ഛനെ കഴുത്തിനു പിടിച്ചു തള്ളിയപ്പോൾ പുള്ളിക്കാരൻ സ്റ്റേജിനു പുറത്തേക്കു തെറിച്ചുവീണു. കർ‌ട്ടിനിടാൻ പറഞ്ഞുള്ള രോദനം സെഡിലിരുന്നവർ കേട്ടുമില്ല.

∙ സിനിമയും നാടകവും

റിമയോട് കുട്ടികൾക്കു ചോദിക്കാനുണ്ടായിരുന്നത് അഭിനയത്തെക്കുറിച്ചാണ്. നാടകത്തിലും സിനിമയിലും അഭിനയിക്കുമ്പോഴുള്ള വ്യത്യാസം. അവസാനത്തെ നിരയിലിരിക്കുന്ന ആളിനും മനസിലാകുന്ന തരത്തിൽ മുഖത്തു ഭാവങ്ങൾ വരുത്തേണ്ട നാടകത്തെക്കുറിച്ചും വളരെ സ്വാഭാവികമായി അഭിനയിക്കേണ്ട സിനിമയെക്കുറിച്ചും റിമ കുട്ടികൾക്കു വ്യക്തമായി പറഞ്ഞുകൊടുത്തു. നാടകത്തിലെന്ന പോലെ വലിയ ആൾക്കൂട്ടത്തിനു മുന്നിൽ ചിലപ്പോൾ സിനിമാ രംഗങ്ങളും എടുക്കാറുണ്ട്. കണ്ടുനിൽക്കുന്നവർക്കു വലിയ കോമഡി ആയേ തോന്നു. ചില പാട്ടുസീനൊക്കെ എടുക്കുമ്പോൾ ചുറ്റും വലിയ ആൾക്കൂട്ടമുണ്ടാകും. അപ്പോൾ ചുറ്റുമുള്ളവരെ മറന്നു നമ്മൾ മാത്രമേ അവിടുള്ളു എന്നുകരുതി അഭിനയിക്കുക മാത്രമാണു പോംവഴി.

∙ ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയാൽ

ആദ്യമായി കാമറയ്ക്കു മുന്നിലെത്തുമ്പോൾ പേടിക്കുന്ന നടീനടൻമാരോട് എന്താണ് സംവിധായകൻ പറയുക എന്നാണ് ആഷിക് അബുവിൽ നിന്നു കുട്ടികൾക്ക് അറിയേണ്ടത്. ആദ്യം കാമറയ്ക്കു മുന്നിലെത്തുമ്പോൾ ആരായാലും ചെറിയ പേടിയൊക്കെ ഉണ്ടാകും. വീണ്ടും അവരെ പേടിപ്പികകാതിരിക്കുകയാണു വേണ്ടത്. അവരെ കൂളാക്കി, കൂട്ടുകാരെപ്പോലെ കൂടെ നിർത്തും. പെട്ടെന്ന് അവർ ട്രാക്കിലാകും.

∙ നടനാകാൻ, നടിയാകാൻ

അഭിനയം പഠിക്കാൻ എളുപ്പവഴികളൊന്നുമില്ല – മൂന്നു പേരുടെയും അഭിപ്രായം ഇതാണ്. അഭിനയം പഠിക്കാൻ പക്ഷേ, നാലു വഴികളുണ്ട്. നന്നായി വായിക്കുക, യാത്ര ചെയ്യുക, എല്ലാത്തരം ആളുകളെയും നിരീക്ഷിക്കുക, ഇടപെടുക.

∙ ഫുട്പാത്തിലിരിക്കാൻ കൊതിയുള്ള താരങ്ങൾ

എവിടെച്ചെന്നാലും ആരാധകർ വന്നുപൊതിയാറില്ലേ താരങ്ങളെ. ആസ്വദിക്കാറുണ്ടോ, അതോ ഈ താരാരാധന ഭാരമാകാറുണ്ടോ?
ഫുട്പാത്തിലൂടെ നടക്കാനും കടയിൽ പോയി സാധനനങ്ങൾ വാങ്ങാനുമൊക്കെ ആഗ്രഹമുണ്ട് ഞങ്ങൾക്കും. പക്ഷേ, പലപ്പോഴും നടക്കാറില്ലെന്നു മാത്രം. ആരാധനയും സ്നേഹവും ആസ്വദിക്കാറുണ്ട്. സ്വകാര്യത എന്നൊരു സംഭവം എടുത്തു മാറ്റിവച്ചിട്ടേ സിനിമയിലേക്കു വരാവൂ. ആരാധകർ വന്നുപൊതിയുന്നതും സെൽഫി എടുക്കുന്നതുമൊക്കെ ടൊവീനോയും ആസ്വദിക്കാറുണ്ട്. പക്ഷേ, ചിലർ പിച്ചിപ്പറിക്കാനും താടിയിൽ പിടിച്ചു വലിക്കാനുമൊക്കെ വരും. അതാണു സഹിക്കാനാവാത്തത്. ഞങ്ങളും സാധാരണ മനുഷ്യരല്ലേ, എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.

∙ മലയാള സിനിമയ്ക്കു യോജിച്ച മുഖം

സിനിമയിൽ അഭിനയിക്കാൻ സൗന്ദര്യവും ശരീരഘടനയുമൊക്കെ ഘടകങ്ങളാണോ എന്ന സംശയം എല്ലാവർക്കുമുണ്ടായിരുന്നു. പണ്ട് ചാൻസു ചോദിച്ചു നടന്ന കാലത്തെ അനുഭവങ്ങൾ പറഞ്ഞാണു കുട്ടികളുടെ തെറ്റിധാരണ ടോവിനോ മാറ്റിയത്. സിനിമയിൽ അവസരം ചോദിച്ച് ഞാൻ രണ്ടു വർഷം നടന്നിട്ടുണ്ട്. അന്ന് ഇന്നത്തേക്കാൾ മസിലുമുണ്ട്. പക്ഷേ, ഇത് മലയാള സിനിമയ്ക്കു പറ്റിയ മുഖമല്ലെന്നു പറഞ്ഞ് ആരും അവസരം തന്നില്ല. സത്യം പറഞ്ഞാൽ മലയാള സിനിമയ്ക്കു പറ്റിയ മുഖമെന്നൊന്നില്ല. ഇപ്പോഴത്തെ താരങ്ങളേക്കാൾ സൗന്ദര്യമുള്ള പലരും സിനിമയ്ക്കു പുറത്തുണ്ട്. അഭിനയിക്കാനുള്ള കഴിവുണ്ടെങ്കിൽ സിനിമയുടെ വലിയ ലോകം നിങ്ങൾക്കു മുന്നിൽ തുറന്നു കിടപ്പുണ്ടെന്ന പ്രതീക്ഷ കുട്ടികൾക്കു നൽകിയാണ് താരങ്ങൾ മടങ്ങിയത്.